സമർപ്പണം ഉദാരതയോടെ ജീവിക്കുക, പാപ്പാ വൈദികാർത്ഥികളോട് !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആദ്ധ്യാത്മിക ജീവിതം, പഠനം, സമൂഹജീവിതം, അപ്പൊസ്തോലപ്രവർത്തനം എന്നീ മൗലിക ചതുർമാനങ്ങളിലൂന്നി വൈദികപരിശീലനകാലം ജീവിക്കണമെന്ന് മാർപ്പാപ്പാ സെമിനാരിവിദ്യാർത്ഥികളെ ഓർമ്മിപ്പിക്കുന്നു.
സ്പെയിനിലെ ഹെത്താഫെയിൽ സ്ഥിതിചെയ്യുന്ന അപ്പോസ്തലന്മാരുടെ നാഥയുടെ നാമത്തിലുള്ള വലിയ സെമിനാരിയുടെ (മേജർ സെമിനാരി) മുപ്പതാം സ്ഥാപനവാർഷികത്തോടനുബന്ധിച്ച് എത്തിയ, ഹെത്താഫെ രൂപതാമെത്രാൻ സഹായമെത്രാൻ, സെമിനാരി അധികാരികൾ, വൈദികാർത്ഥികൾ എന്നിവരുൾപ്പെട്ട അമ്പതോളം പേരടങ്ങിയ തീർത്ഥാടക സംഘത്തെ ശനിയാഴ്ച (03/08/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ഈ നാലു യാഥാർത്ഥ്യങ്ങളെ സമന്വയിപ്പിക്കുക എന്ന ദൗത്യം അനിവാര്യമാണെന്ന് പറഞ്ഞ പാപ്പാ, കർത്താവും സഭയും വൈദികാർത്ഥികളിൽ നിന്ന് പ്രതീക്ഷിക്കുന്നത്, സർവ്വോപരി അവർ സമഗ്ര മനുഷ്യരും തങ്ങൾക്കു ലഭിച്ച വിളിയോട് ഉദാരതയോടെ പ്രത്യുത്തരിക്കുന്നവരും ആയിരിക്കണെന്നാണെന്ന് വിശദീകരിച്ചു.
ദൈവത്തോടും സഹോദരങ്ങളോടും, വിശിഷ്യ, ഏറ്റവും യാതനകൾ അനുഭവിക്കുന്നവരോടും ദരിദ്രരോടും പരിത്യക്തരോടുമുള്ള സവിശേഷ പരിഗണനയോടുകൂടി, തങ്ങളുടെ സമ്പൂർണ്ണസമർപ്പണം പൂർണ്ണമായി ജീവിക്കണമെന്നും ശ്രവിക്കാനും മാപ്പുനൽകാനും സദാ സന്നദ്ധതയുള്ളവരായിരിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
"ഭൂമിയിൽ ഒരു പുരോഹിതൻ ആയിരിക്കുകയെന്നാൽ എന്താണെന്ന് നാം നന്നായി മനസ്സിലാക്കിയാൽ നാം മരിക്കുക ഭയത്താലായിരിക്കില്ല, പ്രത്യുത, സ്നേഹത്താലായരിക്കും" എന്ന ഇടവകവൈദികരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺമരിയ വിയാന്നിയുടെ വാക്കുകൾ അനുസ്മരിച്ച പാപ്പാ ഈ സ്നേഹത്തിൻറെ വിളിയാണ് വൈദികാർത്ഥികൾക്കു ലഭിച്ചിട്ടുള്ളതെന്ന് പറഞ്ഞു.
നല്ല ഇടയനായ യേശുവിനെ ജീവിത കേന്ദ്രമാക്കാനും, ഹൃദയം യേശുവിൻറേതു പോലെ വാർത്തെടുക്കാനും അവിടത്തെ ഹൃദയത്തോടു ചേർന്നു നില്ക്കാനും വൈദികാർത്ഥികൾക്കു കഴിയുന്നതിനായി പാപ്പാ പ്രാർത്ഥിച്ചു. വിശുദ്ധ മരിയ വിയാന്നിയുടെ തിരുന്നാൾ ആഗസ്റ്റ് 4-ന് ആചരിക്കപ്പെടുന്നതും പാപ്പാ അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: