ദിവ്യപൂജാർപ്പണം ദിവ്യപൂജാർപ്പണം 

ആരാധനക്രമ പ്രാർത്ഥന വ്യക്തിവാദങ്ങളിലും ഭിന്നിപ്പുകളിലും നിന്നു മുക്തം, പാപ്പാ!

ഇറ്റലിയിൽ, എഴുപത്തിനാലാം ദേശീയ ആരാധനാക്രമ വാരത്തോടനുബന്ധിച്ച്, വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ, ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ ഒപ്പിട്ട്,ആരാധനാക്രമ പ്രവർത്തന കേന്ദ്രത്തിൻറെ അദ്ധ്യക്ഷനായ ആർച്ച്ബിഷപ്പ് ക്ലാവുദിയൊ മനിയാഗൊയ്ക്ക് ഒരു സന്ദേശം അയച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പരിശുദ്ധാത്മാവിൽ, പിതാവിനോടു പ്രാർത്ഥിക്കുന്ന ക്രിസ്തുവിൻറെ പ്രാർത്ഥനയിലുള്ള പങ്കുചേരലാണ് ആരാധനക്രമപ്രാർത്ഥനയെന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ മോദെന-നൊണാന്തൊള (Modena-Nonantola) അതിരൂപത ആതിഥ്യമരുളിയിരിക്കുന്ന, ഇരുപത്തിയാറാം തീയതി തിങ്കളാഴ്ച (26/08/24) തുടക്കം കുറിച്ച എഴുപത്തിനാലാം ദേശീയ ആരാധനാക്രമ വാരത്തോടനുബന്ധിച്ച്, ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ ഒപ്പിട്ട്, വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ ആരാധനാക്രമ പ്രവർത്തന കേന്ദ്രത്തിൻറെ അദ്ധ്യക്ഷനായ ആർച്ച്ബിഷപ്പ് ക്ലാവുദിയൊ മനിയാഗൊയ്ക്ക് അയച്ച സന്ദേശത്തിലാണ് ഈ ഉദ്ബോധനം ഉള്ളത്.

ആരാധനക്രമ പ്രാർത്ഥന, ക്രിസ്തുവിൻറെ മണവാട്ടിയായ സഭയുടെ സ്നേഹനിർഭരമായ നിശ്വാസത്തിലുള്ള പങ്കുചേരലാണെന്നും ഹൃദയത്തെ നിസ്സംഗതയിൽ നിന്ന് മോചിപ്പിക്കുകയും സഹോദരങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കുകയും യേശുവിൻറെ വികാരങ്ങളോട് പൊരുത്തപ്പെടുത്തുകയും ചെയ്യുന്ന കൂട്ടായ്മയുടെ വിദ്യാലയവും നമ്മെ രൂപാന്തരപ്പെടുത്തുന്ന രാജവീഥിയുമാണെന്നും പാപ്പാ സന്ദേശത്തിൽ വിശദീകരിക്കുന്നു.

ദൈനംദിന ജീവിതത്തിലെ കോലാഹലങ്ങളും ഭ്രാന്തമായ അവസ്ഥകളും വെടിഞ്ഞ് നിശബ്ദത പുലർത്തേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന പാപ്പാ ആരാധനക്രമം ഇതിനു നമ്മെ പരിശീലിപ്പിക്കുന്നുവെന്ന് ഉദ്ബോധിപ്പിക്കുന്നു.

 

 

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 August 2024, 19:37