സാഹോദര്യത്തിന്റെ സുവിശേഷവുമായി ഫ്രാൻസിസ് പാപ്പായുടെ രണ്ടാം ദിന പാപുവ ന്യൂ ഗിനിയ സന്ദർശനം
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
പ്രാർത്ഥനയുടെയും, സാഹോദര്യത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് പാപുവ ന്യൂ ഗിനിയയിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ യാത്ര അതിന്റെ ഓരോ നിമിഷവും, അനുഗ്രഹങ്ങളുടെ നിറവിലാണ് പൂർത്തിയാകുന്നത്. തലസ്ഥാനനഗരിയായ പോർട്ട് മൊറെസ്‌ബി വിമാനത്താവളത്തിൽ, സായാഹ്നത്തിൽ വിമാനമിറങ്ങിയ സമയം മുതൽ, പാപ്പാ യാത്ര ചെയ്യുന്ന ഓരോ സ്ഥലത്തും, നിരവധിയാളുകൾ പാപ്പായെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ അത് വെറും ആശ്‌ചര്യപൂർത്തീകരണം മാത്രമല്ല ലക്‌ഷ്യം വച്ചിരുന്നതെന്നത്, അന്നാട്ടിലെ ജനങ്ങളുടെ ശരീരഭാഷയിൽ നിന്നും ഏറെ വ്യക്തം. പുറംമോടികളാൽ അലംകൃതവും, എന്നാൽ ആത്മാവിന്റെ ശൂന്യതയും അനുഭവപ്പെടുന്ന ഈ കാലഘട്ടത്തിൽ പാപുവ ന്യൂ ഗിനിയയിൽ ജനങ്ങൾ, അത് കുട്ടികളും, മുതിർന്നവരും പാപ്പായെ കാത്തിരുന്നത് പ്രാർത്ഥനകളോടെയായിരുന്നു. അതിൽ ചിലർ മുട്ടുകൾ കുത്തി ദീർഘനേരം പാപ്പായുടെ വരവിനായി കാത്തിരുന്നു. വേറേ ചിലർ നിഷ്പാദുകരായി പാപ്പായ്ക്കുവേണ്ടി ഗീതങ്ങൾ ആലപിച്ചുകൊണ്ട് നിലകൊണ്ടു. ഇപ്രകാരം, പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ പാപ്പായുടെ സന്ദർശനം മുൻപോട്ടു പോകുമ്പോൾ, യാത്രയുടെ മുദ്രാവാക്യം ജനതയുടെ ഹൃദയത്തിൽ പതിഞ്ഞുവെന്നതിന്റെ തെളിവുകളാണ് ഓരോ നിമിഷവും സാക്ഷ്യപ്പെടുത്തുന്നത്.
രണ്ടാം ദിനമായ സെപ്റ്റംബർ മാസം എട്ടാം തീയതി, പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ദിനം, പ്രഭാതത്തിൽ തന്നെ പാപ്പായുടെ ഔദ്യോഗിക പരിപാടികൾ ആരംഭിച്ചു. അതിൽ ആദ്യത്തേത് സർ ജോൺ ഗിസ് മൈതാനത്തിലെ വിശുദ്ധ ബലിയർപ്പണമാണ്. പ്രാദേശിക സമയം രാവിലെ 7. 45ഓടെ പാപ്പാ വിശുദ്ധ ബലിയർപ്പണത്തിനായി സർ ജോൺ ഗിസ് മൈതാനത്തിലേക്ക് യാത്രയായി. സ്റ്റേഡിയം വർണ്ണശബളമായ തനതു വസ്ത്രങ്ങൾ ധരിച്ച ഏകദേശം മുപ്പത്തി അയ്യായിരത്തിനു മുകളിൽ അംഗങ്ങളാണ് ഫ്രാൻസിസ് പാപ്പാ അർപ്പിക്കുന്ന വിശുദ്ധ ബലിയിൽ പങ്കെടുക്കുവാൻ നിരവധി മണിക്കൂറുകൾക്കു മുൻപ് തന്നെ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്. പൊതുഗതാഗത സൗകര്യങ്ങൾ ഏറെ പരിമിതമായ ഒരു രാജ്യത്ത്, നിരവധി ആളുകൾ കാൽനടയായി യാത്രചെയ്തു ഈ മഹനീയ നിമിഷങ്ങളിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നത്, വ്യതിരിക്തമായ ഒരു വസ്തുതയാണ്. തങ്ങളുടെ വംശത്തിന്റെ പ്രത്യേകതകൾ, അതിന്റെ എല്ലാവിധ ലാളിത്യത്തോടെയും, നിഷ്കളങ്കതയോടെയും പാപ്പായെ കാണിക്കുവാൻ, സ്നേഹവായ്പോടെ പാപ്പായെ പാപ്പായോടൊപ്പം ദൈവത്തിനു നന്ദി പറയുവാൻ എത്തിച്ചേർന്ന ജനസഞ്ചയം, പാപ്പായുടെ വരവിനു പ്രാർത്ഥനയോടെ കാത്തിരുന്നു.
മൈതാനത്തിന്റെ കവാടം വരെ കാറിൽ എത്തിയ പാപ്പാ, തുടർന്ന് തുറന്ന വാഹനത്തിൽ വിശ്വാസികളെ സന്ദർശിക്കുന്നതിനായി കടന്നുചെന്നു.ജീവിതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾക്ക് പാപ്പാ കടന്നു ചെല്ലുന്ന ഓരോ ഭാഗത്തും വിശ്വാസികൾ ഓടിയെത്തി. തങ്ങളുടെ ഭാഷകളിൽ പാപ്പായോടുള്ള സ്നേഹം അവർ ഏറ്റുപറഞ്ഞു. ഏറ്റവും ലളിതമായ ഒരു ചെറിയ കാർ ആയിരുന്നു പാപ്പാ തിരഞ്ഞെടുത്തത്. ദരിദ്രാവസ്ഥയിൽ കഴിയുന്ന ഒരു ജനതയുടെ അടുത്തേക്ക് ദരിദ്രനായി തന്നെ ഇറങ്ങിച്ചെല്ലുന്ന കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ. വിശുദ്ധബലി പരികർമ്മം ചെയ്യപ്പെടുന്ന വേദിയുടെ അരികിലേക്ക് പാപ്പാ എത്തിയപ്പോൾ, നിരവധി യുവജനങ്ങളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. ഒരു പക്ഷെ ആഗോള യുവജനസംഗമത്തിനു, സാമ്പത്തിക പരാധീനത മൂലം പങ്കെടുക്കുവാൻ സാധിക്കാതെ പോയ ഒരു യുവജനതയുടെ സന്തോഷപ്രകടനമാണ് അവിടെ കാണുവാൻ സാധിച്ചത്.
ഫ്രാൻസിസ് പാപ്പായുടെ തുറന്നവാഹനത്തിലുള്ള സന്ദർശനം പുരോഗമിക്കുമ്പോൾ വിവിധഗോത്രങ്ങളിലുള്ള ആളുകൾ പരമ്പരാഗത രീതിയിൽ നൃത്തം ചെയ്തും, വാദ്യോപകരണങ്ങൾ മുഴക്കി സംഗീതം ആലപിച്ചും പാപ്പായോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. വിശ്വാസികളുടെയിടയിൽ, ഒരു ഗോത്രത്തിന്റെ തലവനായ മുണ്ടിയ കെപങ്കയും ഉൾപ്പെട്ടിരുന്നു. വനസംരക്ഷണത്തിനു അഹോരാത്രം സേവനം ചെയ്യുന്ന അദ്ദേഹം, കഴിഞ്ഞ മെയ് മാസത്തിൽ വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചിരുന്നു. വേദിയിലേക്ക് കയറുന്നതിനു മുൻപ്, വിശുദ്ധബലിയിൽ സഹായികളാകുന്ന ആളുകളെ പാപ്പാ പ്രത്യേകം സന്ദർശിച്ചു. നൂറുകണക്കിന് ആളുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഗായകസംഘവും, വിശുദ്ധബലിയുടെ പ്രത്യേകതയായിരുന്നു. പ്രവേശനഗീതം ആലപിക്കപ്പെട്ടപ്പോൾ, പ്രദക്ഷിണമായി സഹകാർമ്മികർ വിശുദ്ധബലി വേദിയിലേക്ക് പ്രവേശിച്ചു. നിരവധി മെത്രാന്മാരും വിശുദ്ധബലിയിൽ സന്നിഹിതരായിരുന്നു. വേദിയുടെ ഇരുവശങ്ങളിലും, പ്രദക്ഷിണസമയത്ത്, പരമ്പരാഗത നൃത്തം അവതരിപ്പിച്ചുകൊണ്ട് ആളുകൾ നിലയുറപ്പിച്ചിരുന്നു. തുടർന്ന് ത്രിത്വസ്തുതികളോടെ ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പണം. ഇംഗ്ലീഷ് ഭാഷയിലായിരുന്നു വിശുദ്ധബലി അർപ്പിക്കപ്പെട്ടത്. വിശുദ്ധ മർക്കോസിന്റെ സുവിശേഷം ഏഴാം അധ്യായം, മുപ്പത്തിയൊന്നു മുതൽ മുപ്പത്തിയേഴുവരെയുള്ള വചനഭാഗമാണ് സുവിശേഷവായനയിൽ ഉൾപ്പെടുത്തിയിരുന്നത്. വചനവായനകൾക്കു ശേഷം ഫ്രാൻസിസ് പാപ്പാ വചനസന്ദേശം പങ്കുവച്ചു
തുടർന്ന് പാപുവ ന്യൂ ഗിനിയയിലെ വിവിധ ഭാഷകളിലും, ആംഗലേയത്തിലും മധ്യസ്ഥപ്രാർത്ഥനകൾ വായിക്കപ്പെട്ടു. ശേഷം കാഴ്ചവയ്പ്പിന്റെ അവസരത്തിൽ ഗായകസംഘത്തിന്റെ ഈരടികൾക്ക് അനുസരണം നൃത്തം ചെയ്തുകൊണ്ട് വിശ്വാസികൾ പാപ്പായുടെ അരികിലേക്ക് കടന്നുവന്ന് കാഴ്ചകൾ സമർപ്പിച്ചു. പരമ്പരാഗതവേഷം ധരിച്ച വിവിധ ഗോത്രത്തിലെ അംഗങ്ങളാണ് കാഴ്ചസമർപ്പണത്തിൽ പങ്കാളികളായത്. ശേഷം വിശുദ്ധ ബലിയർപ്പണം തുടർന്നു.
വിശുദ്ധകുർബാന സ്വീകരണത്തിനു ശേഷം പോർട്ട് മോറെസ്ബിയുടെ മെത്രാപ്പോലീത്ത കർദിനാൾ ജോൺ മാത്യു റിബാറ്റ് ഫ്രാൻസിസ് പപ്പയുടെ സന്ദർശനത്തിന് നന്ദി പറഞ്ഞുകൊണ്ടും, പാപ്പായെ അഭിസംബോധന ചെയ്തുകൊണ്ടും സംസാരിച്ചു. തന്റെ പ്രസംഗത്തിൽ പാപുവ ന്യൂ ഗിനിയയിൽ മിഷനറിമാരായി എത്തിയ വിവിധ സന്യാസസമൂഹങ്ങളുടെ നിസ്വാർത്ഥമായ സേവനങ്ങളെ എടുത്തു പറയുകയും, ദൈവസ്നേഹത്തിനുവേണ്ടി ജീവൻ പോലും നൽകിക്കൊണ്ട് അവർ നൽകിയ സാക്ഷ്യത്തെ അടിവരയിട്ടു സംസാരിക്കുകയും ചെയ്തു. സമാധാനത്തിനു വേണ്ടി ഞങ്ങൾ എപ്പോഴും പ്രാർത്ഥിക്കുന്നുവെന്നും, ഫ്രാൻസിസ് പാപ്പായോടൊപ്പം വിശുദ്ധ ബലി അർപ്പിക്കുവാൻ സാധിച്ചത് ഞങ്ങളുടെ ഐക്യത്തിന് മാറ്റുകൂട്ടുന്നുവെന്നും കർദിനാൾ കൂട്ടിച്ചേർത്തു. കർദിനാളിന്റെ വാക്കുകൾ ഹർഷാരവത്തോടെ വിശ്വാസികൾ ഏറ്റെടുത്തു. കർദിനാളിന്, ഫ്രാൻസിസ് പാപ്പാ തന്റെ സ്നേഹത്തിന്റെ പ്രതീകമായി ഒരു കാസ സമ്മാനമായി നൽകി.
തുടർന്ന്, ഫ്രാൻസിസ് പാപ്പാ കർത്താവിന്റെ മാലാഖ എന്ന് തുടങ്ങുന്ന പ്രാർത്ഥന ചൊല്ലി എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു. ആശീർവദിക്കപ്പെട്ട ഈ സ്ഥലത്തെ ജനങ്ങൾക്ക് വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും, സമാധാനത്തിനായി എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. പരിശുദ്ധ മറിയത്തിന്റെ ജനനതിരുനാൾ ആഘോഷിക്കുന്ന ഈ വേളയിൽ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിക്കുന്നുവെന്നും, പ്രളയത്തിൽ വിഷമതയനുഭവിക്കുന്ന ലൂർദ് തീർത്ഥാടനകേന്ദ്രത്തെ സമർപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.തുടർന്ന് മധ്യാഹ്നപ്രാർത്ഥനയ്ക്കുശേഷം പാപ്പാ ന്യൂൻഷ്യേച്ചറിലേക്ക് മടങ്ങി. കർമ്മങ്ങൾക്കു ശേഷം ഫ്രാൻസിസ് പാപ്പായെ പാപുവ ന്യൂ ഗിനിയയുടെ പ്രധാനമന്ത്രി ജെയിംസ് മാറാപ്പേ സന്ദർശിച്ചു.രാജ്യത്തെ ഏറ്റവും വലിയ ഗോത്രമായ ഹൂലി വംശത്തിന്റെ സമുന്നതനായ നേതാവെന്ന നിലയിലും, നിരവധി തവണ വിവിധവകുപ്പുകളിൽ മന്ത്രി എന്ന നിലയിലും പ്രശസ്തനായ അദ്ദേഹം, ആറു മക്കളുടെ പിതാവും കൂടിയാണ്. തികച്ചും വ്യക്തിപരവും, സൗഹൃദപരവും ആത്മീയപരവുമായ കൂടിക്കാഴ്ച്ചയാണ് അവർ തമ്മിൽ നടത്തിയത്.
പ്രാദേശികസമയം ഉച്ചക്ക് ജാക്‌സൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് വന്ന പാപ്പാ, പോർട്ട് മോറെസ്‌ബിയിൽ നിന്നും തന്റെ പാപുവ ന്യൂ ഗിനിയയിലെ രണ്ടാം സന്ദർശന സ്ഥലമായ വനിമോയിലേക്ക് മിലിറ്ററി വിമാനത്തിൽ യാത്രയായി. വനിമോ വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഫ്രാൻസിസ് പാപ്പായെ രൂപത മെത്രാൻ മോൺസിഞ്ഞോർ ഫ്രാൻസിസ് മെലിയും, പ്രാദേശികനേതാക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് വനിമോയിലെ വിശുദ്ധ കുരിശിൻറെ നാമധേയത്തിലുള്ള കത്തീഡ്രലിലേക്ക് യാത്രയായി. പ്രാദേശിക സമയം ഉച്ചകഴിഞ്ഞു 3.30 നാണ് രൂപതയിലെ സമർപ്പിതരും, മതാധ്യാപകരും, വിശ്വാസികളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി ഫ്രാൻസിസ് പാപ്പാ എത്തിയത്.
രൂപതയിലെ മെത്രാനുമൊപ്പം വേദിയിലേക്ക് കടന്നുവന്ന പാപ്പായെ സംഗീതം ആലപിച്ചുകൊണ്ട് വിശ്വാസികൾ വരവേറ്റു. ഗായകസംഘത്തോടൊപ്പം, വിശ്വാസികൾ ചുവടുകൾ വച്ചതോടെ സ്വീകരണത്തിന്റെ മാറ്റു കൂടി. തുടർന്ന് പാപ്പായെ വനിമോ രൂപത മെത്രാൻ മോൺസിഞ്ഞോർ ഫ്രാൻസിസ് മെലി പാപ്പായെ സ്വാഗതം ചെയ്തു സംസാരിച്ചു. സഭയുടെയും, സമൂഹത്തിന്റെയും സമഗ്രമായ വികസനത്തിന് ഫ്രാൻസിസ് പാപ്പായുടെ വിവിധ പഠനങ്ങൾ നൽകുന്ന പ്രോത്സാഹനത്തെ മോൺസിഞ്ഞോർ പ്രത്യേകം എടുത്തുപറയുകയും, പാപ്പായ്ക്കു നന്ദി പറയുകയും ചെയ്തു. വനിമോ രൂപതയിലേക്ക് കടന്നു വന്ന ആദ്യ പാപ്പായെന്ന നിലയിൽ, വിശ്വാസികൾക്കുള്ള അതീവസന്തോഷവും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
തുടർന്ന്, മതാധ്യാപകരിൽ ഒരാൾ തന്റെ സാക്ഷ്യം പങ്കുവച്ചു. വിശ്വാസത്തിൽ തങ്ങൾ കൂടുതൽ വളരുന്നതിന് പാപ്പായോട് അദ്ദേഹം പ്രാർത്ഥനകൾ അഭ്യർത്ഥിച്ചു. പാപ്പായ്ക്ക് ഒരു പരമ്പരാഗത തൊപ്പി സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ലുഹാൻ ഭവനത്തിൽ നിന്നുള്ള ഒരു പെൺകുട്ടിയും സംസാരിച്ചു. വികലാംഗയായിരുന്ന തനിക്ക് സന്യാസിനികളായ അമ്മമാർ നൽകിയ സേവനങ്ങൾ ആ പെൺകുട്ടി എടുത്തു പറഞ്ഞു. വാക്കുകൾക്കിടയിൽ ഇടമുറിഞ്ഞു കണ്ണുനീർ പൊഴിച്ച പെൺകുട്ടിക്ക് പാപ്പാ പ്രോത്സാഹനം നൽകിയതും ഏറെ ഹൃദ്യമായിരുന്നു. തുടർന്ന് പരമ്പരാഗത നൃത്തവും അവതരിപ്പിച്ചു. ശേഷം ഒരു സന്യാസിനിയും, ഒരു കുടുംബത്തിലെ അംഗങ്ങളും തങ്ങളുടെ സാക്ഷ്യങ്ങൾ പങ്കുവച്ചുകൊണ്ട് ദൈവസ്നേഹവും, സഭയുടെ കരുതലും, പാപ്പായോടുള്ള നന്ദിയും എടുത്തു പറഞ്ഞു. തുടർന്ന് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചു.
എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് പാപ്പാ തന്റെ അടുത്ത സൗഹൃദ സന്ദർശനത്തിനായി ബാരോയിലെ ഹോളി ട്രിനിറ്റി മാനവിക വിദ്യാലയത്തിലേക്ക് കടന്നുവന്നു. ഹർഷാരവത്തോടെ പാപ്പായെ തങ്ങളുടെയിടയിലേക്ക് കുരുന്നുകൾ സ്വാഗതം ചെയ്തു. വനിമോ രൂപതയിലെ ഹോളി ട്രിനിറ്റി ഇടവക നടത്തുന്ന ഈ വിദ്യാലയത്തിൽ, അഞ്ഞൂറോളം കുട്ടികൾ വിവിധ പഠനങ്ങൾ നടത്തി വരുന്നു. തികച്ചും ലളിതമായി ഒരുക്കിയിരുന്ന വേദിയിലേക്കു കടന്നു ചെന്ന പാപ്പാ കുട്ടികളെ പ്രത്യേകമായി കണ്ടു അവരോട് കുശലാന്വേഷണം നടത്തുകയും, അവർ ഒരുക്കിയിരുന്ന സംഗീതവിരുന്ന് ആസ്വദിക്കുകയും ചെയ്തു. തുടർന്ന് മിഷനറിമാരുമായി തികച്ചും വ്യക്തിപരമായ ഒരു കൂടിക്കാഴ്ചയും നടത്തിയ ശേഷം, വൈകുന്നേരത്തോടെ പാപ്പാ പോർട്ട് മൊറെസ്‌ബിയിലേക്ക് വിമാനമാർഗം യാത്രയായി. പോർട്ട് മൊറെസ്‌ബിയിൽ എത്തിയ പാപ്പാ വിശ്രമത്തിനായി, അപ്പസ്തോലിക ന്യൂൻഷ്യേച്ചറിലേക്ക് യാത്രയാവുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: