തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ  (Vatican Media)

ലെബനോനെതിരെ നടന്ന ആക്രമണത്തിൽ അപലപിച്ച് ഫ്രാൻസിസ് പാപ്പാ

ലെബാനോനെതിരെ നടന്ന ആക്രമണത്തിൽ കഴിഞ്ഞ ദിവസം നിരവധി ജീവനുകൾ പൊലിഞ്ഞ സംഭവത്തിൽ ദുഃഖമറിയിച്ച് ഫ്രാൻസിസ് പാപ്പാ. ഈ പ്രദേശങ്ങളിൽ യുദ്ധതീവ്രത വർദ്ധിക്കുന്നതിന് തടയിടാൻ അന്താരാഷ്ട്രസമൂഹം മുന്നോട്ട് വരണമെന്ന് പാപ്പായുടെ ആഹ്വാനം. ഉക്രൈൻ, മ്യാന്മാർ, പാലസ്തീന, ഇസ്രായേൽ, സുഡാൻ തുടങ്ങിയ രാജ്യങ്ങൾ നേരിടുന്ന ദുരിതങ്ങളെയും ബുധനാഴ്ച അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ പാപ്പാ പരാമർശിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ ദിവസങ്ങളിൽ ലെബനോനിൽ ഉണ്ടായ ആക്രമങ്ങളെക്കുറിച്ചുള്ള വാർത്തകളിൽ താൻ ദുഃഖിതനാണെന്ന് ഫ്രാൻസിസ് പാപ്പാ. നിരവധി ജീവനുകളാണ് ഈ ദിവസങ്ങളിൽ ലെബനോനിൽ പൊലിഞ്ഞതെന്നും, മറ്റു നിരവധി പേർ ഇതിൽ ഇരകളായിട്ടുണ്ടെന്നും, ഒരുപാട് നാശനഷ്ടങ്ങൾ വിതയ്ക്കാൻ ഈ ആക്രമണങ്ങൾ കാരണമായെന്നും പാപ്പാ അനുസ്മരിച്ചു. സെപ്റ്റംബർ 25 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പതിവുപോലെ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കവെയാണ് നിരവധി ജീവനുകളെടുത്തുകൊണ്ടിരിക്കുന്ന സായുധസംഘർഷങ്ങളിലേക്കും യുദ്ധങ്ങളിലേക്കും പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.

മധ്യപൂർവ്വദേശങ്ങളിൽ അതിതീവ്രമായിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങൾക്ക് അവസാനം വരുത്തുവാൻ അന്താരാഷ്ട്രസമൂഹം എല്ലാ പരിശ്രമങ്ങളും നടത്തണമെന്ന് പാപ്പാ അഭ്യർത്ഥന നടത്തി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ പാപ്പാ, കഴിഞ്ഞ ഏതാനും നാളുകളായി ഒരുപാട് സഹനങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ലെബനോൻ ജനതയ്ക്ക് തന്റെ സാമീപ്യം ഉറപ്പുനൽകി.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ യുദ്ധങ്ങൾ മൂലം ബുദ്ധിമുട്ടുന്ന എല്ലാ ജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ, വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്നവരോട് ആഹ്വാനം ചെയ്‌തു. കടുത്ത യാതനയനുഭവിക്കുന്ന ഉക്രൈനെയും, മ്യാന്മാർ, പാലസ്തീന, ഇസ്രായേൽ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ സഹനങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ ജനതകളെയും മറക്കാതിരിക്കാമെന്ന് പാപ്പാ പറഞ്ഞു. സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്‌തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 September 2024, 17:04