ദൈവവചനം നാം ജീവിക്കണം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
യേശുവുമായുള്ള നമ്മുടെ കണ്ടുമുട്ടൽ ശിഷ്യത്വത്തിന്റെ രണ്ടു അടിസ്ഥാന മനോഭാവങ്ങളിൽ ജീവിക്കുവാൻ നമ്മെ ക്ഷണിക്കുന്നു. ഒന്നാമത്തെ മനോഭാവം: വചനം ശ്രവിക്കുക എന്നതും, രണ്ടാമത്തെ മനോഭാവം: വചനം ജീവിക്കുക എന്നതുമാണ്. ആദ്യമായി ശ്രവിക്കുക, കാരണം ഏതൊരു കാര്യവും ഉടലെടുക്കുന്നത്, ശ്രവണം വഴിയായിട്ടാണ്. കർത്താവിനോട് തുറവുള്ളവരായി, അവനുമായി ചങ്ങാത്തം ഉറപ്പിക്കണമെങ്കിൽ അവനെ ശ്രവിക്കുക അനിവാര്യമാണ്. എന്നാൽ തങ്ങളെ തന്നെ വഞ്ചിക്കുന്ന വെറും ശ്രോതാക്കളായി മാത്രം മാറാതിരിക്കുവാൻ , ശ്രവിച്ച വചനം ജീവിക്കുക എന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു. (യാക്കോബ്, 1 :22)വചനത്തിന്റെ വിത്തുകൾ നമ്മുടെ ഹൃദയത്തിൽ ഇറങ്ങുവാൻ അനുവദിക്കാതെയും, നമ്മുടെ ചിന്താരീതികളും, വികാരങ്ങളും, പ്രവൃത്തികളും രൂപാന്തരപ്പെടുത്താതെയും, വെറും കേൾവിക്കാരായി മാത്രം മാറുന്നത് നല്ലതല്ല. മറിച്ച് നാം ശ്രവിച്ച വചനം, ജീവനായി മാറുവാനും, നമ്മുടെ ജീവിതത്തെ പരിവർത്തനപ്പെടുത്തുവാനും, വചനം മാംസമായി ഉടലെടുക്കുവാനും നാം അനുവദിക്കണം.
നാം ഇപ്പോൾ വായിച്ചുകേട്ട സുവിശേഷ ഭാഗം ഈ രണ്ടു അടിസ്ഥാന മനോഭാവങ്ങൾ ധ്യാനവിഷയമാക്കുവാൻ നമ്മെ സഹായിക്കുന്നു.
ഒന്നാമതായി വചനം ശ്രവിക്കുക. "ദൈവവചനം കേൾക്കുവാൻ ജനം അവനുചുറ്റും തടിച്ചുകൂടിയെന്നാണ്", സുവിശേഷകൻ വചനത്തിൽ പറയുന്നത്. (ലൂക്കാ, 5:1). യേശുവിന്റെ വചനങ്ങളിൽ മുഴങ്ങിക്കേൾക്കുന്നത്, അവർ അവനെ അന്വേഷിച്ചുവെന്നും, ദൈവ വചനത്തിനുവേണ്ടി അവർ വിശപ്പും ദാഹവും അനുഭവിച്ചു എന്നുമാണ്. സുവിശേഷങ്ങളിൽ നിരവധി തവണ ഈ ഒരു രംഗം ആവർത്തിക്കപ്പെടുന്നുണ്ട്. അത് സൂചിപ്പിക്കുന്നത്, സന്തോഷത്തിനുവേണ്ടിയുള്ള ആഗ്രഹം പൂർത്തീകരിക്കുന്നതിനും, തൃപ്തിപ്പെടുത്തുന്നതിനും കഴിവുള്ള ഒരു സത്യം മനുഷ്യഹൃദയം എപ്പോഴും തേടുന്നു എന്നുള്ളതാണ്. മനുഷ്യവാക്കുകളാലും, ഈ ലോകത്തിന്റെ മാനദണ്ഡങ്ങളാലും, ഭൗമിക ന്യായവിധികളാലും മാത്രം നമുക്ക് സംതൃപ്തരാകാൻ കഴിയില്ല.
മറിച്ച് നമ്മുടെ ജീവിതപാതകളെ ജ്വലിപ്പിക്കത്തക്കവണ്ണം കഴിവുള്ള ഉന്നതത്തിൽനിന്നുമുള്ള ഒരു ദിവ്യവെളിച്ചം നമുക്കാവശ്യമാണ്.ആത്മാവിന്റെ വരണ്ട നിലങ്ങളുടെ ദാഹം ശമിപ്പിക്കാൻ കഴിയുന്ന ജീവജലം നമുക്കാവശ്യമാണ്. നിരാശപ്പെടുത്താത്ത, ഈ ലോകത്തിലെ താത്ക്കാലിക വസ്തുക്കളിൽ നിന്നല്ലാതെ, സ്വർഗത്തിൽ നിന്നുള്ള ആശ്വാസം നമുക്കാവശ്യമാണ്.സഹോദരീ സഹോദരന്മാരേ, മനുഷ്യ വാക്കുകളുടെ വിരസതയ്ക്കും,വ്യർത്ഥതയ്ക്കും നടുവിൽ, ദൈവവചനത്തിന്റെ ആവശ്യകതയുണ്ട്. നിരവധി മുറിവുകൾക്കും, നഷ്ടങ്ങൾക്കുമിടയിൽ, ജീവിതത്തിന്റെ ആധികാരിക അർത്ഥത്തിലേക്ക് നമ്മെ തിരികെ നയിക്കാൻ കഴിയുന്ന, ദിശാസൂചികയാണ് ദൈവവചനം.
നാമെല്ലാവരും ശിഷ്യരെന്ന നിലയിൽ, നമ്മിൽ ഭരമേല്പിച്ചിരിക്കുന്ന ആദ്യ കർത്തവ്യം, ബാഹ്യമായി മാത്രം തികഞ്ഞ മതവിശ്വാസത്തിന്റെ മൂടുപടമണിയുകയോ, അസാധാരണമായ കാര്യങ്ങൾ ചെയ്യുകയോ, മഹത്തായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ അല്ല. മറിച്ച് ആദ്യകർത്തവ്യം, നമ്മെ രക്ഷിക്കുന്ന യേശുവിന്റെ വചനം എങ്ങനെ ശ്രവിക്കാമെന്ന് അറിയുന്നതാണ്. ഇതാണ് വചനത്തിൽ, "യേശു, കരയിൽ നിന്നും അല്പം മാറ്റി വള്ളം ഇടുവാൻ പത്രോസിനോട് ആവശ്യപ്പെട്ടു കൊണ്ട്, വള്ളത്തിൽ കയറി കൂടുതൽ ഫലപ്രദമായി വചനം പ്രസംഗിക്കുന്ന രംഗം." നമ്മുടെ അസ്തിത്വത്തിന്റെ വള്ളത്തിൽ യേശുവിനെ താഴ്മയോടെ സ്വാഗതം ചെയ്യുകയും, അവന് ഇടം നൽകുകയും, അവന്റെ വചനം ശ്രദ്ധിക്കുകയും, നമ്മെത്തന്നെ ശോധന നടത്തിക്കൊണ്ട് , ആത്മവിമർശനത്തിനു വിധേയരാക്കി ,പരിവർത്തനത്തിനു വിധേയരാകുമ്പോഴാണ് നമ്മുടെ വിശ്വാസ ജീവിതം ആരംഭിക്കുന്നത്.
അതേസമയം, സഹോദരീ സഹോദരന്മാരേ, കർത്താവിന്റെ വചനം , നമ്മിൽ മാംസമായി അവതരിക്കുവാൻ ആവശ്യപ്പെടുന്നു. അതിനാൽ വചനത്തിൽ ജീവിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ജീവിക്കാതെ, വെറുതെ അധരങ്ങൾ കൊണ്ട് മാത്രം നാം വചനം ഉരുവിടുകയാണെങ്കിൽ, നാം തത്തകളെപോലെ ആയിത്തീരുന്നു. കാരണം അവ മനസിലാക്കുകയോ, ജീവിക്കുകയോ ചെയ്യുന്നില്ല. വഞ്ചിയിൽനിന്നു ജനക്കൂട്ടത്തോടു പ്രസംഗിച്ചു കഴിഞ്ഞശേഷം യേശു പത്രോസിന്റെ നേരെ തിരിഞ്ഞ്, താൻ ഉരുവിട്ട വചനത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുവാൻ ആവശ്യപ്പെടുന്നു.
"മത്സ്യം പിടിക്കുന്നതിനായി ആഴങ്ങളിലേക്ക് വലകളിറക്കുക",യേശു പറഞ്ഞു. കർത്താവിന്റെ വചനത്തിനു മനോഹരമായതും എന്നാൽ അമൂർത്തവുമായ ഒരു ആശയമായി തുടരാനോ, ഒരു നിമിഷത്തിന്റെ വികാരം മാത്രം ഉണർത്താനോ കഴിയില്ല മറിച്ച് മനുഷ്യന്റെ ദൃഷ്ടികൾ മാറ്റുന്നതിനും, നമ്മുടെ ഹൃദയങ്ങളെ ക്രിസ്തുവിന്റെ പ്രതിച്ഛായയായി രൂപാന്തരപ്പെടുത്താനും നമ്മോട് ആവശ്യപ്പെടുന്നു. സുവിശേഷമാകുന്ന വലകൾ, അവൻ നമുക്ക് കാട്ടിത്തന്നതും, അവൻ ജീവിച്ചതുമായ സ്നേഹത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് ലോകമാകുന്ന സമുദ്രത്തിൽ ധൈര്യപൂർവം എറിയുവാൻ നമുക്ക് സാധിക്കണം.
കർത്താവ് തന്റെ വചനത്തിന്റെ ജ്വലിക്കുന്ന ശക്തിയാൽ നമ്മോടും ആവശ്യപ്പെടുന്നു, സഹോദരീ സഹോദരന്മാരേ, ദുശ്ശീലങ്ങളുടെയും, ഭയങ്ങളുടെയും, നിസ്സാരതയുടെയും, നിശ്ചലമായ തീരങ്ങളിൽ നിന്ന് നമ്മെ വേർപെടുത്തി, ഒരു പുതിയ ജീവിതം നാം നയിക്കണം. മധ്യമത്വം പിശാചിന് മാത്രമാണ് ഇഷ്ടപ്പെടുക, കാരണം അത് നമ്മെ നശിപ്പിക്കുന്നു. എന്നാൽ ജീവിതത്തിന്റെ തിന്മകളോട് 'മതി' എന്ന് പറയുന്നതിനുള്ള തടസങ്ങളും, ഒഴിവുകഴിവുകളും ഏറെയാണ്. അധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതെ നിരാശയോടെയും, ക്ഷീണത്തോടെയും, ദേഷ്യത്തോടെയും കടന്നുവരുന്ന പത്രോസിന്റെ മനോഭാവം നമുക്ക് ഒന്ന് പരിശോധിക്കാം. എന്നാൽ പരാജയങ്ങൾക്കു നടുവിലും അവൻ യേശുവിനോട് പറയുന്നത്, " ശിമയോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം." എന്നാണ്. പിന്നീട് കേട്ടുകേൾവിയില്ലാത്തത് സംഭവിക്കുന്നു, ഏതാണ്ട് മുങ്ങിപ്പോകുന്ന വക്കിലെത്തിയ മത്സ്യവഞ്ചിയുടെ അത്ഭുതം.
സഹോദരീ സഹോദരന്മാരേ, നമ്മുടെ ദൈനംദിന ജീവിതത്തിലെ നിരവധി കർത്തവ്യങ്ങൾക്ക് നടുവിൽ , കൂടുതൽ നീതിപൂർവ്വകമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും പാതയിൽ മുന്നോട്ട് പോകാനും ഇന്തോനേഷ്യയിൽ ഒരു പക്ഷെ നാം തിരഞ്ഞെടുക്കുന്ന മാർഗങ്ങൾ ചിലപ്പോൾ അപര്യാപ്‌തമായി നമുക്ക് തോന്നിയേക്കാം. എപ്പോഴും പ്രതീക്ഷിച്ച ഫലങ്ങൾ നല്കാത്ത പ്രതിബദ്ധതയുടെ ഭാരം അനുഭവപ്പെടാം, അല്ലെങ്കില് യാത്രയെ തടസ്സപ്പെടുത്തുന്ന ഭാരം ഉണ്ടായേക്കാം. എന്നാൽ ഈ അവസ്ഥകളിലെല്ലാം, പത്രോസിനെപ്പോലെ താഴ്മയോടും വിശ്വാസത്തോടും കൂടി, നമ്മുടെ പരാജയങ്ങളുടെ തടവുകാരായി നാം തുടരരുത്. പരാജയങ്ങൾ നമ്മെ പിടികൂടുകയും, പരാജയങ്ങളുടെ തടവുകാരായി നമ്മെ മാറ്റുകയും ചെയ്യുന്ന അവസ്ഥ ഏറെ ദയനീയമാണ്. ശൂന്യമായ വലകളിൽ നമ്മുടെ നോട്ടം ഉറപ്പിച്ചു നിൽക്കുന്നതിനുപകരം, നമുക്ക് യേശുവിനെ നോക്കി അവനിൽ വിശ്വസിക്കാം.
നിങ്ങളുടെ ശൂന്യമായ വലകളിലേക്ക് നോക്കരുത്, മറിച്ച് യേശുവിനെ നോക്കുക, യേശുവിനെ നോക്കുക! അവൻ നിങ്ങളെ നടക്കാൻ പ്രേരിപ്പിക്കും, അവൻ നിങ്ങളെ നന്നായി നയിക്കും, യേശുവിൽ വിശ്വസിക്കുക! പരാജയത്തിന്റെ രാത്രിയിലൂടെ കടന്നുപോകുമ്പോഴും, നിരാശയുടെ സമയത്തിലൂടെ കടന്നുപോകുമ്പോഴും, നമുക്ക് എപ്പോഴും ആഴത്തിലേക്ക് ഇറങ്ങാനും, വീണ്ടും വലകൾ ഇടാനും സാധിക്കണം. ഒരു നിമിഷം നിശബ്ദത പാലിച്ചുകൊണ്ട്, നമ്മുടെ പരാജയങ്ങളെക്കുറിച്ച് ചിന്തിക്കാം, ഒപ്പം ദൈവവചനം നൽകുന്ന ധൈര്യത്തോടെ മുൻപോട്ടു പോകാം.
ഇന്ന് നാം അനുസ്മരിക്കുന്ന, ദരിദ്രരെ അശ്രാന്തമായി പരിപാലിക്കുകയും സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും പ്രചാരകയായി മാറുകയും ചെയ്ത കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസ പറഞ്ഞു: നമുക്ക് മറ്റുള്ളവർക്ക് ഒന്നും നൽകാൻ ഇല്ലാത്തപ്പോൾ, ആ ഇല്ലായ്മയെ തന്നെ നമുക്ക് അവർക്കു നൽകാം. ഒരിക്കലും വിതയ്ക്കുന്നതിൽ മടുപ്പു തോന്നരുത്." സഹോദരീ സഹോദരന്മാരേ, വിതയ്ക്കുന്നതിൽ ഒരിക്കലും മടുക്കരുത്, കാരണം അതാണ് ജീവിതം.
സഹോദരീ സഹോദരന്മാരേ, ഈ രാഷ്ട്രത്തോടും, ഈ അത്ഭുതകരവും വൈവിധ്യപൂർണ്ണവുമായ ഈ ദ്വീപസമൂഹത്തോടും ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു: ഒരിക്കലും ആഴങ്ങളിലേക്ക് ഇറങ്ങുന്നതിനോ, വലകൾ ഇറക്കുന്നതിനോ, സമാധാനം സ്വപ്നം കാണുന്നതിനോ, മടുപ്പ് തോന്നരുത്. സാഹോദര്യത്തെക്കുറിച്ച് സ്വപ്നം കാണാൻ എപ്പോഴും ധൈര്യപ്പെടുക. കർത്താവിന്റെ വചനത്തിൽ, സ്നേഹം വിതയ്ക്കാനും സംഭാഷണത്തിന്റെ പാതയിൽ ആത്മവിശ്വാസത്തോടെ നടക്കാനും, നിങ്ങളെ വ്യത്യസ്തമാക്കുന്ന പുഞ്ചിരിയോടെ നിങ്ങളുടെ നന്മയും, ദയയും കൂടുതൽ പ്രാവർത്തികമാക്കുവാനും ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ദയവായി നിങ്ങളുടെ പുഞ്ചിരി നഷ്ടപ്പെടുത്തരുത്, മുന്നോട്ട് പോകുക! പ്രത്യാശയുടെ നിർമാതാക്കളാകുക!
സുവിശേഷത്തിന്റെ പ്രത്യാശ (റോമ 5:5) നമ്മെ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല, അത് നമ്മെ അനന്തമായ സന്തോഷത്തിലേക്ക് നയിക്കുന്നു. സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി ഒരുമിച്ച് നടന്നുകൊണ്ട് പ്രത്യാശയുടെ നിർമ്മാതാക്കളായി നമുക്ക് മാറാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: