ചൈനക്കാർ, പ്രത്യാശ പേറുന്ന മഹത്തായ ജനത, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ചൈനയിലെ ജനങ്ങൾക്ക് പ്രത്യാശയുടെ സന്ദേശം നല്കുകയെന്നത് ഒരു പൗനരുക്ത്യമായി തനിക്കു തോന്നുന്നുവെന്നും കാരണം പ്രത്യാശയുടെ നായകത്വം പേറുകയും കാത്തിരിപ്പിൽ ക്ഷമ പുലർത്തുകയും ചെയ്യുന്ന ഒരു ജനതയാണ് അതെന്നും മാർപ്പാപ്പാ.
ചൈനയിലെ ഈശോസഭാ പ്രവിശ്യയുടെ വാർത്താവിനിമയ കാര്യാലയത്തിൻറെ മേധാവിയായ വൈദികൻ പേദ്രൊ ചിയയയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.
ചൈനയിലെ ഷീഷനിൽ വണങ്ങപ്പെടുന്ന കൈസ്തവരുടെ സഹായമായ കന്യകാമറിയത്തിൻറെ തിരുന്നാൾ ദിനമായ മെയ് 24-ന് നടത്തിയ ഈ അഭിമുഖം ഈ ദിവസങ്ങളിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
വിവിധങ്ങളായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയിട്ടുള്ള ആ ജനത എന്നും വിശ്വസ്തതയോടെ നിലകൊണ്ടുവെന്നും അന്നാട്ടിലെ മെത്രാന്മാരുൾപ്പടെ ദൈവജനം മുഴുവനുമായും കൂടിക്കാഴ്ച നടത്താനും ഷീഷനിലെ കന്യകാനാഥയുടെ പവിത്രസന്നിധാനത്തിലെത്താനും താൻ അഭിലഷിക്കുന്നുവെന്നും പാപ്പാ പറയുന്നു അഭിമുഖത്തിൽ. മഹത്തായ ചൈനീസ് ജനത അതിൻറെ പൈതൃകം നഷ്ടപ്പെടുത്താതെ മുന്നോട്ടുകൊണ്ടു പോകണമെന്നും പാപ്പാ പ്രചോദനം പകരുന്നു.
കോവിദ് 19 മഹാമാരി, യുദ്ധം, വിശിഷ്യ ഉക്രൈയിൻ, മദ്ധ്യപൂർവ്വദേശം, മ്യന്മാർ എന്നിവിടങ്ങളിലെ സംഘർഷം തുടങ്ങിയ, കഴിഞ്ഞതും നിലവിലുള്ളതുമായ വെല്ലുവിളികളെക്കുറിച്ചും പരാമർശിക്കുന്ന പാപ്പാ പ്രശ്നപരിഹൃതിയിൽ സംഭാഷണത്തിനുള്ള പ്രാധാന്യം ആവർത്തിച്ചു വെളിപ്പെടുത്തുന്നു.
തനിക്കു വ്യക്തിപരമായി ഉണ്ടായിട്ടുള്ള വെല്ലുവിളികളെക്കുറിച്ചും സൂചിപ്പിക്കുന്ന പാപ്പാ അത് ഒരു സാധാരണ കാര്യമാണെന്നും അല്ലാത്ത പക്ഷം നമ്മൾ മനുഷ്യരായിരിക്കില്ലെന്നും പറയുന്നു. പ്രശ്നങ്ങളെ തനിച്ചല്ല കൂട്ടായ്മയിൽ നേരിടേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു. സഭയെ അലട്ടുന്ന രണ്ടു പ്രശ്നങ്ങളായ വൈദിക മേധാവിത്വം, ആത്മീയ ലൗകികത എന്നിവയെക്കുറിച്ചും പരാമർശിക്കുന്ന പാപ്പാ ഇവ രണ്ടും സഭയെ ബാധിക്കുന്ന ഏറ്റം മോശമായ തിന്മയാണെന്ന് പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: