സുവിശേഷമൂല്യങ്ങളും സാഹോദര്യവും ഐക്യവും ജീവിക്കാൻ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലക്സംബർഗിലെ രാജാവും പ്രധാനമന്ത്രിയും സാമൂഹ്യ, രാഷ്ട്രീയ, നയതന്ത്ര വിഭാഗങ്ങളിലുള്ള വ്യക്തികളും ഉൾപ്പെട്ട സദസ്സിൽ, തനിക്ക് നൽകപ്പെട്ട സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ വിവിധ ഭാഷാ, സംസ്കാരങ്ങളുടെ അതിർവരമ്പായി നിൽക്കുന്ന ലക്സംബർഗ്, യൂറോപ്പുമായി ബന്ധപ്പെട്ട ചരിത്രപരമായ പല സംഭവങ്ങളുടെയും സംഗമവേദിയായി മാറിയിട്ടുണ്ടെന്നും, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, രണ്ടു വട്ടം കൈയേറ്റത്തിന്റെയും, പിടിച്ചടക്കലിന്റെയും, സ്വാതന്ത്ര്യത്തിന്റെയും അനുഭവങ്ങളിലൂടെയും ഈ രാജ്യം കടന്നുപോയിട്ടുണ്ടെന്നും പാപ്പാ അനുസ്മരിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ചരിത്രത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ഒരുമയും ഐക്യവുമുള്ള, ഓരോ രാജ്യങ്ങൾക്കും തങ്ങളുടേതായ ചുമതലയുള്ള, ഒരു യൂറോപ്പിനെ പണിതുയർത്തുന്നതിൽ ലക്സംബർഗ് തന്റേതായ പങ്കുവഹിച്ചിട്ടുണ്ട്.
സംഘട്ടനങ്ങളുടെയും അക്രമാസക്തമായ എതിർപ്പുകളുടെയും യുക്തി പ്രബലമാകുമ്പോൾ, അതിർത്തിപ്രദേശങ്ങളിലുള്ള ഇടങ്ങളിൽ അവ കൂടുതലായി അനുഭവപ്പെടാറുണ്ട്. എന്നാൽ ഇങ്ങനെയുള്ള ഇടങ്ങൾ വീണ്ടും വിവേകപൂർണ്ണമായ വഴികൾ കണ്ടെത്തുകയും സഹകരണമനോഭാവത്തിലേക്ക് കടന്നുവരികയും ചെയ്യുമ്പോൾ സമാധാനത്തിന്റെ ഒരു പുതുയുഗം ജീവിക്കാൻ ഏറ്റവും യോജ്യമായ സ്ഥലങ്ങളായി മാറും.
യൂറോപ്യൻ യൂണിയന്റെ സ്ഥാപകരാജ്യങ്ങളിൽ ഒന്നായ ലക്സംബർഗിന്റെ കാര്യത്തിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ലെന്നും, യൂറോപ്യൻ യൂണിയന്റെ നീതിന്യായകോടതി, നിക്ഷേപബാങ്ക് തുടങ്ങി, നിരവധി യൂറോപ്യൻ പ്രസ്ഥാനങ്ങളുടെ കേന്ദ്രമായി ഇത് മാറിയിട്ടുണ്ടെന്നും പാപ്പാ എടുത്തുപറഞ്ഞു.
മനുഷ്യാന്തസ്സിന് പ്രാധാന്യം കൊടുക്കുകയും അവന്റെ അടിസ്ഥാനസ്വാതന്ത്രത്തെ ഉറപ്പാക്കുകയും ചെയ്യുന്ന ഈ രാജ്യത്തിൻറെ ശക്തമായ ജനാധിപത്യപ്രസ്ഥാനം, ഇത്തരമൊരു സുപ്രധാനമായ ഉത്തരവാദിത്വത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ഒരു രാജ്യത്തിന്റെ വിസ്തൃതിയോ അവിടുത്തെ ജനസംഖ്യയോ അല്ല, ആ രാജ്യം അന്താരാഷ്ട്രതലത്തിൽ പ്രധാനപ്പെട്ട പങ്കുവഹിക്കാനോ, സാമ്പത്തികരംഗത്തിന്റെ കേന്ദ്രമായി മാറാനോ ഉള്ള യോഗ്യത. മറിച്ച്, അവഗണനയും വിവേചനവും ഒഴിവാക്കി, വ്യക്തിയെയും, പൊതുനന്മയെയും പ്രധാനപ്പെട്ടതായി കണ്ടുകൊണ്ട് തുല്യതയുടെയും നിയമവാഴ്ചയുടെയും അടിസ്ഥാനത്തിൽ അവരുടെ ജീവിതങ്ങളെ നിയന്ത്രിക്കുന്ന വിവേകപൂർവ്വമുള്ള നിയമങ്ങളും സംഘടനാസ്ഥാപനങ്ങളും നിർമ്മിക്കുന്നതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വിവിധ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഇടവും, സംസ്കാരങ്ങളുടെ സംഗമവേദിയുമായി നിൽക്കാനുള്ള വിളിയോട് സത്യസന്ധത പുലർത്താൻ നിങ്ങളുടെ രാജ്യത്തിനാകട്ടെ എന്നും, ഐക്യത്തിനായുള്ള ഈ ആഗ്രഹം കൂടുതൽ സമൂഹങ്ങളെ ഒരുമിച്ച് നിറുത്തട്ടെയെന്നും, ഇത്, ലോകത്തിലെ പാവപ്പെട്ട രാജ്യങ്ങൾ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലേക്കും പടരട്ടെയെന്നും 1985 മെയ് 15-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ലക്സംബർഗിൽ പറഞ്ഞ വാക്കുകൾ ഫ്രാൻസിസ് പാപ്പാ ആവർത്തിച്ചു. ഏവരും ഒരു സുസ്ഥിരപുരോഗതിയുടെ സൃഷ്ടാക്കളും പങ്കുകാരുമാകാൻവേണ്ടി, ജനതകൾ തമ്മിലുള്ള ശക്തമായ ബന്ധം വളർന്നുവരട്ടെയെന്ന ആശംസ താൻ അവർത്തിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.
ഇത്തരമൊരു പുരോഗതി പ്രാപിക്കാൻ വേണ്ട മാർഗ്ഗങ്ങൾ സഭയുടെ സാമൂഹ്യശാസ്ത്രപരമായ പ്രമാണങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ഈയൊരു ഉദ്ബോധനത്തിൽ, സൃഷ്ടിയുടെ പരിപാലനം, സാഹോദര്യം എന്നീ ചിന്തകൾ ചേർത്തുകൊണ്ട് താനും പങ്കുചേർന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വികസനം ആധികാരികവും പൂർണ്ണവുമാകണമെങ്കിൽ, നമ്മുടെ പൊതുഭവനമായ ഭൂമിയെ കൊള്ളയടിക്കുകയോ തകർക്കുകയോ, ഏതെങ്കിലും ജനതകളെയോ സമൂഹങ്ങളെയോ ഉപേക്ഷിക്കുകയോ ചെയ്യരുതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. സമ്പത്ത് ഒരു ഉത്തരവാദിത്വമാണെന്ന് മറക്കരുതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അതുകൊണ്ടുതന്നെ, പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളെ അവഗണിക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണമെന്നും, അവരെ ദാരിദ്ര്യാവസ്ഥയിൽനിന്ന് കരകയറാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതവും അപകടകരവുമായ സാഹചര്യങ്ങളിൽ കുടിയേറാൻ നിർബന്ധിതരാകുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള മെച്ചപ്പെട്ട മാർഗ്ഗമാണിത്. രാജ്യത്തിന്റെ ജനസംഖ്യയിൽ പകുതിയോടടുത്ത് ആളുകൾ യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽനിന്നും, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നും ഉള്ള ലക്സംബർഗ്, അതിന്റെ ചരിത്രവും ഭൂമിശാസ്ത്രപരമായ സ്ഥാനവും കണക്കിലെടുത്ത്, കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്നും സമൂഹത്തിൽ ഇഴചേർക്കേണ്ടതെന്നും സൂചിപ്പിക്കാനുള്ള ഉദാഹരണമായി മാറട്ടെയെന്ന് പാപ്പാ ആശംസിച്ചു.
യൂറോപ്യൻ ഭൂഖണ്ഡത്തിലും, വിഭജനങ്ങളും ശത്രുതാമനോഭാവവും, സന്മനസ്സും, പരസ്പരസംവാദങ്ങളും നയതന്ത്രപ്രവർത്തനങ്ങളും വഴി പരിഹരിക്കേണ്ടതിനുപകരം, തുറന്ന ശത്രുതയോടെ നാശവും മരണവും വിതയ്ക്കുന്നത് നമുക്ക് കാണാനാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മനുഷ്യർക്ക് തങ്ങളുടെ ഓർമ്മകൾ കാത്തുസൂക്ഷിക്കാനുള്ള കഴിവില്ലെന്നും, അതുകൊണ്ടുതന്നെ യുദ്ധങ്ങളുടെ പരിതാപകരമായ വഴികളിലൂടെ അവർ വീണ്ടും സഞ്ചരിക്കുന്നതായി തോന്നുന്നുവെന്നും പാപ്പാ അപലപിച്ചു. മനുഷ്യർ വലിയ വില കൊടുക്കേണ്ടിവരുന്നതും രാജ്യങ്ങളെ പതനത്തിലേക്ക് നയിക്കുന്നതുമായ ഇത്തരം രോഗത്തെ മാറ്റാൻ, നാം ഉന്നതങ്ങളിലേക്ക് നോക്കണമെന്നും, ഇന്നത്തെ മാനവികതയുടെ വളർന്ന സാങ്കേതികശക്തിയുടെ കൂടെ വെളിച്ചത്തിൽ, പഴയകാലത്തെ തെറ്റുകളിലേക്ക് തിരികെപ്പോകാതിരിക്കാൻവേണ്ടി, ജനതകളുടെയും, ഭരണകർത്താക്കളുടെയും അനുദിനജീവിതം ആഴമേറിയ അദ്ധ്യാത്മികമൂല്യങ്ങളാൽ നയിക്കപ്പെടുന്നതുമാകണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
പത്രോസിന്റെ പിൻഗാമി എന്ന നിലയിലും മാനവികതയെക്കുറിച്ച് നന്നായി അറിയാവുന്ന സഭയുടെ നാമത്തിലും, പോൾ ആറാമൻ പാപ്പായെപ്പോലെ, വ്യക്തിപരവും സാമൂഹികവുമായ നവീകരണത്തിനുള്ള ജീവരസം സുവിശേഷമാണെന്ന് സാക്ഷ്യപ്പെടുത്താൻ കൂടിയാണ് താൻ ഇവിടെയെത്തിയതെന്ന് പാപ്പാ പ്രസ്താവിച്ചു. ബുദ്ധിമുട്ടേറിയ ഇടങ്ങളിലും നന്മ ചെയ്യാനും, വിരോധം അവസാനിപ്പിച്ച് ഭിന്നതയിലായിരിക്കുന്നവരെ അനുരഞ്ജനപ്പെടുത്താനും സാധിക്കുന്ന വിധത്തിൽ മനുഷ്യഹൃദയത്തെ മാറ്റാൻ യേശുക്രിസ്തുവിന്റെ സുവിശേഷത്തിനാകും. ദൈവവും മനുഷ്യനും തമ്മിലുള്ള അനുരഞ്ജനം തന്നിലൂടെ സാധ്യമാക്കിയവനും, മനുഷ്യന്റെ ഹൃദയം അറിയുന്നവനും ആയതുകൊണ്ട് മുറിവുകളെ സുഖപ്പെടുത്താനാകുന്ന, യേശുവിന്റെ സുവിശേഷം പൂർണ്ണമായ സ്വാതന്ത്ര്യത്തോടെ എല്ലാ സ്ത്രീപുരുഷന്മാരും മനസ്സിലാക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.
യുദ്ധഭീകരതയുടെ മുന്നിൽ സമാധാനത്തിന്റെയും, മനുഷ്യരെ വേർതിരിച്ചുകാണുന്നതിന് പകരം, കുടിയേറ്റക്കാരെ സമൂഹത്തിൽ ഒരുമിച്ച് ചേർക്കുന്നതിന്റെയും, സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിനേക്കാൾ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിലെ നന്മയുടെയും മെച്ചം ലോകത്തിന് മുൻപിൽ കാണിച്ചുകൊടുക്കാൻ ലക്സംബർഗിന് സാധിക്കുമെന്ന് പാപ്പാ പറഞ്ഞു. കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്കും പാപ്പാ ശ്രദ്ധ ക്ഷണിച്ചു.
ഏവർക്കും സുരക്ഷിതത്വവും സമാധാനവും ഉറപ്പാക്കാൻ വേണ്ടി സഹായിക്കുന്ന രീതിയിൽ, ഭിന്നതകൾക്ക് പരിഹാരം കാണാനായുള്ള ശ്രമങ്ങളും ചർച്ചകളും നടത്താൻ അധികാരശ്രേണിയിലുള്ളവർ മുന്നോട്ടുവരേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു.
"ശുശ്രൂഷ ചെയ്യാൻ" എന്ന മുദ്രാവാക്യവുമായാണ് താൻ ലക്സംബർഗിലേക്കുള്ള അപ്പസ്തോലികയാത്ര നടത്തിയതെന്ന് പറഞ്ഞ പാപ്പാ, ഇതിന്, പിതാവിനാൽ അയക്കപ്പെട്ട് സ്വയം ശുശ്രൂഷകനായി മാറിയ യേശുവിനാൽ അയക്കപ്പെട്ട സഭയുടെ ലക്ഷ്യവുമായാണ് ബന്ധമുള്ളതെന്ന് ഓർമ്മിപ്പിച്ചു. സേവനം ചെയ്യുക എന്നത് ഉന്നതമായ ഒരു കാര്യമാണെന്ന് പറഞ്ഞ പാപ്പാ, നാം അനുദിനം സ്വീകരിക്കേണ്ട ശൈലി ഇതാകട്ടെയെന്ന് ആശംസിച്ചു. വിശ്വാസമുള്ളവർ, സഹോദരങ്ങൾക്കും, രാഷ്ട്രത്തിനും, സമൂഹത്തിനും വേണ്ടി പ്രവർത്തിക്കട്ടെയെന്നും, പൊതുനന്മയ്ക്കായുള്ള മാർഗ്ഗമാണിതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ദൈവമാതാവും പീഡിതരുടെ ആശ്വാസവും, ലക്സംബർഗിന്റെ പ്രത്യേക മധ്യസ്ഥയുമായ ക്രിസ്തുവിന്റെ മാതാവ് രാജ്യത്തെ സംരക്ഷിക്കുകയും, സമാധാനവും എല്ലാ നന്മയും യേശുവിൽനിന്ന് വാങ്ങിത്തരികയും ചെയ്യട്ടെയെന്ന ആശംസയോടെയാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: