തിരയുക

ഫ്രാൻസിസ് പാപ്പായുടെ സിംഗപ്പൂർ സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പായുടെ സിംഗപ്പൂർ സന്ദർശന വേളയിൽ  

കുടുംബങ്ങൾ സമാധാനത്തിന്റെ ഉപകരണങ്ങളാകണം: പാപ്പാ

ഇറ്റലിയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളായ പോംപെയിലേക്കും, ലൊറേത്തോയിലേക്കുമുള്ള കുടുംബങ്ങളുടെ തീർത്ഥാടനത്തിനു ഫ്രാൻസിസ് പാപ്പാ, പ്രാർത്ഥനകളും, ആശംസകളും നേർന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പരിശുദ്ധാത്മ നവീകരണ കരിസ്മാറ്റിക്ക്  പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, വിവിധ തീർത്ഥാടന അജപാലന കേന്ദ്രങ്ങളുടെയും , കുടുംബങ്ങൾക്കുവേണ്ടിയുള്ള ഇറ്റാലിയൻ മെത്രാൻ സമിതിയുടെ ശുശ്രൂഷാകേന്ദ്രത്തിന്റെയും, കുടുംബങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക ഫോറത്തിന്റെയും സഹകരണത്തോടെയും, ഇറ്റലിയിലെ പ്രധാന മരിയൻ തീർത്ഥാടനകേന്ദ്രങ്ങളായ പോംപെയിലേക്കും, ലൊറേത്തോയിലേക്കും നടത്തുന്ന പതിനേഴാമത്  കുടുംബങ്ങളുടെ തീർത്ഥാടനത്തിന് ആശംസകളും, പ്രാർത്ഥനകളും അറിയിച്ച് ഫ്രാൻസിസ് പാപ്പായുടെ  സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി അയച്ചു. കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ജൂസെപ്പെ കൊന്താൾദോയെ അഭിസംബോധനചെയ്തുകൊണ്ടാണ് സന്ദേശം അയച്ചത്

'അവൻ നിങ്ങളോടു പറയുന്നത് ചെയ്യുവിൻ'എന്ന കാനായിലെ കല്യാണവിരുന്നിൽ വച്ച് പരിശുദ്ധ അമ്മ പരിചാരകരോട് പറഞ്ഞ വാക്കുകളാണ്, പതിനേഴാമത് മരിയൻ തീർത്ഥാടനത്തിന്റെ ധ്യാനചിന്തയായി എടുത്തിരിക്കുന്നത്. തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങളോടും പാപ്പായുടെ ആത്മീയമായ അടുപ്പം സന്ദേശത്തിൽ എടുത്തു പറയുന്നു. മാതാപിതാക്കളും, കുട്ടികളും, മുത്തശ്ശീമുത്തശ്ശന്മാരും ചേർന്നുനടത്തുന്ന തീർത്ഥാടനം  വിശ്വാസത്തിൽ അടിയുറച്ച ഒരു യാത്രയായിരിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. തുടർന്ന്, പാപ്പാ, നിരവധി പ്രശ്നങ്ങളാൽ വലയുന്ന കുടുംബാംങ്ങളെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നതായും പറഞ്ഞു.

വളരെ പ്രത്യേകമായി, യുദ്ധങ്ങളുടെ കെടുതികൾ ഏറെ ബാധിച്ചിരിക്കുന്നവരെയും, ദാരിദ്ര്യത്താൽ വലയുന്നവരെയും പാപ്പാ പരാമർശിച്ചു. ഇറ്റലിയിലും, യൂറോപ്പിലും ലോകമെങ്ങുമുള്ള കുടുംബങ്ങൾക്കുവേണ്ടി, തീർത്ഥാടകരോടൊപ്പം താനും, പരിശുദ്ധാത്മാവിന്റെ കൃപയ്ക്കായി യാചിക്കുന്നുവെന്നും, സമൂഹ ജീവിതത്തിന്റെ  മനോഹാരിതയ്ക്ക് സാക്ഷ്യം നൽകിക്കൊണ്ട് സമാധാനത്തിന്റെ ഉപകരണങ്ങളായി മാറുവാൻ ഓരോ കുടുംബങ്ങൾക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. സന്ദേശത്തിന്റെ അവസാനം ഫ്രാൻസിസ് പാപ്പാ തീർത്ഥാടകർക്ക് തന്റെ ശ്ലൈഹീക ആശീർവാദം നൽകുന്നതായും അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 September 2024, 13:44