തിരയുക

ഫ്രാൻസിസ് പാപ്പാ ഇന്തോനേഷ്യയിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിനിടെ ഫ്രാൻസിസ് പാപ്പാ ഇന്തോനേഷ്യയിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിനിടെ  (ANSA)

വിശ്വാസവും സാഹോദര്യവും കാരുണ്യവും ജീവിച്ച് സാക്ഷ്യമേകുക: ഫ്രാൻസിസ് പാപ്പാ

ഇൻഡോനേഷ്യയിലെ സഭാനേതൃത്വത്തിനും, സമർപ്പിതർക്കും മതാദ്ധ്യാപകർക്കും മറ്റു വിശ്വാസികൾക്കും, സ്വർഗ്ഗാരോപിതമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രലിൽ കൂടിക്കാഴ്ച അനുവദിച്ച പാപ്പാ, രാജ്യത്തേക്കുള്ള തന്റെ അപ്പസ്തോലികയാത്രയുടെ പ്രമേയത്തിലെ, വിശ്വാസം, സാഹോദര്യം, കാരുണ്യം എന്നീ പുണ്യങ്ങൾ പാലിച്ചു ജീവിക്കാനും, ക്രൈസ്തവസാക്ഷ്യമേകാനും ഏവരെയും ക്ഷണിച്ചു. പ്രപഞ്ചത്തിലും ജീവിതത്തിലും ദൈവസാന്നിദ്ധ്യം തിരിച്ചറിഞ്ഞ് ജീവിക്കുക.
ശബ്ദരേഖ - വിശ്വാസവും സാഹോദര്യവും കാരുണ്യവും ജീവിച്ച് സാക്ഷ്യമേകുക: ഫ്രാൻസിസ് പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജാക്കർത്തായിലെ സ്വർഗ്ഗാരോപിതമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രലിൽ, മെത്രാന്മാരുടെയും സമർപ്പിതരുടെയും, മതാദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിൽവച്ച് നടത്തിയ പ്രഭാഷണത്തിൽ ഫ്രാൻസിസ് പാപ്പാ, മതാധ്യാപകരുടെ പ്രാധാന്യം എടുത്തുപറഞ്ഞു. സഭയുടെ മുൻപന്തിയിൽ, പുരോഹിതർക്കും സമർപ്പിതർക്കും മുന്നിലാണ് മതാദ്ധ്യാപകർ നിൽക്കുന്നതെന്ന് പാപ്പാ പറഞ്ഞു. സഭയിൽ വിവിധ വിളികളുണ്ടെങ്കിലും നാമെല്ലാവരും സഹോദരങ്ങളാണെന്ന കാര്യം പാപ്പാ തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. തനിക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ട സാക്ഷ്യങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

ഇന്തോനേഷ്യയിലേക്കുള്ള തന്റെ അപ്പസ്തോലികയാത്രയുടെ പ്രമേയത്തിലെ വിശ്വാസം സാഹോദര്യം, കാരുണ്യം എന്നീ പുണ്യങ്ങളെക്കുറിച്ച് പരിശുദ്ധപിതാവ് വിചിന്തനം നടത്തി. ഈ മൂന്ന് ആശയങ്ങളും ഇന്തോനേഷ്യയിലെ സഭയുടെയും ഇന്തോനേഷ്യൻ ജനതയുടെയും പ്രത്യേകതകളിലേക്ക് നമ്മുടെ ചിന്തകളെ നയിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. ഏറെ വൈവിധ്യമാർന്ന ജനതകളും സംസ്കാരങ്ങളുമാണ് ഇവിടെ നിലനിൽക്കുന്നതെന്ന് പറഞ്ഞ പാപ്പാ, എന്നാൽ ഐക്യത്തിലേക്കും, സഹവാസത്തിലേക്കുമുള്ള ഒരു വിളിയും ആഗ്രഹവും നിങ്ങളിൽ അന്തർലീനമായിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ചു.

വിശ്വാസവും പ്രപഞ്ചവും

വിശ്വാസത്തെ അധികരിച്ചാണ് പാപ്പാ തന്റെ പ്രഭാഷണത്തിന്റെ ആദ്യഭാഗത്ത് സംസാരിച്ചത്. വിശ്വാസവുമായി ബന്ധപ്പെട്ടു സംസാരിച്ച പാപ്പാ, ഇന്തോനേഷ്യയുടെ സമൃദ്ധമായ പ്രകൃതിസമ്പത്തും, വൈവിധ്യവും, ഈ പ്രപഞ്ചത്തിലും നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയാനുള്ള ഒരു അവസരമായി കാണണമെന്ന് ഓർമ്മിപ്പിച്ചു. പ്രപഞ്ചം മുഴുവനും, ഇന്തോനേഷ്യൻ മണ്ണിന്റെ ഓരോ തരിയും, ഇവിടുത്തെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതവും ഒക്കെ ദൈവത്തിന്റെ ദാനമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പിതാവിന്റെ സ്നേഹമാണ് നാം ഇതിൽ കാണുന്നത്. പാപ്പായുടെ പ്രഭാഷണത്തിന് മുൻപ് ആഗ്നസ് എന്ന മതാദ്ധ്യാപിക പറഞ്ഞ സാക്ഷ്യത്തിൽ, ഏവരെയും സൃഷ്ടിലോകവുമായും പരസ്പരവുമുള്ള ബന്ധത്തിന് ക്ഷണിച്ചത് പാപ്പാ പ്രത്യേകം പരാമർശിച്ചു.

സഹോദര്യമെന്ന മൂല്യം

സാഹോദര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു പാപ്പായുടെ പ്രഭാഷണത്തിൽ രണ്ടാമത്തെ ചിന്ത. ഇരുപതാം നൂറ്റാണ്ടിലെ ഒരു കവി സഹോദര്യത്തെക്കുറിച്ചു പ്രതിപാദിച്ചുകൊണ്ട്, സഹോദരീസഹോദരന്മാരായിരിക്കുക എന്നാൽ ജലത്തിന്റെ രണ്ടു തുള്ളികൾ എന്ന വ്യത്യാസമാണ് നമ്മൾ തമ്മിലുള്ളത് എന്ന് തിരിച്ചറിയുന്നതാണെന്ന് എഴുതിയത്, പാപ്പാ ആവർത്തിച്ചു. ഇന്തോനേഷ്യൻ സംസ്കാരത്തിലും പ്രത്യേകിച്ച് സഭയിലും സാഹോദര്യത്തിന്റെ മൂല്യത്തിനുള്ള പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, സാഹോദര്യം ജീവിക്കുകയെന്നാൽ, മറ്റുള്ളവരെ, അവരുടെ വ്യത്യസ്തതയിലും, നമ്മോട് തുല്യരായി വിലകല്പിക്കുകയും, അവരോട് തുറന്ന മനസ്സോടെ പ്രവർത്തിക്കുകയും, അവരെ സ്വാഗതം ചെയ്‌തുകൊണ്ട്‌ ജീവിക്കുകയുമാണെന്ന് ഉദ്‌ബോധിപ്പിച്ചു.

പാപ്പായുടെ പ്രഭാഷണത്തിന് മുൻപ് സാക്ഷ്യം നൽകിയ റീന എന്ന സന്ന്യസ്തസഹോദരി ഏവരിലേക്കും എത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ വാക്കുകളെ പരാമർശിച്ച പാപ്പാ, സുവിശേഷം മാത്രമല്ല, സഭയുടെ മറ്റു ഉദ്ബോധനങ്ങളും ഇന്തോനേഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. മറ്റുള്ളവരുമായി ബന്ധത്തിന്റെ പാലങ്ങൾ പണിയുക എന്ന അർത്ഥത്തിൽ തന്റെ പ്രവർത്തനങ്ങളെ വിശേഷിപ്പിച്ച നിക്കോളാസ് എന്ന മതാദ്ധ്യാപകന്റെ സാക്ഷ്യവും പാപ്പാ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. ഇതു മതിലുകളെ തരണം ചെയ്‌ത്‌, വൈവിധ്യങ്ങളെ ആശ്ലേഷിക്കുന്നതിനുള്ള വഴിയാണ്.

പരസ്പരം അടുപ്പിക്കുന്ന കാരുണ്യം

സാഹോദര്യവും കാരുണ്യവും തമ്മിലുള്ള അടുപ്പമാണ് തന്റെ പ്രഭാഷണത്തിൽ മൂന്നാമത്തെ പ്രധാന ചിന്തയായി പാപ്പാ അവതരിപ്പിച്ചത്. കാരുണ്യം എന്നാൽ ദാനധർമ്മം എന്ന അർത്ഥം മാത്രമല്ല നാമുദ്ദേശിക്കേണ്ടതെന്നും, അത്, നമ്മെ മറ്റുള്ളവരിലേക്ക് ചേർത്തുനിറുത്തുന്ന ചിന്തയും, സ്വാതന്ത്രത്തിനും നീതിക്കുമായുള്ള മറ്റുള്ളവരുടെ സ്വപ്നങ്ങളെ ആശ്ലേഷിക്കുന്നതാണെന്നും പാപ്പാ പറഞ്ഞു. കാരുണ്യം എന്നാൽ ശക്തിയില്ലായ്മയെന്നല്ല അർത്ഥം. ഇത് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ മറയ്ക്കുന്ന ഒന്നല്ല, മറിച്ച് വസ്തുതകളെ സ്നേഹത്തിന്റെ പ്രകാശത്തിൽ മെച്ചപ്പെട്ട രീതിയിൽ കാണാൻ സഹായിക്കുന്ന ഒന്നാണ്.

വിശ്വാസത്തിന് മാതൃകയായ പരിശുദ്ധ അമ്മ

കത്തീഡ്രലിന്റെ പ്രവേശനകവാടത്തിന് മുകളിലുള്ള പരിശുദ്ധ അമ്മയുടെ രൂപത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, പരിശുദ്ധ അമ്മ വിശ്വാസത്തിന്റെ ഒരു മാതൃകയാണെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. അമ്മ സാഹോദര്യത്തിന്റെ മാതൃകകൂടിയാണെന്നും, കവാടത്തിങ്കലായിരുന്നുകൊണ്ട്,  പിതൃഭവനത്തിലേക്കെത്തുന്ന ദൈവജനത്തെ സംരക്ഷിക്കുകയും സ്വാഗതം ചെയ്യുകയുമാണ് പരിശുദ്ധ അമ്മയെന്ന് പാപ്പാ പറഞ്ഞു.

വിശ്വാസത്തിനും, ക്രിസ്തുവിന്റെ തിരുവുത്ഥാനത്തിനും സാക്ഷ്യമേകുവാൻ ഏവരെയും ആഹ്വാനം ചെയ്‌തും, വിശ്വാസത്തിൽ കരുത്തരായി, സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങൾ പാലിച്ചുകൊണ്ട് ജീവിക്കുവാനും ഏവരെയും ക്ഷണിച്ചും, തനിക്കായി പ്രാർത്ഥനകൾ അഭ്യർത്ഥിച്ചുമാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 September 2024, 15:40