ആഗസ്തീനോസ് പുണ്യവാന്റെ ബസിലിക്ക സന്ദർശിച്ച് ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
അമ്മമാരുടെ മധ്യസ്ഥയായി നിരവധി ഇടങ്ങളിൽ വണങ്ങപ്പെടുന്ന വിശുദ്ധ മോനിക്കയുടെ തിരുനാൾ ദിനമായ ആഗസ്റ്റ് മാസം ഇരുപത്തിയേഴാം തീയതി, ചൊവ്വാഴ്ച്ച, ഫ്രാൻസിസ് പാപ്പാ റോമിലെ വിശുദ്ധ ആഗസ്തീനോസിന്റെ ബസിലിക്കയിൽ ഹ്രസ്വസന്ദർശനം നടത്തുകയും, ചിലനിമിഷങ്ങൾ പ്രാർത്ഥനയിൽ ചിലവിടുകയും ചെയ്തു. ഇതേ ബസിലിക്കയിലാണ് വിശുദ്ധ മോനിക്കയുടെ ഭൗതീക തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത്. മാതാ-പുത്രാ ബന്ധത്തിന്റെയും, പ്രാർത്ഥനയുടെയും, വിശുദ്ധിയുടെയും ചരിത്രം സൂക്ഷിക്കുന്ന ഈ ദേവാലയത്തിൽ നിരവധി തീത്ഥാടകരാണ് ദിവസവും എത്തുന്നത്.
ഹിപ്പോയിലെ മെത്രാനായ ആഗസ്തീനോസിന്റെ മാനസാന്തരം, തന്റെ മാതാവായ മോനിക്കയുടെ നിരന്തരമായ പ്രാർത്ഥനകളും, പരിത്യാഗങ്ങളും വഴിയായിട്ടാണ് കൈവന്നത്. അതിനാൽ നൂറ്റാണ്ടുകളായി വിശുദ്ധ മോനിക്കയോടുള്ള ഭക്തി ലോകമെമ്പാടും തുടർന്നുവരികയും, ആരാധനാക്രമത്തിൽ വിശുദ്ധയെ പ്രത്യേകം സ്മരിക്കുകയും ചെയ്യുന്നു. ആഗസ്റ്റ് മാസം ഇരുപത്തിയെട്ടാം തീയതിയാണ് വിശുദ്ധ ആഗസ്തീനോസിന്റെ ഓർമ്മദിനം. ബസിലിക്കയിൽ എത്തിയ പാപ്പാ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ദേവാലയത്തിലാണ് ആദ്യം പ്രാർത്ഥനകൾ നടത്തിയത്. തികച്ചും വ്യക്തിപരമായിരുന്നു പ്രാർത്ഥനാനിമിഷങ്ങൾ.
തുടർന്ന് അതെ ബസിലിക്കയിൽ തന്നെ സ്ഥടിതി ചെയ്യുന്ന പുരാതനവും, അതിപ്രശസ്തവുമായ "തീർത്ഥാടകരുടെ മാതാവ്' എന്നറിയപ്പെടുന്ന കാരവാജോ ചിത്രത്തിനുമുൻപിലും പ്രാർത്ഥനാനിമഗ്നനായി അല്പസമയം ചിലവഴിച്ചു. തുടർന്ന് മടക്കയാത്രയ്ക്കുമുന്നോടിയായി, പാപ്പാ, ബസിലിക്കയിലുണ്ടായിരുന്ന വൈദികർ, സന്യസ്തർ, അത്മായർ, തീർത്ഥാടകർ എന്നിവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. വത്തിക്കാൻ മാധ്യമവിഭാഗം ഇറക്കിയ പത്രക്കുറിപ്പിലാണ് പാപ്പായുടെ സന്ദർശനവിവരങ്ങൾ പങ്കുവച്ചത്
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: