നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പാ സംസാരിക്കുന്നു നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പാ സംസാരിക്കുന്നു   (ANSA)

സേവനമാതൃകയുമായി ഫ്രാൻസിസ് പാപ്പാ ലക്സംബർഗിൽ

ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാമത് അപ്പസ്തോലിക യാത്ര നടത്തുന്ന ലക്സംബർഗിലെ, ആദ്യദിനം (സെപ്റ്റംബർ 26) മദ്ധ്യാഹ്നം വരെയുള്ള പരിപാടികളുടെ സംക്ഷിപ്തവിവരണം
സംക്ഷിപ്തവിവരണം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നീണ്ട, ഏഷ്യ, ഓഷ്യാന ഭൂഖണ്ഡങ്ങളിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്തോലികയാത്രയുടെ മധുരസ്മരണകളും, വിശ്വാസസാക്ഷ്യങ്ങളുമെല്ലാം, പച്ചകെടാതെ ഹൃദയത്തിൽ നിറയുമ്പോൾ ഇതാ നാല്പത്തിയാറാമത് അപ്പസ്തോലികയാത്രയ്ക്ക് ഫ്രാൻസിസ് പാപ്പാ വിമാനം കയറിക്കഴിഞ്ഞു. കിഴക്കുനിന്നും പടിഞ്ഞാറോട്ടേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ സമാധാനസന്ദേശയാത്രയെന്നും ഈ യാത്രയെ വിശേഷിപ്പിക്കാം. സെപ്റ്റംബർ മാസം ആദ്യവാരം തുടങ്ങിയ ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്തോലികയാത്രയിൽ, എപ്പോഴും മുഴങ്ങിക്കേട്ട സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും, സ്നേഹബന്ധങ്ങളുടെയും സന്ദേശം തന്നെയാണ്, ലക്സംബർഗ്- ബെൽജിയം  യാത്രയിലും അടിവരയിടപ്പെടുന്നത്.

ഈ സന്ദേശമാണ് യാത്രയുടെ അടയാളത്തിലും, ആദർശവചനത്തിലും എടുത്തുപറയുന്നത്. ലക്സംബർഗ് സന്ദർശനത്തിന്റെ അടയാളം നോത്തർഡാം  കത്തീഡ്രലിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് പാപ്പാ ജനങ്ങളെ ആശീർവദിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. മഞ്ഞയും വെള്ളയും ഇടകലർന്ന ചായം വത്തിക്കാന്റെ ഔദ്യോഗിക പതാകയെ എടുത്തു കാണിക്കുന്നുവെങ്കിൽ, അതിനു മുകളിൽ ചന്ദ്രക്കലപോലെ തെളിയുന്ന നീല നിറം പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. ലക്സംബർഗ് കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആഴത്തിൽ വേരൂർന്ന മരിയൻ വണക്കത്തെ ഈ നിറം അടിവരയിടുന്നു. തുടർന്നുള്ളത്, ആദർശവചനമായ 'സേവിക്കുവാൻ' എന്നുള്ളതാണ്.   വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ യേശുവിന്റെ വചനങ്ങളുടെ മാതൃക സ്വീകരിച്ചുകൊണ്ട്, സഭയുടെ യഥാർത്ഥ സ്വഭാവമായ മനുഷ്യരാശിയെ സേവിക്കുക എന്ന മുദ്രാവാക്യമാണ് പാപ്പാ തന്റെ യാത്രയിൽ പ്രത്യേകം എടുത്തു പറയുന്നത്.

സേവനത്തിന്റെ ആവശ്യകതയെ എടുത്തുപറഞ്ഞുകൊണ്ടുള്ള ലക്സംബർഗ് യാത്ര തുടരുന്നത് ബൽജിയത്തിലാണ്. ഒരുമിച്ചുനടക്കുവാനുള്ള ആഹ്വാനം എടുത്തുകാണിക്കുന്നതാണ് അടയാളം. രാഷ്ട്രത്തിന്റെ ഭൂപടമാണ് പശ്ചാത്തലത്തിൽ, അതിനു നടുവിൽ ചിത്രീകരിച്ചിരിക്കുന്ന പാതയിലൂടെ, വ്യത്യസ്തപ്രായക്കാരും, വിവിധ നിറ- സംസ്കാരങ്ങളിലുമുള്ളവർ നടക്കുമ്പോൾ അവരുടെ മധ്യത്തിൽ ശുഭ്രനിറത്തിൽ ഫ്രാൻസിസ് പാപ്പായെയും വരച്ചുചേർത്തിരിക്കുന്നു. ആദർശവചനമായി കുറിച്ചിരിക്കുന്നത്, " വഴിയിൽ പ്രതീക്ഷയോടെ" എന്നതാണ്. പ്രത്യാശയോടെ ജീവിതത്തിൽ യാത്രചെയ്യുന്നവർക്ക് സഭ കൂടെയുണ്ട് എന്നുള്ള സന്ദേശമാണ് ഈ ആദര്ശവചനം പങ്കുവയ്ക്കുന്നത്. ഇപ്രകാരം സേവനത്തിന്റെയും, പ്രതീക്ഷയുടെയും ആഹ്വാനം വിളിച്ചോതുന്നതാണ് ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാമത് അപ്പസ്തോലികയാത്ര. റോമിൽ നിന്ന് തന്റെ യാത്ര പുറപ്പെടുന്നതിന്റെ തലേദിവസം സെപ്തംബർ  മാസം ഇരുപത്തിയഞ്ചാം തീയതി, പതിവുപോലെ പാപ്പാ മരിയ  മജോരെ ബസിലിക്കയിൽ എത്തുകയും, സാലൂസ് പോപ്പൊളി റൊമാനി  എന്ന അത്ഭുത ഐക്കൺ ചിത്രത്തിനുമുൻപിൽ, പ്രാർത്ഥനയോടെ തന്റെ യാത്രയെയും, യാത്രയിലുടനീളം കണ്ടുമുട്ടുന്ന ആളുകളെയും പാപ്പാ സമർപ്പിച്ചു.  തുടർന്ന് സന്ദർശനം  ആരംഭിച്ച ഇരുപത്തിയാറാം തീയതി, രാവിലെ റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപായി, റോമിലെ തെരുവുകളിൽ അന്തിയുറങ്ങുന്ന ഏതാനും ആളുകളെ പാപ്പാ തന്റെ വസതിയിൽ സ്വീകരിക്കുകയും, അവരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. ഫ്രാൻസിസ് പാപ്പായുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കർദിനാൾ ക്രാജേവ്സ്കിയാണ് ഈ ആളുകളുമായി പാപ്പായെ സന്ദർശിക്കുവാൻ എത്തിയത്.  

തുടർന്ന് വിമാനത്താവളത്തിലെത്തിയ ഫ്രാൻസിസ് പാപ്പാ, വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, വിമാനത്താവളത്തിൽ വിവിധ സേവനങ്ങളിൽ ഏർപ്പെട്ടിരുന്ന അധികൃതരെയും, ജോലിക്കാരെയും ഹസ്തദാനം നൽകി അഭിവാദ്യം ചെയ്തു. തുടർന്ന് വിമാനത്തിനുള്ളിൽ ഫ്രാൻസിസ് പാപ്പയോടൊപ്പം യാത്ര ചെയ്യുന്ന വത്തിക്കാൻ പ്രതിനിധിസംഘത്തെയും, മാധ്യമപ്രവർത്തകരെയും പാപ്പാ അഭിവാദനം ചെയ്തു. ഇറ്റാലിയൻ സമയം രാവിലെ 8. 29 ഓടെ ഫ്രാൻസിസ് പാപ്പായെയും വഹിച്ചുകൊണ്ടുള്ള ഇറ്റലിയുടെ വിമാനക്കമ്പനിയായ ഇത്താ എയർവേയ്‌സിന്റെ എ 321 വിമാനം ലക്സംബർഗ് ലക്ഷ്യമാക്കി യാത്രയായി. ഇറ്റലി, ഓസ്ട്രിയ, ജർമനി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളുടെ മുകളിലൂടെയാണ് വിമാനം സഞ്ചരിക്കുന്നത്. വിമാനം ഓരോ രാജ്യത്തിന്റെയും മുകളിലെത്തുമ്പോൾ ഫ്രാൻസിസ് പാപ്പാ വഴക്കം പോലെ ആ രാജ്യത്തിൻറെ ഭരണാധികാരിക്ക് ടെലഗ്രാം സന്ദേശമയച്ചു. സന്ദേശത്തിൽ, വാക്കുകൾ വിഭിന്നമായിരുന്നുവെങ്കിലും, ആശയം ദൈവാനുഗ്രഹം നേരുന്നതും, രാജ്യത്തിന് സർവ്വവിധമായ ഐശ്വര്യവും പ്രാപിക്കുവാൻ സാധിക്കട്ടെ എന്ന ആശംസയുമായിരുന്നു. 

വിമാനത്തിനുള്ളിലും എല്ലാവരെയും സ്വാഗതം  ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ സംസാരിച്ചു.  പ്രാദേശികസമയം രാവിലെ  9. 56 ഓടെ, അതേസമയം ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നു ഇരുപത്തിയാറോടെ  ഫ്രാൻസിസ് പാപ്പാ ലക്സംബർഗ് ഫൈൻഡൽ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ലക്‌സംബർഗും ഇന്ത്യയും തമ്മിൽ മൂന്നര മണിക്കൂറിന്റെ വ്യത്യാസമാണ് നിലവിൽ ഉള്ളത്. ജോൺ പോൾ രണ്ടാമനാണ്  ഇതിനു മുൻപ് ലക്സംബർഗ് സന്ദർശിച്ചിട്ടുള്ള പാപ്പാ. രാജ്യം സന്ദർശിക്കുന്ന രണ്ടാമത്തെ പാപ്പായെന്ന നിലയിൽ, ഫ്രാൻസിസ് പാപ്പായുടെ യാത്ര ഏറെ പ്രതീക്ഷയോടെയാണ് വിശ്വാസിസമൂഹം ഉറ്റുനോക്കുന്നത്.

യൂറോപ്പിലെ ചെറിയ രാജ്യങ്ങളിൽ ഒന്നാണ് ലക്സംബർഗ്.  ആറുലക്ഷത്തി അൻപതിനാലായിരം ജനങ്ങളിൽ രണ്ടുലക്ഷത്തി എഴുപത്തിയൊന്നായിരം കത്തോലിക്കരാണ് രാജ്യത്തിലുള്ളത്. പാപ്പാ സന്ദർശിക്കുന്ന ലക്സംബർഗ് നഗരം 24 ജില്ലകൾ ഉൾപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ നഗരമാണ്. നിരവധി രാജ്യങ്ങളുടെ അധീനതയിൽ കഴിഞ്ഞിരുന്ന ലക്സംബർഗ് 1890 ലാണ് സ്വാതന്ത്രരാജ്യമായി ഉരുത്തിരിഞ്ഞത്. തുടർന്നും രണ്ടാം ലോകമഹായുദ്ധകാലത്തു, ചില രാജ്യങ്ങൾ ലക്സംബർഗിനെ അടക്കിവാണിരുന്നു. ഇന്ന് യൂറോപ്യൻ യൂണിയന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ലക്സംബർഗ്. യൂണിയന്റെ തുടക്കക്കാരിൽ ഒരാളായ റോബർട്ട് ഷുമാൻ ജനിച്ച രാജ്യംകൂടിയാണിത്. ഗോത്തിക് വാസ്തുമാതൃകയിൽ പണികഴിക്കപ്പെട്ട നോത്ര ദാം ദേവാലയം, പ്രധാന നാടുവാഴിയുടെ കൊട്ടാരം തുടങ്ങി നിരവധി ചരിത്രസ്മാരകങ്ങളും ഈ നഗരം ഉൾക്കൊള്ളുന്നു

വിമാനത്താവളത്തിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഫ്രാന്സിസ് പാപ്പായെ വഹിച്ചുകൊണ്ടുള്ള വിമാനം വന്നുനിന്നപ്പോൾ, ലക്സംബർഗിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ഫ്രാങ്കോ കൊപ്പോളയും , പ്രോട്ടോക്കോൾ മേധാവിയും വിമാനത്തിനുള്ളിലേക്ക് പ്രവേശിക്കുകയും തുടർന്ന് പാപ്പായെ വിമാനത്തിന് പുറത്തേക്ക് പ്രത്യേകം തയ്യാറാക്കിയ പാതയിലൂടെ കൊണ്ടുവരികയും ചെയ്തു. വിമാനത്താവളത്തിൽ വച്ച് ഔദ്യോഗികമായി ലക്സംബർഗിന്റെ പ്രഭുവും, അദ്ദേഹത്തിന്റെ പത്നിയും, പ്രധാനമന്ത്രിയും ചേർന്ന് പാപ്പായെ സ്വീകരിച്ചു. രണ്ടു ചെറുപ്പക്കാർ പാപ്പായ്ക്ക് പൂക്കൾ സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചുകൊണ്ട്, പാപ്പായും, മറ്റു രാഷ്ട്രത്തലവന്മാരും, ഔദ്യോഗിക സ്വീകരണത്തിനൊരുക്കിയിരുന്ന സ്ഥലത്തേക്ക് പ്രവേശിക്കുകയും ഉപവിഷ്ടരാകുകയും ചെയ്തു. ഏകദേശം നൂറോളം യുവജനങ്ങൾ സ്വീകരണസ്ഥലത്തിനു ചുറ്റും ഒത്തുകൂടിയിരുന്നത് സന്തോഷത്തിന്റെ മാറ്റു കൂട്ടി. ഇരുരാജ്യങ്ങളുടെയും ആന്തം ആലപിക്കുകയും, പ്രതിനിധികളെ പരസ്പരം പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് പ്രദേശയ്ക സമയം 10. 30 ഓടെ ഫ്രാൻസിസ് പാപ്പാ പ്രഭുവിന്റെ കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. ഏകദേശം 9 കിലോമീറ്ററുകൾ അകലെയായിരുന്നു കൊട്ടാരം സ്ഥിതി ചെയ്തിരുന്നത്. രാഷ്ട്രത്തലവന്റെ  ഭരണ സിരാകേന്ദ്രം, നഗരത്തിന്റെ പ്രധാനകേന്ദ്രങ്ങളിൽ ഒന്നാണ് ഈ കൊട്ടാരം.  പതിനഞ്ചു മിനിറ്റിന്റെ യാത്രയ്ക്കുശേഷം പാപ്പാ കൊട്ടാരത്തിൽ എത്തിച്ചേർന്നു. പ്രഭുവും, പത്നിയും ചേർന്ന് പ്രധാനകവാടത്തിൽ ഫ്രാൻസിസ് പാപ്പായെ സ്വീകരിച്ചു. തുടർന്ന് എല്ലാവരും ചേർന്നുള്ള ഫോട്ടോയ്ക്കുശേഷം, ലിഫ്റ്റ് വഴിയായി ഒന്നാം നിലയിലുള്ള പ്രധാനസ്വീകരണ മുറിയിലേക്ക് എത്തിച്ചേരുമ്പോൾ, പ്രഭുവിന്റെ കുടുംബത്തിലെ അംഗങ്ങളെ പപ്പയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു. തുടർന്ന് നൃത്തശാലയിലേക്ക് എല്ലാവരും കടന്നുചെന്നു.

അതിഥികൾ ബഹുമാനപുരസ്സരം സന്ദേശം കുറിക്കുന്ന പുസ്തകത്തിൽ ഫ്രാൻസിസ് പാപ്പായും തന്റെ ഹ്രസ്വസന്ദേശം എഴുതി. " ഒരു രാജ്യത്തെ മഹത്തരമാക്കുന്നത്, അവിടെയുള്ള വ്യക്തികളുടെ അന്തസ്സ് സംരക്ഷിക്കുന്നതിലൂടെയും, പൊതുനന്മയ്ക്കുള്ള സേവനം, സംഭാഷണം, അന്താരാഷ്ട്രസഹകരണം എന്നിവ വർധിപ്പിക്കുന്നതിലൂടെയുമാണ്", ഈ വാചകമാണ് ഫ്രാൻസിസ് പാപ്പാ എഴുതിയത്. തുടർന്ന് പ്രഭുവിന്റെ കുടുംബാംഗങ്ങളുമായി ഔദ്യോഗിക ഫോട്ടോയെടുത്തശേഷം, ഹ്രസ്വമായ ഒരു സ്വകാര്യകൂടിക്കാഴ്ച്ചയും പാപ്പായും, പ്രഭുവും, അദ്ദേഹത്തിന്റെ പത്നിയും തമ്മിൽ നടത്തി. ഇതിനിടയിൽ സമ്മാനങ്ങളുടെ കൈമാറ്റവും നടന്നു. പ്രഭുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം, ഏകദേശം പ്രാദേശികസമയം 11. 15 ഓടെ അതെ കൊട്ടാരത്തിൽ പ്രധാനമന്ത്രിയുമായും പാപ്പാ കൂടിക്കാഴ്ച നടത്തി.

തിരഞ്ഞെടുപ്പിനുശേഷം, 2023 നവംബർ പതിനേഴിനാണ്, ഗ്രാൻഡ് ഡ്യൂക്ക് റേയാലെ എൻറിക്കോ, ലുക് ഫ്രീഡനെ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്തു അധികാരം നൽകിയത്. പ്രധാനമന്ത്രിയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്കു ശേഷം, ഫ്രാൻസിസ് പാപ്പാ ജനപ്രതിനിധികളുമായും, നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കായി, ഏകദേശം അഞ്ഞൂറു മീറ്ററുകൾ മാത്രം ദൂരത്ത് സ്ഥിതി ചെയ്യുന്ന ഷെർലെ ചിത്തയിലേക്ക് കടന്നുചെന്നു. തദവസരത്തിൽ രാജ്യത്തെ എല്ലാ പ്രധാന അധികാരങ്ങളും  കൈകാര്യം ചെയ്യുന്നവരും സന്നിഹിതരായിരുന്നു. ഏകദേശം മുന്നൂറോളം ആളുകളായിരുന്നു സമ്മേളനത്തിൽ പങ്കെടുത്തത്. പ്രധാനമന്ത്രിയും, മേയറും ചേർന്നാണ് പാപ്പായെ സ്വീകരിച്ചത്. രാഷ്ട്രീയ, മത, സാമുദായിക നേതാക്കളും, വിവിധ സേനാ മേധാവികളും, നയതന്ത്ര ഉദ്യോഗസ്ഥരും, സംരംഭകരും സമ്മേളനത്തിൽ പങ്കാളികളായി. ആദ്യനിരയിൽ ഗ്രാൻഡ് ഡ്യൂകും അദ്ദേഹത്തിന്റെ പത്നിയും ഉപവിഷ്ടരായിരുന്നു.

പാപ്പാ ശാലയിലേക്ക് കടന്നുവരുന്ന അവസരത്തിൽ എല്ലാവരും എഴുനേറ്റുനിന്നുകൊണ്ട്, കരഘോഷം മുഴക്കി അദ്ദേഹത്തെ സഹർഷം സ്വാഗതം ചെയ്തു. തുടർന്ന് ലക്സംബർഗിലേക്ക് ഫ്രാൻസിസ് പാപ്പയെ ഔദ്യോഗികമായി സ്വാഗതം ചെയ്തു കൊണ്ട് പ്രധാനമന്ത്രി സംസാരിച്ചു. രാഷ്ട്രത്തലവൻ എന്നനിലയിലും, കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ എന്ന നിലയിലും,  ലോകത്തിൽ അറിയപ്പെടുന്ന സാന്മാർഗിക അധികാരി എന്ന നിലയിലും ഫ്രാൻസിസ് പാപ്പായെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ച പ്രധാനമന്ത്രി, ജോൺ പോൾ രണ്ടാമൻ പാപ്പയുടെ സന്ദർശനത്തിന് നാല്പതുവർഷങ്ങൾക്ക്  ശേഷം രാഷ്ട്രം സന്ദർശിക്കുവാൻ ഫ്രാൻസിസ് പാപ്പ കാണിച്ച വലിയ മനസിന് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നും ലക്സംബർഗിൽ വസിക്കുന്ന ആളുകൾക്ക് പാപ്പായുടെ സന്ദർശനം നൽകുന്ന ഹൃദയാനന്ദവും, അതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ലോകസമാധാനത്തിനുവേണ്ടി രാജ്യങ്ങൾ തമ്മിൽ നടത്തേണ്ട കൂട്ടായ പരിശ്രമങ്ങളുടെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. പാപ്പായുടെ സന്ദേശം കേൾക്കുവാൻ ലക്സംബർഗ് ജനത കാത്തിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അവസാനിച്ചപ്പോൾ, ശാല മുഴുവൻ മുഴങ്ങികേട്ടത് നിറഞ്ഞ ഹർഷാരവമായിരുന്നു .

പ്രധാനമന്ത്രിയുടെ സ്വാഗതത്തിനുശേഷം, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചു. സന്ദേശാനന്തരം സന്ദർശന ഡയറിയിൽ ഫ്രാൻസിസ് പാപ്പാ തന്റെ ഹ്രസ്വസന്ദേശം കുറിച്ചുകൊണ്ട് ഒപ്പുവയ്ക്കുകയും ചെയ്തു. ഒരിക്കൽ കൂടി രാഷ്ട്രത്തലവന്മാരെ അഭിവാദ്യം ചെയ്ത പാപ്പാ , തുടർന്ന് , തുറന്ന വാഹനത്തിൽ ആർച്ചുബിഷപ്പിന്റെ വസതിയിലേക്ക് യാത്രയായി. വഴിയുടെ ഇരുവശങ്ങളിലും നിറഞ്ഞുനിന്ന ജനം പാപ്പായുടെ ആശീർവാദത്തിനായി തലവണങ്ങുകയും, പാപ്പായ്ക്ക് ജയ്‌വിളികൾ മുഴക്കുകയും ചെയ്തു. ആർച്ചുബിഷപ്പിന്റെ വസതിയിലെത്തിയ പാപ്പാ തുടർന്ന് ഉച്ചഭക്ഷണം കഴിക്കുകയും, വിശ്രമിക്കുകയും ചെയ്തു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 September 2024, 14:51