യുവജനങ്ങളുമൊത്ത് ഫ്രാൻസിസ് പാപ്പാ യുവജനങ്ങളുമൊത്ത് ഫ്രാൻസിസ് പാപ്പാ  

ക്രിയാത്മകമായ വിമർശനം യുവജനങ്ങളുടെ മുഖമുദ്രയാണ്: പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയഞ്ചാം അപ്പസ്തോലിക യാത്രയിൽ, സെപ്തംബർ മാസം പതിമൂന്നാം തീയതി, സിംഗപ്പൂരിലെ കാത്തലിക്ക് ജൂനിയർ കോളേജിൽ വച്ച് യുവജനങ്ങളുമായി നടത്തിയ മതാന്തരകൂട്ടായ്മയിൽ പാപ്പാ നൽകിയ സന്ദേശത്തിന്റെ സംക്ഷിപ്തരൂപം
പാപ്പായുടെ പ്രഭാഷണം : ശബ്ദരേഖ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

നന്ദി,  നിങ്ങളുടെ വാക്കുകൾക്ക് നന്ദി, നിങ്ങൾ പറഞ്ഞ മൂന്നു വാക്കുകൾ എന്നെ അധികമായി സ്പർശിച്ചു. സ്വീകരണമുറിയിലെ വിമർശകർ, സുഖദായക മണ്ഡലം, കടമയായും, എന്നാൽ അപകടസാധ്യത ഉൾക്കൊണ്ടുകൊണ്ടും ഉപയോഗിക്കേണ്ട സാങ്കേതിക വിദ്യകൾ, എന്നിവയാണ് ആ വാക്കുകൾ. ഇപ്രകാരം യുവജനങ്ങളുടെ വാക്കുകൾ തന്നെ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ വിവിധ മതങ്ങളിൽ നിന്നുള്ള യുവജനങ്ങളുടെ സംഗമത്തെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ സന്ദേശം ആരംഭിച്ചത്. ധൈര്യശാലികളും, സത്യത്തെ അഭിമുഖീകരിക്കുവാൻ ആഗ്രഹിക്കുന്നവരുമാണ് യുവജനങ്ങൾ എന്ന് പറഞ്ഞ പാപ്പാ, അവർ സർഗ്ഗാത്മകത പുലർത്തിക്കൊണ്ട് ജീവിതയാത്രയിൽ മുന്നേറണമെന്നും ഓർമ്മിപ്പിച്ചു. സ്വീകരണമുറിയിൽ ശൂന്യമായ വാക്കുകൾ കൊണ്ട് വിമർശനം നടത്തുന്ന തിന്മയിലേക്ക് യുവജനങ്ങൾ വഴുതിവീഴാതിരിക്കുവാൻ ശ്രദ്ധിക്കണമെന്നും, എന്നാൽ ക്രിയാത്മകമായ വിമർശനം ഒരു നല്ല ചെറുപ്പക്കാരന്റെ സ്വഭാവഗുണമാണെന്നും പാപ്പാ പറഞ്ഞു. ക്രിയാത്മകമായി വിമർശിക്കുക എന്നാൽ, അനാവശ്യമായി സംസാരിക്കുക എന്നതല്ല എന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

നവമായ വഴികൾ ഒരുക്കാതെ എല്ലാറ്റിനെയും നശിപ്പിക്കുന്ന വിനാശകരമായ വിമർശനെതിരെയാണ് പാപ്പാ സംസാരിച്ചത്. തുടർന്ന് പാപ്പാ എല്ലാ യുവജനങ്ങളോടും, നിങ്ങൾ വിമർശിക്കുന്നവരാണോ? എന്ന ചോദ്യമുന്നയിച്ചു.  "വിമർശിക്കാനുള്ള ധൈര്യവും മറ്റുള്ളവരെ വിമർശിക്കാൻ അനുവദിക്കാനുള്ള ധൈര്യവും നിങ്ങൾക്കുണ്ടോ?", പാപ്പാ ചോദിച്ചു. യുവാക്കൾ തമ്മിലുള്ള ആത്മാർത്ഥമായ സംഭാഷണത്തിന്റെ ലക്ഷണമാണ്, പരസ്പരമുള്ള ആരോഗ്യപരമായ  വിമർശനമെന്നും പാപ്പാ പറഞ്ഞു. തുടർന്ന്,  സുഖപ്രദമായ മണ്ഡലങ്ങളിൽ നിന്നും പുറത്തുകടന്ന് ജീവിതത്തിന്റെ യാഥാർഥ്യങ്ങളിലേക്ക് യാത്ര ചെയ്യുവാനും, അതിനു വേണ്ടുന്ന ധൈര്യം സംഭരിക്കുവാനും  പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.  ഭയപ്പെടാതെ, പുറത്തു കടന്നുകൊണ്ട്, ജീവിതത്തിന്റെ വെല്ലുവിളികൾ സ്വീകരിക്കുവാൻ, പാപ്പാ യുവജനങ്ങളെ ക്ഷണിച്ചു. യുവജനങ്ങളെ തളർത്തുന്ന സ്വേച്ഛാധിപത്യ മനോഭാവമാണ് ഭയമെന്നും പാപ്പാ കൂട്ടിച്ചേർത്തു. 'ജീവിതത്തിൽ തെറ്റുകൾ സംഭവിച്ചു എന്ന് കരുതി പുറകോട്ട് മാറുന്നത് ശരിയല്ലായെന്നും, തെറ്റുകൾ സംഭവിച്ചുവെന്നത് തിരിച്ചറിയുക' എന്നതാണ് പ്രധാനമെന്നും പാപ്പാ പറഞ്ഞു. അതിനാൽ തെറ്റുകളെ ഭയക്കാതെ മുൻപോട്ടു പോകേണ്ടത് ഏറെ ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന് യുവജനങ്ങൾക്കിടയിൽ മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ചും പാപ്പാ സംസാരിച്ചു.

മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണോ, അതോ തെറ്റാണോ? പാപ്പാ ചോദിച്ചു. രണ്ടുതരത്തിലുള്ള മാധ്യമ ഉപയോഗത്തെയാണ് പാപ്പാ ചൂണ്ടിക്കാണിച്ചത്. ഒന്ന്, മാധ്യമങ്ങൾ ഉപയോഗിക്കാതെ ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ, അടഞ്ഞ ജീവിതം നയിക്കുന്ന ഒരു വ്യക്തിയെന്നും, മാധ്യമങ്ങൾക്ക് അടിമയായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ, ചിതറിക്കപ്പെട്ടവനുമാണെന്നാണ് പാപ്പാ വിശേഷിപ്പിച്ചത്.  അതിനാൽ ജീവിതത്തിൽ ഉപകാരപ്രദമായ രീതിയിൽ മാധ്യമങ്ങളെ ഉപയോഗിക്കുവാൻ പരിശീലിക്കണമെന്ന് പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു. യുവജനങ്ങളുടെ സംഗമത്തിൽ തന്നെ ഏറെ ആകർഷിച്ച കാര്യം, അവരുടെ മതാന്തര സംവാദത്തിനുള്ള കഴിവാണെന്നു പാപ്പാ പറഞ്ഞു. ഒരാൾ 'തന്റെ മതമാണ്, മറ്റൊരാളുടേതിനേക്കാൾ പ്രധാനമെന്നും, മെച്ചമെന്നും' പറഞ്ഞു വാദിക്കുന്നതിൽ അർത്ഥമില്ലായെന്നും, കാരണം, ഇത്തരത്തിലുള്ള സംവാദങ്ങൾ നാശത്തിലേക്കു മാത്രമാണ് നമ്മെ നയിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

എല്ലാ മതങ്ങളും ദൈവത്തിലേക്കെത്താനുള്ള ഒരു വഴിയാണെന്നും, അവ വ്യത്യസ്ത ഭാഷകൾ പോലെ വിഭിന്നമെങ്കിലും, ഒരു ദൈവത്തിലേക്ക് നമ്മെ നയിക്കുന്നുവന്നും പാപ്പാ പറഞ്ഞു. "ദൈവം, എല്ലാവരുടെയും ദൈവമായിരിക്കുന്നതുപോലെ, നാമെല്ലാവരും ദൈവത്തിൻ്റെ മക്കളാണ്", പാപ്പാ കൂട്ടിച്ചേർത്തു.

ദൈവത്തെ സമീപിക്കാൻ വിവിധ ഭാഷകളും, വഴികളും ഉണ്ടെന്നും, ഇവയാണ് വ്യത്യസ്ത മതങ്ങൾക്ക് രൂപം നൽകിയതെന്നും പറഞ്ഞ പാപ്പാ, യുവാക്കൾക്കിടയിൽ മതാന്തര സംവാദങ്ങൾ നടത്തുവാനുതകും വിധം ധൈര്യം ആവശ്യമെന്നും, കാരണം, യുവത്വം ധൈര്യത്തിൻ്റെ പ്രായമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. ഈ സംഭാഷണങ്ങൾക്ക് പിന്നിലെ ചാലകശക്തി പരസ്പരമുള്ള ബഹുമാനമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. എന്നാൽ ഈ പരസ്പരമുള്ള ബഹുമാനത്തിനുപകരം, ചെറുപ്പക്കാർക്കിടയിൽ ഭീഷണിപ്പെടുത്തിക്കൊണ്ട് ബലം കാണിക്കുന്ന പ്രവണതയും ഏറിവരുന്നുവെന്ന അപായസൂചനയും പാപ്പാ നൽകി. വാക്കാലും, ശാരീരികമായും ഭീഷണിപ്പടുത്തിക്കൊണ്ട്, ദുർബലരായവരെ ചൂഷണം ചെയ്യുന്ന പ്രവണത യഥാർത്ഥ ധൈര്യത്തിന്റെ ലക്ഷണമല്ലായെന്നും പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു. ഈ പരസ്പര ബഹുമാനത്തിലാണ്, നമ്മുടെ കഴിവുകളെയും, വൈകല്യങ്ങളെയും തിരിച്ചറിയുവാൻ സാധിക്കുന്നതെന്നും, അതുപോലെ മറ്റുള്ളവരെ  അവരുടെ കുറവുകളോടെ സ്വീകരിക്കുവാൻ സാധിക്കുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

യുവജനങ്ങളിൽ ഒരാൾ നിർദേശിച്ചതുപോലെ, ധീരമായ മനോഭാവം നിലനിർത്താനും ചെറുപ്പക്കാർക്ക് വന്ന് സംസാരിക്കാനും കഴിയുന്ന ഒരു ഇടം പ്രോത്സാഹിപ്പിക്കുന്നതിന് സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. യുവജനങ്ങൾക്കിടയിലെ സംഭാഷണങ്ങൾ സമാധാനത്തിന്റെ പാതകൾ സൃഷ്ടിക്കുന്നതിന് ഏറെ സഹായകരമാകുമെന്നും പാപ്പാ ആശംസിച്ചു. നിശബ്ദതയിൽ അൽപനേരം പ്രാർത്ഥിക്കുന്നതിനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2024, 12:37