പഠനങ്ങളിലും പരീക്ഷകളിലും വിദ്യഭ്യാസം ചുരുങ്ങുന്ന അപകടം ഒഴിവാക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജ്ഞാനത്തിൻറെയും വിജ്ഞാനത്തിൻറെയും ഒരു സമൂഹമെന്ന നിലയിൽ സർവ്വകലാശാല വിദ്യഭ്യാസത്തെ, പാഠങ്ങളുടെ പഠനം, പരീക്ഷകൾ എന്നിവയുടെ നിർവ്വഹണത്തിലേക്കു ചുരുക്കുന്ന അപകടസാധ്യത ഒഴിവാക്കണമെന്ന് മാർപ്പാപ്പാ.
ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള റോമൻ കൂരിയാ വിഭാഗത്തിൻറെ അസാധാരണ സമ്പൂർണ്ണസമ്മേളനത്തിൽ പങ്കെടുക്കുന്നവരടങ്ങിയ അമ്പതോളം പേരെ വെള്ളിയാഴ്ച (30/08/24) വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ ഫ്രാൻസീസ് പാപ്പാ, ഈ സമ്മേളനം, റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയുടെ അനന്യത, ദൗത്യം, പ്രതീക്ഷകൾ, ഭാവി എന്നിവയെക്കുറിച്ച് ചർച്ചചെയ്യുന്നത് അനുസ്മരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു.
ഈ കലാലയത്തിൻറെ വിളിയും അനന്യതയും അതിൻറെ ദൗത്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നുവെന്നും ഈ സർവ്വകലാശാലയിലെ പരിശീലനവും അദ്ധ്യാപനവും ഗവേഷണവും അതിൻറെ ചേതനയും സകലരോടും സുവിശേഷം അറിയിക്കുകയെന്ന കടമയുടെ ഭാഗമാണ് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഈ സർവ്വകലാശാലയുടെ സ്ഥാപകലക്ഷ്യവും മൂല്യങ്ങളും എന്നും പ്രസക്തങ്ങളാണെന്നും ഈ പൈതൃകം ഇന്നിൻറെ യാഥാർത്ഥ്യങ്ങൾ സഭയുടെയും ലോകത്തിൻറെയും മുന്നിൽ വയ്ക്കുന്ന പ്രശ്നങ്ങൾക്കുള്ള ഉത്തരമായി വിവർത്തനം ചെയ്യപ്പെടേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു. നാം ഇന്നു ജീവിക്കുന്നത് ഒരു ക്രൈസ്തവ സമൂഹത്തിലല്ലെന്നും, പ്രത്യുത, ഇന്നത്തെ ബഹുമുഖ സമൂഹത്തിൽ ക്രിസ്തീയജീവിതം നയിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
ഉർബനിയാന സർവ്വകലാശാലയുടെ തനതായ സാഹചര്യത്തിൽ, പരിശീലനത്തിൽ പ്രേഷിത, സാംസ്കാരാന്തര സവിശേഷതകൾ കൂടുതൽ തെളിഞ്ഞു നിൽക്കേണ്ടത് പ്രധാനമാണെന്നും, അവിടെ പരിശീലനം സിദ്ധിച്ചവർക്ക് മറ്റ് സംസ്കാരങ്ങളുമായും മറ്റു മതങ്ങളുമായുമുള്ള ബന്ധത്തിൽ മൗലികതയോടെ ക്രിസ്ത്യൻ സന്ദേശത്തിന് മാദ്ധ്യസ്ഥ്യം വഹിക്കാൻ കഴിയേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു.
സംസ്‌കാരങ്ങളിൽ സുവിശേഷം സന്നിവേശിപ്പിക്കുന്നതിനായി അവയെ സുവിശേഷവത്കരിക്കാനുള്ള പ്രേഷിത പ്രണോദനത്തെ മൂർത്തമാക്കാനറിയാവുന്ന ഇടയന്മാരെയും സമർപ്പിതരെയും അല്മായരെയും നമുക്ക് വളരെയധികം ആവശ്യമുണ്ടെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: