പാപ്പാ, കൃതജ്ഞതാഭരിത ഹൃത്തുമായി മാതൃ സവിധത്തിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
തൻറെ നാല്പത്തിയഞ്ചാം വിദേശ അജപാലനയാത്രയുടെ അവസാനം ഫ്രാൻസീസ് പാപ്പാ പരിശുദ്ധ കന്യകാമറിയത്തിൻറെ സന്നിധിയിലെത്തി നന്ദി പ്രകാശിപ്പിച്ചു.
തൻറെ വിദേശ ഇടയസന്ദർശനത്തിനും മുമ്പും പിമ്പും പാപ്പാ, റോമിൽ കന്യകാനാഥയുടെ നമത്തിലുള്ള വിശുദ്ധ മേരി മേജർ ബസിലിക്കയിൽ, “റോമൻ ജനതയുടെ രക്ഷ” അഥവാ, “സാളുസ് പോപുളി റൊമാനി” (Salus populi romani) എന്ന അഭിധാനത്തിൽ വണങ്ങപ്പെടുന്ന പരിശുദ്ധ അമ്മയുടെ സന്നിധിയിൽ പ്രാർത്ഥിക്കുകയും നന്ദിയർപ്പിക്കുകയും ചെയ്യുക പതിവാണ്.
സെപ്റ്റംബർ 2-ന് റോമിൽ നിന്നു പുറപ്പെട്ട പാപ്പാ ഇന്തൊനേഷ്യയിലെ ജക്കാർത്ത, പാപുവ ന്യൂഗിനിയിലെ പോർട്ട് മൊറെസ്ബി, വാനിമൊ, പൂർവ്വ തിമോറിലെ ദിലി, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഇടയസന്ദർശനം നടത്തിയിതിനു ശേഷം വെള്ളിയാഴ്ച (13/09/24) പ്രാദേശിക സമയം വൈകുന്നേരം 6.45 നാണ് റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. അവിടെനിന്ന് പാപ്പാ നേരെ പോയത് വിശുദ്ധ മേരി മേജർ ബസിലിക്കയിലേക്കാണ്. അതിനു ശേഷമാണ് പാപ്പാ രാത്രി 8 മണിയോടെ, ഇന്ത്യയിലെ സമയം വെള്ളിയാഴ്ച രാത്രി 11.30-ഓടെ വത്തിക്കാനിൽ “ദോമുസ് സാക്തെ മാർത്തെ” മന്ദിരത്തിൽ തിരിച്ചെത്തിയത്. പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിനിമയ കാര്യാലയം, പ്രസ്സ് ഓഫീസ് ആണ് ഈ വിവരങ്ങൾ നല്കിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: