ഫ്രാൻസീസ് പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ, 15/08/24 ഫ്രാൻസീസ് പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ, 15/08/24  (ANSA)

സംഘർഷ വേദികളെയും അഗ്നിബാധിത ഗ്രീസിനെയും പാപ്പാ അനുസ്മരിക്കുന്നു!

യുദ്ധവും അഗ്നിബാധയും മൂലം യാതനകളനുഭവിക്കുന്നവർക്കായി ഫ്രാൻസീസ് പാപ്പാ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനത്തിൽ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ പ്രാർത്ഥിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സാമൂഹ്യ സംഘർഷങ്ങളാലും യുദ്ധത്താലും ആശങ്കാകുലരും വേദനയിലൂടെ കടന്നുപോകുന്നവരുമായ ജനങ്ങളെ പാപ്പാ സമാധാന രാജ്ഞിയായ പരിശുദ്ധ മറിയത്തിനു സമർപ്പിച്ചു.

പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനത്തിൽ, ആഗസ്റ്റ് 15-ന് വ്യാഴാഴ്‌ച (15/08/24) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനാവേളയിൽ ആശീർവ്വാദനന്തരം വിശ്വാസികളെ അഭിവാദ്യം ചെയ്യവ്വെയാണ് ഫ്രാൻസീസ് പാപ്പാ ഈ സമർപ്പണം നടത്തിയത്.

യുദ്ധവേദികളായ ഉക്രൈയിൻ, മദ്ധ്യപൂർവ്വദേശം, പലസതീൻ, ഇസ്രായേൽ, സുഡാൻ മ്യന്മാർ എന്നീ നാടുകളെ പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും അന്നാടുകൾക്ക് സാന്ത്വനവും പ്രശാന്തമായ ഒരു ഭാവിയും ഐക്യവും പ്രദാനം ചെയ്യുന്നതിന് സ്വർഗ്ഗീയമാതാവിനോടു പ്രാർത്ഥിക്കുകയും ചെയ്തു. എല്ലാ ഭാഗത്തുനിന്നും വെടിനിറുത്തലുണ്ടാകുന്നതിനും ബന്ദികളെ വിട്ടയക്കുന്നതിനും അവശതയനുഭവിക്കുന്ന ജനങ്ങൾക്ക്ക സഹായം എത്തിക്കുന്നുതിനുമുള്ള തൻറെ അഭ്യർത്ഥന പാപ്പാ നവീകരിച്ചു. യുദ്ധം ഒരു തോൽവിയാണ് എന്ന തൻറെ ബോധ്യം പാപ്പാ ആവർത്തിക്കുകയും യുദ്ധം വ്യാപിക്കാതിരിക്കുന്നതിനും ഈ ദുരന്തം എത്രയും വേഗം അവസാനിക്കുന്നതിനും ചർച്ചകളുടെ പാത പിൻചെല്ലുന്നതിന് സർവ്വാത്മനാ പരിശ്രമിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

ഗ്രീസിൽ, വടക്കുകിഴക്കെ ഏതൻസിൽ ഈ ദിനങ്ങളിൽ അഗ്നിബാധദുരന്തമുണ്ടായിരിക്കുന്നതും അനേകർക്ക് പാർപ്പിടം നഷ്ടമാകുകയും വൻ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിരിക്കുന്നതും പാപ്പാ വേദനയോടെ അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2024, 13:02