തിരയുക

പൊതുകൂടിക്കാഴ്ച്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ച്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

മതാധ്യാപകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ

ലോകമെമ്പാടുമുള്ള മതാധ്യാപകരായ ആളുകൾക്ക് ആശംസകൾ അർപ്പിക്കുന്നുവെന്നും , അവർക്കായി പ്രാർത്ഥിക്കുന്നുവെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ആഗസ്റ്റ് മാസം ഇരുപത്തിയൊന്നാം തീയതി വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ചുനടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ, ലോകമെമ്പാടുമുള്ള മതാധ്യാപകർക്ക് ഫ്രാൻസിസ് പാപ്പാ ആശംസകൾ അർപ്പിച്ചു. പത്താം പിയൂസ് പാപ്പായുടെ ഓർമ്മദിനമായ ആഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി മതാധ്യാപക ദിനമായി ലോകത്തിലെ വിവിധ ഇടങ്ങളിൽ ആഘോഷിക്കുന്നു. തദവസരത്തിലാണ് ഫ്രാൻസിസ് പാപ്പാ, മതാധ്യാപകരെ ഓർക്കുവാനും,  അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുമുള്ള എല്ലാവരുടെയും ഉത്തരവാദിത്വം എടുത്തു പറഞ്ഞത്. നിറഞ്ഞ ഹർഷാരവത്തോടെയാണ് പാപ്പായുടെ വാക്കുകൾ സദസിലുള്ളവർ സ്വീകരിച്ചത്.

പാപ്പായുടെ വാക്കുകൾ ഇപ്രകാരമാണ്: 

"ഇന്ന്, വിശുദ്ധ പത്താം പീയൂസ് പാപ്പായുടെ സ്മരണയായി  ലോകത്തിന്റെ പല ഭാഗങ്ങളിലും മതാധ്യാപക ദിനമായി ആഘോഷിക്കുന്നു. വളരെയധികം സേവനം ചെയ്യുകയും,  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻപന്തിയിൽ നിന്നുകൊണ്ട് വിശ്വാസം ധൈര്യപൂർവം  മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന നമ്മുടെ , മതാധ്യാപകരെക്കുറിച്ചു  നമുക്ക് ചിന്തിക്കാം. കർത്താവ് അവരെ ധൈര്യമുള്ളവരാക്കുവാനും,  അവരുടെ യാത്ര ഇനിയും അഭംഗുരം തുടരുന്നതിനും വേണ്ടി  അവർക്കായി  നമുക്ക് ഇന്ന് പ്രാർത്ഥിക്കാം."

പത്താം പീയൂസ് പാപ്പായുടെ മാതൃക അനുസരിച്ച്, ദൈവവചനം ശ്രവിക്കുവാനും, നന്മ പ്രവൃത്തികൾ ചെയ്തുകൊണ്ട്, സാക്ഷ്യം വഹിക്കുവാനും എല്ലാവരെയും ഫ്രാൻസിസ് പാപ്പാ ക്ഷണിച്ചു. പൊതുകൂടിക്കാഴ്ചയുടെ അവസാനം നടത്തിയ തന്റെ പ്രത്യേക പ്രാർത്ഥനാ അഭ്യർത്ഥനകളുടെ  അവസരത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇപ്രകാരം പറഞ്ഞത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 August 2024, 16:00