വിശ്വാസജീവിതത്തിൽ ഏഷ്യ ഭൂഖണ്ഡം നൽകുന്ന സാക്ഷ്യത്തിനു നന്ദി പറഞ്ഞു ഫ്രാൻസിസ് പാപ്പാ സിംഗപ്പൂരിൽ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഫ്രാൻസിസ് പാപ്പാ സിംഗപ്പൂരിൽ
ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്തോലിക യാത്രയുടെ പരിസമാപ്തിക്ക് വേദിയാകുന്ന സിംഗപ്പൂരിൽ, സെപ്തംബർ മാസം പതിനൊന്നാം തീയതി പ്രാദേശിക സമയം ഉച്ചകഴിഞ്ഞു മൂന്നു മണിക്ക്, ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 ഓടെ ചാംഗി വിമാനത്താവളത്തിൽ എത്തിച്ചേർന്നു. സർക്കാർ പ്രതിനിധികളുടെയും, സഭാപ്രതിനിധികളുടെയും ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങിയ പാപ്പാ തുടർന്ന്, വിശുദ്ധ ഫ്രാൻസീസ് സേവ്യർ ധ്യാന കേന്ദ്രത്തിലെത്തി ഈശോസഭയിലെ അംഗങ്ങളുമായി സ്വകാര്യകൂടിക്കാഴ്ച നടത്തുകയും, തുടർന്ന് വിശ്രമിക്കുകയും ചെയ്തു. ഈശോസഭാ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, സിംഗപ്പൂരിലെ സാമൂഹികജീവിതാവസ്ഥകളെക്കുറിച്ച് പാപ്പാ ചോദിച്ചറിയുകയും, അവരുമായി സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. ഏകദേശം ഇരുപത്തിയഞ്ചോളം ഈശോസഭാ അംഗങ്ങളാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ഒരു പ്രധാന ഭൂഖണ്ഡമെന്ന നിലയിൽ വിശ്വാസജീവിതത്തിനു ഏഷ്യയുടെ പ്രാധാന്യം പാപ്പാ അടിവരയിട്ടു പറഞ്ഞു.അജപാലനശുശ്രൂഷയിൽ പ്രാർത്ഥനയ്ക്ക് നൽകേണ്ടുന്ന പ്രാധാന്യവും, അത് പ്രാവർത്തികമാക്കേണ്ട ആവശ്യകതയും പാപ്പാ അടിവരയിട്ടു പറഞ്ഞു.
പാർലമെന്റ് മന്ദിരത്തിൽ ഔദ്യോഗികസ്വീകരണം
സെപ്തംബർ മാസം പന്ത്രണ്ടാം തീയതി, വ്യാഴാഴ്ച, രാവിലെ തന്നെ ഫ്രാൻസിസ് പാപ്പായുടെ സിംഗപ്പൂർ രാജ്യത്തെ ഔദ്യോഗിക പരിപാടികൾ ആരംഭിച്ചു. പ്രാദേശിക സമയം രാവിലെ 8.35 ഓടെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമധേയത്തിലുള്ള ധ്യാനകേന്ദ്രത്തിൽ നിന്നും ഏകദേശം 21 കിലോമീറ്ററുകൾ അകലെയുള്ള പാർലമെന്റ് മന്ദിരത്തിലേക്ക് ഫ്രാൻസിസ് പാപ്പാ യാത്രയായി. സിംഗപ്പൂരിലെ ഡൗൺടൌൺ കോർ എന്ന ജില്ലയിലാണ് പുതിയ പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. സിംഗപ്പൂരിലെ നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ മന്ദിരം മറ്റു സർക്കാർ കെട്ടിടങ്ങളോടൊപ്പം ആധുനിക രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകദേശം 25 മിനിറ്റ് ദൈർഘ്യമേറിയ യാത്രയ്ക്ക് ശേഷം പ്രാദേശിക സമയം ഒമ്പതുമണിയോടെ ഫ്രാൻസിസ് പാപ്പാ പാർലമെന്റ് മന്ദിരത്തിന്റെ കവാടത്തിൽ എത്തിച്ചേർന്നു. ഫ്രാൻസിസ് പാപ്പാ കടന്നുവന്ന വഴിയുടെ ഇരുവശങ്ങളിലും ധാരാളം ആളുകൾ പാപ്പായെ കാണുവാനായി ഏറെ അച്ചടക്കത്തോടെ മണിക്കൂറുകൾക്കുമുമ്പേ കാത്തുനിന്നിരുന്നു. സൈനികരുടെ അകമ്പടിയോടെ തന്റെ ചെറിയ കാറിൽ എത്തിച്ചേർന്ന പാപ്പായെ, മന്ദിരത്തിന്റെ അങ്കണത്തിൽ, സിംഗപ്പൂർ രാഷ്ട്രപതി തർമൻ ഷൺമുഖരത്നം ഹസ്തദാനത്തോടെ സ്വീകരിച്ചു. തിരികെ ഫ്രാൻസിസ് പാപ്പാ തന്റെ ഇരുകൈകൾ കൂപ്പി രാഷ്ട്രപതിയ്ക്ക് നന്ദിയർപ്പിച്ചു. പാപ്പായുടെ വരവിനു മുൻപുതന്നെ വത്തിക്കാൻ പ്രതിനിധികളും, സിംഗപ്പൂർ നയതന്ത്ര പ്രതിനിധികളും തമ്മിൽ പരസ്പരം അഭിവാദ്യം ചെയ്തു ബഹുമാനമറിയിച്ചു. റിപ്പബ്ലിക്കിൻ്റെ ആദ്യ പ്രധാനമന്ത്രിയും 1959 മുതൽ 1990 വരെ രാജ്യത്തിന് ശക്തമായ പ്രചോദനവും പരിവർത്തനവും നൽകിയ ലീ ക്വാൻ യൂവിൻ്റെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഫ്രാൻസിസ് പാപ്പാ സിംഗപ്പൂർ സന്ദർശനം നടത്തുന്നത്.
പാപ്പായുടെ സൗഹൃദസന്ദേശം
തുടർന്ന് വേദിയിലേക്ക് പ്രവേശിച്ച ഇരുവർക്കും, സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി ആദരമർപ്പിച്ചു. തുടർന്ന് വത്തിക്കാന്റെ ഔദ്യോഗിക ആന്തവും, സിംഗപ്പൂർ ദേശീയ ആന്തവും ആലപിക്കപെട്ടു. ശേഷം, സിംഗപ്പൂർ സർക്കാരിന്റെ മന്ത്രിസഭയിലെ ഓരോ അംഗങ്ങളെയും, മറ്റു പ്രതിനിധികളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. തുടർന്ന് സിംഗപ്പൂരിന്റെ രാഷ്ട്രപതി, വത്തിക്കാനിൽ നിന്നുള്ള പ്രതിനിധിസംഘത്തിലെ അംഗങ്ങളെ പ്രത്യേകം അഭിവാദ്യം ചെയ്തു. തുടർന്ന് വിശിഷ്ടാതിഥികൾ തങ്ങളുടെ സൗഹൃദസന്ദേശം കുറിക്കുന്ന പുസ്തകത്തിൽ പാപ്പാ,"പൂജരാജാക്കന്മാരെ നയിച്ച നക്ഷത്രം പോലെ, പ്രത്യാശ പകരാൻ കഴിവുള്ള ഒരു ഏകീകൃത സമൂഹത്തിൻ്റെ നിർമ്മാണത്തിൽ ജ്ഞാനത്തിൻ്റെ വെളിച്ചം സിംഗപ്പൂരിനെ എപ്പോഴും നയിക്കട്ടെ", എന്ന ആശംസ കുറിച്ചു.
ഓർക്കിഡ് ചെടി ഫ്രാൻസിസ് പാപ്പായുടെ നാമത്തിൽ
ശേഷം ഫ്രാൻസിസ് പാപ്പായുടെ സിംഗപ്പൂർ സന്ദർശനത്തിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ നാമം നൽകിയ ഒരു ഓർക്കിഡ് ചെടിയും സദസിൽ പരിചയപ്പെടുത്തി. പ്രത്യേക സങ്കരയിനമായ ഈ ഓർക്കിഡ് വംശം ഇനി ഫ്രാൻസിസ് പാപ്പായുടെ പേരിലാണ് അറിയപ്പെടുന്നത്. നാല്പതു മുതൽ അറുപത് സെന്റിമീറ്റർ വരെ നീളം വയ്ക്കുന്ന ഈ ഓർക്കിഡ് ചെടിയിൽ ഒരേസമയം പത്തുമുതൽ ഇരുപതു പൂക്കൾ വരെയുണ്ടാകുമെന്നതും പ്രത്യേകതയാണ്.
ഉപചാരസന്ദർശനം
ഔദ്യോഗിക സ്വീകരണത്തിന് ശേഷം, ഉപചാരസന്ദർശനത്തിനായി, ഫ്രാൻസിസ് പാപ്പായും, സിംഗപ്പൂർ ഭരണാധികാരിയും, ഇരുവരുടെയും പ്രതിനിധി സംഘങ്ങളും പാർലമെന്റ് മന്ദിരത്തിലെ തന്നെ തേമാസെക്ക് മുറിയിലേക്ക് കടന്നുചെന്നു. ഏതാനും മിനുട്ടുകൾ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഇരു ഭരണാധികാരികളും തങ്ങളുടെ അതിയായ സന്തോഷവും, കൃതജ്ഞതയും പങ്കുവച്ചു.
ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കുശേഷം എല്ലാവരും ചേർന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്കുപുറമെ, പ്രധാനമന്ത്രി വോങ് ഷ്യുൻ ത്സായിയുമായും ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തി. രാഷ്ട്രത്തലവന്മാരുമായുള്ള ഔദ്യോഗിക സന്ദർശനത്തിനു ശേഷം, പ്രാദേശികസമയം ഏകദേശം 10.15 ഓടു കൂടി ഭരണാധികാരികളും, നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കുവേണ്ടി 11 കിലോമീറ്ററുകളോളം അകലെ സ്ഥിതി ചെയ്യുന്ന സിംഗപ്പൂരിലെ ദേശീയ സർവ്വകലാശാലയിലേക്ക് യാത്രയായി.
രാഷ്ട്രപതിയുടെ സ്വാഗതം
പ്രാദേശിക സമയം ഏകദേശം 10.30 ഓടെ ഫ്രാൻസിസ് പാപ്പായും, സിംഗപ്പൂർ ഭരണാധികാരിയും വേദിയിലേക്ക് കടന്നുവന്നു. ഏകദേശം ആയിരത്തോളം അംഗങ്ങളാണ് ഭരണ പ്രതിനിധികളായി സമ്മേളനത്തിൽ പങ്കെടുത്തത്. ഇരുവരും കടന്നുവന്നപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്നുകൊണ്ട് കരങ്ങളടിച്ച് സ്വാഗതം ചെയ്തു. തുടർന്ന് സിംഗപ്പൂർ രാഷ്ട്രപതി, ഫ്രാൻസിസ് പാപ്പായെ ഔദ്യോഗികമായി സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ചു. തന്റെ പ്രസംഗത്തിന്റെ അവസരത്തിൽ, ജോൺ പോൾ രണ്ടാമൻ പാപ്പായുടെ സിംഗപ്പൂർ സന്ദർശനത്തെ രാഷ്ട്രപതി അനുസ്മരിച്ചു. മനുഷ്യസാഹോദര്യത്തിനും, പ്രകൃതിയുടെ സംരക്ഷണത്തിനും ഏറെ പ്രധാന്യം നൽകിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ നൽകുന്ന ജീവിത സാക്ഷ്യത്തെ രാഷ്ട്രപതി പ്രത്യേകം എടുത്തു പറഞ്ഞു.
ഇന്ന് ലോകത്തു ഭീഷണിയുയർത്തുന്ന യുദ്ധത്തിനെതിരെ സംസാരിച്ചുകൊണ്ട്, സമാധാനത്തിനും ഐക്യത്തിനും വേണ്ടി ആഹ്വാനം ചെയ്യുന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും രാഷ്ട്രപതി അടിവരയിട്ടു പറഞ്ഞു. സിംഗപ്പൂരിന്റെ നന്മയ്ക്കും, ഒരുമയ്ക്കും മതനേതാക്കൾ നൽകുന്ന നിസ്വാർത്ഥസേവനങ്ങളെയും അദ്ദേഹം അനുസ്മരിച്ചു. വിവിധ മതങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാഹോദര്യം രാഷ്ട്രത്തിന്റെ കരുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാപ്രതിസന്ധി പരിഹരിക്കുവാൻ ഫ്രാൻസിസ് പാപ്പായും, കത്തോലിക്കാ സഭയും നടത്തുന്ന പരിശ്രമങ്ങൾ ശ്ലാഘനീയമാണെന്നും, ഇത് എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധ സിംഹാസനവും, സിംഗപ്പൂരും തമ്മിൽ വിവിധ നന്മയ്ക്കുവേണ്ടി ചേർന്നുപ്രവർത്തിക്കുമെന്നും രാഷ്ട്രപതി, ശ്രീ. തർമൻ ഷൺമുഖരത്നം പറഞ്ഞു.
പ്രഭാതസന്ദർശനങ്ങൾക്കു വിരാമം
പാപ്പായുടെ സന്ദേശം, നിറഞ്ഞ ഹർഷാരവത്തോടെയാണ് സദസിലുള്ളവർ സ്വീകരിച്ചത്. തുടർന്ന് വീൽചെയറിൽ സദസിനു പുറത്തേക്കു വന്ന പാപ്പായെ രാഷ്ട്രപതി അനുഗമിച്ചു. സൗഹൃദവും, സാഹോദര്യവും വിളങ്ങിനിന്ന സമ്മേളനത്തിനുശേഷം ഫ്രാൻസിസ് പാപ്പാ തിരികെ തന്റെ വസതിയായ വിശുദ്ധ ഫ്രാൻസിസ് സേവ്യർ ധ്യാനകേന്ദ്രത്തിലേക്കു മടങ്ങി. തിരികെ എത്തിയ പാപ്പായെ, സിംഗപ്പൂരിന്റെ മുൻപ്രധാനമന്ത്രി ലീ സിയൻ ലൂങ് സന്ദർശിച്ചു. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ച്ചയാണ് ഫ്രാൻസിസ് പാപ്പായുമായി നടത്തിയത്. സിംഗപ്പൂർ സൈന്യത്തിലെ തലവനായിരുന്ന ലീ സിയൻ 1984 ലാണ് ആദ്യമായി പാർലമെന്റിലേക്ക് മത്സരിക്കുന്നത്. തുടർന്ന് വിവിധ വർഷങ്ങൾ മന്ത്രിസഭയിൽ വ്യത്യസ്ത വകുപ്പുകൾ കൈകാര്യം ചെയ്തു. 2004 ലാണ് അദ്ദേഹം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്. മികച്ചഭരണാധികളിൽ ഒരാളായിരുന്ന അദ്ദേഹം നാല് മക്കളുടെ പിതാവ് കൂടിയാണ്.
സ്വകാര്യകൂടിക്കാഴ്ചയ്ക്കു ശേഷം, ഉച്ചഭക്ഷണത്തിനായി പരിശുദ്ധപിതാവ് മടങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: