എൻസോ ബിയാങ്കിയുടെ പുതിയ പുസ്തകം "സാഹോദര്യം" എൻസോ ബിയാങ്കിയുടെ പുതിയ പുസ്തകം "സാഹോദര്യം" 

സാഹോദര്യം അക്രമത്തിനും യുദ്ധത്തിനുമെതിരായ കോട്ട: ഫ്രാൻസിസ് പാപ്പാ

"സാഹോദര്യം" എന്ന പേരിൽ എൻസോ ബിയാങ്കി എഴുതിയ പുസ്തകത്തിനായി അവതാരിക കുറിച്ച ഫ്രാൻസിസ് പാപ്പാ, സാഹോദര്യം അക്രമത്തിനും യുദ്ധത്തിനുമെതിരായ കോട്ടയാണെന്ന് ഉദ്‌ബോധിപ്പിച്ചു. എയ്നൗദി പ്രസാദകശാലയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്തിന്റെ ക്രൂരതയ്‌ക്കെതിരെയുള്ള പോരാട്ടമാണ് യഥാർത്ഥത്തിൽ സഹോദര്യമെന്ന് ഫ്രാൻസിസ് പാപ്പാ. "സാഹോദര്യം" എന്ന പേരിൽ ഇറ്റലിക്കാരനായ എൻസോ ബിയാങ്കി എഴുതിയ പുസ്തകത്തിനുവേണ്ടി കുറിച്ച അവതരികയിലാണ് സഹോദര്യമെന്ന മൂല്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ എഴുതിയത്.

മാനവികതയുടെ ആരംഭം മുതലേ, യുദ്ധത്തിന്റെ പിശാച് എന്ന് വിളിക്കപ്പെടുന്ന “പൊളെമോസ്” രംഗത്തുണ്ടെന്നും, കായേൻ ആബേലിനെ ഇല്ലാതാക്കുന്ന സഹോദരഹത്യയിലും ഇതാണ് നമുക്ക് കാണാനാകുന്നതെനും പാപ്പാ എഴുതി.

മറ്റുള്ളവർക്കെതിരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തിന്മയുടെ ശക്തി നിലനിൽക്കുന്നതുകൊണ്ടുതന്നെ, സാഹോദര്യം വീണ്ടും ശക്തിപ്പെടണമെന്നും, അതുവഴി, സംഘർഷങ്ങളിലേക്കും യുദ്ധങ്ങളിലേക്കും നമ്മെ നയിക്കുന്ന ശത്രുതയെ പ്രതിരോധിക്കാനാകണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. നമ്മുടെ പൊതുജീവിതത്തിൽ ഇന്ന് ഏറെ കുറവയുള്ളതും സഹോദര്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇത് നമ്മെ സഹനത്തിലേക്കാണ് നയിക്കുക.

സഹോദര്യമില്ലെങ്കിൽ സമത്വവും സ്വാതന്ത്ര്യവും ഭീഷണി നേരിടുന്ന മൂല്യങ്ങളായി തുടരുമെന്നും, അവയുടെ ശക്തി നശിക്കുമെന്നും തന്റെ അവതാരികയിൽ പാപ്പാ എഴുതി. മറ്റുള്ളവരെ ഒഴിവാക്കുന്ന മനോഭാവം തള്ളിക്കളഞ്ഞും, അനുരഞ്ജനത്തിനുള്ള ആഹ്വാനം ശക്തിപ്പെടുത്തിയും, ആഴമേറിയ മാനവ ഐക്യത്തിനായുള്ള ആഗ്രഹം വളർത്തിയുമാണ് സാഹോദര്യം പരിപാലിക്കേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സാഹോദര്യം മാനവികതയ്ക്കുള്ള വിളിയാണെന്ന് എൻസോ ബിയാങ്കി തന്റെ പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ടെന്ന് പാപ്പാ എഴുതി. പരസ്പരബന്ധത്തോടെ ജീവിക്കേണ്ട മാനവികസമൂഹത്തിലെ സഹോദരീസഹോദരന്മാരാണ് നാമെന്ന് അദ്ദേഹം നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. മറ്റുള്ളവരെ അംഗീകരിക്കുകയും സ്വീകരിക്കുകയുമാണ് നമുക്ക് അവർക്കായി നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. ഏവരും ഒരുമിച്ച് ജീവിക്കുന്നതിനായി, ഞാൻ എന്നതിൽനിന്ന് നാം എന്നതിലേക്ക് നമ്മുടെ ചിന്തകളെ മാറ്റേണ്ടതുണ്ടെന്നും, അതുവഴി നമുക്ക് നമ്മുടെ ചുറ്റിലും സഹോദരങ്ങളെ കണ്ടെത്താനാകുമെന്നും പുസ്തകരചയിതാവ് എഴുതുന്നത് പാപ്പാ ആവർത്തിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 September 2024, 17:09