ആരാധനയുടെയും വിസ്മയത്തിൻറെയും മനോഭാവം ഉള്ളവരായിരിക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശ്വശാന്തിക്കായി പ്രാർത്ഥിക്കാനുള്ള തൻറെ ക്ഷണം മാർപ്പാപ്പാ ആവർത്തിക്കുന്നു.
മഞ്ഞുമാതാവിൻറെ തിരുന്നാൾദിനമായിരുന്ന ആഗസ്റ്റ് 5-ന് തിങ്കളാഴ്ച, ആ തിരുന്നാളിനോടും റോമിൽ പരിശുദ്ധ കന്യകാമറിയത്തിൻറെ നാമത്തിലുള്ള വിശുദ്ധ മേരി മേജർബസിലിക്കയുടെ സമർപ്പണത്തിൻറെ വാർഷികാനുസ്മരണത്തോടും അനുബന്ധിച്ച് പ്രസ്തുത ബസിലിക്കയിൽ നയിച്ച സായാഹ്ന പ്രാർത്ഥനാവേളയിൽ സുവിശേഷസന്ദേശം നല്കവെയാണ് ഫ്രാൻസീസ് പാപ്പാ തൻറെ ഈ സമാധാനാഭ്യർത്ഥന ആവർത്തിച്ചത്.
അനുതപിക്കുകയും ക്ഷമിക്കപ്പെടുകയും ചെയ്ത ഹൃദയങ്ങളിൽ നിന്നു വന്നെങ്കിൽ മാത്രമെ സമാധാനം യഥാർത്ഥവും സ്ഥായിയുമായി ഭവിക്കുകയുള്ളുവെന്നും മാപ്പേകൽ സമാധാനം സംജാതമാക്കുന്നുവെന്നും കാരണം അത് കർത്താവിൻറെ മഹത്തായ മനോഭാവമാണെന്നും പാപ്പാ പറഞ്ഞു. വിശുദ്ധ മേരി മേജർ ബസിലിക്കയുടെ ഉത്ഭവ ചരിത്രത്തിൽ കാണുന്ന വേനൽക്കാല മദ്ധ്യത്തിലെ മഞ്ഞുപെയ്യൽ എന്ന അത്ഭുത പ്രതിഭാസത്തിൻറെ പൊരുളിനെക്കുറിച്ചും പാപ്പാ തൻറെ പ്രാഭാഷണത്തിൽ വിശദീകരിച്ചു.
ഈ അത്ഭുത പ്രതിഭാസം മനുഷ്യമനസ്സിൽ ഉളവാക്കുന്ന ആരാധനയുടെയും വിസ്മയത്തിൻറെയും വികാരങ്ങളെക്കുറിച്ച് പാപ്പാ, മഞ്ഞിൻറെ വെണ്മ കണ്ണഞ്ചിപ്പിക്കുന്നതാണ്; അതു വീഴുന്നതു കണ്ട് മനസ്സ് വിസ്മയഭരിതമാകുന്നു എന്ന പ്രഭാഷകൻറെ പുസ്തകം നാല്പത്തിമൂന്നാം അദ്ധ്യായം പതിനെട്ടാം വാക്യം ഉദ്ധരിച്ചുകൊണ്ട് വിശദീകരിച്ചു.
മഞ്ഞു വീഴുമ്പോൾ കണ്ണ് ആരാധനയോടെ അതു കാണുകയും ഹൃദയം വിസ്മയിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ പാപ്പാ ആരാധിക്കാനും വിസ്മയിക്കാനുമുള്ള ഈ രണ്ടു കഴിവുകൾ നാം നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു. കാരണം അവ നമ്മുടെ വിശ്വാസാനുഭവത്തിലേക്കു കടക്കുന്നുവെന്നു പാപ്പാ കൂട്ടിച്ചേർത്തു.
വിശുദ്ധ മേരി മേജർ ബസിലിക്കയിൽ വണങ്ങപ്പെടുന്ന “ റോമൻ ജനതയുടെ രക്ഷ” എന്ന അർത്ഥം വരുന്ന “സാളൂസ് പോപുളി റൊമാനി” നാഥയുടെ, ഉണ്ണിയേശുവിനെ കൈയ്യിലേന്തിയ അമ്മയുടെ, തിരുച്ചിത്രത്തിലേക്കു നാം നോക്കേണ്ടത് ഈ രണ്ടു ആന്തരിക മനോഭാവങ്ങളോടെയാണെന്നു പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: