ബെൽജിയത്തുനിന്നും മടങ്ങും വഴി ഫ്രാൻസിസ് പാപ്പാ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു ബെൽജിയത്തുനിന്നും മടങ്ങും വഴി ഫ്രാൻസിസ് പാപ്പാ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു   (ANSA)

സഭയിൽ ബാലദുരുപയോഗം അംഗീകരിക്കാനാവില്ല: ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് പാപ്പാ തന്റെ നാല്പത്തിയാറാമത് അപ്പസ്തോലിക യാത്രാവേളയിൽ, ബെൽജിയത്തിൽ നടത്തിയ പ്രഭാഷണത്തിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന തിന്മ സഭയ്ക്ക് ഒരിക്കലും ന്യായീകരിക്കാനാവില്ല എന്ന് അർത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചു

അന്ദ്രെയ തോർണിയെല്ലി , ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ബെൽജിയൻ രാജകൊട്ടാരത്തിൽ നടത്തിയ പ്രഭാഷണത്തിലും, തുടർന്ന് വിമാനത്തിൽ  മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലും, ഫ്രാൻസിസ് പാപ്പാ ഒരിക്കൽ കൂടി കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സാമൂഹ്യതിന്മയെ എടുത്തു പറയുകയും, സഭയിൽ ഇത്തരം അനീതികളെ വച്ചുപൊറുപ്പിക്കാനാവില്ല എന്ന കാര്യം അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ബെൽജിയത്തെ കത്തോലിക്കാ സഭയെയും, അധികാരശ്രേണിയെയും പിടിച്ചുകുലുക്കിയ വിവിധ ദുരുപയോഗകേസുകളിൽ, ഓരോന്നും ഏറെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണമെന്നു പറഞ്ഞ പാപ്പാ, നിഷ്കളങ്കരക്തം ചിന്തിയെ ഹേറോദേസിനോടാണ് ദുരുപയോഗം ചെയ്തവരെ ഉപമിച്ചത്. ഇതിനു മുൻപും ഇതേ ഉപമ, 2019 ഫെബ്രുവരി മാസം  ദുരുപയോഗത്തെക്കുറിച്ചുള്ള ഉച്ചകോടിയുടെ സമാപനത്തിലും പാപ്പാ ഉപയോഗിച്ചിരുന്നുവെന്നതും, ഈ തിന്മയുടെ ഗൗരവം എടുത്തു കാണിക്കുന്നു.

ബ്രസ്സൽസിലെ അപ്പസ്തോലിക നൂൺഷിയോയുടെ ഭവനത്തിൽ വച്ച്,  ഫ്രാൻസിസ് പാപ്പാ  ദുരുപയോഗത്തിനു ഇരകളായ ഏതാനും ആളുകളെ  സന്ദർശിക്കുകയും, അവരെ ശ്രവിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള യഥാർത്ഥ ദുരുപയോഗ കേസുകൾ മറച്ചുവയ്ക്കുവാൻ സഭയിൽ ഒരു സ്ഥാനവും ആർക്കുമില്ലെന്നതും പാപ്പാ വെളിപ്പെടുത്തി. ഇത്തരം കേസുകൾ  മറച്ചുവയ്ക്കാതെ ധൈര്യപൂർവം തെളിയിക്കുവാനും, വെളിച്ചത്തു കൊണ്ടുവരുവാനും ഇരകൾക്കു സാധിക്കണമെന്നും പാപ്പാ പറഞ്ഞു. സാധാരണക്കാരെന്നോ, പുരോഹിതനെന്നോ, മെത്രാനെന്നോ വ്യത്യാസമില്ലാതെ ഉപദ്രവിക്കുന്നയാളെ വിചാരണയ്ക്ക് വിധേയമാക്കേണ്ടതാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

കുടുംബത്തിലും സ്കൂളിലും കായിക ലോകത്തും ഏറ്റവും കൂടുതൽ പീഡനങ്ങൾ നടക്കുന്നതായി കണക്കുകൾ ഉദ്ധരിച്ച് പാപ്പാ മാധ്യമപ്രവർത്തകരോട് വിവരിച്ചു. എന്നാൽ സഭയിൽ നടക്കുന്ന ഒരു പീഡനമാണെങ്കിൽ പോലും, അതിന്റെ ഗൗരവം വലുതാണെന്നും, അതിനു യാതൊരു ന്യായീകരണവും വിലപ്പോകില്ലെന്നും പാപ്പാ പറഞ്ഞു. കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽ ഈ പ്രതിഭാസത്തിനെതിരെ വളരെ കർശനമായ അടിയന്തരാവസ്ഥാ നിയമങ്ങളിലേക്ക് നയിച്ച ഒരു പാതയാണ് സഭ സ്വീകരിച്ചതെന്നത് എല്ലാവരും അംഗീകരിക്കുന്ന സത്യമാണെന്നും പാപ്പാ പറഞ്ഞു. തങ്ങളുടെ മക്കളെ വിശ്വാസത്തിൽ വിദ്യാഭ്യാസം നേടുന്നതിനായി, അവർ സുരക്ഷിതരാണെന്ന് വിശ്വസിച്ചുകൊണ്ട്, ഏൽപ്പിച്ച കുടുംബങ്ങൾ, ആത്മാവിലും ഹൃദയത്തിലും മാരകമായി മുറിവേറ്റ് മടങ്ങുന്നത് ഏറെ ഭയാനകമാണെന്നും പാപ്പാ പറഞ്ഞു. ദുരുപയോഗം, 'ആത്മാവിനെ കൊലപ്പെടുത്തുന്ന കുറ്റകൃത്യമെന്നാണ്' പാപ്പാ വിശേഷിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 September 2024, 14:19