തിരയുക

 ഫ്രാൻസിസ് പാപ്പാ: ദിലിയിലെ കൺവെൻഷൻ സെന്ററിൽനിന്നുള്ള ഒരു ദൃശ്യം ഫ്രാൻസിസ് പാപ്പാ: ദിലിയിലെ കൺവെൻഷൻ സെന്ററിൽനിന്നുള്ള ഒരു ദൃശ്യം 

തിന്മയിൽനിന്നകന്ന് സഹോദര്യവും മൂല്യങ്ങളും ജീവിക്കുക: യുവജനതയോട് ഫ്രാൻസിസ് പാപ്പാ

കിഴക്കൻ തിമോറിൽ ദിലിയിലെ കൺവെൻഷൻ സെന്ററിൽ യുവജനങ്ങൾക്ക് അനുവദിച്ച കൂടിക്കാഴ്ച്ചവേളയിൽ ഫ്രാൻസിസ് പാപ്പാ നൽകിയ പ്രഭാഷണത്തിന്റെ സംഗ്രഹം.
ശബ്ദരേഖ - തിന്മയിൽനിന്നകന്ന് സഹോദര്യവും മൂല്യങ്ങളും ജീവിക്കുക: യുവജനതയോട് ഫ്രാൻസിസ് പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുവജനങ്ങൾ എന്താണ് ചെയ്യുന്നത് എന്ന ചോദ്യത്തോടെയാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. ക്രിസ്തുവിനെ പ്രഘോഷിക്കുന്നു, ദൈവവചനം പ്രഘോഷിക്കുന്നു, പരസ്പരം സ്നേഹിക്കുന്നു എന്നിങ്ങനെയുള്ള ഉത്തരങ്ങളാണ് പാപ്പായുടെ ചോദ്യത്തിന് മറുപടിയായി യുവജനങ്ങൾ നൽകിയത്. യുവജനങ്ങൾക്ക് സ്നേഹിക്കാൻ വലിയ കഴിവുണ്ടെന്ന് എടുത്തുപറഞ്ഞ പാപ്പാ വീണ്ടും, തന്റെ ചോദ്യം ആവർത്തിച്ചു. തങ്ങളുടെ രാജ്യത്ത് സമാധാനം സ്ഥാപിക്കാൻ ശ്രമിക്കണമെന്നായിരുന്നു മറ്റൊരു യുവാവിന്റെ ഉത്തരം. ഇവയൊക്കെയും നല്ല ഉത്തരങ്ങളാണെന്ന് അംഗീകരിച്ച പാപ്പാ പക്ഷെ, വിവിധ ദേശക്കാരും, വിവിധ മതക്കാരുമായ യുവജനങ്ങൾ ചെയ്യുന്നത് എന്താണെന്ന് യുവജനങ്ങളെ ഓർമ്മിപ്പിച്ചു. ചെറുപ്പക്കാർ ബഹളമുണ്ടാക്കുന്നു എന്നതായിരുന്നു ഉത്തരം.

തനിക്ക് നൽകിയ സ്വീകരണത്തിനും, യുവജനങ്ങളുടെ സാക്ഷ്യത്തിനും, ചോദ്യങ്ങൾക്കും അവരുടെ നൃത്തചുവടുകൾക്കും പാപ്പാ നന്ദി പറഞ്ഞു. നൃത്തം ചെയ്യുകയെന്നാൽ, മുഴുവൻ ശരീരവുംകൊണ്ട് തങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കുകയാണ്. നൃത്തത്തിൽ ജീവനുണ്ടെന്നും, നിങ്ങളുടേത് യുവജനതയുടെ ഒരു നാടാണെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.

ഞാൻ നിങ്ങളുടെ പുഞ്ചിരി ഇനിയൊരിക്കലും മറക്കില്ല, എന്ന് ഇതേ ദിവസം രാവിലെ ഒരു മെത്രാനോട് താൻ പറഞ്ഞുവെന്ന് പാപ്പാ പറഞ്ഞു. നിങ്ങളൊരിക്കലും നിങ്ങളുടെ പുഞ്ചിരിയവസാനിപ്പിക്കരുത്. നിങ്ങൾ യുവജനങ്ങളാണ് ഈ നാട്ടിലെ ജനതയിലെ ഭൂരിഭാഗവും. നിങ്ങളുടെ സാന്നിദ്ധ്യം ഈ നാടിനെ ജീവൻ കൊണ്ടും, പ്രത്യാശകൊണ്ടും, ഭാവികൊണ്ടും നിറയ്ക്കുന്നു. വിശ്വാസം നൽകുന്ന ഉത്സാഹം നഷ്ടപ്പെടുത്തരുതെന്ന് പാപ്പാ യുവജനങ്ങളെ ഓർമ്മിപ്പിച്ചു. ദുഃഖാത്മകമായ ഒരു മുഖമുള്ള, വിശ്വാസമില്ലാത്ത ഒരു യുവാവിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കൂ, എന്താണ് ഒരു യുവാവിനെ അല്ലെങ്കിൽ യുവതിയെ തളർത്തിക്കളയുകയെന്ന് നിങ്ങൾക്കറിയുമോ?  അവ ദുശ്ശീലങ്ങളാണ്, അവയെ സൂക്ഷിക്കുക. സന്തോഷത്തിന്റെ വിൽപ്പനക്കാർ എന്ന പേരിൽ ചിലരെത്തും, അവർ നിങ്ങൾക്ക് മയക്കുമരുന്നുകൾ വിൽക്കും; അര മണിക്കൂർ നേരത്തേക്ക് സന്തോഷം നൽകുന്ന പല വസ്തുക്കളും അവർ നിങ്ങൾക്ക് വിൽക്കും. ഇതേക്കുറിച്ച്, ഈ ദുരവസ്ഥയെക്കുറിച്ച് എന്നെക്കാൾ നിങ്ങൾക്ക് നന്നായി അറിയാമല്ലോ എന്ന് പാപ്പാ പറഞ്ഞു.

നിങ്ങൾക്ക് യുവത്വത്തിന്റെ ആനന്ദത്തോടെ മുന്നോട്ട് പോകാൻ സാധിക്കട്ടെയെന്നാണ് താൻ ആശംസിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. എന്നാൽ നിങ്ങളുടെ മുൻഗാമികളും, ഈ രാജ്യം സ്ഥാപിച്ചവരുമായ ആളുകളുടെ അനന്തരാവകാശികളാണ് നിങ്ങളെന്ന കാര്യം മറക്കരുത്. അതുകൊണ്ടുതന്നെ നിങ്ങൾ നിങ്ങളുടെ ചരിത്രസ്മരണകൾ കൈവെടിയരുത്. നിങ്ങൾക്ക് മുന്നേ പോവുകയും, ഒരുപാട് ത്യാഗങ്ങൾ സഹിച്ച് ഈ രാജ്യത്തെ ഉറപ്പിക്കുകയും ചെയ്തവരുടെ സ്മരണകൾ.

ഇവിടുത്തെ വഴികളിലൂടെ സഞ്ചരിച്ചപ്പോൾ തന്റെ ഹൃദയത്തെ ഏറെ സ്പർശിച്ച രണ്ടു കാര്യങ്ങളുണ്ടെന്ന് പാപ്പാ പറഞ്ഞു. ഈ രാജ്യത്തിലെ യുവജനതയും, ഇവിടുത്തെ ആളുകളുടെ പുഞ്ചിരിയും. നിങ്ങൾ പുഞ്ചിരിക്കാനറിയുന്ന ഒരു ജനതയാണ്. ഇത് തുടരുക, ഒരിക്കലും ഇത് മറന്നുകളയരുത്.

ഒരു യുവാവ് സ്വപ്നം കണേണ്ടവനാണ്. എന്നാൽ പിതാവേ, എങ്ങനെയാണ് സ്വപ്നം കണേണ്ടത്? മദ്യം കഴിച്ചാണോ എന്ന് ചോദിച്ചാൽ, അല്ല, അങ്ങനെ ജീവിച്ചാൽ നിങ്ങൾക്ക് പേടിസ്വപ്നങ്ങളാണ് ഉണ്ടാവുകയെന്ന് താൻ മറുപടി പറയുമെന്ന് പാപ്പാ വ്യക്തമാക്കി. നിങ്ങളെ സ്വപ്‌നങ്ങൾ കാണാൻ, വലിയ കാര്യങ്ങൾ സ്വപ്നം കാണാൻ താൻ ആഹ്വാനം ചെയ്യുന്നുവെന്ന് പാപ്പാ യുവതയോട് പറഞ്ഞു. സ്വപ്നം കാണാത്ത ഒരു യുവാവ്, ക്രിയാത്മകജീവിതത്തിൽനിന്ന് വിരമിച്ചവനാണ്. നിങ്ങളിൽ ആരെങ്കിലും അങ്ങനെ പെൻഷൻപറ്റിയ യുവജനങ്ങളായുണ്ടോയെന്ന് പാപ്പാ ചോദിച്ചു. നിങ്ങളിലെ ജീവിതത്തെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാൻ നിങ്ങൾ അത്യാവശ്യം ബഹളം വയ്ക്കുന്നവരാകണം. ഒരു യുവാവ് അവന്റെ ജീവിതത്തിന്റെ മധ്യത്തിലാണ് നിൽക്കുന്നത്; കുഞ്ഞുങ്ങളായിരിക്കുന്നതിനും, കുട്ടികളായിരിക്കുന്നതിനും വയോധികരായിരിക്കുന്നതിനും മദ്ധ്യേ. ഒരു സമൂഹത്തിന്റെ ഏറ്റവും വലുതും, ഭംഗിയുള്ളതുമായ സമ്പത്ത് ഏതാണെന്ന് നിങ്ങൾക്കറിയുമോ എന്ന് ചോദിച്ച പാപ്പാ, അത്, വയോധികരും, മുത്തശ്ശീമുത്തച്ഛന്മാരുമാണെന്ന് ഓർമ്മിപ്പിച്ചു. നിങ്ങൾ യുവജനങ്ങൾ ഒരറ്റത്തും, മറ്റേയറ്റത്ത് വയോധികരും. എന്നാൽ മുത്തശ്ശീമുത്തച്ഛന്മാരും വയോധികരുമാണ് നിങ്ങൾ യുവജനങ്ങൾക്ക് വിജ്ഞാനം പകർന്നുതരുന്നത്, പാപ്പാ തുടർന്നു. നിങ്ങൾ നിങ്ങളുടെ വയോധികരെ ബഹുമാനിക്കുന്നുണ്ടോ? യുവതയായ നമുക്ക് മുന്നേ ചരിത്രത്തിലൂടെ നടക്കുന്നവരല്ലേ വയോധികർ? വയോധികർ ഒരു നിധിയാണെന്ന് പറഞ്ഞ പാപ്പാ, ഒരു സമൂഹത്തിന്റെ സമ്പത്ത് കുട്ടികളും വയോധികരുമാണെന്ന് ഓർമ്മിപ്പിച്ചു. ഇത് നിങ്ങൾക്ക് മനസ്സിലായോ എന്ന് യുവജനങ്ങളോട് ചോദിച്ച പാപ്പാ, ഒരു ജനതയുടെ ഏറ്റവും പ്രധാന നിധികൾ ഇവയാണെന്ന് തന്നോടൊപ്പം ആവർത്തിക്കാൻ അവരെ ക്ഷണിച്ചു. കുട്ടികളും വയോധികരുമാണവർ. അതുകൊണ്ടുതന്നെ, നിങ്ങളുടേതുപോലെ ധാരാളം കുട്ടികളുള്ള ഒരു സമൂഹം, അവരെ പ്രത്യേകമായി പരിരക്ഷിക്കേണ്ടതുണ്ടെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ചരിത്രത്തിന്റെ സ്മരണയായ വയോധികർ ഉള്ള സമൂഹങ്ങൾ അവരെ ബഹുമാനിക്കുകയും, സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.

തുടർന്ന് യുവജനങ്ങളോട് പാപ്പാ ഒരു കഥ പറഞ്ഞു. ഒരു കുടുംബത്തിൽ ഗൃഹനാഥനും, ഗൃഹനാഥയും, മക്കളും, ഏറെ പ്രായമേറിയ മുത്തച്ഛനും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചിരുന്നത്. പാവം വയോധികനായ ആ മനുഷ്യൻ ഭക്ഷണം കഴിക്കുമ്പോൾ, വൃത്തികേടാവുകയും, ഭക്ഷണം താഴെപ്പോവുകയും പതിവായിരുന്നു. അതുകൊണ്ട് ആ വീട്ടിലെ ഗൃഹനാഥൻ മുത്തച്ഛന് ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാനായി അടുക്കളയിൽ ഒരു മേശ ഇടുവാൻ തീരുമാനിച്ചു. ഇത് അദ്ദേഹം തന്റെ കുടുംബത്തിൽ പറഞ്ഞു. അങ്ങനെ, നാണം കെടാതെ, മറ്റുള്ളവരെ നമുക്ക് വീട്ടിലേക്ക് ക്ഷണിക്കാൻ സാധിക്കുമല്ലോയെന്ന് അദ്ദേഹം വിശദീകരിച്ചു. കുറച്ചുദിവസന്തങ്ങൾക്ക് ശേഷം, ഗൃഹനാഥൻ വീട്ടിലെത്തിയപ്പോൾ അഞ്ചുവയസ്സുള്ള തന്റെ മകൻ തടിക്കഷണങ്ങൾകൊണ്ട് എന്തോ ചെയ്യുന്നത് അദ്ദേഹം കണ്ടു. ഈ തടിക്കഷണങ്ങൾകൊണ്ട് നീയെന്തുചെയ്യുകയാണെന്ന് അദ്ദേഹം മകനോട് ചോദിച്ചു. മകൻ പറഞ്ഞു, ഞാനൊരു മേശയുണ്ടാക്കുകയാണ്. എന്തിനാണത്, ഗൃഹനാഥൻ ചോദിച്ചു. ഇത് നിങ്ങൾക്കാണ്, നിങ്ങൾക്ക് പ്രായമാകുമ്പോൾ, ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കാനാണ്.

ഒരു സമൂഹത്തിന്റേതായ ഏറ്റവും വലിയ രണ്ടു നിധികൾ കുഞ്ഞുങ്ങളും വയോധികരുമാണെന്ന് ആവർത്തിച്ച പാപ്പാ, എന്തൊക്കെയാണ് ഒരു സമൂഹത്തിന്റെ വലിയ രണ്ടു നിധികളെന്ന് യുവജനങ്ങളെക്കൊണ്ട് പറയിപ്പിച്ചു. കുഞ്ഞുങ്ങളെയും വയോധികരെയും പരിരക്ഷിക്കാൻ പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്‌തു. തുടർന്ന് വയോധികർക്കുവേണ്ടി കരഘോഷം മുഴക്കാൻ യുവജനതയെ പാപ്പാ ക്ഷണിച്ചു.

ഇത്രയും പുഞ്ചിരിക്കുന്ന ആളുകളുള്ള ഈ രാജ്യത്തിന് മനോഹരമായ, ധീരതയുടെയും, വിശ്വാസത്തിന്റെയും, രക്തസാക്ഷിത്വത്തിന്റെയും, അതിലെല്ലാമുപരി ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും ഒരു ചരിത്രമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തുടർന്ന് യുവതയോട് പാപ്പാ ചോദിച്ചു, ചരിത്രം മുഴുവനും എടുത്താൽ, ആരാണ് പൂർണ്ണമായും ക്ഷമിക്കാനും അനുരഞ്ജനപ്പെടാനും സാധിച്ച വ്യക്തി? യേശുവാണ് അതെന്ന് യുവജനതയ്‌ക്കൊപ്പം പാപ്പാ ഉത്തരം നൽകി. നമ്മെ ഏവരെയും ഒരുമിച്ചുനിറുത്താൻ ആഗ്രഹിക്കുന്ന നമ്മുടെ സഹോദരനനാണവൻ. ഈ അനുരഞ്ജനം നിങ്ങളോട് മൂന്ന് കാര്യങ്ങൾ നിർദ്ദേശിക്കാൻ തന്നെ പ്രേരിപ്പിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, അവ, സ്വാതന്ത്ര്യം, വിട്ടുവീഴ്ച, സാഹോദര്യം എന്നിവയാണവയെന്ന് യുവതയോട് പറഞ്ഞു.

തേതും എന്ന പ്രാദേശികഭാഷയിലെ, തന്നെത്തന്നെ നിയന്ത്രിക്കാനുള്ള കഴിവുണ്ടാകുക എന്നർത്ഥം വരുന്ന "ഉകുൻ റാസിക്-ആൻ" എന്ന പഴഞ്ചൊല്ല് പാപ്പാ പരാമർശിച്ചു. തന്നെത്തന്നെ നിയന്ത്രിക്കാൻ കഴിവില്ലാത്ത ഒരു യുവാവോ യുവതിയോ, "ഉകുൻ റാസിക്-ആൻ" ജീവിക്കാൻ കഴിവില്ലാത്തവർ, എന്താണ്? അവൻ വെറും ആശ്രിതമനോഭാവമുള്ളവനാണ്. സ്വയം നിയന്ത്രിക്കാനും, തന്നെത്തന്നെ ഭരിക്കാനും കഴിവില്ലാത്ത ഒരു പുരുഷനോ, സ്ത്രീയോ, യുവാവോ, യുവതിയോ ഒക്കെ അടിമയാണ്, ആശ്രിതനാണ്, അവൻ സ്വതന്ത്രനല്ല. ഒരു യുവാവ് എന്തിന്റെ അടിമയാകാനാണ് സാധ്യതയെന്ന് പാപ്പാ യുവജനതയോട് ചോദിച്ചു. പാപത്തിന്റെയും, സ്മാർട്ട്ഫോണിന്റെയും ഒക്കെ അടിമയാണവൻ. അതുപോലെ, സ്വാർത്ഥതാല്പര്യങ്ങളുടെയും, സർവ്വശക്തനായി വളരാനുള്ള മോഹത്തിന്റെയും അടിമയാണവൻ. അഹങ്കാരത്തിന്റെ അടിമയാണവൻ. എന്നാൽ ശരിയായി അദ്ധ്വാനിക്കുന്ന ഒരു യുവാവ്, എളിമത്തത്തെ സ്നേഹിക്കുകയും, ഉത്തരവാദിത്വമുള്ളവനായി ജീവിക്കുകയും ചെയ്യുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. തന്റെ സഹോദരങ്ങളുടെയും, സഹോദരിമാരുടെയും സൗഹൃദം ഇഷ്ടപ്പെടുന്ന, ഉത്തരവാദിത്വമുള്ള ഒരു യുവാവ്, തന്റെ രാജ്യത്തെ സ്നേഹിക്കുമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇത് ഏറെ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞു.

പാപ്പായുടെ പ്രഭാഷണത്തിന് മുൻപ് സംസാരിച്ച മൂന്ന് യുവജനങ്ങൾ, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിപാലനവും, കുടുംബത്തിന്റെ ഐക്യം വളർത്തുന്നതുമായി ബന്ധപ്പെട്ടു പറഞ്ഞ കാര്യങ്ങളെക്കുറിച്ച് പരാമർശിച്ച പാപ്പാ, സ്വാതന്ത്രനായിരിക്കുകയെന്നാൽ ഇഷ്ടമുള്ളത് ചെയ്യുക എന്നല്ല അർത്ഥമെന്ന് യുവജനങ്ങൾ മനസ്സിലാക്കണമെന്ന് ഓർമ്മിപ്പിച്ചു. നമ്മുടെ പൊതുഭവനത്തെ പരിപാലിക്കുക എന്നത് നമ്മുടെ കടമയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ബുദ്ധിമുട്ടേറിയ സമയങ്ങൾ ശക്തരായ മനുഷ്യരെ സൃഷ്ടിക്കുന്നുവെന്ന പൗരസ്ത്യ പഴഞ്ചൊല്ല് പാപ്പാ യുവജനങ്ങളെ ഓർമ്മിപ്പിച്ചു. ഇത് മനസ്സിലാക്കാനായി നിങ്ങളുടെ മാതാപിതാക്കളെയും മുത്തശ്ശീമുത്തച്ഛന്മാരെയും നിങ്ങൾ നോക്കൂ എന്ന് പാപ്പാ യുവജനങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കായി അവർക്ക് ഏറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നിട്ടുണ്ട്. ബുദ്ധിമുട്ടേറിയ സമയത്തെ കൈകാര്യം ചെയ്യാൻ നിങ്ങളും അഭ്യസിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

തിരികെ പോകുന്നതിന് മുൻപ് നിങ്ങളെ പഠിപ്പിക്കാൻ താൻ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം സഹോദര്യമാണെന്ന് പാപ്പാ പറഞ്ഞു. നിങ്ങളുടെ മാതാപിതാക്കൾക്കും, മുത്തശ്ശീമുത്തച്ഛന്മാർക്കും, വയോധികർക്കുമൊക്കെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു, എന്നാൽ അവർ സഹോദരങ്ങളായി ജീവിച്ചു. യുവജനങ്ങൾക്കും വ്യത്യസ്ഥ അഭിപ്രായങ്ങൾ ഉണ്ടാകണം, എന്നാൽ പരസ്പരം പോരടിക്കാനല്ല അത്. പരസ്പരം ബഹുമാനിച്ച് സഹോദര്യത്തിൽ ജീവിക്കാൻ സാധിക്കണം.

വിദ്വേഷം ഒരു നല്ല സ്വഭാവമാണോയെന്ന് പാപ്പാ യുവജനങ്ങളോട് ചോദിച്ചു. സ്നേഹവും സേവനവുമാണ് യഥാർത്ഥത്തിൽ നമുക്ക് വേണ്ട മനോഭാവം. ഒരു യുവാവിനോട് മറ്റൊരു യുവാവ് വഴക്കുണ്ടാക്കിയാൽ എന്താണ് അടുത്തതായി ചെയ്യേണ്ടത്? സ്നേഹിക്കുക, അനുരഞ്ജനപ്പെടുക.

ബുള്ളിയിങ് എന്ന തിന്മയ്‌ക്കെതിരായും പാപ്പാ സംസാരിച്ചു. ദുർബലരായവരെ ദുരുപയോഗം ചെയ്യുന്ന ശൈലിയാണത്. മറ്റുള്ളവരുടെ കഴിവുകേടുകളെ ഉപയോഗിക്കുന്ന ഒരു മോശം തിന്മയാണതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. കിഴക്കൻ തിമോറിലും ഈ തിന്മ ഉണ്ടോയെന്ന് തനിക്കറിയില്ല, എങ്കിലും, ഒരിക്കലും ഇത്തരമൊരു പ്രവണത വളരരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

നിങ്ങളുടെ മനോഹരമായ ചരിത്രത്തിന്റെ അനന്തരാവകാശികളാണ് നിങ്ങളെന്നും, അത് തുടർന്നുകൊണ്ടുപോകണമെന്നും പാപ്പാ യുവജനങ്ങളോട് പറഞ്ഞു. ചെയ്യേണ്ട ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോവുക. വഴക്കുകൾ ഉണ്ടായാൽ അനുരഞ്ജനപ്പെടുക. രാജ്യത്തിനും, ദൈവജനത്തിനുമായി ചെയ്യുന്ന എല്ലാ നന്മയ്ക്കും പാപ്പാ നന്ദി പറഞ്ഞു. മത, വർഗ്ഗ വ്യത്യാസങ്ങൾക്കുമപ്പുറം പരസ്പരം സ്നേഹിക്കേണ്ടതുണ്ടെന്ന് മുൻപ് ഒരു യുവാവ് പറഞ്ഞത് പാപ്പാ പരാമർശിച്ചു. അനുരഞ്ജനവും, സഹവർത്തിത്വവും ഏറെ പ്രധാനപ്പെട്ടതാണ്.

നിങ്ങൾ ചെറുതായി ബഹളമുണ്ടാക്കിക്കൊള്ളൂ, എന്നാൽ നിങ്ങളുടെ വയോധികർ പറയുന്നത് ശ്രവിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുക. അവരെ ദൈവം സംരക്ഷിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 September 2024, 16:08