തിരയുക

പാപ്പായുടെ നാല്പത്തിയഞ്ചാം വിദേശ ഇടയ സന്ദർശനത്തിന് സമാപനമായി!

ഫ്രാൻസീസ് പാപ്പാ ഇന്തൊനേഷ്യയിലെ ജക്കാർത്ത, പാപുവ ന്യൂഗിനിയിലെ പോർട്ട് മൊറെസ്ബി, വാനിമൊ, പൂർവ്വ തിമോറിലെ ദിലി, സിംഗപ്പൂർ എന്നീ ഏഷ്യ-ഓഷ്യാന പ്രദേശങ്ങളിൽ അജപാലന സന്ദർശനം കഴിഞ്ഞ് വെള്ളിയാഴ്ച (13/09/24) റോമിലേക്ക് മടങ്ങി. സെപ്റ്റംബർ 2-13 വരെയായിരുന്നു പാപ്പായുടെ നാല്പത്തിയഞ്ചാമത്തെതായ ഈ വിദേശ അപ്പൊസ്തോലിക യാത്ര.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിയഞ്ചാം വിദേശ അജപാലന സന്ദർശനം സമംഗളം പര്യവസാനിച്ചു. സെപ്റ്റംബർ 2-ന് റോമിൽ നിന്നു പുറപ്പെട്ട പാപ്പാ ഇന്തൊനേഷ്യയിലെ ജക്കാർത്ത, പാപുവ ന്യൂഗിനിയിലെ പോർട്ട് മൊറെസ്ബി, വാനിമൊ, പൂർവ്വ തിമോറിലെ ദിലി, സിംഗപ്പൂർ എന്നിവിടങ്ങൾ വേദികളാക്കി നടത്തിയ സന്ദർശനം പതിമൂന്നാം തിയതി വെള്ളിയാഴ്‌ചയാണ് സമാപിച്ചത്. ഫ്രാൻസീസ് പാപ്പായുടെ ഏറ്റവും ദൈർഘ്യമേറിയ അപ്പൊസ്തോലിക യാത്രയായിരുന്നു ഇത്. തിയതി വച്ചു കണക്കാക്കിയാൽ 12 ദിവസമാണെങ്കിലും 11 ദിവസവും ഏതാനും മണിക്കൂറുമായിരുന്നു ഇടയസന്ദർശന ദൈർഘ്യം. വ്യോമ കരമാർഗ്ഗങ്ങളിലൂടെ 32814 കിലോമീറ്റർ ദൂരം പാപ്പാ സഞ്ചരിച്ചു, ചെറുതും വലുതുമായി 16-ലേറെ പ്രഭാഷണങ്ങൾ നടത്തി.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞും വെള്ളിയാഴ്ചയും പാപ്പായുടെ പരിപാടികൾ

ഈ ഇടയസന്ദർശനത്തിൻറെ ഉപാന്ത്യദിനമായിരുന്ന വ്യാഴാഴ്ച (12/09/24) ഉച്ചതിരിഞ്ഞ് പാപ്പായുടെ പരിപാടി സിംഗപ്പൂറിലെ കായികവിനോദ കേന്ദ്ര പ്രദേശമായ കല്ലാംഗിലുള്ള ദേശീയ സ്റ്റേഡിയത്തിൽ ദിവ്യപൂജാർപ്പണമായിരുന്നു. വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ നാമധേയത്തിലുള്ള ധ്യാനകേന്ദ്രത്തിൽ വച്ച് സിങ്കപ്പൂറിൻറെ മുൻ പ്രധാനമന്ത്രി ലീ ഹിസിയെൻ ലൂംങ്ങുമായുള്ള സ്വകാര്യകൂടിക്കാഴ്ചാനന്തരം പാപ്പാ 17 കിലോമീറ്റർ അകലെയുള്ള സ്റ്റേഡിയത്തിലെത്തി. 55000 പേർക്ക് ഇരിപ്പിട സൗകര്യമുള്ള ഈ സ്റ്റേഡിയം 2010- ൽ പണിയാരംഭിക്കുകയും 2014-ൽ ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്തു. പഴയ ദേശീയ സ്റ്റേഡിയത്തിനു പകരമായിട്ടാണ് ഇതു നിർമ്മിക്കപ്പെട്ടത്.

പാപ്പായുടെ ദിവ്യബലി സിങ്കപ്പൂറിലെ സ്റ്റേഡിയത്തിൽ

സ്റ്റേഡിയ കവാടത്തിങ്കൽ കാറിൽ വന്നിറങ്ങിയ പാപ്പാ ചെറിയൊരു വൈദ്യുതി കാറിലേക്കു മാറിക്കയറുകയും സ്റ്റേഡിയത്തിനുള്ളിൽ സ്ഥാനം പിടിച്ചിരുന്ന ഹോങ്കോംഗ്, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ അയൽ നാടുകളിൽ നിന്നുൾപ്പടെ എത്തിയിരുന്ന അമ്പതിനായിരത്തിലേറെ വരുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയി. ഇടയ്ക്കിടെ പാപ്പാ കാറു നിറുത്തി ശിശുക്കളെ ആശീർവ്വദിക്കുന്നതും അവരോട് വാത്സല്യം പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു. ബലിവേദിയിൽ അൾത്താരയ്ക്കു പിന്നിലായി പശ്ചാത്തലത്തിൽ വലിയ പ്രകാശിത ഓസ്തി രൂപവും അതിനു മുന്നിലായി വലിയൊരു ക്രൂശിതരൂപവും, അൾത്താരയ്ക്ക് അഭിമുഖമായി നില്ക്കുമ്പോൾ വലത്തുഭാഗത്തയി പരിശുദ്ധ കന്യകാമറിയത്തിൻറെ തിരുസ്വരൂപവും കാണാമായിരുന്നു.  സഹകാർമ്മികർ പ്രദക്ഷിണമായി ബലിവേദിയിലേക്കു നീങ്ങവെ പ്രവേശന ഗീതി ഉയർന്നു. തിരുവസ്ത്രങ്ങളണിഞ്ഞ് ബലിവേദിയിലെത്തിയ പാപ്പാ വിശുദ്ധ കുർബ്ബാന ആരംഭിച്ചു.. പൗലോസ് കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം എട്ടാം അദ്ധ്യായം 1b-7 വരെയും 11-13 വരെയുമുള്ള വാക്യങ്ങളും ലൂക്കായുടെ സുവിശേഷം ആറാം അദ്ധ്യായം 27-38 വരെയുള്ള വാക്യങ്ങളും വായിക്കപ്പെട്ടതിനു ശേഷം പാപ്പാ തിരുവചന വിശകലനം നടത്തി. പാപ്പായുടെ പ്രഭാഷണാനന്തരം ആംഗലം, ചൈനീസ്, തമിഴ്, മലേഷ്യൻ എന്നീ ഭാഷകളിൽ വിശ്വാസികളുടെ പ്രാർത്ഥനയോടെ വിശുദ്ധ കുർബ്ബാന തുടർന്നു. സമാപനാശീർവ്വാദത്തിനും മുമ്പ് സിംഗപ്പൂർ അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ  വില്ല്യം ഗോഹ് സെംഗ് ച്യെ പാപ്പായ്ക്ക് നന്ദി പ്രകാശിപ്പിച്ചു.

കർദ്ദിനാൾ വില്ല്യം ഗോഹ് നന്ദി വചസ്സുകളുമായി

38 വർഷം മുമ്പ്, അതായത്, 1986-ൽ ഒരു പാപ്പാസന്ദർശനത്തിന് ആതിഥ്യമരുളാൻ സിംഗപ്പൂറിനു കഴിഞ്ഞത് അനുസരിച്ച അദ്ദേഹം ഇപ്പോൾ ഫ്രാൻസീസ് പാപ്പാ ഈ മണ്ണിൽ ദിവ്യബലി അർപ്പിച്ചത് ദൈവം ആ ജനതയുടെ ചാരത്തായിരിക്കുന്നുവെന്നും തങ്ങളുടെ മദ്ധ്യേ വളരെയേറെ സന്നിഹിതനാണെന്നുമുള്ള ഒരു ഓർമ്മപ്പെടുത്തലാണെന്ന് പറഞ്ഞു.

കർത്താവായ യേശുവിൻറെ ബലിയിൽ നമ്മെ വിശ്വാത്തിലും സ്നേഹത്തിലും ഒന്നിപ്പിക്കുന്നതാകയാൽ നമ്മൾ പങ്കുകൊണ്ട് ഈ വിശുദ്ധ കുർബ്ബാനയാണ്  ഈ ഇടയസന്ദർശനത്തിൻറെ കാതൽ എന്ന് കർദ്ദിനാൾ  വില്ല്യം ഗോഹ് പ്രസ്താവിച്ചു.  സിനഡാത്മകതയുടെയും സംഭാഷണത്തിൻറെയും സരണിയിലൂടെ സഞ്ചരിക്കാനും തങ്ങൾക്ക് ഭരമേല്പിക്കപ്പെട്ട ദൗത്യം നിർവ്വഹിച്ചുകൊണ്ട് കൂട്ടായ്മയിലായിരിക്കാനും പരിശ്രമിക്കുന്നതിനാൽ തങ്ങളുടെ ഐക്യത്തിൻറെ ബന്ധങ്ങൾ ഉപരി ആഴപ്പെട്ടിട്ടുണ്ടെന്ന പ്രതീക്ഷ തങ്ങൾക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണെങ്കിൽ മാത്രമേ, മാനവരാശിക്ക് പ്രത്യാശ പ്രദാനം ചെയ്യാനും സ്‌നേഹത്തിൻറെയും കരുണയുടെയും അനുകമ്പയുടെയും നീതിയുടെയും ഉൾച്ചേർക്കലിൻറെയുമായ ക്രിസ്തുവിൻറെ ദീപസ്തംഭമായി മാറാനും സഭയ്ക്കാകുകയുള്ളുവെന്ന് കർദ്ദിനാൾ  വില്ല്യം ഗോഹ് കൂട്ടിച്ചേർത്തു.  പാപ്പായുടെ ഈ ഇടയ സന്ദർശനം വിശ്വാസദീപം തങ്ങളിൽ കൂടുതൽ പ്രകാശത്തോടെ ജ്വലിക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചു.

ഐക്യത്തിൻറെയും പ്രത്യാശയുടെയും ചെതന്യത്തിൽ, ഈ വിശ്വാസം അനുദിനം നമ്മിൽ ഉപരിയുപരി വർദ്ധമാനമാകുന്നതിനും അങ്ങനെ സഭയുടെ നവീകരണത്തിനും കുടുംബങ്ങളിലും വിദ്യാലയങ്ങളിലും ജോലിസ്ഥലങ്ങളിലും സമൂഹത്തിലും സുവിശേഷ സ്നേഹത്തിൻറെയും സത്യത്തിൻറെയും വിശ്വാസയോഗ്യരും ശക്തരുമായ സാക്ഷികളാകുന്നതിനും വേണ്ടി  ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയുന്നതിനും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും കർദ്ദിനാൾ വില്ല്യം ഗോഹ് പറഞ്ഞു.

അദ്ദേഹത്തിൻറെ നന്ദിപ്രകാശനത്തെത്തുടർന്ന് സമ്മാന ദാനമായിരുന്നു. പാപ്പാ സിങ്കപ്പൂർ അതിരൂപതയ്ക്കും അതിരൂപത പാപ്പായ്ക്കും സമ്മാനം നലകി. തുടർന്ന് വിശ്വാസികൾക്ക് ആശീർവ്വാദമേകിയ പാപ്പാ ബലിവേദിയിൽ വച്ചുതന്നെ തിരുവസ്തങ്ങൾ മാറിയതിനു ശേഷം ചക്രക്കസേരയിൽ പരിശുദ്ധ അമ്മയുടെ സന്നിധിയിലേക്ക് ആനീതനായി. പാപ്പാ കന്യകാമറിയത്തിൻറെ തിരുസ്വരൂപത്തിനു മുന്നിൽ പ്രാർത്ഥിച്ച് തൊട്ടു വന്ദിച്ചതിനുശേഷമാണ് എല്ലാവരെയും കരമുയർത്തി അഭിവാദ്യം ചെയ്തുകൊണ്ട് ബലിവേദി വിട്ടത്. സ്റ്റേഡിയത്തിൽ നിന്ന് പാപ്പാ പോയത് തനിക്ക് വാസസ്ഥലം ഒരുക്കപ്പെട്ടിരിക്കുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യർ ധ്യാനകേന്ദ്രത്തിലേക്കാണ്. അവിടെ എത്തിയ പാപ്പാ വ്യാഴാഴ്ച അത്താഴം കഴിച്ച് രാത്രി വിശ്രമിച്ചു.

വെള്ളിയാഴ്ചത്തെ ഇടയസന്ദർശന പരിപാടികൾ

തൻറെ ഇടയസന്ദർശനത്തിൻറെ സമാപനദിനമായിരുന്ന വെള്ളിയാഴ്ച രാവിലെ പാപ്പാ, വിശുദ്ധ ഫ്രാൻസിസ് സേവ്യർ ധ്യാനകേന്ദ്രത്തിലെ കപ്പേളയിൽ വച്ച് മെത്രാന്മാരും വൈദികരുമായി സ്വകാര്യകൂടിക്കാഴ്ച നടത്തി. ജനങ്ങളുടെ ഇടയിലായിരിക്കുക ദൈവത്തോടും പരസ്പരവും മെത്രാനോടും ഐക്യത്തിലായിരിക്കുക എന്നീ ഇടയന്മാരുടെ സവിശേഷതകൾ പാപ്പാ തദ്ദവസരത്തിൽ എടുത്തുകാട്ടി. അവിടെ സന്നിഹിതരായിരുന്ന സന്ന്യാസിനികളെ പാപ്പാ സഭയുടെ മാതൃത്വഭാവത്തിന് ആവിഷ്കാരമരുളാൻ മറന്നുപോകരുതെന്ന് ഓർമ്മപ്പെടുത്തി.  തദ്ദനന്തരം പാപ്പാ ധ്യാനകേന്ദ്രത്തിൽ നിന്ന് വിടചൊല്ലി. പാപ്പാ ഒരു സമ്മാനം നല്കുകയും ചെയ്തു.

വൃദ്ധ സദന സന്ദർശനം

പാപ്പായുടെ അടുത്ത പരിപാടി 16 കിലോമീറ്ററിലേറെ അകലെയുള്ള വിശുദ്ധ ത്രേസ്യയുടെ നാമത്തിലുള്ള ഭവനം സന്ദർശിക്കലായിരുന്നു. പാവപ്പെട്ടവരുടെ കൊച്ചു സഹോദരികൾ എന്ന സന്ന്യാസിനി സമൂഹം 1935-ൽ സ്ഥാപിച്ചതാണ് ഈ ഭവനം. വൃദ്ധ ജനത്തെ പരിപാലിക്കുന്ന ഒരു സദനമാണിത്. 2003-മുതൽ കത്തോലിക്ക ക്ഷേമ പ്രവർത്തന സമിതി (Catholic Welfare Services) ഈ ഭവനത്തിൻറെ ചുമതല ഏറ്റെടുത്തു. കാരുണ്യ സഹോദരർ, ഉണ്ണിയേശുവിൻറെ സഹോദരികൾ എന്നീ സമൂഹങ്ങളുടെ സഹായത്തോടെ ഈ സമിതി ഈ ഭവനം  നടത്തിക്കൊണ്ടുപോകുകയും ചെയ്യുന്നു. ഭവനസന്ദർശനത്തിനെത്തിയ പാപ്പായെ സിങ്കപ്പൂർ അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ  വില്ല്യം ഗോഹ് സെംഗ് ച്യെ കാത്തലിക്ക് വെൽഫെയർ സെർവീസിൻറെ മേധാവി എന്നിവർ ചേർന്നു സ്വീകരിച്ച് അകത്തേക്കാനയിച്ചു. ചക്രക്കസേരയിൽ ആനീതനായ പാപ്പാ അവരെ അഭിവാദ്യം ചെയ്യുകയും ചിലർക്ക് ഹസ്തദാനമേകുകയും ചെയ്തു. വൃദ്ധജനവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ എതാണ്ട് 4 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന കാത്തോലിക് ജൂണിയർ കോളേജിലേക്കു പോയി. രണ്ടുവർഷത്തെ പ്രീ-ഡിഗ്രി പഠനത്തിനുള്ള സ്ഥാപനമാണിത്. 1975-ലാണ് ഈ കോളേജ് സിംങ്കപ്പൂർ അതിരൂപത സ്ഥാപിച്ചത്. അവിടെവച്ച് ഭിന്ന മതസ്ഥരായ യുവജനങ്ങളുമൊത്തുള്ള മതാന്തര കൂടിക്കാഴ്ചയായിരുന്നു പാപ്പായുടെ പരിപാടി.

പാപ്പാ ജൂണിയർ കോളേജിൽ യുവജന മതന്താര സംഗമത്തിൽ

അവിടെ എത്തിയ പാപ്പായെ വിദ്യാർത്ഥീവിദ്യാർത്ഥിനികൾ ഹർഷാരവത്തോടെയും വത്തിക്കാൻറെ മഞ്ഞയും വെള്ളയും നിറങ്ങളോടുകൂടിയ ചെറു പതാകകൾ വീശിയും വരവേറ്റു. കാറിൽനിന്നിറങ്ങി ചക്രക്കസേരയിൽ ആസനസ്ഥനായ പാപ്പായെ പുഷപഹാരം അണിയിച്ചു. സിംഗപ്പൂർ സാംസ്കാരിക മന്ത്രി എഡ്വിൻ തോംഗ്, സിംഗപ്പൂർ അതിരൂപതാദ്ധ്യക്ഷൻ യുവജന പ്രതിനിധികൾ തുടങ്ങിയവർ പാപ്പായെ സ്വീകരിക്കുന്നതിനുണ്ടായിരുന്നു. തുടർന്ന് കോളേജിലെ ശാലയിലേക്ക് ആനയിക്കപ്പെട്ട പാപ്പായെ കർദ്ദിനാൾ  വില്ല്യം ഗോഹ് സെംഗ് ച്യെ സ്വാഗതം ചെയ്തു.

സ്വാഗതം കർദ്ദിനാൾ വില്ല്യം ഗോഹ്

സർക്കാരുമായു മറ്റ് മതങ്ങളിലെ സഹോദരങ്ങളുമായും അടുത്ത് സഹകരിച്ചു പ്രവർത്തിക്കുന്നതിനാൽ, നമ്മുടെ സമൂഹത്തിൽ സാഹോദര്യത്തിനും സമാധാനത്തിനുമുള്ള ഒരു പാതയെന്ന നിലയിൽ മതാന്തര സംവാദത്തിനായുള്ള പ്രതിബദ്ധതയിൽ സിംങ്കപ്പൂർ അതിരൂപത, പരിശുദ്ധ പിതാവിനോട് ചേർന്നു നല്ക്കുന്നുവെന്ന് പ്രസ്താവിച്ചു.  എന്നത്തെക്കാളുപരി ഇന്നു നാം ഉപരിമെച്ചപ്പെട്ട ഒരു ലോകത്തിനായുള്ള പ്രത്യാശയിൽ ഐക്യപ്പെട്ടവരായിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർദ്ദനാൾ വില്യം ഗോഹിൻറെ വാക്കുകളെ തുടർന്ന് ഭിന്നശേഷിക്കാരായ യുവതീയുവാക്കളുടെ ഒരു സംഘ നൃത്തമായിരുന്നു. ഐക്യവും പ്രത്യാശയുമായിരുന്നു പ്രമേയം.

സാക്ഷ്യങ്ങൾ: മതാന്തര സംഘടനയുടെ യുവജനവിഭാഗത്തിൻറെ മുഖ്യ ഏകോപകനായ ഹിന്ദു യുവാവായ ഷുക്കുൽ രാജ് കുമാർ 

നാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഒരാൾ മറ്റൊരാൾക്കു വേണ്ടി എറ്റവും നല്ലതു ചെയ്യുന്നതിനായി സഹകരിച്ചു പ്രവർത്തിക്കണമെന്നും നാം മനസ്സിലാക്കേണ്ടത് സുപ്രധാനമാണെന്ന് അനുസ്മരിച്ച അദ്ദേഹം നിർണ്ണായകവും അർഥവത്തായതും സാമൂഹികമായി യോജിച്ചതുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മതാന്തരസംവാദത്തെ മുൻഗണനയർഹിക്കുന്നതോ സുപ്രധാന വേദിയോ ആയി കാണാത്തവരും  തങ്ങളുടെ ജീവിതം കണ്ടെത്താൻ ശ്രമിക്കുന്നവരുമായ ഇന്നിൻറെ യുവതയ്ക്കിടയിൽ, സ്നേഹത്തിൻറെ യത്നം എങ്ങനെ നാം തുടർന്നും പരിപോഷിപ്പിക്കും എന്ന ചോദ്യം ഉന്നയിച്ചു.

 സിക്ക് മതസ്ഥയായ പ്രീത് കവുർ വെയ്ഗൽ എന്ന യുവതി 

തങ്ങൾ ശ്രവിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരും വ്യത്യസ്‌ത വീക്ഷണകോണുകൾ ചർച്ച ചെയ്യാൻ തുറവുള്ളവരും ആണെങ്കിലും യുവതീയുവാക്കൾക്ക് തങ്ങൾ വിധിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്ന് പ്രീത് പറഞ്ഞു. ജീവിതത്തിൻറെ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ഉയർന്ന സമ്മർദ്ദവും അർത്ഥവത്തായതും ക്രിയാത്മകവുമായ സംഭാഷണത്തിനുള്ള പരിമിതമായ സമയവും കണക്കിലെടുക്കുമ്പോൾ, തങ്ങളുടെ പ്രതീക്ഷകളെ വിവേകപൂർവ്വം കൈകാര്യം ചെയ്യാനും വിധിക്കപ്പെടുമെന്ന ഭയത്തെ അതിജീവിക്കാനും എങ്ങനെ സാധിക്കും എന്ന ഒരു ചോദ്യം പ്രീത് മുന്നോട്ടു വച്ചു.

കത്തോലിക്ക യുവതി നിക്കോൾ ലോ

കത്തോലിക്ക യുവതിയായ നിക്കോൾ ലോയുടെ സാക്ഷ്യം, ആദ്ധ്യാത്മിക മൂല്യങ്ങൾ വിനിമയം ചെയ്യുന്നതിൽ കൃത്രിമബുദ്ധിയുൾപ്പടെയുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗം മതാന്തരസംവാദത്തിൻറെ മേഖലയിൽ എല്ലാം വളച്ചൊടിക്കപ്പെടാനുള്ള അപകടസാദ്ധ്യത എന്നിവയെക്കുറിച്ചായിരുന്നു.  വ്യത്യസ്‌ത വിഭാഗങ്ങൾ തമ്മിലുള്ള പരസ്പര ധാരണയുടെ മേഖലയിൽ ഉണ്ടാകാവുന്ന അപകടസാദ്ധ്യതകൾ നാം കൈകാര്യം ചെയ്യുമ്പോൾത്തന്നെ കൃത്രിമബുദ്ധി  നല്കുന്ന അവസരങ്ങൾ എങ്ങനെ തുടർന്നും പ്രയോജനപ്പെടുത്താം എന്ന ചോദ്യമാണ് നിക്കോൾ ഉയർത്തിയത്. ഈ സാക്ഷ്യങ്ങൾക്കു ശേഷം പാപ്പായുടെ പ്രഭാഷണമായിരുന്നു.

പാപ്പായുടെ പ്രസംഗം അവസാനിച്ചപ്പോൾ, ഐക്യത്തിനും പ്രത്യാശയ്ക്കുമായി പ്രവർത്തിക്കാനുള്ള ഒരു അഭ്യർത്ഥന വായിക്കപ്പെട്ടു. തദ്ദനന്തരം മൗനപ്രാർത്ഥനയുടെ വേളയായിരുന്നു. അതിനുശേഷം പാപ്പായുമൊത്തുള്ള പടമെടുക്കൽ നടന്നു. ഐക്യത്തിലും പ്രത്യാശയിലും ഒരുമിച്ച് എന്ന പ്രദർശനം യുവത ഒരുക്കിയിരിക്കുന്ന ഒരു ശാലയിലേക്ക് ആനയിക്കപ്പെട്ട പാപ്പായോട് അവർ തുടങ്ങിവച്ച ചിത്രത്തിൻറെ രചന പൂർത്തിയാക്കാൻ അവർ അഭ്യർത്ഥിക്കുകയും പാപ്പാ അതു ചെയ്യുകയും ചെയ്തു. തദ്ദനന്തരം കൂടിക്കാഴ്ച വേദി വിടുന്നതിനു മുമ്പ് പാപ്പാ അവിടെ സന്നിഹിതരായിരുന്ന പത്തു മതനേതാക്കളെ അഭിവാദ്യം ചെയ്തു.

 

സിംഗപ്പൂറിനോട് വിട

പാപ്പാ,  യുവജന മതാന്തര കൂടിക്കാഴ്ചാനന്തരം സിങ്കപ്പൂറിലെ ചാംഗി വിമാനത്താവളത്തിലേക്കു കാറിൽ യാത്രയായി. വിമാനത്താവളത്തിലേക്ക് 20 കിലോമീറ്ററിലേറെ ദൂരം ഉണ്ടായിരുന്നു.വിമാനത്താവളത്തിൽ പാപ്പായെ യാത്രയയ്ക്കാൻ സിംങ്കപ്പൂറിൻറെ സാംസ്കാരിക വകുപ്പു മന്ത്രി എഡ്വിൻ തോംഗും സഭാപ്രതിനിധികളും സന്നിഹിതാരായിരുന്നു. മന്ത്രി തോംഗുമായി അല്പ സമയം സംഭാഷണത്തിലേർപ്പെട്ട പാപ്പാ എല്ലാവരോടും യാത്ര പറയുകയും സിംഗപ്പൂർ എയർലൈൻസിൻറെ വിമാനത്തിൽ റോമിലേക്കു പുറപ്പെടുകയും ചെയ്തു.    

ടെലെഗ്രാം സന്ദേശങ്ങൾ  വിമാനത്തിൽ നിന്ന്               

ഇന്തൊനേഷ്യ, മലേഷ്യ, തായ്ലൻറ്, മ്യന്മാർ, ഇന്ത്യ, പാക്കിസ്ഥാൻ അഫ്ഖാനിസ്ഥാൻ, തജിഖിസ്താൻ, ഉസ്ബേഖിസ്താൻ, തുർക്കുമെനിസ്താൻ, അസെർബെർയ്ജാൻ, ജോർജിയ, തുർക്കി, ഗ്രീസ്, അൽബേനിയ,   ഇറ്റലി, എന്നീ നാടുകളുടെ വ്യാമപാത പാപ്പാ സഞ്ചരിച്ച വിമാനം ഉപയോഗപ്പെടുത്തി. ഓരോ രാജ്യത്തിൻറെയും മുകളിലൂടെ വിമാനം പറക്കവെ പാപ്പാ അതതു രാജ്യത്തിൻറെ തലവന്മാർക്ക് പ്രാർത്ഥനാ-ആശംസാ ടെലെഗ്രാം സന്ദേശമയച്ചു. ഇന്ത്യയ്ക്കും ഇന്ത്യൻ ജനതയ്ക്കും ദൈവികദാനങ്ങൾ സമൃദ്ധമായി ലഭിക്കട്ടെയെന്ന് പാപ്പാ ഇന്ത്യയുടെ പ്രസിഡൻറ് ദ്രൗപതി മുർമുനയച്ച സന്ദേശത്തിൽ ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2024, 12:38