യേശുവിന്റെ മനുഷ്യാവതാരം യഥാർത്ഥസമാധാനം കൊണ്ടുവരുന്നു: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസപരവും, സാംസ്കാരികവുമായ ആശയങ്ങൾ പൊതുസമൂഹത്തിൽ കൈമാറുന്നതിനുവേണ്ടി ആരംഭിച്ച, 'വിദ്യാഭ്യാസം വളരെ പ്രധാനമാണ്- വിദ്യാഭ്യാസസംസ്കാരം' എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംഗീത മത്സരമായ 'ക്രിസ്തുമസ് കോണ്ടെസ്റ്റ് 2024' അംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. സന്ദേശത്തിൽ, മത്സരത്തിൽ മാറ്റുരച്ച എല്ലാവർക്കും പാപ്പാ അഭിനന്ദനങ്ങൾ നേർന്നു. യേശുവിന്റെ ജനനതിരുനാളിന്റെ മൂല്യം സമൂഹത്തിൽ നല്കുന്നതിനുവേണ്ടി സംഗീതജ്ഞരായ യുവജനങ്ങൾ നടത്തുന്ന സേവനങ്ങൾക്കൊപ്പം, യേശുവിന്റെ ജനനത്തിനു അകമ്പടി സേവിച്ച സ്വർഗീയസംഗീതമായ, "അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും, ഭൂമിയിൽ അവൻ സ് നേഹിക്കുന്നവരുടെ ഇടയിൽ സമാധാനവും", എന്ന വരികളും പാപ്പാ ഓർമ്മിപ്പിച്ചു.
യേശുവിന്റെ മനുഷ്യാവതാരമാണ് ലോകത്തിൽ യഥാർത്ഥ സമാധാനം കൊണ്ടുവന്നതെന്നും പാപ്പാ പറഞ്ഞു. ഈ സമാധാനം ഇന്ന് നമുക്ക് ഏറെ ആവശ്യമായിരിക്കുന്നുവെന്നും, നൂറ്റാണ്ടുകളായി ലോകമെമ്പാടും സാഹോദര്യത്തിന്റെ പാതകൾ കണ്ടെത്തിയ എല്ലാ ഭാഷകളിലെയും സംസ്കാരത്തിലെയും എണ്ണമറ്റ കലാകാരന്മാരെ പ്രചോദിപ്പിച്ചത് യേശുവിന്റെ ഈ മനുഷ്യാവതാര രഹസ്യമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.
അഭിനവത്വം തുളുമ്പുന്ന കലാകാരന്മാരുടെ സൃഷ്ടികൾ ഈ മഹത്തായ ഉണർവിന്റെ ഭാഗമാണെന്നും, അത് ദൈവമായിരുന്നിട്ടും, മനുഷ്യനായി തീർന്ന ദൈവസ്നേഹം ഹൃദയത്തിൽ മന്ത്രിക്കുന്നതാണെന്നും പാപ്പാ പറഞ്ഞു.
യൗവ്വനകാലഘട്ടത്തിൽ, യേശുവിന്റെ മനുഷ്യാവതാരത്തിന്റെ സ്നേഹം മറ്റുള്ളവർക്ക് പകർന്നു നൽകുവാൻ, കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചവർക്ക് പാപ്പാ ഭാവുകങ്ങൾ നേർന്നു. എന്നാൽ ഈ സന്തോഷം അനുഭവിക്കുവാൻ ദാരിദ്ര്യം, രോഗം, യുദ്ധം, നിർബന്ധിത കുടിയേറ്റം, കുടുംബത്തിലെ പ്രശ്നങ്ങൾ, എന്നിങ്ങനെ വിവിധ കാരണങ്ങളാൽ സാധിക്കാതെ പോകുന്നവരെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. പണത്തിന്റെയും വിജയത്തിന്റെയും വിഗ്രഹങ്ങളാലല്ല, സർഗാത്മകതയുടെ മനോഹാരിത വെളിപ്പെടുത്തേണ്ടതെന്നും, മറിച്ച് സാഹോദര്യത്തിലുംജീവിതത്തിന്റെ മനോഹാരിതയിലുമാണെന്നും, അതിനാൽ 'ക്രിസ്തുമസ് കോണ്ടെസ്റ്റ് 2024' അംഗങ്ങളുടെ സാക്ഷ്യം ഏറെപ്പേർക്ക് പ്രചോദനമാകുമെന്നും പാപ്പാ അടിവരയിട്ടുപറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: