തിരയുക

റിമിനി സമ്മേളനത്തിൽ നിന്നും റിമിനി സമ്മേളനത്തിൽ നിന്നും  

ജീവിതത്തിന്റെ മൂല്യം വിശ്വാസത്തിലും, പ്രത്യാശയിലും, നമ്മുടെ യാത്രയെ വേരുറപ്പിക്കുന്ന സ്നേഹബന്ധത്തിലുമാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്: പാപ്പാ

റിമിനിയിലെ മനുഷ്യസൗഹാർദ്ദ സമ്മേളനത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി തന്റെ സന്ദേശം കൈമാറി.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ആഗസ്റ്റ് മാസം ഇരുപതുമുതൽ ഇരുപത്തിയഞ്ചുവരെ ഇറ്റലിയിലെ റിമിനിയിൽ വച്ച് നടക്കുന്ന നാല്പത്തിയഞ്ചാമത് മനുഷ്യസൗഹാർദ്ദ സമ്മേളനത്തിന് ആശംസകൾ അറിയിച്ചുകൊണ്ട്, റിമിനിയുടെ മെത്രാൻ മോൺസിഞ്ഞോർ നിക്കോളോ അൻസെൽമിയെ അഭിസംബോധന ചെയ്തു, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി ഫ്രാൻസിസ് പാപ്പാ സന്ദേശം കൈമാറി. സങ്കീർണമായ സാഹചര്യങ്ങളിലൂടെ ലോകം മുഴുവൻ കടന്നുപോകുമ്പോൾ, നമ്മുടെ ജീവിതയാഥാർഥ്യങ്ങളുടെ നിഗൂഢതയെപ്പറ്റി ചിന്തിക്കുന്നത് ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.  എന്നാൽ അവയെ പറ്റിയുള്ള ചിന്തകൾ ചിലപ്പോഴെങ്കിലും നമ്മിൽ അവശേഷിപ്പിക്കുന്നത്, ബലഹീനതയും, നിഷ്ക്രിയത്വവും ആണെന്നും, അസ്തിത്വത്തിന്റെ അർത്ഥം പോലും നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുവാനുള്ള ഇടയുണ്ടെന്നുംസന്ദേശത്തിൽ പാപ്പാ അടിവരയിട്ടു പറയുന്നു.

അതിനാൽ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ളവയെ തേടുവാനും, കണ്ടെത്തുവാനും പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. യുദ്ധവും, കാലാവസ്ഥാദുരന്തങ്ങളും മനുഷ്യജീവിതത്തെ പിടിമുറുക്കുമ്പോൾ, ജീവിക്കാനും പ്രതീക്ഷിക്കാനും മൂല്യവത്തായ എന്തെങ്കിലും ഉണ്ടോയെന്നു സ്വയം ചോദിക്കുവാനും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ദൈവവുമായുള്ള കണ്ടുമുട്ടലിലേക്ക് ഹൃദയം തുറക്കാനും, അയൽക്കാരെയും, യാഥാർഥ്യങ്ങളെയും കുറിച്ച് ബോധവാന്മാരാകുവാനും പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

മനുഷ്യ അസ്തിത്വത്തിന്റെ മൂല്യം വസ്തുക്കളിലോ നേടിയ വിജയങ്ങളിലോ മത്സരത്തിന്റെ ഓട്ടത്തിലോ അല്ല, മറിച്ച് എല്ലാറ്റിനുമുപരിയായി വിശ്വാസത്തിലും, പ്രത്യാശയിലും നമ്മുടെ യാത്രയെ വേരുറപ്പിക്കുന്ന സ്നേഹബന്ധത്തിലാണ് അടങ്ങിയിരിക്കുന്നതെന്നും ഇതാണ് നിത്യമായ സന്തോഷത്തിന്റെ അടിസ്ഥാനമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. നമ്മുടെ ദുർബലമായ മാനവികതയെ രക്ഷിക്കുന്നത് കർത്താവ് മാത്രമാണെന്നും, പ്രതികൂല സാഹചര്യങ്ങളിൽ പോലും അസാധ്യമായ ഒരു സന്തോഷം അനുഭവിക്കാൻ നമ്മെ സാഹായിക്കുന്നത് കർത്താവിന്റെ സാന്നിധ്യമാണെന്നും പാപ്പാ പറഞ്ഞു.

യേശു എന്ന അനിവാര്യതയിലേക്ക് മടങ്ങുക എന്നതിനർത്ഥം യാഥാർത്ഥ്യത്തിൽ നിന്ന് രക്ഷപ്പെടുക എന്നല്ല, മറിച്ച്, ചരിത്രത്തിൽ ധൈര്യപൂർവ്വം നമ്മുടെ പങ്കു തെളിയിക്കുക എന്നതാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. അസാധ്യമെന്ന് തോന്നുന്ന സമാധാന പുനഃസ്ഥാപനത്തിനു, മാറ്റത്തിന്റെ ഉത്തരവാദിത്തമുള്ള നായകന്മാരാകാനും സഭയുടെ ദൗത്യത്തിൽ സജീവമായി സഹകരിക്കാനും പാപ്പാ തന്റെ സന്ദേശത്തിലൂടെ എല്ലാവരെയും ക്ഷണിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 August 2024, 14:02