സ്നേഹത്തിലുള്ള സേവനമാണ് ക്രൈസ്തവദൗത്യം: ഫ്രാൻസിസ് പാപ്പാ

തന്റെ നാല്പത്തിയാറാമത് അപ്പസ്തോലികയാത്രയിൽ, സെപ്റ്റംബർ മാസം ഇരുപത്തിയാറാം തീയതി, ലക്സംബർഗിലെ നോട്രെ-ഡാം കത്തീഡ്രലിൽ കത്തോലിക്കാ സമൂഹവുമായുള്ള കൂടിക്കാഴ്ച്ചാവേളയിൽ നൽകിയ സന്ദേശത്തിന്റെ സംഗ്രഹം
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കുടിയേറ്റക്കാരുടെ സംരക്ഷണത്തിനു ലക്സംബർഗ് സർക്കാർ നൽകുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. വിധവകളെയും, അനാഥരെയും, കുടിയേറ്റക്കാരെയും സംരക്ഷിക്കണമെന്ന പഴയനിയമത്തിലെ നിയമവും അദ്ദേഹം ഓർമ്മിപ്പിച്ചു. തുടർന്ന്, ലക്സംബർഗ് ആഘോഷിക്കുന്ന മരിയൻ ജൂബിലി വർഷത്തെക്കുറിച്ചും പാപ്പാ സംസാരിച്ചു. ദുരിതമനുഭവിക്കുന്നവരുടെ സാന്ത്വനമായ മറിയത്തോടുള്ള പ്രത്യേകഭക്തി ലക്സംബര്ഗില് ആരംഭിച്ചിട്ട് നാലു നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ, ഫ്രാൻസിസ് പാപ്പായുടെ സന്ദർശനത്തിന് തിരഞ്ഞെടുത്തിരിക്കുന്ന ആദർശവചനം, 'സേവിക്കുവാൻ' എന്നുള്ളത് ഏറെ അർത്ഥവത്താണെന്നു പാപ്പാ ചൂണ്ടിക്കാണിച്ച

ആശ്വസിപ്പിക്കുക, സേവിക്കുക എന്നീ രണ്ടു പുണ്യകർമ്മങ്ങൾ യേശു നമുക്ക് നൽകിയിരിക്കുന്ന സ്നേഹത്തിന്റെ രണ്ടു അടിസ്ഥാന വശങ്ങളാണെന്നു പറഞ്ഞ പാപ്പാ, അതാണ് ക്രൈസ്തവദൗത്യമെന്നും അടിവരയിട്ടു. മരിയൻ വർഷത്തിന്റെ തുടക്കം കുറിക്കുന്ന അവസരത്തിൽ ഈ ഒരു ദൗത്യനിർവഹണത്തിനു തങ്ങളെത്തന്നെ ഒരുക്കിക്കൊണ്ട്, സുവിശേഷത്തിന്റെ സന്തോഷം മറ്റുള്ളവർക്ക് പകർന്നുനല്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

തുടർന്ന് പാപ്പാ 'സേവന'മെന്ന പുണ്യത്തെ പറ്റി വിശദമായി സംസാരിച്ചു. യേശുവിന്റെ സഭയുടെ തനിമ എന്നത്, സേവിക്കപ്പെടുക എന്നതല്ല, മറിച്ച് സേവിക്കുക എന്നതാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. കുഷ്ഠരോഗിയെ കെട്ടിപിടിച്ചു ചുംബിച്ചുകൊണ്ട് ക്രിസ്തുവിന്റെ സ്നേഹം പകർന്നുനൽകിയ ഫ്രാൻസിസ് അസീസിയുടെ മാതൃകയും പാപ്പാ അനുസ്മരിച്ചു. അതിനാൽ ഇന്നത്തെ ലോകത്തിൽ സേവനത്തിന്റെ ഉദാത്തമാതൃക നൽകുവാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്വീകാര്യതയുടേതാണെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.

ലക്സംബർഗ് രാജ്യം ഇപ്രകാരം സഹോദരങ്ങളെ സ്വീകരിക്കുന്നതിൽ എപ്പോഴും കാണിച്ചിട്ടുള്ള ഹൃദയവിശാലത പാപ്പാ എടുത്തു പറഞ്ഞു. വാതിൽക്കൽ മുട്ടുന്നവരുടെ സ്വരം കേൾക്കുവാൻ പാകത്തിന് സൗഹൃദത്തിന്റെ ഒരു ഭവനമായി ലക്സംബർഗ് ഇനിയും മാറട്ടെയെന്നും പാപ്പാ ആശംസിച്ചു.

ഇതൊരു നീതിനിർവഹണത്തിന്റെ വിഷയമാണെങ്കിലും, അതിനും ഉപരിയായി സ്നേഹത്തിന്റെ കാരുണ്യം വിളങ്ങണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. തുടർന്ന് വിശുദ്ധ ജോൺ പോൾ  രണ്ടാമൻ പാപ്പാ തന്റെ സന്ദർശന വേളയിൽ ലക്സംബർഗ് യുവജനങ്ങളോട് പറഞ്ഞ വാക്കുകളും, ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു. ഭൗതീകവസ്തുക്കളുടെയും, ചരക്കുകളുടെയും വിപണനത്തിൽ മാത്രമല്ല മനുഷ്യരുടെയും, മനുഷ്യഹൃദയങ്ങളുടെയും മൂല്യങ്ങളുടെ അടിസ്ഥാനമാണ് യൂറോപ്പിന്റെ നിലനിൽപ്പ് എന്നാണ് ജോൺ പോൾ രണ്ടാമൻ പാപ്പാ പറഞ്ഞത്. സ്നേഹത്തിന്റെ പ്രവൃത്തികളാൽ അടയാളപ്പെടുത്തപ്പെട്ട സുവിശേഷമാണ് യൂറോപ്പിലും, ലോകം മുഴുവനിലും പ്രഘോഷിക്കപ്പെടേണ്ടതെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

തുടർന്ന് 'ദൗത്യം' എന്ന പ്രമേയത്തെ പാപ്പാ എടുത്തു പറഞ്ഞു. ഭൗതീകത അടയാളപ്പെടുത്തുന്ന  ഒരു കാലഘട്ടത്തിൽ സഭ പരിണാമത്തിനു വിധേയമായിക്കൊണ്ട് ഉന്നതി പ്രാപിക്കുകയും, പക്വത ആർജ്ജിക്കുകയും ചെയ്യുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നു പറഞ്ഞ പാപ്പാ, സുവിശേഷവൽക്കരണത്തിന്റെ വഴികളെ ഒരു പുതിയ രീതിയിൽ വീണ്ടും കണ്ടെത്തുകയും പുനർമൂല്യനിർണ്ണയം നടത്തുകയും ചെയ്യേണ്ടത് ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുതയാണെന്നും അടിവരയിട്ടു പറഞ്ഞു. ഇതിനു ഏറ്റവും പ്രധാനപ്പെട്ടതാണ് ചുമതലകൾ പങ്കുവച്ചുകൊണ്ട് , എല്ലാവരും ഒരു സമൂഹമായി ഒരുമിച്ചുനടക്കുവാനുള്ള സിനഡൽ ആഹ്വാനം.

ഈ ദൗത്യത്തിൽ പൊതുഭവനത്തിന്റെ സംരക്ഷണവും ഏറെ പ്രധാനപ്പെട്ട ഒരു വസ്തുതയാണെന്നതും പാപ്പാ എടുത്തു പറഞ്ഞു. ഭൂമിയെന്ന പൊതുഭവനത്തിന്റെ കാവൽക്കാർ മാത്രമാണ് നാമെന്നും, അല്ലാതെ അതിന്മേൽ ഭരണം നടത്തുന്ന   സ്വേച്ഛാധിപതികളല്ലെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

സഭയിലെ അംഗങ്ങളുടെ എണ്ണം കൂട്ടുന്നതിലല്ല മറിച്ച് ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിന്റെ സന്തോഷം കഴിയുന്നത്ര സഹോദരീസഹോദരന്മാരെ അറിയിക്കാനുള്ള ആഗ്രഹമാണ് ഈ ദൗത്യത്തിലേക്ക് നമ്മെ നയിക്കുന്നത്. അതിനാൽ 'സഭ വളരുന്നത് മതപരിവർത്തനത്തിലൂടെയല്ല മറിച്ച് സ്നേഹത്തിന്റെ ആകർഷണത്തിലാണെന്ന' ബെനെഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകളും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. പരിശുദ്ധാത്മാവിന്റെ ചലനാത്മകതയിൽ, മറ്റുള്ളവർക്കു നമ്മെത്തന്നെ സ്നേഹത്തോടെ നൽകിക്കൊണ്ട് വെല്ലുവിളികളെ തരണം ചെയ്തുകൊണ്ട് സുവിശേഷം പ്രഘോഷിക്കുവാൻ കഴിയട്ടെയെന്ന ആശംസയും പാപ്പാ നൽകി.

തുടർന്ന് 'സന്തോഷം'  എന്ന ചിന്തയെയും പാപ്പാ എടുത്തു പറഞ്ഞു. സഹോദരങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചകൾ സമ്മാനിക്കുന്ന സന്തോഷത്തിന്റെ നിമിഷങ്ങൾ വിലമതിക്കാനാവാത്തതാണെന്നു പാപ്പാ പറഞ്ഞു. സുവിശേഷത്തിന്റെ സന്തോഷവാഹകരാകുവാനുള്ളതാണ് ക്രൈസ്തവവിളിയെന്നും അല്ലാതെ വിഷണ്ണരായി, പ്രതീക്ഷയറ്റവരായി ജീവിക്കുന്നത് ക്രൈസ്തവീകതയല്ലയെന്നും പാപ്പാ ഓർമ്മിപ്പിച്ചു. വസന്തകാലത്ത് ലക്സംബർഗിന്റെ  മധ്യസ്ഥനായ വിശുദ്ധ വില്ലിബ്രോർഡിന്റെ തിരുനാളിൽ നടത്തുന്ന പ്രദക്ഷിണത്തെയും, ആ അവസരത്തിൽ ലക്സംബർഗ് ജനതയുടെ അതിരില്ലാത്ത സന്തോഷവും പാപ്പാ എടുത്തു പറഞ്ഞു. നമ്മുടെ കർത്താവിന്റെ മേശയ്ക്ക് ചുറ്റും എല്ലാ സഹോദരീസഹോദരന്മാരെയും കണ്ടെത്തുന്നത് ഈ സന്തോഷത്തിന്റെ മാറ്റു കൂട്ടുന്നുവെന്നും ഉപസംഹാരമായി പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 September 2024, 13:41