തിരയുക

ഫ്രാൻസീസ് പാപ്പാ, മെത്രാന്മാരും വൈദികരും ശെമ്മാശ്ശന്മാരും സന്ന്യാസീസന്ന്യാസിനികളും വൈദികാർത്ഥികളും മതബോധകരുമായി കുടിക്കാഴ്ച നടത്തിയപ്പോൾ, 10/09/24 ഫ്രാൻസീസ് പാപ്പാ, മെത്രാന്മാരും വൈദികരും ശെമ്മാശ്ശന്മാരും സന്ന്യാസീസന്ന്യാസിനികളും വൈദികാർത്ഥികളും മതബോധകരുമായി കുടിക്കാഴ്ച നടത്തിയപ്പോൾ, 10/09/24  (ANSA)

ക്രിസ്തുവിൻറെ പരിമളമായിരിക്കുക, ആ സൗരഭ്യം പരത്തുക, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, ചൊവ്വാഴ്ച (10/09/24) മെത്രാന്മാരും വൈദികരും ശെമ്മാശ്ശന്മാരും സന്ന്യാസീസന്ന്യാസിനികളും വൈദികാർത്ഥികളും മതബോധകരുമായി കുടിക്കാഴ്ച നടത്തി. തദ്ദവസരത്തിൽ പാപ്പാ നടത്തിയ പ്രഭാഷണത്തിൽ നിന്ന്:

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മരിച്ചവരിൽ നിന്ന് താൻ ഉയിർപ്പിച്ച ലാസറിൻറെ ഭവനത്തിലെത്തിയ യേശുവിനെ സ്വീകരിച്ച ലാസറിൻറെ മാർത്താ-മറിയം സഹോദരിമാരിൽ മറിയം നാർദിൻ സുഗന്ധതൈലമെടുത്തു  യേശുവിൻറെ പാദങ്ങളിൽ പൂശുന്നതും അതിൻറെ പരിമളം വീട്ടിൽ നിറയുന്നതുമായ സുവിശേഷ സംഭവം (യോഹന്നാൻ 12.1-11) അവലംബമാക്കിയായിരുന്നു പാപ്പാ തൻറെ പ്രഭാഷണം നടത്തിയത്.

യേശുവിൻറെ പരിമളതൈലമായിരിക്കാനും അതു കാത്തു സൂക്ഷിക്കാനും പാപ്പാ മെത്രാന്മാരെയും വൈദികരെയും ശെമ്മാശ്ശന്മാരെയും സന്ന്യാസീസന്ന്യാസിനികളെയും വൈദികാർത്ഥികളെയും മതബോദകരെയും ആഹ്വാനം ചെയ്തു.

പൂർവ്വ തിമോർ ലോകത്തിൻറെ അതിർത്തിയിൽ കിടക്കുന്ന ഒരു രാജ്യമാണെന്ന് അനുസ്മരിച്ച പാപ്പാ വാസ്തവത്തിൽ സുവിശേഷത്തിൻറെ കേന്ദ്രം നാം കണ്ടെത്തുക അതിരുകളിലാണെന്ന് പറഞ്ഞു. ഇതൊരു വൈരുദ്ധ്യമാണെന്നും അതിരുകളിൽ എത്താൻ കഴിയാത്തതും ലോകത്തിൻറ മദ്ധ്യത്തിൽ മറഞ്ഞിരിക്കുന്നതുമായ ഒരു സഭ ഗുരുതരമായ രോഗബാധിതയാണെന്നും പാപ്പാ പറഞ്ഞു. പ്രാന്തങ്ങളെക്കുറിച്ചു ചിന്തിക്കുകയും അവിടങ്ങളിലേക്കു പ്രേഷിതരെ അയയ്ക്കുകയും ചെയ്യുന്ന ഒരു സഭയാകട്ടെ അതിരുകളാകുന്ന ആ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്നുവെന്നും അതാണ് സഭയുടെ കേന്ദ്രമെന്നും പാപ്പാ വിശദീകരിച്ചു.

കിഴക്കെ തിമോറിലെ യേശുശിഷ്യരുടെ കഷ്ടപ്പാടുകളെയും അവർ നേരിടുന്ന വെല്ലുവിളികളെയും കുറിച്ചു പരാമർശിക്കവെ പാപ്പാ യേശുവിൻറെ  സുഹൃത്തുക്കളായ ലാസറസിൻറെയും മാർത്തയുടെയും മറിയത്തിൻറെയും ഭവനത്തിൽ സംഭവിച്ച ആർദ്രതയുടെയും അടുപ്പത്തിൻറെയും ആവിഷ്കാരമായ സുവിശേഷസംഭവം അനുസ്മരിച്ചു.

മറിയം വിലയേറിയ നാർദിൻ സുഗന്ധതൈലം യേശുവിൻറെ പാദത്തിൽ പൂശുകയും അതിൻറെ സൗരഭ്യത്താൽ ഭവനം നിറയുകയും ചെയ്തതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ നമുക്ക് സൗജന്യമായി ലഭിച്ചിരിക്കുന്ന പരിമളം എന്ന ദാനം നാം പരത്തുകയും കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്ന് ഉദ്ബോധിപ്പിച്ചു. കാത്തുസൂക്ഷിക്കുകയും വളരെ കരുതലോടെ കൈകാര്യം ചെയ്യണ്ടതുമാണ് ആ സുഗന്ധ തൈലമെന്നും അതുപോലെതന്നെ നമ്മുടെ ജീവിതത്തെ കർത്താവ് സുഗന്ധപൂരിതമാക്കിയ സ്നേഹവും നാം കാത്തുസൂക്ഷിക്കണമെന്നും പാപ്പാ പറഞ്ഞു. നമുക്കു ലഭിച്ചിരിക്കുന്ന ദാനത്തെക്കുറിച്ച് നാം അവബോധം പുലർത്തേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

ഈ കൂടിക്കാഴ്ചാവേളയിൽ ഒരു സമർപ്പിതയും ഒരു വൈദികനും ഒരു ശെമ്മാശനും നല്കിയ സാക്ഷ്യത്തെക്കുറിച്ച് പരമാർശിച്ച പാപ്പാ അന്നാട്ടിലെ സഭയുടെ ചരിത്രത്തെ പ്രതിനാധാനം ചെയ്യുന്നവരാണ് അവരെന്ന് പറഞ്ഞു. സംസ്കാരത്തിലേക്കു കടന്നു ചെല്ലേണ്ടതാണ് വിശ്വാസ പ്രഘോഷണമെന്നും സംസ്കാരം സുവിശേഷവത്ക്കരിക്കപ്പെടണമെന്നും പാപ്പാ പറഞ്ഞു.

തുടർന്നു പാപ്പാ സൗരഭ്യം പരത്തേണ്ടതിനെക്കുറിച്ചു പരാമർശിച്ചു. നാം ജീവൻറെ സുഗന്ധം, സുവിശേഷം നല്കുന്ന പുതുജീവൻറെ പരിമളം മറ്റുള്ളവരിലേക്കു പരത്താൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സുഗന്ധതൈലക്കുപ്പി തുറക്കാൻ, നാം നമ്മിൽത്തന്നെ നമ്മെ പലപ്പോഴും അടച്ചിടുന്ന പുറന്തോട് പൊട്ടിക്കാൻ, ഉദാസീനമായ മതാത്മകതയിൽ നിന്നു പുറത്തുവരാൻ ധൈര്യം ഉണ്ടാകുമ്പോഴാണ് സുവിശേഷവത്ക്കരണം നടക്കുകയെന്ന് പാപ്പാ പറഞ്ഞു. സഭ ചലനാത്മകമായിരിക്കണമെന്ന തൻറെ ബോധ്യം പാപ്പാ ആവർത്തിച്ചു. എന്നാൽ പലപ്പോഴും സമൂഹത്തിലും, ഇടവകകളിലും അഴിമതി കടന്നുകൂടുന്നതിനെക്കുറിച്ച് ജാഗരൂഗരായിരിക്കേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി.

മനുഷ്യജീവനെ അപമാനിക്കുന്ന, വികൃതമാക്കുന്ന, നശിപ്പിക്കുന്ന എല്ലാത്തിനും എതിരെ, മദ്യപാനം, അക്രമം, സ്ത്രീകളുടെ അന്തസ്സിനോടുള്ള അനാദരവ് തുടങ്ങിയ ആന്തരിക ശൂന്യതയ്ക്കും സഹനങ്ങൾക്കും കാരണമാകുന്ന മുറിവുകൾക്കെതിരെ സുവിശേഷത്തിൻറെ സുഗന്ധം പടർത്തേണ്ടതുണ്ടെന്ന് പാപ്പാ പറഞ്ഞു.

വൈദികർക്കും ശെമ്മാശന്മാർക്കും സമർപ്പിതർക്കും ധൈര്യം പകർന്ന പാപ്പാ പ്രായം ചെന്ന വൈദികരെയും സമർപ്പിതരെയും നന്ദിയോടെ പ്രത്യേകം അനുസ്മരിക്കുകയും അവർ നമുക്ക് മാതൃകയാണെന്ന് ശ്ലാഘിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ തൻറെ പ്രഭാഷണം അവസാനിപ്പിച്ചത്.

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 September 2024, 13:17