തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

സംഘടിത കുറ്റകൃത്യങ്ങൾ മാനവികതയിൽ ആഴമേറിയ മുറിവുകളുണ്ടാക്കുന്നു: ഫ്രാൻസിസ് പാപ്പാ

സംഘടിതകുറ്റകൃത്യങ്ങളിലേർപ്പെടുന്നവരും മാഫിയ പ്രവർത്തകരുമായ ആളുകളിൽനിന്ന് കണ്ടുകെട്ടിയ സ്വത്തുക്കൾ പൊതുസമൂഹനന്മയ്ക്കായി ഉപയോഗിക്കുന്നത് സംബന്ധിച്ച കോൺഫറൻസിൽ പങ്കെടുത്തവർക്കയച്ച സന്ദേശത്തിൽ, സംഘടിതകുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്കെതിരെ ശബ്ദമുയർത്തി ഫ്രാൻസിസ് പാപ്പാ. അന്തസ്സോടെ ജീവിക്കാനുള്ള സാധാരണ മനുഷ്യരുടെ പരിശ്രമങ്ങൾക്കെതിരെയുള്ള പ്രവർത്തനമാണിതെന്നും, മാനവികതയിൽ വലിയ മുറിവാണ് ഇതുളവാക്കുന്നതെന്നും പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മാഫിയ, സംഘടിത കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർ തുടങ്ങിയവരിൽനിന്ന് കണ്ടുകെട്ടുന്ന വസ്തുവകകൾ സമൂഹത്തിന്റെ പൊതുനന്മയ്ക്കായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്,സാമൂഹ്യശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വത്തിക്കാൻ അക്കാദമി സെപ്റ്റംബർ പത്തൊൻപതാം തീയതി സംഘടിപ്പിച്ച കോൺഫറൻസിൽ പങ്കെടുത്തവർക്കായി അയച്ച സന്ദേശത്തിൽ, സമൂഹത്തിൽ ആഴമേറിയ മുറിവുകളുളവാക്കുന്ന അക്രമസംഘങ്ങളുടെ പ്രവർത്തനങ്ങൾക്കെതിരെ ശബ്ദമുയർത്തി ഫ്രാൻസിസ് പാപ്പാ. പട്ടിണി, അക്രമങ്ങൾ, അടിച്ചമർത്തൽ, അനീതി, തുടങ്ങിയവയുടെ മുന്നിൽപ്പോലും, അധ്വാനിച്ച്, തങ്ങളുടെ മക്കളെ അന്തസ്സോടെ വളർത്താനുള്ള സാധാരണ മനുഷ്യരുടെ പരിശ്രമങ്ങൾക്കെതിരെയുള്ള പ്രവർത്തനമാണ് മാഫിയ പോലെയുള്ള സംഘങ്ങൾ നടത്തുന്നതെന്ന് പാപ്പാ എഴുതി.

സംഘടിത കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർ മാനവികതയ്‌ക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്ന്, സെപ്റ്റംബർ 19 വ്യാഴാഴ്ച നൽകിയ സന്ദേശത്തിൽ പാപ്പാ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ അവസാനിക്കേണ്ടതാണെന്നും, ഇതിനെതിരെ ആഗോളതലത്തിൽ സംഘടിതമായ പ്രവർത്തനങ്ങൾ വേണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. അന്താരാഷ്ട്രസമൂഹം അഭിമുഖീകരിക്കുന്ന വലിയൊരു വെല്ലുവിളിയാണ് മാഫിയ എന്ന് പാപ്പാ എഴുതി.

സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വസ്തുവകകൾ കണ്ടെടുക്കാനായുള്ള പ്രവർത്തങ്ങൾക്ക് ആഹ്വാനം ചെയ്ത പാപ്പാ, എന്നാൽ അവ കണ്ടെടുക്കുക മാത്രമല്ല, പൊതുനന്മയ്ക്കായി അവ ഉപയോഗിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട ദുർബലരായ മനുഷ്യരെയാണ് പലപ്പോഴും സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ആക്രമിക്കുന്നതെന്ന് പാപ്പാ അനുസ്മരിച്ചു.

ഇറ്റലിയിൽ കുറ്റവാളികളിൽനിന്ന് കണ്ടുകെട്ടിയവ, ഇരകളായവർക്കും സമൂഹത്തിനുമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്നതിനെ പാപ്പാ പ്രത്യേകം പരാമർശിച്ചു. അക്രമങ്ങളുടെ ഇരകളെയും പൊതുസമൂഹത്തെയും ഒരിക്കലും മറന്നുകളയരുതെന്നും, മെച്ചപ്പെട്ട ഒരു ലോകം പടുത്തുയർത്തണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 September 2024, 18:03