തിരയുക

കർദ്ദിനാൾ ചാൾസ് മൗങ് ബോ കർദ്ദിനാൾ ചാൾസ് മൗങ് ബോ  

പാപ്പായുടെ സന്ദർശനം ഏഷ്യൻ നാടുകളിൽ വിശ്വാസതരംഗം സൃഷ്ടിക്കും: കർദിനാൾ ചാൾസ് മൗങ് ബോ

ഫ്രാൻസിസ് പാപ്പായുടെ ഏഷ്യയിലേക്കുള്ള അപ്പസ്തോലിക യാത്രയ്ക്ക് മുന്നോടിയായി ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസുകളുടെ പ്രസിഡൻ്റ് കർദ്ദിനാൾ ചാൾസ് മൗങ് ബോ വത്തിക്കാൻ മാധ്യമത്തിന് അഭിമുഖസംഭാഷണം അനുവദിച്ചു.

ദേബോറ കസ്‌തെല്ലാനോ ലുബോവ്, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സെപ്തംബർ 2 മുതൽ 13 വരെ ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ടിമോർ-ലെസ്റ്റെ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്തോലിക യാത്രയ്ക്കു മുന്നോടിയായി, ഏഷ്യയിൽ പാപ്പായുടെ സന്ദർശനത്തിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ട് കർദിനാൾ ചാൾസ് മൗങ് ബോ സംസാരിച്ചു. മ്യാൻമറിലെ യാങ്കൂണിലെ ആർച്ച് ബിഷപ്പും, ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസുകളുടെ പ്രസിഡന്റുമാണ്  കർദിനാൾ ബോ. മതവിശ്വാസം അതിന്റെ തീക്ഷ്‌ണതയിൽ ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന ഏഷ്യൻ ജനതയ്ക്ക് പാപ്പായുടെ സന്ദർശനം ഉണർവ് പ്രദാനം ചെയ്യുമെന്ന് കർദിനാൾ പറഞ്ഞു. മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നവരാണെങ്കിൽ പോലും, തങ്ങളുടെ വിശ്വാസജീവിതം അഭംഗുരം കാത്തുസൂക്ഷിക്കുവാൻ പരിശ്രമിക്കുന്നവരാണ് ഏഷ്യൻ ജനതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയവും, സാമ്പത്തികവും, സാമൂഹികവും, പാരിസ്ഥിതികവും, സാംസ്കാരികവുമായ വെല്ലുവിളികൾക്കിടയിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ചില ഇടങ്ങളിൽ ക്രൈസ്തവ വിശ്വാസം നിലനിർത്തുന്നത് ഏറെ ശ്രമകരമാണെന്നും കർദിനാൾ പറഞ്ഞു. സാധാരണ വിശ്വാസികൾക്ക് അകലെയായിരിക്കുന്ന പാപ്പാ, തങ്ങളുടെ അടുത്തേക്ക് വരുന്നുവെന്നതുതന്നെ ഏറെ സന്തോഷം പകരുന്ന ഒരു കാര്യമാണെന്നും, അവരുടെ വിശ്വാസജീവിതത്തിനു അത് നവോന്മേഷം പകരുന്നതാണെന്നും കർദിനാൾ പങ്കുവച്ചു.

ഈ ഏഷ്യാ സന്ദർശനത്തിൽ, പാപ്പുവ ന്യൂ ഗിനിയ, തിമോർ ലെസ്റ്റെ തുടങ്ങിയ ലോകത്തിന് അത്ര അറിയപ്പെടാത്ത ചെറിയ രാജ്യങ്ങൾ സന്ദർശിക്കാൻ ഫ്രാൻസിസ് പാപ്പാ തീരുമാനമെടുത്തുവെന്നതു തന്നെ പ്രാധാന്യമർഹിക്കുന്നുവെന്ന് കർദിനാൾ പറഞ്ഞു. സംസ്‌കാരങ്ങൾ, മതങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഏഷ്യൻ രാജ്യങ്ങൾ ഓരോന്നും വൈവിധ്യമാർന്നതാണെന്നും, എന്നാൽ ക്രൈസ്തവ വിശ്വാസം എല്ലാ ഇടങ്ങളിലും വർധിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാർവത്രിക സഭയ്ക്ക് ഏഷ്യൻ സഭയ്ക്ക് നൽകുവാനുള്ള സംഭാവനകളും കർദിനാൾ അടിവരയിട്ടു പറഞ്ഞു. സമാധാനം, ഐക്യം, സംഭാഷണം  എന്നീ പുണ്യങ്ങൾ ഏഷ്യൻ സഭയുടെ തനിമയാണ്. കഷ്ടപ്പാടുകൾക്കിടയിലും സഹോദരീസഹോദരന്മാരായി എങ്ങനെ സഹകരിക്കാമെന്ന് ഏഷ്യൻ സഭ കാലങ്ങളായി കാണിച്ചുതന്നിട്ടുണ്ടെന്നും കർദിനാൾ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ ഏഷ്യയിൽ വിനാശകരമായി അനുഭവപ്പെടുന്നുണ്ടെന്നും, കാലാവസ്ഥാ പരിപാലനം എന്ന വിഷയം പരിശുദ്ധ പിതാവിൻ്റെ ഹൃദയത്തോട് ചേർന്നുള്ള വിഷയമായതിനാൽ, അദ്ദേഹം ഈ വിഷയത്തെ അഭിസംബോധന ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കർദിനാൾ കൂട്ടിച്ചേർത്തു. എല്ലാവരുടെയും പൊതുനന്മയ്ക്കായി കാലാവസ്ഥാ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിൽ സജീവമായി ഇടപെടണമെന്നും, ഏഷ്യൻ സഭ അതിനു മുൻകൈ എടുക്കുമെന്നും കർദിനാൾ ബോ അഭിമുഖത്തിൽ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 August 2024, 15:05