തിരയുക

ഫ്രാൻസീസ് പാപ്പാ, നഗര നാടായ സിംഗപ്പൂറിൽ !

പാപ്പായുടെ നാല്പത്തിയഞ്ചാം വിദേശ അപ്പൊസ്തോലിക പര്യടനം. പാപ്പാ ബുധനാഴ്ച പൂർവ്വതിമോറിനോട് വിടപറഞ്ഞ് ഈ ഇടയസന്ദർശനത്തിലെ നാലാമത്തെയും അവസാനത്തെയുമായ സിംഗപ്പൂറിൽ ത്രിദിന പരിപാടിയുമായി എത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തൻറെ നാല്പത്തിയഞ്ചാം വിദേശ ഇടയസന്ദർശനത്തിൻറെ അവസാന വേദിയായ സിംഗപ്പൂറിൽ ഫ്രാൻസീസ് പാപ്പാ എത്തിയിരിക്കുന്നു. സെപ്റ്റംബർ 2-ന് റോമിൽ നിന്നു പുറപ്പെട്ട പാപ്പാ ഇന്തൊനേഷ്യയിലെ ജക്കാർത്ത, പാപുവ ന്യൂഗിനിയിലെ പോർട്ട് മൊറെസ്ബി, വാനിമൊ, പൂർവ്വ തിമോറിലെ ദിലി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. അതിനുശേഷം സെപ്റ്റംബർ 11-ന് ബുധനാഴ്ചയാണ് പാപ്പാ ദിലിയിൽ നിന്ന് തൻറെ ഈ യാത്രയിലെ നാലാമത്തെയും അവസാനത്തെയുമായ നാടായ സിംഗപ്പൂറിൽ എത്തിയിരിക്കുന്നത്. ഐക്യവും പ്രത്യാശയുമാണ് പാപ്പായുടെ സിംഗപ്പൂർ സന്ദർശനത്തിൻറെ മുദ്രാവക്യം. പതിമൂന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പാ അന്ന് വത്തിക്കാനിലേക്കു മടങ്ങും. സിംഗപ്പൂറും ഇന്ത്യയും തമ്മിലുള്ള സമയവിത്യാസം, ഇന്ത്യ സമയത്തിൽ 2 മണിക്കൂറും 30 മിനിറ്റും പിന്നിലാണ്.

ദിലിയിലെ അവസാന പരിപാടി

ബുധനാഴ്ച (11/09/24) രാവിലെ പാപ്പാ പൂർവ്വതിമോറിൻറെ തലസ്ഥാന നഗരിയായ ദിലിയിൽ  താൻ രണ്ടു ദിവസം താമസിച്ച അപ്പൊസ്തോലിക് നൺഷിയേച്ചറിൽ  സ്വകാര്യ ദിവ്യബലിയർപ്പിച്ചു. അതിനുശേഷം പാപ്പാ അപ്പൊസ്തോലിക് നൺഷ്യേച്ചറിന് ഒരു സമ്മാനം നല്കുകയും അവിടെ നിന്ന് വിട ചൊല്ലുകയും ചെയ്തു. ദിലിയിൽ പാപ്പായുടെ അവസാനത്തെ പരിപാടി അപ്പൊസ്തോലിക് നൺഷിയേച്ചറിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള കൺവെൻഷൻ സെൻററിൽ വച്ച് യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയായിരുന്നു. 1960-കളിൽ പണികഴിപ്പിക്കപ്പെട്ട ഒരു കെട്ടിടമാണ് ഇന്ന് കൺവെൻഷൻ സെൻററായി മാറ്റപ്പെട്ടിരിക്കുന്നത്. പ്രസ്തുത സെൻററിലെ വലിയ ശാലയായിരുന്നു കൂടിക്കാഴ്ചാ വേദി. കഅവിടെ എത്തിയ പാപ്പായെ യുവതീയുവാക്കൾ പാട്ടുപാടിയും “പാപ്പാ നീണാൾ വാഴട്ടെ”എന്ന ആശംസയോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. കാറിൽ നിന്നിറങ്ങി ചക്രക്കസേരിയിൽ ആസനസ്ഥനായ പാപ്പായെ പൂർവ്വ തിമോറിലെ കത്തോലിക്കായുവജന ദേശീയസമിതിയുടെ അദ്ധ്യക്ഷൻ വൈദികനായ ഫ്രാൻസിസ്കൊ ഇന്ദ്ര ദൊ നാഷിമെന്തൊയും ഏതാനും യുവജനപ്രതിനിധികളും ചേർന്ന് കൂടിക്കാഴ്ചാ വേദിയായ ശാലയുടെ പ്രവേശന കവാടത്തിൽ വച്ച് സ്വീകരിച്ചു. യുവജനപ്രതിനിധികൾ പൂക്കളും പാരമ്പര്യ ഉത്തരീയവും നല്കി പാപ്പായെ സ്വാഗതം ചെയ്തു. തനിക്കായി ഒരുക്കിയിരുന്ന ഇരിപ്പിടത്തിനടുത്തെത്തുന്നതിനു മുമ്പു പാപ്പാ വേദിയിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന പരിശുദ്ധ കന്യകാനാഥയുടെ തിരുസ്വരൂപത്തിനു മുന്നിൽ പുഷ്പ മഞ്ജരി സമർപ്പിച്ചു. പാപ്പാ വേദിയിലേക്കാനയിക്കപ്പെട്ടു. തുടർന്ന് നാടൻ സ്വാഗത നൃത്തമായിരുന്നു.

യുവജന സംഗമത്തിലേക്ക് സ്വാഗതം 

ഈ നൃത്താനന്തരം ഫാദർ ഫ്രാൻസിസ്കൊ ഇന്ദ്ര ദൊ നാഷിമെന്തൊ പാപ്പായെ സ്വാഗതം ചെയ്തു. പൂർവ്വ തിമോറിലെ യുവതീയുവാക്കൾ പാപ്പായെ വളരെ ഊഷ്മളതയോടെ സ്വാഗതം ചെയ്യുന്നുവെന്നു പറഞ്ഞ അദ്ദേഹം കത്തോലിക്കായുവജന ദേശീയസമിതി അന്നാട്ടിലെ സകല കത്തോലിക്കയുവതയെയും ആശ്ലേഷിക്കുന്ന ഒന്നാണെന്നും നല്ല കത്തോലിക്കരും നല്ല പൗരന്മാരുമായിരിക്കാൻ യുവജനത്തെ സഹായിക്കുകയാണ് ഈ സമിതിയുടെ ഏക ദൗത്യമെന്നും പ്രസ്താവിച്ചു.

പാപ്പായുടെ സാന്നിധ്യം യുവതീയുവാക്കൾക്ക് വിശ്വാസത്തിൻറയും പ്രത്യാശയുടെയും സ്നേഹത്തിൻറെയും ദാനമാണെന്നും ആദരവ്, ഉപവി, സാഹോദര്യം, സൗഹൃദം, പരസ്പര സ്നേഹം, നാടിനും സഭയ്ക്കും വേണ്ടിയുള്ള സമൂർത്ത പ്രവർത്തികൾ എന്നിവയാൽ പൂരിതമായ ഒരു പറുദീസയാക്കി ജീവിതത്തെ മാറ്റുന്നതിനായി പോരാടാനുള്ള പ്രചോദനവുമാണെന്ന് അദ്ദേഹം പറഞ്ഞു.ഇനിയും മറ്റൊരവസരത്തിലും പാപ്പായെ കാണാൻ ഈ യുവതീയുവാക്കൾക്ക് കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും പാപ്പായ്ക്ക് നന്ദിയർപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഫാദർ ദൊ നാഷിമെന്തൊ തൻറെ സ്വാഗത വാക്കുകൾ ഉപസംഹരിച്ചത്. അതിനു ശേഷം ഒരു യുവതിയും യുവാവും സാക്ഷ്യമേകിയതിനെ തുടർന്ന്  ഒരു ഗാനമായിരുന്നു.

ഈ ഗാനം ആസ്വദിക്കവേ പാപ്പാ അതിൻറെ താളത്തിനൊത്ത് കരങ്ങൾ ചലിപ്പിക്കുകയും ആംഗ്യങ്ങൾ കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഗാനാനന്തരം വീണ്ടും ഒരു യുവതിയുടെയും യുവാവിൻറെയും സാക്ഷ്യമായിരുന്നു. സിസിലി എഫ്രാനിയൊ ബോനപാർത്തെ, റൊജേറിയ ദോസ് ബാപ്തിസ്ത, നെൽസൺ ദ കൊൺചെസാവൊ, ഇഹാം മഹ്ഫോത്ത് ബഷീർ എന്നീ നാലു യുവതീയുവാക്കളുടെ സാക്ഷ്യങ്ങളെ തുടർന്ന് പാപ്പാ യുവതയെ സംബോധന ചെയ്തു. മുൻകൂട്ടി തയ്യാറാക്കിയിരുന്ന പ്രഭാഷണം ഏതാനും വാചകങ്ങൾ ഒഴികെ പൂർണ്ണമായും ഒഴിവാക്കി മനോധർമ്മമനുസരിച്ച് പ്രസംഗിക്കുകയായിരുന്നു പാപ്പാ. പാപ്പായുടെ പ്രസംഗത്തിനു ശേഷം വിശ്വാസികളുടെ പ്രാർത്ഥനയായിരുന്നു. തുടർന്ന് പാപ്പാ ആശീർവ്വാദം നൽകി. തദ്ദനന്തരം യുവതീയുവാക്കൾ പാപ്പായ്ക്ക് സമ്മാനങ്ങൾ നല്കുകയും പാപ്പാ അവർക്ക് ജപമാല സമ്മാനിക്കുകയും ചെയ്തു. വേദി വിടുന്നതിനു മുമ്പ് പാപ്പാ വീണ്ടും യുവതീയുവാക്കളെ സ്പാനിഷ് ഭാഷയിൽ സംബോധന ചെയ്തു. അവരുടെ ആനന്ദത്തിനും പുഞ്ചിരിക്കും പാപ്പാ നന്ദി പറഞ്ഞു. യുവതീയുവാക്കൾ ഇളക്കിമറിക്കണം അവർ  വയോജനത്തെ ആദരിക്കണം എന്നീ  ഉപദേശങ്ങൾ പാപ്പാ ആവർത്തിച്ചു. തുടർന്ന് പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ചക്രക്കസേരയിൽ വേദിവിടുകയും ഏഴു കിലോമീറ്ററിലേറെ ദൂരെയുള്ള രാജ്യാന്തര വിമാനത്താവളത്തിലേക്കു കാറിൽ പോകുകയും ചെയ്തു.

പാപ്പാ വിമാനത്താവളത്തിലേക്കു പോയ വഴിയുടെ ഓരങ്ങളിലും വിമാനത്താവള പരിസരത്തും ജനങ്ങൾ പാപ്പായെ യാത്രയയ്ക്കാൻ കാത്തുനില്പുണ്ടായിരുന്നു. അവർ കൊടികൾ വീശിയും കരങ്ങൾവീശിയും പാപ്പായ്ക്ക് അഭിവാദ്യമർപ്പിച്ചു. വിമാനത്താവളത്തിൽ പാപ്പായെ യാത്രയയ്ക്കാൻ കിഴക്കെ തിമോറിൻറെ പ്രസിഡൻറ് ഹൊസേ മനുവേൽ റമോസ് ഹൊർത്തയും ഇതര സർക്കാർ പ്രതിനിധികളും സഭാ പ്രതിനിധികളും സന്നിഹിതരായിരുന്നു. വിമാനത്താവളത്തിൽ എത്തിയ പാപ്പാ പ്രസിഡൻറുമൊത്ത് അല്പസമയം ചിലവഴിച്ചു. തദ്ദനന്തരം എല്ലാവരോടും യാത്രപറഞ്ഞ് വിമാനത്തിലേറിയ പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് പൂർവ്വ തിമോറിൻറെ വിമാനം 2640 കിലോമീറ്റർ വ്യോമദൂരമുള്ള സിംഗപ്പൂർ ലക്ഷ്യമാക്കി പറന്നുയർന്നു. അപ്പോൾ ഇന്ത്യയിൽ സമയം ബുധനാഴ്ച രാവിലെ 8 മണി കഴിഞ്ഞിരുന്നു.

പാപ്പാ സിംഗപ്പൂറിൽ

സിംഹത്തിൻറെ നഗരം എന്നർത്ഥം വരുന്ന സിംഗ പുര എന്നീ  സംസ്കൃത പദങ്ങളിൽ നിന്നാണ് സംഗപ്പൂർ എന്ന നാമം ഉണ്ടായത്. ഇതൊരു തെക്കുകിഴക്കൻ ഏഷ്യൻ നഗര രാഷ്ട്രമാണ്. ഒരു മത്സബന്ധന തുറമുഖവും പ്രാദേശിക വ്യവസായകേന്ദ്രവുമായി തുടക്കം കുറിക്കപ്പെട്ട ഈ നഗരരാജ്യം ഇന്ന് ലോകത്തിലെ ഏറ്റവും സമ്പദ്സമൃദ്ധിയുള്ള നാടുകളിൽ ഒന്നായി വളർന്നിരിക്കുന്നു. ചെറുതും പ്രകൃതിവിഭങ്ങളുടെ അഭാവമുള്ളതുമാണെങ്കിലും  ലോകത്തിലെ ഏറ്റവും സുരക്ഷിതവും സാങ്കേതികവിദ്യയാൽ സമ്പന്നവുമാണ് ഈ നഗര നാട്.

സിംഗപ്പൂർ അതിരൂപത

1841 സെപ്റ്റംബർ 10-ന് മലാക്ക-സിംഗപ്പൂർ അപ്പൊസ്തോലിക് വികാരിയാത്ത് സ്ഥാപിതമാകുകയും അവ വേർപെടുത്തി 1888 ആഗസ്റ്റ് 10-ന് മലക്കാ രൂപത ഉണ്ടാക്കുകയും ചെയ്തു. 1972 ഡിസംബർ 18-നാണ് സിംഗപ്പൂർ അതിരൂപത സ്ഥാപിതമായത്. 729 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ അതിരൂപതയുടെ അതിർത്തിക്കുള്ളിൽ വസിക്കുന്ന 56 ലക്ഷത്തി 37000 പേരിൽ കത്തോലിക്കർ 3 ലക്ഷത്തി 95000-ത്തോളം മാത്രമാണ്. ഇരുപത്തിയൊമ്പത് ഇടവകളുള്ള ഈ അതിരൂപതയിൽ 77 രൂപതാവൈദികരും  79 സന്ന്യസ്ത വൈദികരും സേവനമനുഷ്ഠിക്കുന്നുണ്ട്. 120-ൽപ്പരം സന്ന്യസ്തരും  150-ലേറെ സന്ന്യാസിനികളും  56 വിദ്യഭ്യാസ സ്ഥാപനങ്ങളും 30-ൽപ്പരം ഉപവിപ്രവർത്തന കേന്ദ്രങ്ങളും ഈ അതിരൂപതയിലുണ്ട്. കർദ്ദിനാൾ വില്യം സെംഗ് ച്യെ ഗോഹ് ആണ് അതിരൂപതാദ്ധ്യക്ഷൻ.

സ്വാഗതം സിംഗപ്പൂറിലേക്ക്

നാലുമണിക്കുറോളം ദീർഘിച്ച യാത്രയ്ക്കു ശേഷം വിമാനം സിംഗപ്പൂറിലെ ചാംഗി വിമാനത്താവളത്തിൽ പാപ്പാ ഇറങ്ങി. നിശ്ചിത സമയത്തേക്കാൾ അരമണിക്കൂറിലേറെ വൈകിയാണ് വിമാനം എത്തിയത്. അപ്പോൾ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3 മണിയോടടുത്തിരുന്നു. ഇന്ത്യയിൽ സമയം ഉച്ചയ്ക്ക് 12.30 ആകാറായിരുന്നു. സിംഗപ്പൂറിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് മാരെക് ത്സലേവ്സ്ക്കിയും അന്നാട്ടിൽ പാപ്പായുടെ യാത്രാപരിപാടികളുടെ ചുമതലവഹിക്കുന്നയാളും വിമാനത്തിൽ കയറി പാപ്പായെ സ്വീകരിച്ചു. വിമാനത്തിൽ നിന്ന് നേരെ ശാലയിലെത്തിയ പാപ്പായെ സ്വീകരിക്കാൻ അന്നാടിൻറെ സാംസ്കാരിക, സാമൂഹ്യ, യുവജനവകുപ്പ് മന്ത്രിയും അദ്ദേഹത്തിൻറെ പത്നിയും സിംഗപ്പൂർ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതി ശ്രീമതി ആംഗ് ജാനെറ്റ്  ഗ്വാത് ഹറും സഭാപ്രതിനിധികളും സന്നിഹിതരായിരുന്നു. നാലു ബാലികബാലന്മാർ ചെറു സ്വാഗത നൃത്തമാടുകയും പൂച്ചെണ്ടു നല്കുകയും ചെയ്തുകൊണ്ട്  പാപ്പായെ സ്വീകരിച്ചു. ഈ ബാലികാബാലന്മാരോട് തൻറെ വാത്സല്യം പ്രകടിപ്പിക്കുകയും അവർക്ക് സമ്മാനമേകുകയും ചെയ്തു. ആ ശാലയിൽ നിന്ന് പുറത്തിറങ്ങിയ പാപ്പാ ചെറിയ വൈദ്യുതി കാറിൽ കയറി അവിടെ വഴിയോരത്തു നിന്നിരുന്നവരെ അഭിവാദ്യം ചെയ്തുകൊണ്ട് കാടന്നുപോയി. സന്തോഷം, പാപ്പായ്ക്ക് ആരോഗ്യം നേരുന്നു തുടങ്ങിയ എഴുത്തുകളോടു കൂടിയ ലഘു പത്രികകൾ ചിലർ പിടിച്ചിട്ടുണ്ടായിരുന്നു. വിമാനത്താവളത്തിൽ നിന്ന് പാപ്പാ പോയത് 17 കിലോമീറ്റർ അകലെയുള്ള വിശുദ്ധ ഫ്രാൻസീസ് സേവ്യർ ധ്യാന കേന്ദ്രത്തിലേക്കാണ്. 1997 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു ധ്യാനകേന്ദ്രമാണിത്. അവിടെ എത്തിയ പാപ്പാ അന്നാട്ടിലെ ഈശോസഭാംഗങ്ങളുമായി സ്വകാര്യകൂടിക്കാഴ്ച നടത്തുകയും ബുധനാഴ്ച രാത്രി വിശ്രമിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 September 2024, 12:32