ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാം അപ്പസ്തോലിക സന്ദർശനത്തിനു സമാപനമായി

ലക്സംബർഗ്, ബെൽജിയം എന്നീ രാജ്യങ്ങളിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാം അപ്പസ്തോലികയാത്രയുടെ അവസാന രണ്ടു ദിവസങ്ങളിലെ ചടങ്ങുകളുടെ സംക്ഷിപ്തവിവരണം
സംക്ഷിപ്തവിവരണം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സമയദൈർഘ്യം താരതമ്യേന കുറവായിരുന്നുവെങ്കിലും, ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാമത് അപ്പസ്തോലിക യാത്രയുടെ രണ്ടാം ഭാഗം ബെൽജിയത്തിൽ ധാരാളം വിശ്വാസതീക്ഷ്ണതയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. സെപ്റ്റംബർ മാസം ഇരുപത്തിയെട്ടാം തീയതി,  കോക്കൽബർഗ് തിരുഹൃദയബസിലിക്കയിൽ നടന്ന കത്തോലിക്കാ വിശ്വാസിസമൂഹവുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ച്ച, യഥാർത്ഥത്തിൽ സിനഡൽ സഭയുടെ ഒരു നേർക്കാഴ്ച്ച തന്നെയായിരുന്നു. സമ്മേളനത്തെ തുടർന്ന്, പാപ്പാ ബസിലിക്കയുടെ അടിയിലുള്ള ഗുഹാഗൃഹത്തിൽ സ്ഥിതി ചെയ്യുന്ന രാജകീയ  കുടുംബത്തിൽപ്പെട്ടവരുടെ കല്ലറകൾ സന്ദർശിക്കുകയും, രാജാവിന്റെ ശവകുടീരത്തിനു മുൻപിൽ പ്രാർത്ഥനാനിമഗ്നനായി അല്പസമയം ചിലവഴിക്കുകയും ചെയ്തു. ഭ്രൂണഹത്യയെന്ന കൊലപാതക നിയമത്തിൽ ഒപ്പിടുവാൻ വിസമ്മതിച്ചുകൊണ്ട്, രാജകീയപദവി ഉപേക്ഷിക്കുവാൻ തീരുമാനിച്ച ബൗദൂയിൻ രാജാവിന്റെ ധൈര്യം ഇന്നും ബെൽജിയത്തെ ജനതയ്ക്കു ഉണ്ടായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. തുടർന്ന് അപ്പസ്തോലിക നുൻഷ്യേചറിൽ എത്തിച്ചേർന്ന പാപ്പാ സിറിയയിൽ നിന്നും കുടിയേറിയ ഒരു ക്രൈസ്തവ കുടുംബത്തിലെ അംഗങ്ങളെയും, ജിബൂത്തിയിൽ നിന്നും വന്ന ഒരു ഇസ്ലാം കുടുംബത്തിലെ അംഗങ്ങളെയും സന്ദർശിക്കുകയും, അവരുമായി സൗഹൃദസംഭാഷണം നടത്തുകയും ചെയ്തു. മാനുഷിക ഇടനാഴികളിലൂടെ, സാന്ത് ഏജിദിയോ സമൂഹത്തിന്റെ സഹായത്തോടെ ബെൽജിയത്തിൽ എത്തിച്ചേർന്നതാണ് ഇരു കുടുംബങ്ങളും

തുടർന്ന് ഉച്ചഭക്ഷണവും, വിശ്രമവും കഴിഞ്ഞു പ്രാദേശിക സമയം വൈകുന്നേരം നാലുമണിയോടെ ഫ്രാൻസിസ് പാപ്പാ തന്റെ അടുത്ത കൂടിക്കാഴ്ച്ചയ്ക്കായി ബെൽജിയത്തിലെ പ്രശസ്തവും, അതിപുരാതനവുമായ കത്തോലിക്കാ സർവ്വകലാശാലയായ ലുവൈയിനിലേക്ക് യാത്ര പുറപ്പെട്ടു. ലോകത്തിലെ വിവിധ ഇടങ്ങളിൽ നിന്നും ഏകദേശം മുപ്പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് പത്തൊൻപതു മേഖലകളിൽ ഉന്നത വിദ്യാഭ്യാസം നൽകുന്ന പ്രധാന വിദ്യാക്ഷേത്രമാണ് ലുവൈൻ സർവ്വകലാശാല. നുൻഷ്യേച്ചരിൽ നിന്നും ഏകദേശം ഇരുപത്തിയേഴു കിലോമീറ്ററുകൾ അകലെ സ്ഥിതി ചെയ്യുന്ന സർവ്വകലാശാലയിലേക്ക്, ഫ്രാൻസിസ് പാപ്പാ പ്രാദേശിക സമയം വൈകുന്നേരം നാല് മുപ്പതോടെ എത്തിച്ചേർന്നു.

സർവ്വകലാശാലയുടെ പ്രധാന ശാലയ്ക്ക് മുൻപിൽ എത്തിച്ചേർന്ന പാപ്പായെ, സർവ്വകലാശാല അധികൃതരും, ചാൻസിലറും,മലീനസ്-ബ്രസൽസ് അതിരൂപതാദ്ധ്യക്ഷനും, പ്രവിശ്യയുടെ ഗവർണറും, ലുവൈൻ നഗരത്തിന്റെ അധ്യക്ഷനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് യുവജനങ്ങളിൽ ഒരാൾ പാപ്പായ്ക്ക് പൂക്കൾ സമ്മാനിക്കുകയും, ഒരു കൂട്ടം വിദ്യാർത്ഥികൾ പതാകകൾ വീശിക്കൊണ്ട് പാപ്പായെ ഔദ്യോഗികമായി വരവേൽക്കുകയും ചെയ്തു. സർവകലാശാലയിലെ പ്രധാനികളെ പ്രത്യേകം അഭിവാദ്യം ചെയ്തതിനു ശേഷം, അതിഥികൾ തങ്ങളുടെ സന്ദേശം കുറിക്കുന്ന പുസ്തകത്തിൽ തന്റെ വാക്കുകൾ പാപ്പാ കുറിച്ചു. "ദൈവത്തോടും, മനുഷ്യരോടും വിശ്വസ്തത പുലർത്തിക്കൊണ്ടുളള അറിവിലും, ഉത്തരവാദിത്വത്തിലും വളരുവാനുള്ള പ്രത്യാശയും, പ്രതിബദ്ധതയും നിറഞ്ഞ ഒരു കാലഘട്ടമായിരിക്കട്ടെ, ഈ സർവ്വകലാശാല പഠനകാലം" എന്നാണ് പാപ്പാ കുറിച്ചത്.

അറുനൂറു വർഷങ്ങൾ പൂർത്തിയാക്കുന്ന സർവ്വകലാശാലയെ സംബന്ധിച്ചിടത്തോളം, പാപ്പായുടെ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു. തുടർന്ന് ഫ്രാൻസിസ് പാപ്പായെ സ്വീകരിച്ചുകൊണ്ട്, ഉപകരണസംഗീതവും ശാലയിൽ മുഴങ്ങി.  വേദിയിലേക്ക് കടന്നുവന്ന പാപ്പായെ, ദൈവസ്‌തുതികളുടെ അകമ്പടിയോടെയും, ഹർഷാരവത്തോടെയും വിദ്യാർത്ഥികൾ സ്വീകരിച്ചു. ഏകദേശം അഞ്ചു മിനിറ്റുകളോളം ഈ ഹർഷാരവം നീണ്ടുനിന്നുവെന്നതും എടുത്തു പറയേണ്ടതാണ്. ദൈവത്തിന്റെ സൃഷ്ടികർമ്മത്തിനു നന്ദി പറഞ്ഞുകൊണ്ട്, ദൈവത്തെ സ്തുതിക്കുന്നതായിരുന്നു, ഗീതത്തിന്റെ ഈരടികളുടെ അർത്ഥം.

തുടർന്ന് സർവ്വകലാശാലയുടെ വനിതാ റെക്ടർ പാപ്പായെ സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ചു. ശേഷം സർവകലാശാലയുടെ നീണ്ട അറുനൂറു വർഷത്തെ ചരിത്രം എടുത്തു കാണിക്കുന്ന ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. വിദ്യാർത്ഥികളുടെ ചില സാക്ഷ്യങ്ങളും പങ്കുവയ്ക്കപ്പെട്ടു. ഇടയ്ക്ക് ചില സംഗീതപരിപാടികളും സംഘടിപ്പിച്ചു. ഇവയ്ക്കുശേഷം പാപ്പാ തന്റെ സന്ദേശം ആരംഭിച്ചു.

പാപ്പായുടെ പ്രഭാഷണം നിറഞ്ഞ കൈയടികളോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്. തങ്ങളുടെ ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റുകൊണ്ട്, അവർ പാപ്പായോടുള്ള ബഹുമാനം എടുത്തു കാണിച്ചു. തുടർന്ന് സർവ്വകലാശാല വിദ്യാർത്ഥികൾ പ്രതീകാത്മകമായി നിർമ്മിച്ച 'ആഗ്രഹങ്ങളുടെ വൃക്ഷ'ത്തിൽ പാപ്പായും തന്റെ സന്ദേശം കുറിച്ചു. 

"ലുവൈൻ എന്ന വലിയ സർവകലാശാല സമൂഹത്തിലെ അംഗങ്ങൾ തുറന്ന മനസോടെയും, ഹൃദയത്തോടെയും,അധ്വാനിക്കുന്ന കരങ്ങളോടെയും  സത്യത്തിന്റയും, സന്തോഷത്തിന്റെയും, മനോഹാരിതയുടെയും യഥാർത്ഥ അന്വേഷകരായി  മാറട്ടെ. അവർ സംഭാഷണനിപുണരും, സമാധാനത്തിന്റെ കൈവേലക്കാരുമായി മാറിക്കൊണ്ട്, അവരുടെ ഓരോ സ്വപ്നങ്ങൾക്കും സേവനത്തിന്റെ മാതൃക നൽകട്ടെ.", എന്നതായിരുന്നു പാപ്പായുടെ വാക്കുകൾ.

ശേഷം, വിദ്യാർത്ഥികൾ പാപ്പായ്ക്കു വിവിധ സമ്മാനങ്ങൾ നൽകി. തുടർന്ന് സംഗീതത്തിന്റെ അകമ്പടിയിൽ പാപ്പാ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നന്ദി പറഞ്ഞുകൊണ്ട്, പുറത്തേക്കു കടന്നു വന്നു. അവിടെയും പാപ്പായെ കാത്ത് നിരവധിയാളുകൾ നിൽക്കുന്നുണ്ടായിരുന്നു. നിരവധി രോഗികളും വീൽചെയറിൽ പാപ്പായെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കുരുന്നുകൾ പാപ്പായ്ക്ക് പൂക്കൾ സമ്മാനിച്ചതും മനോഹരമായ അനുഭവങ്ങൾ പകർന്നു നൽകി.

സർവകലാശാല വിദ്യാർത്ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ, ഈശോസഭാ വൈദികരുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി, സെന്റ്. മൈക്കിൾ കോളേജിലേക്ക് പുറപ്പെട്ടു. ഏകദേശം ഇരുപത്തിയേഴു കിലോമീറ്ററുകൾ കാറിൽ സഞ്ചരിച്ച്, പ്രാദേശിക സമയം ഏകദേശം വൈകുന്നേരം 6. 15 മണിയോടെ എത്തിച്ചേർന്ന പാപ്പാ അവരുമായി തികച്ചും സ്വകാര്യമായ കൂടിക്കാഴ്ച നടത്തി അവരോട് സംവദിച്ചു.

ശേഷം, പാപ്പാ യുവജനങ്ങളുടെ സംഗമം നടക്കുന്ന വേദിയിലും കടന്നെത്തി, അവരോട് സൗഹൃദ സംഭാഷണം നടത്തി. ആഗോള യുവജന സംഗമത്തിന്റെ ഒരു ചെറിയ പതിപ്പെന്നോണമാണ്, ബെൽജിയത്ത് യുവജനങ്ങളുടെ ഒരു സംഗമം സംഘടിപ്പിച്ചത്. ആറായിരത്തിലധികം യുവജനങ്ങൾ ഒത്തുചേർന്ന സംഗമത്തിൽ സംഗീത  ആരാധനാ വിരുന്നും, പ്രാർത്ഥനകൂട്ടായ്മയും ഉണ്ടായിരുന്നു. തികച്ചും വ്യക്തിപരമായ പാപ്പായുടെ സന്ദർശനത്തിൽ, അദ്ദേഹം യുവജനങ്ങളോട്, അവർ ഒരിക്കലും അപ്രവർത്തകരാകാതെ, കർമ്മനിരതരായിരിക്കണമെന്നു ഓർമ്മിപ്പിച്ചു. പ്രാർത്ഥനയിൽ ഒരിക്കലും മാന്ദ്യം വരുത്തരുതെന്നും, മറ്റുള്ളവരെ സഹായിക്കുവാൻ നാം ജാഗ്രതയോടെ നിലകൊള്ളണമെന്നും പാപ്പാ പറഞ്ഞു. അവസാനം പാപ്പാ അവർക്ക് തന്റെ അപ്പസ്തോലിക ആശീർവാദവും നൽകി.

തുടർന്ന് തന്റെ സന്ദർശനത്തിന്റെ അവസാനം തിരികെ നുൻഷ്യേചറിൽ എത്തിയ പാപ്പാ അത്താഴം കഴിച്ചു, വിശ്രമത്തിനായി പോയി.  

തന്റെ നാല്പത്തിയാറാമത് അപ്പസ്തോലിക യാത്ര സമാപിക്കുന്ന സെപ്റ്റംബർ മാസം ഇരുപത്തിയൊമ്പതാം തീയതി ഞായറാഴ്ച്ചയും, ഫ്രാൻസിസ് പാപ്പായുടെ പരിപാടികൾ പ്രഭാതത്തിൽ തന്നെ ആരംഭിച്ചു. രാവിലെ ഏകദേശം 8. 30 ഓടെ ഫ്രാൻസിസ് പാപ്പായെ  സന്ദർശിക്കുന്നതിനായി  യൂറോപ്യൻ കൗൺസിലിന്റെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ചാൾസ് മൈക്കേൽ നൂൻഷ്യേചറിൽ എത്തിച്ചേർന്നു. അദ്ദേഹവുമായി സ്വകാര്യകൂടിക്കാഴ്ച്ച നടത്തിയ പാപ്പാ തുടർന്ന്,  നൂൻഷ്യേചറിലെ അംഗങ്ങളോടും, അഭ്യുദയകാംക്ഷികളോടും നന്ദി പറഞ്ഞതിന് ശേഷം, പ്രാദേശിക സമയം ഏകദേശം ഒമ്പതുമണിയോടെ കിങ് ബൗദുയിൻ മൈതാനത്തിൽ വിശുദ്ധ കുർബാനയർപ്പണത്തിനായി എത്തിച്ചേർന്നു. മുപ്പത്തിയയ്യായിരത്തിനു മുകളിൽ വിശ്വാസികൾ പാപ്പായുടെ വരവിനു ഏറെ മണിക്കൂറുകൾക്കു മുൻപേ മൈതാനത്തിൽ ഒരുക്കിയിരുന്ന ഇരിപ്പടങ്ങളിൽ എത്തിച്ചേർന്നിരുന്നു. മൈതാനത്തിന്റെ ഒരു ഭാഗത്ത് വിവിധ മതങ്ങളെ പ്രതിനിധീകരിച്ച്, ഫ്രാൻസിസ് പാപ്പായുടെ സന്ദർശനത്തിന് തങ്ങളുടെ സൗഹൃദവും സാമീപ്യവും അറിയിക്കുന്നതിനായി എത്തിച്ചേർന്നവർക്കായി, പ്രത്യേക സ്ഥലവും സജ്ജീകരിച്ചിരുന്നു.

മൈതാനത്തിൽ എത്തിയ പാപ്പാ തന്റെ തുറന്ന വാഹനത്തിൽ വിശ്വാസികളെ അഭിവാദനം ചെയ്യുന്നതിനായി യാത്ര ചെയ്തു. തുടർന്ന് തിരുവസ്ത്രങ്ങൾ ധരിച്ച് വിശുദ്ധ ബലിയർപ്പണത്തിനായി തയാറാക്കിയിരുന്ന പ്രത്യേക സ്ഥലത്തു പാപ്പാ ഉപവിഷ്ടനായി. ബെൽജിയം രാജ്യത്തിൻറെ രാജഭരണാധികാരികളും, പ്രധാന അധികാരികളും വിശുദ്ധ കുർബാനയിൽ സന്നിഹിതരായിരുന്നു. ദൈവദാസിയായ അന്ന ഡി ഹെസൂസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിക്കൊണ്ടു നടത്തിയ തിരുക്കർമ്മങ്ങൾ ഫ്രഞ്ച് ഭാഷയിലാണ് അർപ്പിച്ചത്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷഭാഗമായിരുന്നു വിശുദ്ധ ബലിയിൽ വായിക്കപ്പെട്ടത്, തുടർന്ന് പരിശുദ്ധ പിതാവ് തന്റെ സന്ദേശം ആരംഭിച്ചു.

സുവിശേഷ പ്രസംഗത്തെ തുടർന്ന് പ്രഘോഷണ പ്രാർത്ഥനകൾ വിവിധ ഭാഷകളിൽ ചൊല്ലുകയും, വിശുദ്ധ കുർബാന തുടരുകയും ചെയ്തു. വിശുദ്ധ കുർബാനയുടെ അവസാനം മാലിനെസ്- ബ്രസൽസ് അതിരൂപതയുടെ അധ്യക്ഷൻ ആർച്ചുബിഷപ്പ് ലുക് റ്റെർലിങ്ടൺ ഫ്രാൻസിസ് പാപ്പായുടെ സന്ദർശനത്തിന് കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. അവസാനം പാപ്പാ തന്റെ സ്നേഹസമ്മാനമായി ഒരു കാസ നൽകുകയും ചെയ്തു.

ഫ്രാൻസിസ് പാപ്പായും,  തുടർന്ന്, തനിക്കു നൽകിയ ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞു. കുടിയേറ്റ ദിനത്തിൽ, അവരോടുള്ള തന്റെ അടുപ്പവും, സ്നേഹവും പാപ്പാ എടുത്തു പറയുകയും, അവർക്കു വേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. കുടിയേറ്റം, സാഹോദര്യത്തിൽ ഒരുമിച്ചു വസിക്കുവാനുള്ള അവസരമാണ് നമുക്ക് നൽകുന്നതെന്നും പാപ്പാ പറഞ്ഞു. തുടർന്ന് യുദ്ധത്തിൽ വിഷമതയനുഭവിക്കുന്ന വിവിധ രാജ്യങ്ങൾക്കു വേണ്ടിയും  പാപ്പാ പ്രാർത്ഥിക്കുകയും, സമാധാനം സംസ്ഥാപിക്കുന്നതിനു വേണ്ടി അപേക്ഷിക്കുകയും ചെയ്തു. താൻ റോമിൽ തിരികെ എത്തുന്ന മുറയ്ക്ക്, ബെൽജിയൻ രാജാവായിരുന്ന ബൌദുവീന്റെ നാമകരണപരിപാടികൾ ആരംഭിക്കുമെന്നും പാപ്പാ പറഞ്ഞു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിനു എല്ലാവരെയും സമർപ്പിച്ചുകൊണ്ട് മധ്യാഹ്ന പ്രാർത്ഥന ചൊല്ലിക്കൊണ്ട്, പാപ്പാ തന്റെ സമാപനാശീർവാദം നൽകി.

കർമ്മങ്ങൾക്ക് ശേഷം റോമിലേക്കു മടങ്ങുന്നതിനായി മേൽസ്‌ബ്രോക്കിലെ മിലിറ്ററി വിമാനത്താവളത്തിൽ എത്തിച്ചേരുകയും, അവസാന യാത്രയയപ്പു ചടങ്ങുകൾക്ക് ശേഷം, റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിലേക്ക് തിരിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 September 2024, 13:45