പതിറ്റാണ്ടുകൾ തുറുങ്കലിലടയ്ക്കപ്പെട്ട നിപരാധിയ്ക്ക് പാപ്പാ ദർശനം അനുവദിച്ചു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കൊലപാതകിയായി മുദ്രകുത്തപ്പെട്ട് മുപ്പത്തിമൂന്നു വർഷം തടവിൽ കഴിയേണ്ടിവന്ന ഇറ്റലിയിലെ സർദേഞ്ഞക്കാരനായ ഇടയൻ ബെനിയമീനൊ സുൻഖേദുവിനെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.
താൻ 3 പേരെ കൊലചെയ്തുവെന്ന് നലക്പ്പെട്ട കള്ളസാക്ഷ്യത്തിൻറെ വെളിച്ചത്തിൽ 1991-ൽ, 26 വയസ്സു പ്രായമുള്ളപ്പോൾ, അറസ്റ്റുചെയ്യപ്പെട്ട ബെനിയമീനൊ ഇപ്പോൾ, അറുപതാം വയസ്സിലാണ് നിരപരാധിയാണെന്നു തെളിയുകയും ജയിൽവിമോചിതനാവുകയും ചെയ്തത്.
തടവറയിലായിരുന്ന സമയത്ത് തൻറെ വക്കീലിൻറെ സഹായത്തോടെ രചിച്ച “ഞാൻ നിരപരാധിയാണ്” എന്ന പുസ്തകത്തിൻറെ ഒരു പതിപ്പ് ബെനിയമീനൊ വെള്ളിയാഴ്ച (23/08/24) വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചാ വേളയിൽ പാപ്പായ്ക്ക് സമ്മാനിച്ചു.
ഒരു ചെറിയ മുറിയിൽ ചിലപ്പോഴൊക്കെ പതിനൊന്നു തടവുകാരോടൊപ്പം വരെ കഴിയേണ്ടി വന്നിട്ടുള്ളതും നിദ്രാവിഹീനങ്ങളായി രാത്രികൾ തള്ളിനീക്കേണ്ടി വന്നിട്ടുള്ളതുമുൾപ്പടെയുള്ള കഷ്ടപ്പാടുകളും അതു പോലെതന്നെ തന്നെക്കാൾ മോശമായ അവസ്ഥയിലായിരുന്നവരെ സഹായിക്കാനുള്ള അവസരം ലഭിച്ചതുപോലുള്ള നല്ല അനുഭവങ്ങളും തൻറെ പുസ്തകത്തിൽ അദ്ദേഹം വിവരിച്ചിരിക്കുന്നു. തനിക്ക് തടവറയിൽ ഇത്രയും നാൾ പിടിച്ചു നില്ക്കാൻ കഴിഞ്ഞത് ദൈവത്തിൻറെ അനുഗ്രഹവും കുടുംബത്തെക്കുറിച്ചുള്ള ചിന്തയും മൂലമാണെന്ന് ബെനിയമീനൊ പുസ്തകത്തിൽ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: