തിരയുക

“യുവജനങ്ങളെ നിങ്ങൾ ഭാവിയുടെ പ്രതീക്ഷയാണ്”: ഫ്രാൻസിസ് പാപ്പാ

തന്റെ നാല്പത്തിയഞ്ചാമത് അപ്പസ്തോലികയാത്രയിൽ, ഫ്രാൻസിസ് പാപ്പാ, പാപ്പുവ ന്യൂ ഗിനിയയിലെ യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ
പാപ്പായുടെ പ്രഭാഷണം : ശബ്ദരേഖ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പ്രിയ യുവജനങ്ങളെ സുപ്രഭാതം,

നിങ്ങളോട് ഞാൻ ഒരു കാര്യം പറയട്ടെ: കടലും, കുന്നുകളും, ഉഷ്ണമേഖലാ വനങ്ങളുമെല്ലാം ഇടതിങ്ങി നിൽക്കുന്ന ഈ നാട്ടിൽ ഈ ദിവസങ്ങളിൽ തങ്ങുവാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നാൽ എല്ലാറ്റിനുമുപരി ധാരാളം യുവജനത അധിവസിക്കുന്ന ഒരു യുവരാജ്യമാണിത്. ഇവിടെ അവതരിപ്പിച്ച  മനോഹരമായ പ്രതിനിധാനത്തിലൂടെയും, രാജ്യത്തിൻ്റെ യുവമുഖത്തെക്കുറിച്ച്  വിചിന്തനം ചെയ്യാൻ നമുക്ക് സാധിച്ചു. നിങ്ങളുടെ ഈ അതിയായ സന്തോഷത്തിനു വളരെ നന്ദി. "സമുദ്രം ആകാശത്തെ കണ്ടുമുട്ടുന്നിടത്ത്, സ്വപ്നങ്ങൾ ജനിക്കുകയും വെല്ലുവിളികൾ ഉയരുകയും ചെയ്യുന്ന" പാപ്പുവയുടെ സൗന്ദര്യം വിവരിച്ചതിനും നിങ്ങൾക്ക് നന്ദി. "പ്രതീക്ഷയുടെയും, സന്തോഷത്തിന്റെയും  പുഞ്ചിരിയോടെ ഭാവിയെ അഭിമുഖീകരിക്കുക,!" എന്ന ആശയം നിങ്ങൾ മുൻപോട്ടു വച്ചതിനും ഒത്തിരി നന്ദി. 

പ്രിയപ്പെട്ട യുവജനങ്ങളെ നിങ്ങളുമായി ഒരു കൂടിക്കാഴ്ച നടത്താതെ ഇവിടുന്ന് പോകുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം നിങ്ങൾ ഭാവിയുടെ പ്രതീക്ഷയാണ് . എങ്ങനെയാണ് ഭാവി നിർമ്മിക്കപ്പെടുന്നത്? നമ്മുടെ ജീവിതത്തിനു എന്ത് അർത്ഥമാണ് നൽകുവാൻ നാം ആഗ്രഹിക്കുന്നത്? വിശുദ്ധ ഗ്രന്ഥത്തിന്റെ തുടക്കത്തിൽ വിവരിക്കുന്ന ഒരു കാര്യത്തെ അടിസ്ഥാനമാക്കി ഏതാനും ചോദ്യങ്ങളുന്നയിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ആ സംഭവം ബാബേൽ ഗോപുരത്തെക്കുറിച്ചുള്ളതാണ്.രണ്ടു തരത്തിലുള്ള മാതൃകകൾ സംഗമിക്കുന്ന ഒരു സംഭവമാണിത്.

ജീവിക്കുന്നതിനും, സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുമുള്ള രണ്ടു വിപരീത വഴികളെയാണ് ഈ മാതൃകകൾ എടുത്തു കാണിക്കുന്നത്. ഒന്ന് ആശയക്കുഴപ്പത്തിലേക്കും, ചിതറിപ്പോകലിലേക്കും നയിക്കുന്നു, മറ്റൊന്ന് ദൈവവുമായും സഹോദരങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ സംഗമത്തിലേക്ക്  നയിക്കുന്നു. ഒരു വശത്തു ആശയക്കുഴപ്പവും, മറുവശത്തു മൈത്രിയും. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇപ്പോൾ ഞാൻ നിങ്ങളോട് ചോദിക്കട്ടെ? നിങ്ങൾ ഇതിൽ ഏത് തിരഞ്ഞെടുക്കും? (എല്ലാവരും മറുപടി പറയുന്നു ഞങ്ങൾ ഐക്യം ആണ് തിരഞ്ഞെടുക്കുന്നത്) മിടുക്കന്മാർ! തിരുവെഴുത്തുകൾ നമ്മോട് പറയുന്ന ഒരു കഥയുണ്ട്: വൻ പ്രളയത്തിനു ശേഷം, നോഹയുടെ പിൻഗാമികൾ വിവിധ ദ്വീപുകൾക്കിടയിൽ ചിതറിക്കിടക്കപ്പെട്ടു, ഓരോരുത്തരും "അവരുടെ സ്വന്തം ഭാഷയിലും അവരുടെ കുടുംബങ്ങൾക്കനുസരിച്ചും ജീവിച്ചു" (ഉൽപത്തി 10.5). അവരുടെ ഇടയിൽ നിലനിന്നിരുന്ന വൈവിധ്യങ്ങളെ മാനിച്ചുകൊണ്ട് തന്നെ അവർക്കിടയിൽ ആശയവിനിമയം നടത്താനും ഒന്നിക്കാനുമുള്ള വഴി ദൈവം അവർക്ക് നൽകി. വചനം പറയുന്നു, വാസ്തവത്തിൽ, "ഭൂമിയിൽ  മുഴുവൻ ഒരേ  ഭാഷയും ഒരേ വാക്കുകളും  ഉണ്ടായിരുന്നു" (ഉൽപത്തി 11:1).

തൻ്റെ ഛായയിൽ നമ്മെ സൃഷ്ടിച്ച കർത്താവ് നമ്മെ മറ്റുള്ളവരുമായി ബന്ധമുള്ള ആളുകളാക്കി എന്നാണ് ഇതിനർത്ഥം. അവൻ നമ്മെ സൃഷ്ടിച്ചത് ആശയക്കുഴപ്പത്തിനല്ല, മറിച്ച് ഒരു നല്ല ബന്ധം സ്ഥാപിക്കാനാണ്. ഇത് വളരെ പ്രധാനമാണ്. ചിതറിക്കുകയും, വിഭജിക്കുകയും ചെയ്യുന്ന ഭാഷകളുടെ വ്യത്യസ്തപശ്ചാത്തലത്തിൽ, ഐക്യപ്പെടുവാൻ നമുക്ക് ഒരു ഭാഷ മാത്രമേ ആവശ്യമുള്ളൂ. ഞാൻ നിങ്ങളോട് ചോദിക്കട്ടെ, ഭൗതീക വസ്തുക്കളോ, മറ്റു ലോകവിജയങ്ങളോ അല്ലാതെ  ജീവിത യാത്രയിൽ നാം ഒറ്റയ്ക്കല്ലെന്നും, നാം തിരിച്ചറിയപ്പെടുന്നുവെന്നും, സ്‌നേഹിക്കപ്പെടുന്നുവെന്നും നമ്മുടെ ഹൃദയത്തെ ബോധ്യപ്പെടുത്തുന്ന ദൈവത്തിനറിയാവുന്ന  ഭാഷ ഏതാണ്? അതിനാൽ മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാൻ, മറ്റുള്ളവരെ സഹായിക്കുവാൻ, കൈമാറ്റം അനുവദിക്കുന്ന, സൗഹൃദം വളർത്തുന്ന, ഭിന്നിപ്പിൻ്റെ മതിലുകൾ തകർക്കുന്ന, നമുക്കെല്ലാവർക്കും ആലിംഗനത്തിലേക്ക് പ്രവേശിക്കാനുള്ള വഴി തുറക്കുന്ന സ്നേഹത്തിന്റെ  ഭാഷ നമുക്കാവശ്യമാണ്. ഈ ഭാഷ ഏതാണ്? നിങ്ങളിൽ ധൈര്യശാലിയായ ഒരാളിൽ നിന്നും അത് കേൾക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.കൈയുയർത്തി മുൻപോട്ടു വരിക. (ഒരാൾ വിളിച്ചു പറയുന്നു അത് സ്നേഹത്തിന്റെ ഭാഷയാണ്) നിങ്ങൾക്ക് ഇത് ബോധ്യപ്പെട്ടിട്ടുണ്ടോ? (എല്ലാവരും ഉച്ചത്തിൽ അതെ എന്ന് മറുപടി പറയുന്നു).

ആലോചിച്ചു നോക്കൂ. അപ്പോൾ സ്നേഹത്തിനു വിഘാതമായി എന്താണുള്ളത്? വെറുപ്പ്. എന്നാൽ വിദ്വേഷത്തേക്കാൾ മോശമായ ഒന്നുണ്ട്: മറ്റുള്ളവരോടുള്ള നിസ്സംഗത. വെറുപ്പ് എന്താണെന്നും നിസ്സംഗത എന്താണെന്നും നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? (എല്ലാവരും ഉച്ചത്തിൽ അതെ എന്ന് മറുപടി പറയുന്നു). മറ്റുള്ളവരെ തെരുവിൽ ഉപേക്ഷിക്കുകയും, മറ്റുള്ളവരെ സഹായിക്കുന്നതിൽ താൽപ്പര്യമില്ലാതെവരികയും ചെയ്യുന്ന നിസ്സംഗത വളരെ മോശമായ കാര്യമാണെന്ന് നിങ്ങൾക്കറിയാം. നിസ്സംഗതയ്ക്ക് സ്വാർത്ഥതയുടെ വേരുകൾ ഉണ്ട്. ശ്രദ്ധിക്കൂ, ജീവിതത്തിൽ, ചെറുപ്പമായ നിങ്ങൾക്ക്, മറ്റുള്ളവരെ പരിപാലിക്കാനുള്ള  ഹൃദയത്തിൻ്റെ ത്വര  ഉണ്ടായിരിക്കണം. പരസ്പരം ചങ്ങാത്തം കൂടാൻ നിങ്ങൾ ഏറെ താത്പര്യം കാണിക്കണം. ഞാൻ ഇപ്പോൾ നിങ്ങളോട് പറയുന്ന ഒരു കാര്യം നിങ്ങൾ ശ്രദ്ധിക്കണം, അത് ഒരുപക്ഷേ അൽപ്പം വിചിത്രമായിനിങ്ങൾക്ക് തോന്നിയേക്കാം. ചെറുപ്പക്കാരായവരുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ബന്ധമുണ്ട്, അത് മുത്തശ്ശീമുത്തശ്ശന്മാരോടുള്ള ബന്ധമാണ്. നിങ്ങൾ ഇത് അംഗീകരിക്കുന്നുണ്ടോ? (എല്ലാവരും ഉച്ചത്തിൽ അതെ എന്ന് മറുപടി പറയുന്നു). ഇപ്പോൾ നമുക്ക് ഒരുമിച്ചു പറയാം: നമ്മുടെ മുത്തശ്ശീമുത്തശ്ശന്മാർ നീണാൾ വാഴട്ടെ! ഒത്തിരി നന്ദി.

ബൈബിളിലെ നോഹയുടെ സന്തതികളെ പറ്റിയുള്ള വിവരണത്തിലേക്ക് നമുക്ക് മടങ്ങാം. ഓരോരുത്തരും വ്യത്യസ്തമായ ഭാഷകളായിരുന്നു സംസാരിച്ചിരുന്നത്, അവയ്ക്കുപുറമെ പ്രാദേശിക ഭാഷകളും. നിങ്ങൾക്ക് ഇവിടെ എത്ര പ്രാദേശിക ഭാഷകളുണ്ട്? ഒന്ന്, രണ്ട്, മൂന്ന്? എന്നാൽ നിങ്ങൾക്ക് ഒരു പൊതു ഭാഷയുണ്ടോ? ശ്രദ്ധാപൂർവ്വം ചിന്തിക്കുക: നിങ്ങൾക്ക് ഒരു പൊതു ഭാഷയുണ്ടോ? (എല്ലാവരും ഉച്ചത്തിൽ അതെ എന്ന് മറുപടി പറയുന്നു). ഹൃദയത്തിൻ്റെ ഭാഷ! സ്നേഹത്തിൻ്റെ ഭാഷ! സാമീപ്യത്തിൻ്റെ ഭാഷ! കൂടാതെ, സേവനത്തിൻ്റെ ഭാഷയും. ഇവിടെ നിങ്ങളുടെ സാന്നിധ്യത്തിന് നന്ദി. നിങ്ങളെല്ലാവരും ഏറ്റവും ആഴത്തിലുള്ള ഭാഷ സംസാരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: കാരണം നിങ്ങൾ എല്ലാവരും സ്നേഹത്തിൽ ഐക്യപ്പെട്ടവരാണ്. (പാപ്പാ ഉപയോഗിച്ച വാൻ്റോക് എന്ന വാക്ക്  രാജ്യത്തെ ബന്ധിപ്പിക്കുന്ന സാമൂഹിക കൂട്ടായ്മയെ സൂചിപ്പിക്കുന്ന പദമാണ്).

പ്രിയ യുവാക്കളേ, നിങ്ങളുടെ ഉത്സാഹത്തിൽ ഞാൻ സന്തുഷ്ടനാണ്, നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും, നിങ്ങൾ ചിന്തിക്കുന്ന കാര്യങ്ങളിലും ഞാൻ സന്തുഷ്ടനാണ്. എന്നാൽ ഞാൻ എന്റെ ഒരു ചോദ്യം  ശ്രദ്ധിക്കുക: ഒരു ചെറുപ്പക്കാരനു തെറ്റ് ചെയ്യാൻ സാധിക്കുമോ? (ഉത്തരം: അതെ!) പ്രായപൂർത്തിയായ ഒരാൾക്ക് തെറ്റ് പറ്റുമോ?  (ഉത്തരം: അതെ!) പിന്നെ എന്നെപ്പോലെയുള്ള ഒരു വൃദ്ധന് തെറ്റ് പറ്റുമോ?  (ഉത്തരം: അതെ!). നമുക്കെല്ലാവർക്കും തെറ്റുകൾ പറ്റാം. എന്നാൽ പ്രധാന കാര്യം തെറ്റ് തിരിച്ചറിയുക എന്നതാണ്. ഇത് പ്രധാനമാണ്. നമ്മളാരും  സൂപ്പർമാൻ അല്ല. നമുക്ക് തെറ്റ് പറ്റാം.

ഇത് നമുക്ക് ഒരു ഉറപ്പു നൽകുന്നു. അതായത് നാം എപ്പോഴും സ്വയം തിരുത്തലിനു വിധേയരാകാണം. ജീവിതത്തിൽ നമുക്കെല്ലാവർക്കും വീഴ്ചകൾ സംഭവിക്കാം. വളരെ മനോഹരമായ ഒരു ഗാനമുണ്ട്, നിങ്ങൾ അത് പഠിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ആൽപ്സ്, പർവതനിരകൾ കയറുമ്പോൾ ചെറുപ്പക്കാർ പാടുന്ന ഒരു ഗാനമാണിത്. പാട്ടിന്റെ വരികൾ ഇങ്ങനെയാണ്: "കയറുന്ന കലയിൽ, പ്രധാനം, വീഴാതിരിക്കുക എന്നതല്ല, മറിച്ച് വീഴ്ചയിൽ തുടരാതിരിക്കുക എന്നതാണ്."നിങ്ങൾക്ക് ഇത് മനസ്സിലായോ?   (ഉത്തരം: അതെ!). ജീവിതത്തിൽ നാമെല്ലാവരും വീണിട്ടുണ്ടായിരിക്കാം. എന്നാൽ വീഴാതിരിക്കുക എന്നത് പ്രധാനമാണോ? ഞാൻ നിങ്ങളോട് ചോദിക്കുന്നു. (ഉത്തരം: ഇല്ല!) എന്നാൽ ഏതാണ് പ്രധാനം? (എഴുന്നേൽക്കുക എന്ന മറുപടി). വീണുകിടക്കരുത്. നിങ്ങളുടെ പ്രായത്തിലുള്ള ഒരു കൂട്ടുകാരൻ വീണുപോയാൽ, നിങ്ങൾ എന്തു ചെയ്യണം? അവരെ നോക്കി കളിയാക്കുമോ? (ഉത്തരം: ഇല്ല!). നിങ്ങൾ അവരെ എഴുന്നേൽക്കാൻ സഹായിക്കണം. ജീവിതത്തിലെ ഈ ഒരു സാഹചര്യത്തിൽ മാത്രമേ മറ്റൊരാളെ മുകളിൽ നിന്ന് താഴേക്ക് നോക്കാൻ സാധിക്കുകയുള്ളൂ. ഇപ്രകാരം അവനെ സഹായിച്ചുകൊണ്ട്, മുകളിലേക്കുയരുവാൻ അവനെ സഹായിക്കണം. ഇത് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? (ഉത്തരം: അതെ!). നിങ്ങളിൽ ഒരാൾ വീണാൽ, അവൻ സദാചാര ജീവിതത്തിൽ അൽപ്പം താഴെയാണെങ്കിൽ, നിങ്ങൾ അവനെ അടിക്കാൻ കൈയോങ്ങുമോ? (ഉത്തരം: ഇല്ല!). മിടുക്കർ. ഇപ്പോൾ നമുക്ക് ഒരുമിച്ച് ആവർത്തിക്കാം: ജീവിതത്തിൽ പ്രധാനം വീഴാതിരിക്കുക എന്നതല്ല, മറിച്ച് വീണു കിടക്കാതിരിക്കുക എന്നതാണ്. വളരെ നന്ദി.

പ്രിയ യുവജനങ്ങളേ, നിങ്ങളുടെ സന്തോഷത്തിനും, സാന്നിധ്യത്തിനും, ചിന്തകൾക്കും ഞാൻ നന്ദി പറയുന്നു. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ നിങ്ങൾ മറക്കരുത്, കാരണം എന്നിൽ  ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ജോലികൾ ഏറെ ഭാരപ്പെട്ടതാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 September 2024, 16:13