എവിടെയും ക്രിസ്തുവിനെ പ്രഘോഷിക്കാൻ ധൈര്യമുള്ളവരായിരിക്കുക, പാപ്പാ യുവതയോട്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്വകുടുംബങ്ങളിലും വിദ്യഭ്യാസതൊഴിലിടങ്ങളിലും വിശ്രമവേദികളിലും ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കാനുള്ള ധൈര്യം യുവതീയുവാക്കൾക്ക് ഉണ്ടാകണമെന്ന് മാർപ്പാപ്പാ.
ബോസ്നിയ ഹെർസഗോവിനയിൽ സമാധാനരാജ്ഞിയുടെ ദർശനം ഉണ്ടായതെന്നു കരുതപ്പെടുന്ന മെജുഗൊറിയെയിൽ (Medjugorje) ആഗസ്റ്റ് 1-6 വരെ നീളുന്ന മുപ്പത്തിയഞ്ചാം യുവജന പ്രാർത്ഥനോത്സവത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ യുവതീയുവാക്കൾക്കായി നല്കിയ സന്ദേശത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.
തങ്ങളുടെ ഭവനത്തിൽ പ്രവേശിച്ച യേശുവിൻറെ വാക്കുകൾ ശ്രവിച്ചുകൊണ്ട് തൻറെ സഹോദരി മറിയം അവിടത്തെ ചാരെയിരിക്കുന്നതിൽ പരാതി പറയുന്ന മാർത്തയോട് അവിടന്ന് പറയുന്ന “മറിയം നല്ലഭാഗം തിരഞ്ഞെടുത്തു” എന്ന വാക്യം (ലൂക്കാ 10,42) ഈ യുവജനോത്സവത്തിൻറെ പ്രമേയമാക്കിയിരിക്കുന്നത് അനുസ്മരിക്കുന്ന പാപ്പാ, യഥാർത്ഥ ക്രിസ്തു ശിഷ്യൻ കർത്താവിൻറെ വചനം ശ്രവിക്കുന്നതിന് സദാ സന്നദ്ധനായിരിക്കണം എന്ന് വിശദീകരിക്കുന്നു. ഈ സന്നദ്ധത നസ്രത്തിലെ കന്യകയായ മറിയത്തിലും കാണാമെന്നും ദൈവത്തിൻറെ വചനം തൻറെ ഹൃദയത്തിലേക്കു കടക്കുന്നതിന് അനുമതി നല്കിക്കൊണ്ട് അവൾ സ്വന്തം ദൗത്യം വിശ്വസ്തതയോടും കരുതലോടുംകൂടെ നിറവേറ്റിയെന്നും പാപ്പാ പറയുന്നു.
ക്രിസ്തുവിൻറെ ആധികാരിക ശിഷ്യന്മാരാകാൻ കർത്താവ് വിളിക്കുന്നുവെന്നും ദൈവവചനം ധ്യാനിക്കാൻ ഗുരുവിൻറെ സന്നിധിയിൽ ആയിരിക്കണമെന്നും യുവതയെ ഓർമ്മിപ്പിക്കുന്ന പാപ്പാ, ദൈവപിതാവിന് തങ്ങൾ ഓരോരുത്തരെയും കുറിച്ചുള്ള പദ്ധതിയെന്താണെന്ന് കണ്ടെത്തുന്നതിനും അതിനോട് സഹകരിക്കുന്നതിനും യുവതീയുവാക്കളുടെ മനസ്സിനെയും ഹൃദയത്തെയും പ്രബുദ്ധമാക്കാൻ അത് സഹായകമാകുമെന്നും പാപ്പാ വ്യക്തമാക്കുന്നു. ക്രിസ്തുവിനെ അറിയുന്നതിന് ദൈവവചനശ്രവണത്തിൻറെ പ്രാധാന്യം എടുത്തുകാട്ടുന്ന പാപ്പാ തിരുലിഖിതത്തെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് എന്ന വിശുദ്ധ ജെറോമിൻറെ വാക്കുകൾ അനുസ്മരിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: