അബോർഷനെതിരെ പാരീസിൽ നടന്ന മാർച്ച് അബോർഷനെതിരെ പാരീസിൽ നടന്ന മാർച്ച്   (AFP or licensors)

ഗർഭച്ഛിദ്രം കൊലപാതകമാണ്: ഫ്രാൻസിസ് പാപ്പാ

ഭ്രൂണഹത്യ മനുഷ്യന്റെ അവകാശങ്ങളുടെ ലംഘനമാണെന്ന് ഫ്രാൻസിസ് പാപ്പാ ഒരിക്കൽ കൂടി ശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാം അപ്പസ്തോലിക യാത്ര പൂർത്തിയാക്കി മടങ്ങും വഴി, വിമാനത്തിൽ വച്ചു മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിൽ, ഗർഭച്ഛിദ്രത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ടത് ആവശ്യമാണെന്നു പാപ്പാ പറഞ്ഞു. ബെൽജിയൻ ദേശീയ മാധ്യമത്തിലെ പ്രവർത്തകയായ വലേരി ദു പോന്തിന്റെ, ജീവിക്കാനുള്ള അവകാശത്തെ പറ്റിയും, ജീവന്റെ സംരക്ഷണത്തെ പറ്റിയുമുള്ള ചോദ്യങ്ങൾക്കു മറുപടിയായിട്ടാണ് പാപ്പാ, ഒരിക്കൽക്കൂടി ഭ്രൂണഹത്യയെന്ന തിന്മയെ അഭിസംബോധന ചെയ്തത്.  ബെൽജിയം രാജാവായിരുന്ന ബൗദൂയിന്റെ നാമകരണപ്രക്രിയകൾ ആരംഭിക്കുമെന്നും ഫ്രാൻസിസ് പാപ്പാ വിശുദ്ധബലിയുടെ അവസാനം നടത്തിയ സന്ദേശാവസരത്തിൽ ഫ്രാൻസിസ് പാപ്പാ അറിയിച്ചിരുന്നു. ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനെതിരെ പോരാടിക്കൊണ്ട് തന്റെ രാജകീയപദവി ഉപേക്ഷിച്ച വ്യക്തിയാണ് ബൗദൂയിൻ രാജാവ്.

ബൗദൂയിൻ രാജാവിനെപ്പോലെ തിന്മകൾക്കെതിരെ പോരാടുവാൻ അധികാരക്കസേരകളുടെ സുഖം ഉപേക്ഷിക്കുവാനുള്ള ധൈര്യം ഭരണാധികാരികൾക്കുണ്ടാവണമെന്നു പാപ്പാ പറഞ്ഞു. എന്നാൽ രാജാവിന് അപ്രകാരം ചെയ്യുവാൻ സാധിച്ചത് അദ്ദേഹം ഒരു വിശുദ്ധനായിരുന്നതുകൊണ്ടു മാത്രമായിരുന്നുവെന്നും, അതിനാൽ അദ്ദേഹത്തിന്റെ നാമകരണപ്രക്രിയകൾ താൻ തുടരുമെന്നും പാപ്പാ പറഞ്ഞു. ജീവിക്കുവാനുള്ള അവകാശം സ്ത്രീകൾക്ക് ഉണ്ടാകണമെന്ന് എപ്പോഴും ഉറച്ചുപറയുമ്പോൾ, ജീവിക്കുവാൻ കുട്ടികൾക്കുള്ള അവകാശം  സമൂഹം  ആവശ്യപ്പെടുവാൻ മറന്നുപോകരുതെന്നും പാപ്പാ പറഞ്ഞു. ഗർഭച്ഛിദ്രം കൊലപാതകമാണെന്ന് ശാസ്ത്രം പോലും സമർത്ഥിക്കുമ്പോൾ, മനുഷ്യൻ മനുഷ്യനെ കൊലപ്പെടുത്തുന്ന ഒന്നാണ് ഭ്രൂണഹത്യയിൽ സംഭവിക്കുന്നതെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി.

ഇതിനു കൂട്ടുനിൽക്കുന്ന ആരോഗ്യപ്രവർത്തകരും, പ്രത്യേകിച്ച് ഡോക്ടർമാരും 'വാടകക്കൊലയാളി'കളാണെന്ന് ശക്തമായ ഭാഷയിൽ പാപ്പാ പ്രതികരിച്ചു.ഇക്കാര്യത്തിൽ നമുക്കാർക്കും തർക്കിക്കുവാൻ സാധിക്കുകയില്ലെന്നും പാപ്പാ അർത്ഥശങ്കയ്ക്കിടയില്ലാതെ എടുത്തു പറഞ്ഞു. എന്നാൽ ഗർഭനിരോധന മുറകളെ  കുറിച്ചല്ല താൻ സംസാരിക്കുന്നതെന്നും, അത് മറ്റൊരു ചിന്തയാണെന്നും, അതിനാൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കരുതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 September 2024, 14:28