മനുഷ്യരും പ്രകൃതിയുമായുള്ള നല്ല ബന്ധം വളർത്താൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഭൂമിയിൽ മനുഷ്യരുടെ ചില ദുഷ്പ്രവൃത്തികൾ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥയ്ക്ക് അവസാനം വരുത്താനും, കാലാവസ്ഥാപ്രതിസന്ധികളുടെയും, പ്രകൃതിദുരന്തങ്ങളുടെയും ഇക്കാലത്ത്, മനുഷ്യകുടുംബവും പ്രകൃതിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ആഗ്രഹിച്ചുകൊണ്ട് "ലൗദാത്തോ സി ഗ്രാമം" എന്ന ചിന്ത പങ്കുവച്ച് ഫ്രാൻസിസ് പാപ്പാ. മുൻപുതന്നെ കസ്‌തേൽ ഗന്തോൾഫോയിൽ സ്ഥാപിച്ച ലൗദാത്തോ സി ഉന്നതപരിശീലനകേന്ദ്രത്തിലെ അംഗങ്ങൾക്ക് സെപ്റ്റംബർ 19 വ്യാഴാഴ്ച അനുവദിച്ച കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പാപ്പാ പങ്കുവച്ചത്.
ശാസ്ത്ര, വിദ്യാഭ്യാസ, സാമൂഹ്യ ലക്ഷ്യങ്ങളോടെ 2023-ന്റെ ആരംഭത്തിൽ ലൗദാത്തോ സി ഉന്നതപരിശീലനകേന്ദ്രം സ്ഥാപിച്ചതിനുപിന്നിൽ, പഠന, പരിശീലനരംഗങ്ങൾ പ്രവർത്തികതലത്തിലേക്കെത്തിക്കാൻ ഉദ്ദേശിച്ചുള്ള "ലൗദാത്തോ സി ഗ്രാമം" എന്ന ആശയമുണ്ടായിരുന്നുവെന്ന് പാപ്പാ വ്യക്തമാക്കി.
നിരവധി മാസങ്ങൾ നീണ്ട പ്രവർത്തനങ്ങൾക്ക് ശേഷമാണ് ലൗദാത്തോ സി ഉന്നതപരിശീലനകേന്ദ്രത്തിൽനിന്ന് "ലൗദാത്തോ സി ഗ്രാമം" എന്ന യാഥാർത്ഥ്യത്തിലേക്ക് നാം കടന്നുവന്നതെന്ന് എടുത്തുപറഞ്ഞ പാപ്പാ, ഇത് സങ്കീർണ്ണമായ ഒരു പദ്ധതിയാണെന്നും, സുസ്ഥിരവികസനം, ജൈവവൈവിധ്യം, പ്രത്യേകമായ ജലസേചനപദ്ധതി, പുതിയ കാർഷികസങ്കേതിക വിദ്യകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി നമുക്ക് കാണാനാകുമെന്നും ഓർമ്മിപ്പിച്ചു.
പാരമ്പര്യവും പുതുമയും സമന്വയിപ്പിച്ചുകൊണ്ട് വീഞ്ഞ് ഉത്പാദിപ്പിക്കാനായി പുതിയ ഒരു മുന്തിരിത്തോട്ടം സ്ഥാപിച്ചതും പാപ്പാ പ്രത്യേകമായി അനുസ്മരിച്ചു. പുതിയ ഈ മുന്തിരിത്തോട്ടം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ മനുഷ്യപ്രയത്നത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, ഇത്, സൃഷ്ടാവ് മനുഷ്യരെ ഏൽപ്പിച്ച സൃഷ്ടിയുടെ പരിപാലനമെന്ന കടമയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട പ്രവർത്തനമാണെന്ന് ഓർമ്മിപ്പിച്ചു.
ലൗദാത്തോ സി ഗ്രാമമെന്ന യാഥാർത്ഥ്യത്തിന് പിന്നിലെ മാനുഷിക ഇടപെടലിൽ, ലൗദാത്തോ സിയുടെയും, ലൗദാത്തോ ദേവുമിന്റെയും തത്വങ്ങളുടെ പ്രായോഗികമായ ഉപയോഗമാണ് താൻ കാണുന്നതെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: