തിരയുക

വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ അംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ അംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ 

കലാ, മാധ്യമ, വിനോദമാർഗ്ഗങ്ങൾ വഴി സുവിശേഷം അറിയിക്കുക: ഫ്രാൻസിസ് പാപ്പാ

"ജീവന്റെ സമ്മേളനം 2024" എന്ന പേരിൽ ഓഗസ്റ്റ് അവസാനം നടന്ന സംഗമത്തിൽ പങ്കെടുത്തവർക്ക് ഫ്രാൻസിസ് പാപ്പാ അനുവദിച്ച കൂടിക്കാഴ്ചയിൽ, കലയും, വാർത്താവിനിമയമാധ്യമങ്ങളും, വിനോദത്തിനായുള്ള പരിപാടികളും കൂടുതൽ ശക്തമായ രീതിയിൽ സുവിശേഷപ്രഘോഷണത്തിന് ഉപയോഗിക്കാൻ പാപ്പായുടെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കലാരംഗവും, വാർത്താമാധ്യമമാർഗ്ഗങ്ങളും, വിനോദപരിപാടികളും വഴി സുവിശേഷപ്രഘോഷണത്തിന് കൂടുതൽ ശക്തമായ രീതിയിൽ പരിശ്രമങ്ങൾ നടത്തുവാൻ, വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ അംഗങ്ങളെ ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ. കഴിഞ്ഞ ഓഗസ്റ്റ് അവസാനം, ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന "ജീവന്റെ സമ്മേളനം 2024" എന്ന പരിപാടിയിൽ പങ്കെടുത്ത ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരും, ആഗോളതലത്തിൽ നേതൃനിരയിൽ നിൽക്കുന്നവരുമായ ആളുകൾക്ക് അനുവദിച്ച സ്വകാര്യകൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ്, സുവിശേഷവത്കരണത്തിനായി മുന്നോട്ടിറങ്ങാൻ പാപ്പാ ആവശ്യപ്പെട്ടത്. കൂടുതൽ ശക്തമായ രീതിയിൽ സുവിശേഷവത്കരണം നടത്താൻ പാപ്പാ തങ്ങളോട് ആവശ്യപ്പെട്ടുവെന്ന് വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ പ്രസിഡന്റ് ലൂയിസ് ക്വിനെല്ലി പ്രസ്താവിച്ചു.

കല, വാർത്താമാധ്യമമേഖല, വിനോദവ്യവസായമേഖല എന്നിവ സുവിശേഷപ്രഘോഷണത്തിനായി എങ്ങനെ മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി "ജീവന്റെ സമ്മേളനം 2024" എന്ന പേരിൽ നടന്ന യോഗത്തിൽ സംബന്ധിച്ചവർക്കാണ് പാപ്പാ സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചത്. ഇതിന് മുൻപും, സംഘടന വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രശസ്ത കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ യോഗങ്ങളിൽ സംബന്ധിച്ചവർക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചിരുന്നു.

വരും മാസങ്ങളിൽ മെക്സിക്കോയിലും, ലോസ് ആഞ്ചസിലും വച്ച് സംഘടന വിവിധ ആഘോഷപരിപാടികൾ തയ്യാറാക്കിയിട്ടുണ്ടെന്നും, ജൂബിലിയുമായി ബന്ധപ്പെട്ട് 2025-ൽ റോമിലെ ചിർകോ മാസ്സിമോ മൈതാനത്ത് വച്ചും വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ പരിപാടികൾ നടത്തുമെന്നും സംഘടനാപ്രവർത്തകർ അറിയിച്ചു.

വിഷൻ 2033 എന്ന പേരിൽ വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ നടത്തുന്ന പദ്ധതിയുടെ ഭാഗമായി ക്രിസ്തുവിന്റെ സുവിശേഷസന്ദേശം നൂറു കോടി യുവജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ശ്രമമെന്നും സംഘാടന അറിയിച്ചു. ക്രിസ്തുവിന്റെ സഹന, മരണ, പുനരുദ്ധാനങ്ങളുടെ രണ്ടായിരം വർഷങ്ങൾ ആചരിക്കുന്നതുമായി ബന്ധപ്പെട്ട തങ്ങളുടെ ശ്രമമാണിതെന്ന് അവർ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 September 2024, 17:13