തിരയുക

സെമിനാരി വിദ്യാർത്ഥികളുമായി ഫ്രാൻസിസ് പാപ്പാ (ഫയൽ ചിത്രം) സെമിനാരി വിദ്യാർത്ഥികളുമായി ഫ്രാൻസിസ് പാപ്പാ (ഫയൽ ചിത്രം)  (VATICAN MEDIA Divisione Foto)

സാഹിത്യം പരിശീലനത്തിന്റെ ഭാഗമാക്കണം: ഫ്രാൻസിസ് പാപ്പാ

വ്യക്തിപരമായ പക്വത പ്രാപിക്കുന്നതിനും, മറ്റുള്ളവരെ കൂടുതൽ ശ്രദ്ധയോടെ ശ്രവിക്കുന്നതിനും സാഹിത്യം ഏറെ സഹായിക്കുന്നുവെന്ന് അടിവരയിട്ടുപറഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പാ, വൈദികപരിശീലനം നടത്തുന്നവർക്കും, അജപാലന ശുശ്രൂഷയിൽ പങ്കാളികളാകുന്നവർക്കും, എല്ലാ ക്രൈസ്തവ സഹോദരങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് ഇടയലേഖനം പ്രസിദ്ധീകരിച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വായനയോടുള്ള താത്പര്യം  പുനരുജ്ജീവിപ്പിക്കാനും, പൗരോഹിത്യാർത്ഥികളെ രൂപീകരിക്കുന്ന പരിശീലന രംഗത്ത് സമൂലമായ രൂപാന്തരീകരണം നടപ്പിലാക്കുവാനും ഉദ്ദേശിച്ചുകൊണ്ട് ആഗസ്റ്റ് മാസം നാലാം തീയതി, ഫ്രാൻസിസ് പാപ്പാ രചിച്ച  ഇടയലേഖനം പ്രസിദ്ധീകരിച്ചു. വ്യക്തിജീവിതത്തിൽ പക്വത പ്രാപിക്കുന്നതിന് സാഹിത്യപാരായണം ഏറെ പ്രയോജനകരമാകുമെന്ന് ആമുഖമായി പാപ്പാ പറഞ്ഞു. തങ്ങളുടെ മനസ്സു  തുറക്കുവാനും, ഹൃദയത്തെ ഉത്തേജിപ്പിക്കുവാനും, യുക്തിചിന്തയുടെ സ്വതന്ത്രവും എളിയതുമായ പ്രയോഗത്തിനും സാഹിത്യകൃതികളുടെ സംഭാവനകൾ പാപ്പാ അടിവരയിട്ടു പറഞ്ഞു.

ആധുനികയുഗത്തിൽ മനുഷ്യന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുവാനും, പ്രചോദനാത്മകമായ ബന്ധം സ്ഥാപിക്കുവാനുമുള്ള വൈദികരുടെ കടമ നിറവേറ്റുന്നതിന്, പരിശീലന കാലത്തു തന്നെ വായനാശീലം വളർത്തിയെടുക്കുന്നതിനു പാപ്പാ ആഹ്വാനം ചെയ്യുന്നു. ആത്മീയമായ ഒരു തുറന്ന മനസ് രൂപപ്പെടുത്തിയെടുക്കുവാൻ ഈ വായനകൾ സഹായകരമാകുമെന്നും പാപ്പാ പറഞ്ഞു.

പരിശീലനകാലഘട്ടത്തിൽ നമുക്കുണ്ടാകുന്ന വിരസതകളിൽ നിന്നും നമ്മെ തന്നെ അകറ്റുന്നതിനുള്ള ഒരു ഉപാധിയായി  ഈ വായനാശീലത്തെ പാപ്പാ അവതരിപ്പിക്കുന്നു. ക്ഷീണം, കോപം, നിരാശ, പരാജയം എന്നിവയുടെ നിമിഷങ്ങളിലും, പ്രാർത്ഥിക്കുവാൻ പോലും മനസ് അനുവദിക്കാത്ത നിമിഷങ്ങളിലും ചില ഗ്രന്ഥങ്ങളുടെ വായന നമ്മെ സഹായിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. ഈ വായന നമ്മുടെ മനസിനെ ശാന്തമാക്കുകയും ആന്തരികമായ ഒരു സമാധാനം കൈവരിക്കുവാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നുവെന്നും,  വായനാശീലം ആശയങ്ങളുടെ സമ്പന്നതയിലേക്ക് നമ്മെ നയിക്കുന്നുവെന്നും  പാപ്പാ കൂട്ടിച്ചേർത്തു.

വൈദികപരിശീലന കേന്ദ്രങ്ങളിൽ ഇപ്രകാരം സാഹിത്യ രചനകളുടെ വായനയ്ക്കായി ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്ന് പാപ്പാ തന്റെ ലേഖനത്തിൽ ആവശ്യപ്പെടുന്നു. എന്നാൽ ഇവയുടെ അഭാവം, ഭാവി പുരോഹിതരുടെ ഗുരുതരമായ ബൗദ്ധികവും ആത്മീയവുമായ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നുവെന്നും പാപ്പാ അഭിപ്രായപ്പെട്ടു.  സാഹിത്യകൃതികളിൽ നമ്മുടെ ജീവിതത്തെ തന്നെ കാണുവാൻ സാധിക്കുന്നുവെന്നും, അതിനാൽ തുറന്ന ഹൃദയത്തോടെ കൃതികളെ സമീപിക്കണമെന്നും പാപ്പാ ഓർമിപ്പിച്ചു.

ക്രിസ്തുവിന്റെ ദൈവീകത പൂർണ്ണമായി ചൊരിയുന്ന പൂർണ്ണ മാനവികതയോട് കൂടുതൽ സംവേദനക്ഷമതയുള്ളവരാക്കിത്തീർക്കുന്നതിനു നമ്മെ സഹായിക്കുന്ന മാർഗ്ഗമായും വായനയെ പാപ്പാ പരിചയപ്പെടുത്തുന്നു.  ഒപ്പം ശാരീരികമായ നിരവധി പ്രയോജനങ്ങളും പാപ്പാ കൂട്ടിച്ചേർക്കുന്നു: " വായന,  വിശാലമായ പദാവലി പരിശീലിക്കുവാനും, ബുദ്ധിയുടെ വിവിധ വശങ്ങൾ വികസിപ്പിക്കാനും, ഭാവനയെയും സർഗ്ഗാത്മകതയെയും ഉത്തേജിപ്പിക്കുന്നതിനും, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനും നമ്മെ സഹായിക്കുന്നതാണെന്ന്" പാപ്പാ അടിവരയിട്ടു പറഞ്ഞു.

ഇന്ന് നെട്ടോട്ടമോടുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്നും, എന്നാൽ നമുക്ക് ആവശ്യമായത് വേഗം കുറച്ചുകൊണ്ട്, കൂടുതൽ ചിന്തിക്കുവാനും, കൂടുതൽ ശ്രദ്ധിക്കുവാനുമുള്ള ജീവിത ശൈലിയാണെന്നും പാപ്പാ എടുത്തു പറഞ്ഞു. ഇത്തരത്തിൽ ആളുകളുടെയും,  സാഹചര്യങ്ങളുടെയും സത്യാവസ്ഥകൾ  അന്വേഷിക്കുന്നതിനും, പര്യവേക്ഷണം ചെയ്യുന്നതിനും മറ്റുള്ളവരോടുള്ള സഹാനുഭൂതി വർധിപ്പിക്കുന്നതിനും വായന നമ്മെ സഹായിക്കുന്നുവെന്നും ഫ്രാൻസിസ് പാപ്പാ തന്റെ ലേഖനത്തിലൂടെ ഓർമ്മപ്പെടുത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 August 2024, 11:20