തിരയുക

പാപ്പായുടെ വിദേശ ഇടയസന്ദർശനം-പാപ്പാ പാപുവ ന്യൂഗിനിയിൽ!

വിശ്വാസം, പ്രത്യാശ, സാഹോദര്യം, സഹാനഭൂതി, ഐക്യം എന്നിവയുടെ കാഹളനാദവുമായി ഫ്രാൻസീസ് പാപ്പാ തൻറെ നാല്പത്തിയഞ്ചാം വിദേശ അപ്പൊസ്തോലിക പര്യടനം തുടരുന്നു.

ജോയി കരിവേലി വത്തിക്കാൻ സിറ്റി

വിശ്വാസം, പ്രത്യാശ, സാഹോദര്യം, സഹാനഭൂതി, ഐക്യം എന്നിവയുടെ കാഹളനാദവുമായി ഫ്രാൻസീസ് പാപ്പാ തൻറെ നാല്പത്തിയഞ്ചാം വിദേശ അപ്പൊസ്തോലിക പര്യടനം തുടരുന്നു. ഇപ്പോൾ പാപ്പാ ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലാണ്. അപരിമേയ സാംസ്കാരിക-ജൈവവൈവിധ്യങ്ങളുടെ നാടായ ഉപദ്വീപ്. അന്നാടും ഇന്ത്യയും തമ്മിലുള്ള സമയ വിത്യാസം ഇപ്പോൾ 4 മണിക്കൂറും 30 മിനിറ്റും ആണ്, അതായത്,പാപുവ ന്യൂഗിനി സമയത്തിൽ, ഇന്ത്യയെക്കാൾ 4 മണിക്കൂറും 30 മിനിറ്റും മുന്നിലാണ്.

സെപ്റ്റംബർ 2-ന് തിങ്കളാഴ്ച വൈകുന്നേരം 5.20-ന്,  റോമിനു പുറത്ത്, ഫ്യുമിച്ചീനൊയിൽ സ്ഥിതിചെയ്യുന്ന ലെയൊണാർദൊ ദ വിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്നു യാത്ര പുറപ്പെട്ട പാപ്പാ ആദ്യം പാദമുന്നിയത്, ഈ യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നാലു രാജ്യങ്ങളിൽ ഒന്നായ ഇന്തൊനേഷ്യയിലാണ്. പാപ്പായുടെ യാത്രാ അജണ്ടയിലെ ഇതര രാജ്യങ്ങൾ പാപ്പുവ ന്യൂഗിനി, പൂർവ്വ തിമോർ, സിങ്കപ്പൂർ എന്നിവയാണ്. പാപ്പാ യാത്ര തുടങ്ങിയ രണ്ടാം തീയതി മുതൽ കണക്കാക്കിയാൽ ഈ അപ്പൊസ്തോലിക പര്യടനത്തിൻറെ അഞ്ചാമത്തെ ദിവസമാണ് പാപ്പാ രണ്ടാമത്തെ വേദിയായ പാപുവ ന്യൂഗിനിയിൽ എത്തിയിരിക്കുന്നത്. മൂന്നാം തീയതി ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ വിമാനമിറങ്ങിയ പാപ്പാ മൂന്നുദിവസത്തിലേറെ അവിടെ ചിലവഴിച്ചതിനു ശേഷമാണ് രണ്ടാം പാദമായ പാപുവ ന്യൂഗിനിയിലേക്ക് വെള്ളിയാഴ്ച (06/09/24) പുറപ്പെട്ടത്. അന്നാടിൻറെ തലസ്ഥാനനഗരിയായ പോർട്ട് മൊറെസ്ബി, അന്നാട്ടിലെ സന്ദാവുൻ പ്രവിശ്യയുടെ തലസ്ഥാനമായ വാനിമൊ എന്നീ നഗരങ്ങളിൽ കേന്ദ്രീകൃതമായിരിക്കും പാപ്പായുടെ ഇടയ സന്ദർശനം പാപുവ ന്യൂഗിനിയിൽ. അന്നാട്ടിൽ പാപ്പാ ഒമ്പതാം തീയതിവരെ തങ്ങും. അന്ന് പാപ്പാ ഈ യാത്രയുടെ മൂന്നാമത്തെ വേദിയായ പൂർവ്വതിമോറിലേക്കു പുറപ്പെടും

വെള്ളിയാഴ്ച (06/09/24) രാവിലെ പാപ്പാ ഇന്തൊനേഷ്യയിലെ അപ്പൊസ്തോലിക് നൺഷ്യേച്ചറിലുള്ള എല്ലാവരോടും നന്ദിപറയുകയും വിടചൊല്ലുകയും ചെയ്തു. പാപ്പാ അവിടെ നിന്നു നേരെ പോയത് ജക്കാർത്തയിലെ സുക്കാർണൊ ഹത്താ രാജ്യാന്തര വിമാനത്താവളത്തിലേക്കാണ്. മതകാര്യമന്ത്രി യാക്കുത് കോളി കൊവ്മാസും (Yaqut Cholil Qoumas) മറ്റു അധികാരികളും സഭാപ്രതിനിധികളും പാപ്പായെ യാത്രയയ്ക്കാൻ വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു. എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് വിമാനത്തിലേറിയ പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് ഇന്തൊനേഷ്യയുടെ ഗരുഡ എയർലൈൻസ് വിമാനം പാപുവ ന്യൂഗിനിയുടെ തലസ്ഥാനമായ പോർട്ട് മൊറെസ്ബി ലക്ഷ്യമാക്കി പറന്നുയുർന്നു.

ലോകത്തിൽ ഏറ്റവുമധികം സാംസ്കാരികവൈവിധ്യം നിറഞ്ഞ രാജ്യങ്ങളിലൊന്നായ പാപുവ ന്യൂഗിനിയുടെ വിസ്തീർണ്ണം നാലുലക്ഷത്തി 62840 ചതുരശ്രകിലോമീറ്ററാണ്. 82 ലക്ഷത്തിലേറെ നിവാസികളുള്ള അന്നാട്ടിൽ 850-ഓളം പ്രാദേശികഭാഷകളും അത്രയുംതന്നെ പരമ്പരാഗത സമൂഹങ്ങളും നിലവിലുണ്ട്. തലസ്ഥാന നഗരി പോർട്ട് മൊറെസ്ബിയാണ്. ആ നഗരത്തിലെ നിവാസികളുടെ സംഖ്യ 3 ലക്ഷത്തി 25000-ത്തോളം വരും. അന്നാട്ടിലെ ഏറ്റവും വലിയ നഗരമായ പോർട്ട മൊറെസ്ബി മുഖ്യ തുറമുഖ പട്ടണവുമാണ്.

അതിരൂപത പോർട്ട് മൊറെസ്ബി

1946 ജൂൺ 13-ന് സ്ഥാപിതമായ അപ്പൊസ്തോലിക് വികാരിയാത്താണ് പിന്നീട് 1966 നവമ്പർ 15-ന് പോർട്ട് മൊറെസ്ബി അതിരൂപതയായി ഉയർത്തപ്പെട്ടത്. ഈ അതിരൂപതാതിർത്തിക്കുള്ളിൽ വസിക്കുന്ന 7 ലക്ഷത്തി 90000-ത്തിൽപ്പരം ജനങ്ങളിൽ കത്തോലിക്കർ 2 ലക്ഷത്തി 33000 മാത്രമാണ്. 22 ഇടവകകളും 6 രൂപതാവൈദികരും 50 സന്ന്യസ്ത വൈദികരും ഈ അതിരൂപതയ്ക്കുണ്ട്. സന്ന്യസ്തരുടെ സംഖ്യ 220-ൽപ്പരവും സന്ന്യാസിനിസഹോദരികൾ 120-ലേറെയുമാണ്. 113 വിദ്യാഭ്യാസസ്ഥാപനങ്ങളും 4 ഉപവിപ്രവർത്തന കേന്ദ്രങ്ങളും ഈ അതിരൂപതയ്ക്കുണ്ട്. 67 വയസ്സു പ്രായമുള്ള കർദ്ദിനാൾ ജോൺ റിബത്ത് (John Ribat) ആണ് അതിരൂപതാദ്ധ്യക്ഷൻ.

പാപ്പാ പാപുവ ന്യൂഗിനിയിൽ

ഇന്തൊനേഷ്യയിലെ ജക്കാർത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പോർട്ട് മൊറെസ്ബിയിലെ ജാക്സൺസ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള 4693 കിലോമീറ്റർ വ്യോമ ദൂരം പാപ്പാ സഞ്ചരിച്ച ഇന്തൊനേഷ്യയുടെ ഗരുഡ എയർലൈൻസ്  വിമാനം എതാണ്ട് 6 മണിക്കൂർ കൊണ്ട് തരണം ചെയ്തു. പ്രാദേശിക സമയം വൈകുന്നേരം 7 മണിയോടെ വിമാനം പോർട്ട് മൊറെസ്ബിയിൽ ഇറങ്ങി. അപ്പോൾ ഇന്തയിൽ സമയം ഏതാണ്ട് ഉച്ചതിരിഞ്ഞ് മുന്നു മണിയോട് അടുത്തിരുന്നു. പാപുവ ന്യൂഗിനിയിലെ അപ്പൊസ്തോലിക് നൺഷയേച്ചറിൻറെ പ്രതിനിധിയും അന്നാട്ടിലെ പേപ്പൽ ഇടയസന്ദർശനപരിപാടികളുടെ നിയന്താവും വിമാനത്തിനകത്തു കയറി പാപ്പായെ പുറത്തേക്കാനയിച്ചു. പാപുവ ന്യൂഗിനിയുടെ ഉപപ്രധാന മന്ത്രി ജോൺ റോസ്സൊ പാപ്പായെ സ്വീകരിക്കാൻ അവിടെ എത്തിയിരുന്നു.

വിമാനത്തിനകത്തു നിന്നു താലക്കാലിക ലിഫ്റ്റു വഴി ചക്രക്കസേരയിൽ താഴെയെത്തിയ പാപ്പായ്ക്ക്, പാരമ്പര്യ വേഷധാരികളായ ബാലികാബലന്മാർ പുഷ്പമഞ്ജരിയേകി ആദരവർപ്പിച്ചു. തുടർന്നു പാപ്പാ അവിടെ സന്നിഹതരായിരുന്നവരെ അഭിവാദ്യം ചെയ്തുകൊണ്ട് ചക്രക്കസേരയിൽ സ്വാഗതസ്വീകരണ വേദിയിലേക്ക് പോയി. ഇരുപത്തിയൊന്ന് ആചാരവെടികൾ മുഴങ്ങി. പാപ്പാ സൈനിക ഉപചാരം സ്വീകരിച്ചു. തദ്ദനന്തരം വത്തിക്കാൻറെയും പാപുവ ന്യൂഗിനിയുടെയും ദേശീയ ഗാനങ്ങൾ സൈനിക ബാൻറ് വാദനം ചെയ്തതിനെ തുടർന്ന് പാപ്പാ ദേശീയ പതാകയെ വന്ദിച്ചു. പ്രതിനിധിസംഘങ്ങളെ പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു തദ്ദനന്തരം നടന്നത്. അതിനു ശേഷം പാപ്പാ വിമാനത്താവളത്തിൽ നിന്ന് 8 കിലോമീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്കു പോയി. അവിടെയാണ് പാപ്പായ്ക്കു താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.

പോർട്ട് മൊറെസ്ബിയുടെ പ്രാന്തപ്രദേശമായ ജനവാസകേന്ദ്രമായ ഒരു കുന്നിൻപ്രദേശത്ത് കൊറൊബോസെയിയിലെ ലൊളൊറുവാ വീഥിയിലാണ് അപ്പൊസ്തോലിക് നൺഷിയേച്ചർ സ്ഥിതിചെയ്യുന്നത്. ആർച്ചുബിഷപ്പ് മൗറൊ ലാല്ലിയാണ് അപ്പൊസ്തോലിക് നുൺഷ്യൊ.

ഇന്തൊനേഷ്യയിൽ വ്യാഴാഴ്ച സായാഹ്നത്തിൽ

ഇനി നമുക്ക് ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ പാപ്പായുടെ ഇടയസന്ദർശ പരിപാടികളിൽ വ്യാഴാഴ്ച (05/09/24) ഉച്ചതിരിഞ്ഞു നടന്ന പരിപാടിയിലൂടെ ഒന്നു കടന്നു പോകാം

ഗെലോറ ബുംഗാർണൊ (Gelora Bung Karno) സ്റ്റേഡിയത്തിൽ ദിവ്യബലിയായിരുന്നു പാപ്പായുടെ അന്ന് സായാഹ്നത്തിലെ ഏക ഔദ്യോഗിക പരിപാടി. ജക്കാർത്തയിലെ അപ്പൊസ്തോലിക് നൺഷിയേച്ചറിൽ നിന്ന് 9 കിലോമീറ്റർ അകലെയാണ് ഈ സ്റ്റേഡിയം. എഴുപത്തിയെണ്ണായിരം പേർക്ക് ഇരിപ്പിട സൗകര്യമുള്ള ഈ സ്റ്റേഡിയം നാലാം ഏഷ്യൻ കായികമേളയോടനുബന്ധിച്ചാണ് 1962-ൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. അടിയന്തിര സാഹചര്യം ഉണ്ടായാൽ 15 മിനിറ്റിനകം പൂർണ്ണമായും ഒഴിപ്പിക്കത്തരീതിയിലുള്ള സുരക്ഷാക്രമീകരണങ്ങളും ലോകത്തിൽ ഏറ്റവും കൂടുതൽ വെളിച്ചവുമുള്ള സ്റ്റേഡിയമാണിത്.

സ്റ്റേഡിയത്തിൽ വളരെ ലളിതമായ ഒരു ശൈലിയിലായിരുന്നു ബലിവേദി ഒരുക്കിയിരുന്നത്. ശിരസ്സിനു പിന്നിൽ നക്ഷത്രഖചിത വലയവും തലയിൽ കിരീടവും ചൂടിയ പരിശുദ്ധ കന്യകാമറിയത്തിൻറെ തിരുസ്വരൂപം ബലിവേദിയിൽ, ബലിവേദിക്കഭിമുഖമായി നില്ക്കുമ്പോൾ വലത്തുവശത്തായി, പ്രതിഷ്ഠിച്ചിട്ടുണ്ടായിരുന്നു. കാറിൽ സ്റ്റേഡിയത്തിനടുത്തെത്തിയ പാപ്പാ തുടർന്ന് തനിക്ക് എല്ലാവരെയും കാണത്തക്ക രീതിയിൽ ഒരുക്കിയിരുന്ന തുറന്ന വെളുത്ത വാഹനത്തിലേക്ക് മറിക്കയറുകയും അവിടെ സന്നിഹിതരായിരുന്ന പതിനായിരക്കണക്കിന് വിശ്വാസികളെ അഭിവാദ്യം ചെയ്തുകൊണ്ട് അവരെ വലം വയ്ക്കുകയും ചെയ്തു. വിശുദ്ധ കുർബ്ബാന കാണുന്നതിന് മറ്റൊരു സ്റ്റേഡിയത്തിലും സംവിധാനം ഒരുക്കിയിട്ടുണ്ടായിരുന്നു. രണ്ടു സ്റ്റേഡിയങ്ങളിലുമായി മൊത്തം ഒരുലക്ഷത്തിനടുത്തു വിശ്വാസികൾ ദിവ്യപുജയിൽ പങ്കുകൊണ്ടു. പാപ്പാ ദിവ്യബലിയർപ്പിച്ച സ്റ്റേഡിയത്തിലുണ്ടായിരുന്ന വിശ്വാസികൾ പാപ്പായെത്തിയപ്പോൾ വത്തിക്കാൻറെയും ഇന്തൊനേഷ്യയുടെയും ചെറു പതാകകൾ വീശുന്നതും കാണാമായിരുന്നു. പാപ്പാ അവരെ വലംവയ്ക്കവെ ഗായക സംഘം വേദി സംഗീത സാന്ദ്രമാക്കി. ഗായഗസംഘത്തിൽ പാരമ്പര്യ വേഷധാരികളും ഉണ്ടായിരുന്നു.

പേപ്പൽ വാഹനത്തിൽ നിന്നിറങ്ങിയ പാപ്പാ ചക്രക്കസേരയിൽ ബലിവേദിയിലേക്കാനയിക്കപ്പെട്ടു. പാപ്പാ പൂജാവസ്ത്രങ്ങൾ അണിയവെ പ്രവേശനഗീതി ഉയർന്നു.

സഹകാർമ്മികർ പ്രദക്ഷിണമായെത്തി. പാപ്പാ ആമുഖ പ്രാർത്ഥനയോടെ ദിവ്യബലി ആരംഭിച്ചു. വിശുദ്ധ മദർ തെരേസയുടെ ഓർമ്മ ആചരിക്കപ്പെട്ട അന്ന് അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ  ലത്തീൻ, ഇന്തൊനേഷ്യൻ ഭാഷകൾ ഉപയോഗപ്പെടുത്തി. തിരുലിഖിത വായനകൾ പൗലോസ് കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം 3,18-23 വരെയും ലൂക്കായുടെ സുവിശേഷം 5:1-11 വരെയുമുള്ള വാക്യങ്ങൾ ആയിരുന്നു. ഈ വായനകൾക്കു ശേഷം പാപ്പാ വചനസന്ദേശം നല്കി

പാപ്പായുടെ സുവിശേഷപ്രഭാഷണാനന്തരം വിശ്വാസികളുടെ പ്രാർത്ഥനയോടെ ദിവബലി തുടർന്നു. വിശുദ്ധ കുർബ്ബാനയുടെ അവസാനഭാഗത്ത്, ജക്കാർത്ത അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഇഗ്നാത്തിയൂസ് ഹർദ്ജൊവത്മോദ്ജൊ നന്ദി പ്രകാശനം നടത്തി.

ഇന്തോനേഷ്യയിലെ കത്തോലിക്കർക്കു മാത്രമല്ല അന്നാടിനുതന്നെയും പാപ്പായുടെ സ്നേഹത്തിൻറെ സാക്ഷ്യമാണ് ഈ ഇടയസന്ദർശനം എന്ന് അദ്ദേഹം പ്രകീർത്തിച്ചു. കത്തോലിക്കരും മറ്റുമതസ്ഥരായ വിശ്വാസികളും പാപ്പായുടെ ഈ സന്ദർശനത്തിൽ ആനന്ദംകൊള്ളുന്നുവെന്നും പാപ്പായുടെ സന്ദേശം കർമ്മപഥത്തിൽ കൊണ്ടുവരാൻ തങ്ങൾ ശ്രമിക്കുമെന്നും കർദ്ദിനാൾ ഇഗ്നാത്തിയുസ് പറഞ്ഞു.

വ്യത്യസ്‌ത മതവിഭാഗങ്ങളിലുള്ള സഹോദരീസഹോദരന്മാർക്കൊപ്പം, കത്തോലിക്കരായ തങ്ങൾ സിനഡാത്മകാരൂപിയിൽ യേശുവിലുള്ള വിശ്വാസത്തിൽ വളരാൻ ആഗ്രഹിക്കുന്നുവെന്നും എല്ലാ മനുഷ്യരെയും സഹോദരന്മാരായി കാണുന്ന യഥാർത്ഥ സാഹോദര്യമാണ് അത്തരം വളർച്ചയുടെ അടയാളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യഥാർത്ഥ സാഹോദര്യത്തിൻറെ അടയാളം കരുണാർദ്രമായ ഒരു മനോഭാവമാണെന്നും, അത്  എളിയവരോടും ദരിദ്രരോടും  പാർശ്വവതികൃതരോടും ഭിന്നശേഷിക്കരോടും ദുരിതമനുഭവിക്കുന്ന ഭൂമിയോടുമുള്ള കരുതലിൽ ആവിഷ്കൃതമാകുന്നുവെന്നും കർദ്ദിനാൾ ഇഗ്നാത്തിയോസ് പ്രസ്താവിച്ചു.

വിശുദ്ധ കുർബ്ബാന കഴിഞ്ഞതിനെ തുടർന്ന് പാപ്പാ അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്കു പകുകയും അവിടെ അത്താഴം കഴിച്ച് രാത്രി വിശ്രമിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 September 2024, 12:59