തിരയുക

ഹുവാൻ അന്തോണിയോയുടെ സംസ്കാരചടങ്ങുകളിൽ നിന്ന് ഹുവാൻ അന്തോണിയോയുടെ സംസ്കാരചടങ്ങുകളിൽ നിന്ന്   (AFP or licensors)

ഹുവാൻ അൻ്റോണിയോ ലോപ്പസിൻ്റെ കൊലപാതകത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പാ

മധ്യ അമേരിക്കൻ രാഷ്ട്രമായ ഹോണ്ടൂറാസിലെ ട്രുജിലോ രൂപതയിലെ അംഗവും, സാമൂഹ്യ അജപാലന ശുശ്രൂഷയുടെ ഏകോപകനുമായിരുന്ന ഹുവാൻ അൻ്റോണിയോ ലോപ്പസിൻ്റെ കൊലപാതകത്തിൽ ഫ്രാൻസിസ് പാപ്പാ തന്റെ അഗാധദുഃഖവും, അനുശോചനവും അറിയിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ദൈവവചന പ്രചാരക സംഘത്തിന്റെ പ്രതിനിധിയും, ഹോണ്ടൂറാസിലെ ട്രുജിലോ രൂപതയുടെ സാമൂഹ്യ അജപാലന ശുശ്രൂഷയുടെ ഏകോപകനുമായ ഹുവാൻ അൻ്റോണിയോ ലോപ്പസിൻ്റെ കൊലപാതകം ഏറെ ഞെട്ടലുളവാക്കുന്നതും സങ്കടപ്പെടുത്തുന്നതുമാണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. സെപ്റ്റംബർ മാസം ഇരുപത്തിരണ്ടാം തീയതി വത്തിക്കാൻ ചത്വരത്തിൽ നടത്തിയ മധ്യാഹ്നപ്രാർത്ഥനയുടെ അവസരത്തിലാണ് പാപ്പാ തന്റെ അനുശോചനം രേഖപ്പെടുത്തിയത്. ഹോണ്ടൂറാസിലെ സമഗ്ര പാരിസ്ഥിതിക വികസനത്തിനായുള്ള സമിതിയുടെ പ്രാരംഭകനും കൂടിയാണ് ഹുവാൻ അന്തോണിയോ.

മരണത്തിൽ വിഷമതയനുഭവിക്കുന്ന എല്ലാവരോടും തന്റെ അടുപ്പവും പ്രാർത്ഥനകളും അറിയിച്ച പാപ്പാ, ഒരുതരത്തിലുള്ള അക്രമവും ന്യായീകരിക്കാനാവില്ല എന്നും പറഞ്ഞു. അടിസ്ഥാന അവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുന്നവരോടും, ഭൂമിയുടെ നിലവിളി ശ്രവിച്ചുകൊണ്ട്, പൊതുനന്മയ്ക്കായി പ്രതിജ്ഞാബദ്ധരായി  സേവനം ചെയ്യുന്നവരോട് തനിക്കുള്ള അടുപ്പവും പാപ്പാ ഒരിക്കൽക്കൂടി അടിവരയിട്ടു പറഞ്ഞു.

സെപ്‌റ്റംബർ 14 ശനിയാഴ്ച ഹോണ്ടുറാസിലെ ടോക്കോയിൽ വെച്ച്, വിശുദ്ധകുർബാനയ്ക്കുശേഷം മടങ്ങിവരവെയാണ് മോട്ടോർ സൈക്കിളിലെത്തിയ അക്രമി നിറയൊഴിച്ച് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഈയിടെ ലോപ്പസ്,ദേശീയ ഉദ്യാനത്തിലെ ഒരു ഖനിയിൽ തുറന്ന കുഴിയിൽ ഇരുമ്പ് ഓക്സൈഡ് ഖനനം ചെയ്യുന്നതിനെതിരെ പോരാട്ടം നടത്തിവരികയായിരുന്നു. ഇത് പ്രദേശത്തെ രണ്ട് നദികളുടെ മലിനീകരണത്തിന് കാരണമാകുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. അദ്ദേഹത്തിന് മതിയായ സംരക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ശുപാർശ ചെയ്തിരുന്നുവെങ്കിലും, അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നിരുന്നില്ലയെന്നും ട്രൂജില്ലോയിലെ മെത്രാൻ ആരോപിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2024, 13:18