മലാവി രാഷ്ട്രപതി ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
തെക്ക് -കിഴക്കൻ ആഫ്രിക്കയിലെ രാജ്യമായ മലാവിയുടെ രാഷ്ട്രപതി, ലാസറസ് ചക്വേര ഫ്രാൻസിസ് പാപ്പായെ വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ സന്ദർശിച്ചു. ആഗസ്റ്റ് മാസം പത്തൊൻപതാം തീയതി നടന്ന സന്ദർശന വേളയിൽ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ പരിശുദ്ധ സിംഹാസനത്തിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗറും സന്നിഹിതരായിരുന്നു.
പരിശുദ്ധ പിതാവിനെ സന്ദർശിച്ചശേഷം, വത്തിക്കാൻ കാര്യാലയത്തിലും കൂടിക്കാഴ്ചകൾ നടത്തി. ചർച്ചയിൽ, പരിശുദ്ധ സിംഹാസനവും മലാവിയും തമ്മിലുള്ള നല്ല ബന്ധവും, രാജ്യത്തിൻ്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളുടെ ചില വശങ്ങൾ, പ്രത്യേകിച്ച് ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽപരിശീലനം എന്നീ മേഖലകളിൽ കത്തോലിക്കാ സഭയുമായുള്ള സഹകരണവും എടുത്തുപറയപ്പെട്ടു.
പ്രാദേശികവും, അന്തർദേശീയവുമായ പല വിഷയങ്ങളും ചർച്ചചെയ്യപ്പെട്ട അവസരത്തിൽ, ജനങ്ങൾക്കിടയിൽ സംവാദവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം അടിവരയിട്ടു പറഞ്ഞു. ഏകദേശം ഇരുപതു ദശലക്ഷത്തോളം ആളുകളാണ് മലാവിയിൽ താമസിക്കുന്നത്. 2020 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ലാസറസ് ചക്വേര രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: