"ഫ്രാൻസിസിന്റെ സാമ്പത്തികശാസ്ത്രം" യുവസംരംഭകർക്കൊപ്പം പാപ്പാ "ഫ്രാൻസിസിന്റെ സാമ്പത്തികശാസ്ത്രം" യുവസംരംഭകർക്കൊപ്പം പാപ്പാ  (Vatican Media)

സമ്പദ്‌വ്യവസ്ഥയെ സുവിശേഷമൂല്യങ്ങളിലൂടെ പരിവർത്തനം ചെയ്യുക: യുവസംരംഭകരോട് ഫ്രാൻസിസ് പാപ്പാ

സാമ്പത്തികരംഗത്ത് സുവിശേഷമൂല്യങ്ങളിലധിഷ്ഠിതമായ മുന്നേറ്റം നടത്തുവാനും, ക്രിസ്തുവിൽനിന്ന് പഠിക്കുവാനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. "ഫ്രാൻസിസിന്റെ സാമ്പത്തികശാസ്ത്രം" എന്ന പേരിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി യുവസംരംഭകർക്കായി നടത്തിവരുന്ന സമ്മേളനങ്ങളുടെ ഭാഗമായി, സെപ്റ്റംബർ 25 ബുധനാഴ്ച നടന്ന യോഗത്തിൽ സംബന്ധിച്ച യുവജനങ്ങളോട് സംസാരിക്കവെയാണ്, അധികാരത്തെക്കാൾ സ്നേഹത്തിന്റെയും, ക്രൈസ്തവസാക്ഷ്യത്തിന്റെയും പ്രത്യാശയുടെയും മാർഗ്ഗങ്ങൾ വഴി സാമ്പത്തികവ്യവസ്ഥയെ പരിവർത്തനം ചെയ്യാൻ പാപ്പാ ആവശ്യപ്പെട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സാമ്പത്തികവ്യവസ്ഥിതിക്ക് ക്രൈസ്തവമായ നവജീവൻ നൽകാനുള്ള തന്റെ ക്ഷണം സ്വീകരിച്ച്, സഭാപ്രമാണങ്ങളും സുവിശേഷമൂല്യങ്ങളും കണക്കിലെടുത്ത്, സാമ്പത്തികരംഗത്ത് പുതിയൊരു ശൈലി കൊണ്ടുവരുവാൻ യുവജനങ്ങൾ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ച് ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ 25 ബുധനാഴ്ച വത്തിക്കാനിലെത്തിയ സാമ്പത്തികരംഗത്ത് പ്രവർത്തിക്കുന്ന "ഫ്രാൻസിസിന്റെ സാമ്പത്തികശാസ്ത്രം" എന്ന കൂട്ടായ്മയിലെ യുവജനപ്രതിനിധികൾക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച അവസരത്തിലാണ്, യുവജനങ്ങൾ ക്രൈസ്തവമൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സാമ്പത്തികരംഗത്ത് മാറ്റങ്ങൾ വരുത്താൻ പരിശ്രമിക്കുന്നതിനെ പാപ്പാ അനുമോദിച്ചത്.

സുവിശേഷമൂല്യങ്ങളിൽ കൂടുതൽ ആഴപ്പെടേണ്ടതിന്റെയും യേശുവിൽനിന്ന് പഠിക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, ദൈവികമായ പ്രകാശത്തിൽ വളർന്ന്, അധികാരവും സത്യങ്ങളും കൊണ്ടല്ല, ദൈവസ്നേഹത്താൽ സാമ്പത്തികരംഗത്ത് ക്രൈസ്തവമൂല്യങ്ങളിൽ അധിഷ്ഠിതമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ പരിശ്രമിക്കണമെന്ന് യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് യുവജനങ്ങൾക്ക് ഒരു മാതൃകയാണെന്ന് പാപ്പാ ഇത്തവണത്തെ തന്റെ പ്രഭാഷണത്തിലും ഓർമ്മിപ്പിച്ചു. ഒരു വ്യവസായിയുടെ മകനായി ജനിച്ച വിശുദ്ധ ഫ്രാൻസിസിന്, സാമ്പത്തികരംഗത്തെ അധികാരവും, ശക്തിയും, ദൗർബല്യങ്ങളും അറിയാമായിരുന്നു എങ്കിലും, പാവപ്പെട്ടവരോടും സൃഷ്ടപ്രപഞ്ചത്തോടുമുള്ള സ്നേഹത്തിലൂടെ, സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയൊരു പുരോഗതിയും മാനവും നൽകുവാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അധികാരഇടനാഴികൾ വഴിയല്ല, ക്രൈസ്തവസാക്ഷ്യത്തിന്റെ പ്രവൃത്തികൾ വഴിയാണ് സമ്പദ്‌വ്യവസ്ഥയെ പരിവർത്തനപ്പെടുത്തേണ്ടത്.

സ്വജീവിതമാതൃകയിലൂടെയാണ് ഫ്രാൻസിസിന്റെ സാമ്പത്തികമാതൃകയിലേക്കും, സുവിശേഷമൂല്യങ്ങളിലടങ്ങിയ മാറ്റങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കേണ്ടതെന്ന് പാപ്പാ യുവസംരംഭകരെ ഓർമ്മിപ്പിച്ചു. യുവജനങ്ങൾ ഉൾപ്പെടെ ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പാപ്പാ സംസാരിച്ചു. ആധുനിക യുദ്ധങ്ങളും, യുദ്ധോപകരണവ്യവസായമേഖലയും, ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും ഇന്ന് യുവജനങ്ങൾക്ക് മുന്നിലുണ്ടെന്ന് പാപ്പാ  ഓർമ്മിപ്പിച്ചു. അതേസമയം, ദൈവവും സഭയും നിങ്ങൾക്കൊപ്പമുണ്ടെന്നും, ലോകത്തിന്റേതായ വെല്ലുവിളികളെ നേരിടാനുള്ള ശക്തി ഈ രണ്ടു പേരിൽനിന്നും നേടാനും പാപ്പാ ആഹ്വാനം ചെയ്‌തു.

ലോകത്തിന്റെ വെല്ലുവിളികളെ നേരിടുകയെന്നത് എളുപ്പമല്ലെന്ന് അംഗീകരിച്ച പാപ്പാ, പക്ഷെ, സുവിശേഷത്തിനും വിശ്വാസത്തിനും ധൈര്യപൂർവ്വം സാക്ഷ്യം നൽകാൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌തു. വരും തലമുറകൾക്ക് മുന്നിൽ നിങ്ങളുടെ ജീവിതം ഒരു മാതൃകയായി മാറേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തന്റെ നിരന്തരസാമീപ്യവും അനുഗ്രഹങ്ങളും പാപ്പാ യുവജങ്ങൾക്ക് വാഗ്ദാനം ചെയ്‌തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 September 2024, 17:08