വധശിക്ഷ നീതിനടപ്പാക്കുന്നില്ല, മറിച്ച് സമൂഹത്തെ വിഷലിബ്‌ദമാക്കുന്നു: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
1998 മുതൽ ഫ്ലോറിഡയിലെ ചില തടവറകളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവർക്കു ആത്‌മീയ സ്വാന്തനം നൽകിക്കൊണ്ട് അജപാലനശുശ്രൂഷ നടത്തുന്ന 72 കാരനായ ദാലെ രചിനെല്ല രചിച്ച, "വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു ക്രിസ്ത്യാനി. വിധിക്കപ്പെട്ടവരോടുള്ള എന്റെ പ്രതിബദ്ധത" എന്ന ഗ്രന്ഥത്തിനു ഫ്രാൻസിസ് പാപ്പാ ആമുഖം രചിച്ചു. ആഗസ്റ്റ് മാസം ഇരുപത്തിയേഴാം തീയതിയാണ്, വത്തിക്കാൻ പ്രസാധകസമിതിയുടെ പേരിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. രചിനെല്ല, തന്റെ സഹധർമ്മിണി സൂസനുമൊപ്പമാണ് ഈ അജപാലനസേവനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
നമ്മുടെ പദ്ധതികളെയും, അഭിലാഷങ്ങളേയും, കാഴ്ചപ്പാടുകളെയും വിപ്ലവകരമായി മാറ്റിക്കൊണ്ട്, നമ്മുടെ അസ്തിത്വത്തിനു പുതിയ അർത്ഥം പ്രദാനം ചെയ്യുന്ന, ജീവിക്കുന്ന ഒരു വ്യക്തിയെയാണ് സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്നതെന്നു പാപ്പാ ആമുഖമായി പറഞ്ഞു. ഗ്രന്ഥകർത്താവ് തന്റെ ജീവിതാനുഭവങ്ങളിലൂടെ വിവരിച്ചിരിക്കുന്ന ഓരോ ജീവിതയാഥാർഥ്യങ്ങളും, നമ്മുടെ ജീവിതത്തെ അഗാധമായി സ്പർശിക്കുന്നുവെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു. ഒരു സാധാരണ ക്രൈസ്തവൻ എന്ന നിലയിലും, ഭർത്താവെന്ന നിലയിലും, പിതാവെന്ന നിലയിലും രചിനെല്ല നൽകുന്ന മാതൃകാജീവിതവും, അതുവഴി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ആത്മീയ പിതാവായി മാറിയതിനെയും പാപ്പാ പ്രത്യേകം പരാമർശിച്ചു.
വധശിക്ഷ നിരവധി നിരപരാധികളായ ആളുകളെ ദോഷകരമായി ബാധിക്കുന്നുവെന്നും, അവ നീതി നിർവഹിക്കുന്നതിനുപകരം, പ്രതികാരബോധം വളർത്തുന്നുവെന്നും, അത് നമ്മുടെ പരിഷ്കൃത സമൂഹങ്ങളുടെ ജീവിതത്തിനു അപകടകരമായി മാറുന്നുവെന്നും പാപ്പാ എടുത്തുപറഞ്ഞു. അത്മായനായ രെചിനെല്ലയുടെ ജീവിതത്തിലൂടെ , ധാരാളം ആളുകളുടെ ജീവിതത്തിൽ പ്രകടമായ ദൈവത്തിന്റെ കാരുണ്യം, മനുഷ്യത്വ രഹിതമായ വധശിക്ഷയ്ക്കു പകരം, ക്ഷമയുടെ പാഠം നമുക്ക് നൽകുന്നുവെന്നും പാപ്പാ ആമുഖത്തിൽ കുറിച്ചു. "മരണഭവനം" എന്ന് താൻ വിളിക്കുന്നിടത്തിലൂടെ, ദൈവത്തിന്റെ സ്നേഹം അതിരുകളില്ലാത്തതും അളക്കാനാവാത്തതുമാണെന്ന് രെചിനെല്ല തന്റെ ജീവിതത്തിലൂടെ ശരിക്കും മനസ്സിലാക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: