പാപ്പായയും "ഒരുമിച്ചുള്ള പെസഹാ 2025" (Pasqua Together) കൂട്ടായ്മയിലെ ചില അംഗങ്ങളും പാപ്പായയും "ഒരുമിച്ചുള്ള പെസഹാ 2025" (Pasqua Together) കൂട്ടായ്മയിലെ ചില അംഗങ്ങളും  (VATICAN MEDIA Divisione Foto)

ദൈവസ്നേഹത്തിന്റെ പെസഹാ ഒരുമിച്ച് ആഘോഷിക്കാനുള്ള പരിശ്രമങ്ങളെ പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

"ഒരുമിച്ചുള്ള പെസഹാ 2025" (Pasqua Together) എന്ന സംഘടനയിലെ അംഗങ്ങൾക്ക് നൽകിയ സന്ദേശത്തിൽ, വിവിധ ക്രൈസ്തവസമൂഹങ്ങൾ ഒരുമിച്ച് ക്രിസ്തുവിന്റെ പെസഹാ ആഘോഷിക്കുന്നതിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞ് പാപ്പാ. സെപ്റ്റംബർ 19 വ്യാഴാഴ്ച സംഘടനയിലെ അംഗങ്ങൾക്ക് വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിലാണ് മുൻകൂട്ടി തയ്യാറാക്കിയ ഈ സന്ദേശം പാപ്പാ കൈമാറിയത്. പെസഹാ മനുഷ്യരുടെയല്ല, ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് മറന്നുപോകരുതെന്ന് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ക്രിസ്തുവിന്റെ തിരുവുത്ഥാനത്തിന്റെ അനുഭവം അനുസ്മരിക്കുന്ന പെസഹാ, നമ്മുടെ പദ്ധതിയല്ല, ദൈവം മുൻകൈയെടുത്ത് നടത്തിയ പ്രവൃത്തിയാണെന്ന് മറക്കാതിരിക്കാമെന്ന് ഫ്രാൻസിസ് പാപ്പാ. ക്രിസ്തുവിന്റെ ക്ഷണം സ്വീകരിച്ച പത്രോസിനെപ്പോലെ ക്രിസ്തുവിന്റെ പിന്നാലെ എളിമയോടെ സഞ്ചരിക്കാനും, മാനുഷികമായ ചിന്താരീതികളിൽനിന്നുയർന്ന് ദൈവികമായ ചിന്തയിലേക്ക് വളരാനും പരിശ്രമിക്കാമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ക്രൈസ്തവ ഐക്യത്തിനായുള്ള റോമൻ ഡിക്കസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ കർട്ട് കോഹിന്റെ സാന്നിദ്ധ്യത്തിൽ ഒരുമിച്ചുകൂടിയ "ഒരുമിച്ചുള്ള പെസഹാ" എന്ന പേരിലുള്ള സംഘടനയിലെ അംഗങ്ങൾക്കായി തയ്യാറാക്കി കൈമാറിയ സന്ദേശത്തിലാണ്, ക്രൈസ്തവർ ഒരുമിച്ച് പെസഹാ ആചരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ എഴുതിയത്.

വിവിധ ക്രൈസ്തവസമൂഹങ്ങളും, സംഘടനകളും, അൽമായപ്രസ്ഥാനങ്ങളും ഒന്നുചേരുന്ന "ഒരുമിച്ചുള്ള പെസഹാ" എന്ന സംഘടന, രക്ഷയുടെ രണ്ടാം സഹസ്രാബ്ദം 2033-ൽ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കുന്നതെന്ന് പാപ്പാ അനുസ്മരിച്ചു. 2025-ൽ കത്തോലിക്കാസഭ സാധാരണ ജൂബിലി ആഘോഷിക്കുമ്പോൾ, വിവിധ കലണ്ടറുകൾ സാന്ദർഭികമായി ചേർന്നുവരുന്നതുകൊണ്ട്, ക്രൈസ്തവർ ഏവരും ഒരുമിച്ചാണ് പെസഹാ ആഘോഷിക്കുന്നതെന്നും, ഇത് പ്രഥമ എക്യൂമെനിക്കൽ കൗൺസിലായ, നിഖ്യാ സൂനഹദോസിന്റെ 1700-ആം വാർഷികമാണെന്നും പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചു.

ക്രിസ്തുവിന്റെ പെസഹാ ഒരുമിച്ച് ആഘോഷിക്കുന്നത് വല്ലപ്പോഴും യാദൃശ്ചികമായി സംഭവിക്കുന്ന ഒരു കാര്യമാകാതെ, ഒരു സാധാരണ കാര്യമായി മാറേണ്ടതിനായി പ്രവർത്തിക്കാൻ തനിക്ക് പല അഭ്യർത്ഥനകളും ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ പാപ്പാ, ഇത്തരുണത്തിൽ "ഒരുമിച്ചുള്ള പെസഹാ" എന്ന സംഘടനയിലെ അംഗങ്ങളോട് തങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനും, ഭിന്നതകളിലേക്ക് നയിക്കാവുന്ന കാര്യങ്ങളെ ഒഴിവാക്കി, ഒത്തൊരുമയ്ക്കായി പ്രവർത്തിക്കാനും ആഹ്വാനം ചെയ്‌തു.

ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹത്തിന്റെയും, ഏവരും രക്ഷിക്കപ്പെടണമെന്നുമുള്ള ആഗ്രഹത്തിന്റെയും ഭാഗമാണ് ക്രിസ്തുവിന്റെ പെസഹായെന്നും, ഇത് മനുഷ്യന്റെ പ്രവർത്തിയല്ലെന്നും പാപ്പാ ഓർമ്മിപ്പിച്ചു. പെസഹാ ക്രിസ്തുവിന്റേതാണ്. അതുകൊണ്ടുതന്നെ, ശിഷ്യത്വമനോഭാവത്തോടെ പത്രോസിനെപ്പോലെ ക്രിസ്തുവിനെ പിൻചെല്ലാനാണ് നാം പരിശ്രമിക്കേണ്ടതെന്നും പാപ്പാ എഴുതി.

ലോകം വിശ്വസിക്കേണ്ടതിനായി, ഐക്യത്തിൽ ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാൻ പരിശ്രമിക്കാനും, അപ്പസ്തോലന്മാരെപ്പോലെ ഒരുമിച്ച് സഞ്ചരിക്കാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്‌തു. ഇന്നത്തെ ലോകത്തിന് സമാധാനം ലഭ്യമാക്കാനായി സമാധാനത്തിന്റെ രാജകുമാരനോട് നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 September 2024, 18:08