തിരയുക

ഫ്രാൻസീസ് പാപ്പാ സിംഗപ്പൂറിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രയിൽ വിമാനത്തിൽ വച്ച് മാദ്ധ്യമപ്രവർത്തകരുമായി സംവദിക്കുന്നു, 13/09/204  ഫ്രാൻസീസ് പാപ്പാ സിംഗപ്പൂറിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രയിൽ വിമാനത്തിൽ വച്ച് മാദ്ധ്യമപ്രവർത്തകരുമായി സംവദിക്കുന്നു, 13/09/204  

സഹോദരഹത്യയല്ല സാഹോദര്യമാണ് വേണ്ടത്, പാപ്പാ!

സെപ്റ്റംബർ 2-13 വരെ നീണ്ട, ഇടയന്ദർശനം കഴിഞ്ഞ് വെള്ളിയാഴ്ച (13/09/24) സിംഗപ്പൂറിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രാ വേളയിൽ ഫ്രാൻസീസ് പാപ്പാ, വിമാനത്തിൽ വച്ച് മാദ്ധ്യമ പ്രവർത്തകരുമായി സംവദിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഗാസയിൽ സമാധാനം സംജാതമാക്കാനുള്ള ചുവടുവയ്പ്പുകൾ ഒന്നും കാണാനാകുന്നില്ലെന്ന് മാർപ്പാപ്പാ.

സെപ്റ്റംബർ 2-13 വരെ നീണ്ട, ഇന്തൊനേഷ്യ, പാപുവ ന്യൂഗിനി, കിഴക്കെ തിമോർ, സിംഗപ്പൂർ എന്നിവിടങ്ങളിലെ, ഇടയന്ദർശനം കഴിഞ്ഞ് വെള്ളിയാഴ്ച (13/09/24) സിംഗപ്പൂറിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രാ വേളയിൽ ഫ്രാൻസീസ് പാപ്പാ, വിമാനത്തിൽ വച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു.

താൻ എല്ലാ ദിവസവും ഗാസയിലെ ഇടവകയിലേക്കു ഫോൺ വിളിക്കാറുണ്ടെന്നും ആ ഇടവകയിൽ ഇപ്പോൾ ക്രൈസ്തവരും മുസ്ലീംങ്ങളുമടങ്ങുന്ന അറുനൂറോളം പേർ കഴിയുന്നുണ്ടെന്നും കഷ്ടപ്പാടുകളെയും മോശമായ കാര്യങ്ങളെയുകുറിച്ചാണ് അവർ പറയുന്നതെന്നും പാപ്പാ വെളിപ്പെടുത്തി.  സഹോദരഹത്യയല്ല സാഹോദര്യമാണ് വേണ്ടത്, അതാണ് പ്രധാനം കരം നീട്ടുകയാണ് സാഹോദര്യം എന്നു പ്രസ്താവിച്ച പാപ്പാ യുദ്ധത്തിൽ വിജയിക്കുന്നവൻ അവസാനം ഏറ്റു വാങ്ങുന്നത് വലിയൊരു പരാജയമാണെന്ന് പറഞ്ഞു.

നവംബർ 5-ന് അമേരിക്കൻ ഐക്യനാടുകളിൽ നടക്കാൻ പോകുന്ന  പ്രസിഡൻറ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് പാപ്പാ സ്ഥാനാർത്ഥികളായ ഡൊണാൾഡ് ട്രംപും കമലാ ഹാരിസും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ജീവനെതിരെ നിലകൊള്ളുന്നവരാണെന്ന വസ്തുത എടുത്തുകാട്ടി. കുടിയേറ്റക്കാരെ തിരിസ്കരിക്കുന്നതും ഗർഭസ്ഥ ശിശുക്കളെ ഇല്ലാതാക്കുന്നതും, രണ്ടും, ജീവനെതിരായ പ്രവർത്തിയാണെന്ന് പാപ്പാ വ്യക്തമാക്കി.

സമ്മതിദാനം നല്കാതിരിക്കുന്നത് മോശമാണെന്നും വോട്ടു ചെയ്യണമെന്നും രാഷ്ട്രീയ ധാർമ്മികത പൊതുവേ പറയുന്നതിനാൽ ഇവിടെ സമ്മതിദായകർ അവനവൻറെ മനസ്സാക്ഷിക്കനുസൃതം തിന്മ കുറവുള്ളയാൾക്ക് വോട്ടു രേഖപ്പെടുത്തണമെന്ന് പാപ്പാ പറഞ്ഞു. ഭ്രൂണഹത്യ അനുവദിക്കുന്നില്ല എന്നതുകൊണ്ട് സഭ തുറവുള്ളവളല്ല എന്നല്ല അർത്ഥമാക്കുന്നതെന്നും ഗർഭച്ഛിദ്രം ഒരു കൊലപാതകമായതുകൊണ്ടാണ് സഭ അത് അനുവദിക്കാത്തതെന്നും പാപ്പാ വിശദീകരിച്ചു.

മെത്രാന്മാരുടെ നിയമനത്തെ അധികരിച്ച് ചൈനയും പരിശുദ്ധസിംഹസാനവും തമ്മിലുള്ള  ധാരണയെക്കുറിച്ചു ഉന്നയിക്കപ്പെട്ട ചോദ്യത്തിന് പാപ്പാ ചൈനയുമായുള്ള സംഭാഷണത്തിൽ തനിക്കുള്ള സന്തുഷ്ടി രേഖപ്പെടുത്തുകയും ചൈന സന്ദർശിക്കാനുള്ള തൻറെ ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 September 2024, 12:36