ശിശുവിൻറെ ജനനം എവിടെയും സന്തോഷത്തിൻറെയും ആഘോഷത്തിൻറെയും വേള, പാപ്പാ!
"നമുക്കായി ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്കായി ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു" (ഏശയ്യ 9,5).
ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥ ഭാഗങ്ങളിൽ ഏശയ്യാ പ്രവാചകൻറെ പുസ്തകത്തിലെ ഒമ്പതാം അദ്ധ്യായത്തിലെ ആറാമത്തെതായ ഈ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തൻറെ സുവിശേഷ സന്ദേശം ആരംഭിച്ചത്.
ജറുസലേം നിവാസികളുടെ സമൃദ്ധിയുടെയും അതോടൊപ്പം, ദൗർഭാഗ്യവശാൽ, ധാർമ്മികച്യുതിയുടെയും ഒരു കാലഘട്ടത്തിലാണ് പ്രവാചകൻ ഈ വാക്കുകൾ ഉരുവിടുന്നതെന്ന് പാപ്പാ പറഞ്ഞു. സമ്പത്തേറുകയും ക്ഷേമം ശക്തരെ അന്ധരാക്കുകയും ചെയ്യുന്നുവെന്നും തങ്ങൾ സ്വയം പര്യാപ്തരാണെന്നും കർത്താവിനെ ആവശ്യമില്ലെന്നുമുള്ള ധാർഷ്ട്യം അവരെ സ്വാർത്ഥരും അന്യായക്കാരുക്കുന്നുവെന്നും അനുസ്മരിച്ച പാപ്പാ അതുകൊണ്ടു തന്നെ, വിഭവസമൃദ്ധമെങ്കിലും, പാവപ്പെട്ടവർ ഉപേക്ഷിക്കപ്പെടുകയും അവർ പട്ടിണി അനുഭവിക്കേണ്ടി വരികയും അവിശ്വസ്തത പെരുകുകയും മതപരമായ ആചാരങ്ങൾ കേവലം ഔപചാരികതയിലേക്ക് ഉപരിയുപരി ചുരുങ്ങുകയും ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തു. പരിവർത്തനത്തിൻറെയും കാരുണ്യത്തിൻറെയും സൗഖ്യത്തിൻറെയും വലിയ ആവശ്യകതയുള്ള വളരെ ഇരുണ്ടതും സങ്കടകരവും പരുഷവും ക്രൂരവുമായ യാഥാർത്ഥ്യത്തെ മറയ്ക്കുന്ന, ഒറ്റനോട്ടത്തിൽ പരിപൂർണ്ണമായ, ഒരു ലോകത്തിൻറെ കപടമുഖമാണ് ഇവിടെ തെളിയുന്നതെന്ന് പാപ്പാ വിശദീകരിച്ചു.
ഇക്കാരണത്താലാണ്, പ്രവാചകൻ തൻറെ സഹപൗരന്മാരോട് ദൈവം അവർക്കായി തുറക്കാൻ പോകുന്ന ഒരു പുതിയ ചക്രവാളത്തെക്കുറിച്ചു പറയുന്നതെന്നും അത് അടിച്ചമർത്തലും യുദ്ധവും എന്നന്നേക്കുമായി തുടച്ചുനീക്കപ്പെടുന്ന പ്രത്യാശയുടെയും സന്തോഷത്തിൻറെയും ഭാവിയുടെ ചക്രവാളമാണെന്നും (9:1-4 കാണുക) പാപ്പാ വ്യക്തമാക്കി.
പീഡിപ്പിക്കുന്ന പാപത്തിൻറെ അന്ധകാരത്തിൽ നിന്ന് ജനത്തെ മോചിപ്പിക്കുന്ന ഒരു വലിയ വെളിച്ചം അവർക്കായി ദൈവം ഉദിപ്പിക്കുന്നുമെന്നും (വാക്യം 1 കാണുക) സൈന്യങ്ങളുടെയും ആയുധങ്ങളുടെയും സമ്പത്തിൻറെയും ശക്തികൊണ്ടല്ല, മറിച്ച് ഒരു പുത്രനെ നല്കിക്കൊണ്ടായിരിക്കും ഇതു ചെയ്യുകയെന്നും (വാക്യങ്ങൾ 5-6 കാണുക) പ്രവാചകൻ വ്യക്തമാക്കുന്നത് പാപ്പാ അനുസ്മരിച്ചു.
ഒരു പുത്രദാനത്തിലൂടെ രക്ഷയേകുന്ന വെളിച്ചമാണ് ദൈവം ഉളവാക്കുക, പാപ്പാ തുടർന്നു. ലോകത്തിൽ എല്ലായിടത്തും ഒരു ശുശുവിൻറെ ജനനം സന്തോഷത്തിൻറെയും ആഘോഷത്തിൻറെയും ഒരു ഉജ്ജ്വല നിമിഷമാണ്, അത് എല്ലാവരിലും നല്ല ആഗ്രഹങ്ങൾ, നന്മയിൽ നവീകരിക്കപ്പെടാനുള്ള അഭിലാഷം, പരിശുദ്ധിയിലേക്കും ലാളിത്യത്തിലേക്കും മടങ്ങിവരാനുള്ള ആഗ്രഹം ജനിപ്പിക്കുന്നു. ഒരു നവജാത ശിശുവിനുമുന്നിൽ കഠിന ഹൃദയം പോലും ഊഷ്മളമാകുകയും ആർദ്രതയാൽ നിറയുകയും ചെയ്യുന്നു, ആശയറ്റവർ വീണ്ടും പ്രത്യാശ കണ്ടെത്തുന്നു, പരാജിതർ സ്വപ്നത്തിലേക്കും മെച്ചപ്പെട്ട ജീവിത സാദ്ധ്യതയിൽ വിശ്വസിക്കുന്നതിലേക്കും മടങ്ങുന്നു. ഏറ്റവും കഠിനഹൃദയരെപ്പോലും സ്പർശിക്കുന്ന, ഐക്യത്തിൻറെയും ശാന്തതയുടെയും ആഗ്രഹങ്ങൾ തിരികെ കൊണ്ടുവരുന്ന ശക്തമായ ഒരു സന്ദേശം ഉൾക്കൊള്ളുന്നതാണ് ഒരു കുഞ്ഞിൻറെ ദുർബ്ബലത. ഒരു കുഞ്ഞ് ജനിക്കുമ്പോൾ സംഭവിക്കുന്നതെല്ലാം അതിശയകരമാണ്!
പൂർവ്വതിമോർ സുന്ദരമാണ്, കാരണം ധാരാളം കുഞ്ഞുങ്ങളുണ്ട്: നിങ്ങൾ ഒരു യുവ രാജ്യമാണ്, ഇവിടെ ഓരോ കോണിലും ജീവൻ തുടിക്കുകയും ജീവൻറെ വിസ്ഫോടനം നടക്കുകയും ചെയ്യുന്നു. ഇതൊരു മഹാ ദാനമാണ്: വളരെയധികം യുവാക്കളുടെയും നിരവധി കുട്ടികളുടെയും സാന്നിധ്യം, വാസ്തവത്തിൽ, ഈ ജനതയെയും അവരുടെ നവീനതയെയും ഊർജ്ജത്തെയും സന്തോഷത്തെയും ഉന്മേഷത്തെയും നിരന്തരം പുതുക്കുന്നു. എന്നാൽ അതിലുപരിയായി ഇത് ഒരു അടയാളമാണ്, കാരണം കൊച്ചുകുട്ടികൾക്ക് ഇടം നൽകുക, അവരെ സ്വാഗതം ചെയ്യുക, അവരെ പരിപാലിക്കുക, നമ്മെയെല്ലാം ദൈവത്തിൻറെ മുന്നിലും പരസ്‌പരവും ശിശുക്കളെപ്പോലെയാക്കുക എന്നിവ, തീർച്ചയായും കർത്താവിൻറെ പ്രവർത്തനത്തിനായി നമ്മെ തുറന്നുകൊടുക്കുന്ന മനോഭാവങ്ങളാണ്.
ആകയാൽ പ്രിയ സഹോദരീസഹോദരന്മാരേ, ദൈവമുമ്പാകെയും, പരസ്പരവും നമ്മെത്തന്നെ ചെറുതാക്കുന്നതിനും നമ്മുടെ ജീവിതം നഷ്ടപ്പെടുത്തുന്നതിനും, നമ്മുടെ സമയം ദാനം ചെയ്യുന്നതിനും, നമ്മുടെ പദ്ധതികൾ അവലോകനം ചെയ്യുന്നതിനും, ഒരു സഹോദരനോ സഹോദരിക്കോ മെച്ചപ്പെട്ട അവസ്ഥയിലായിരിക്കുന്നതിനു വേണ്ടി എന്തെങ്കിലും ഉപേക്ഷിക്കുന്നതിനും നാം ഭയപ്പെടരുത്. സ്നേഹമാകുന്ന ദൈവത്തിൻറെ ശക്തവും സൗമ്യവുമായ വെളിച്ചം പ്രതിഫലിപ്പിക്കാൻ കഴിയുന്നതിനുവേണ്ടി പ്രാർത്ഥിക്കാനുള്ള ക്ഷണത്തോടെയാണ് പാപ്പാ തൻറെ വചനവിശകലനം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: