തിരയുക

പാപ്പാ വിശുദ്ധ ബലിമദ്ധ്യേ വചനസന്ദേശം നൽകുന്നു പാപ്പാ വിശുദ്ധ ബലിമദ്ധ്യേ വചനസന്ദേശം നൽകുന്നു  

ശാശ്വതമായി നിലനിർത്തുന്നത് സ്നേഹമാണ്: ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയഞ്ചാം അപ്പസ്തോലിക യാത്രയിൽ, സെപ്തംബർ മാസം പന്ത്രണ്ടാം തീയതി, സിംഗപ്പൂരിലെ ദേശീയ മൈതാനത്തിൽ അർപ്പിച്ച വിശുദ്ധ ബലിമദ്ധ്യേ നൽകിയ വചന സന്ദേശത്തിന്റെ സംക്ഷിപ്തരൂപം
പാപ്പായുടെ പ്രഭാഷണം : ശബ്ദരേഖ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി 

വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയെ അഭിസംബോധന ചെയ്തു കൊണ്ട് എഴുതിയ ലേഖനത്തിലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. സ്നേഹത്തിൽ കൂട്ടായ്മ വളർത്തേണ്ടതിന്റെ ആവശ്യകതയാണ് പാപ്പാ അടിവരയിട്ടു പറയുന്നത്. വിവിധ വിശ്വാസങ്ങളും, മതസംഹിതകളും ചേർന്ന് കൊണ്ട് ക്രിയാത്മകമായ സംഭാഷണത്തിൽ കൂട്ടായ്മവളർത്തിയെടുക്കുന്ന അനുഗൃഹീത നാടാണ് സിംഗപ്പൂരെന്നു പാപ്പാ തന്റെ വചനസന്ദേശത്തിൽ എടുത്തു പറഞ്ഞു. ഇതുതന്നെയാണ് ഈ നഗരത്തിന്റെ സൗന്ദര്യമെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഈ നിർമ്മാണപ്രക്രിയയിൽ അടിസ്ഥാനമായി നിലകൊണ്ടത്, പണമോ, സാങ്കേതികവിദ്യകളോ, വൈദഗ്ധ്യങ്ങളോ അല്ല, മറിച്ച് സ്നേഹമെന്ന പുണ്യം ആണെന്ന് പാപ്പാ പറഞ്ഞു.

അതിനാൽ ഈ ലോകത്തിൽ എന്തെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ, എന്തെങ്കിലും നന്മയുണ്ടെങ്കിൽ അതിനുകാരണം നാനാത്വത്തിൽ, വിദ്വേഷത്തെക്കാൾ സ്നേഹവും, നിസ്സംഗതയെക്കാൾ ഐക്യദാർഢ്യവും, സ്വാർത്ഥതയെക്കാൾ ഔദാര്യവും പ്രബലമായതിനാൽ മാത്രമാണെന്നും പാപ്പാ പ്രത്യേകം ചൂണ്ടിക്കാട്ടി. അതിനാൽ സിംഗപ്പൂർ നഗരത്തിന്റെ സൗന്ദര്യമെന്നത്, ഒരു വലിയ അടയാളമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. ഓരോ പൗരന്മാരും അവർക്കു ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ സത്യസന്ധരായും, പ്രതിജ്ഞാബദ്ധരായും, ഏകമനസോടെ ഏർപ്പെടുമ്പോൾ, അതിനുപിന്നിലുള്ള സ്നേഹത്തിന്റെ ശക്തിയെ തിരിച്ചറിയുവാൻ നമുക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഈ ജീവിതകഥകൾ വായിക്കുവാനും, അവയെ ഹൃദിസ്ഥമാക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. സ്നേഹമില്ലാതെ ഈ ലോകത്തിൽ ഒന്നും ശാശ്വതമായി നിലനിൽക്കുന്നില്ല എന്ന് വീണ്ടും പാപ്പാ അടിവരയിട്ടു പറഞ്ഞു. എന്നാൽ ചിലയവസരങ്ങളിലെങ്കിലും, ചിലകരവിരുതുകൾ, നമ്മിലെ അഹംഭാവത്തെ ഉണർത്തുവാനുള്ള ത്വരയെപ്പറ്റിയും പാപ്പാ ചൂണ്ടിക്കാട്ടി. നമ്മുടെ സന്തോഷത്തിന്റെ രചയിതാക്കൾ നാം തന്നെയാണെന്ന വ്യാമോഹം നമ്മിൽ വളരുന്നതിനുള്ള സാഹചര്യങ്ങളെ പാപ്പാ സൂചിപ്പിക്കുന്നു. അതിനാൽ സ്നേഹമില്ലാതെ നാം ഒന്നുമല്ല എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഒരിക്കൽ കൂടി പാപ്പാ ഓർമ്മിപ്പിച്ചു.

തുടർന്ന് ജീവിതത്തിൽ വിശ്വാസത്തിന്റെ പ്രാധാന്യവും പാപ്പാ അടിവരയിടുന്നുണ്ട്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള നമ്മുടെ കഴിവിൻ്റെ അടിസ്ഥാനം ദൈവം തന്നെയാണെന്നുള്ള തിരിച്ചറിവിലേക്ക് നമ്മെ നയിക്കുന്നത്, വിശ്വാസമാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. യേശുവിൽ നാം ജീവിക്കുമ്പോഴാണ് നാം ആയിരിക്കുന്നതും, ആകുന്നതുമായ അസ്തിത്വത്തിന്റെ ഉത്ഭവവും, നിവൃത്തിയും മനസിലാകുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ജോൺ പോൾ രണ്ടാമൻ പാപ്പാ സിംഗപ്പൂർ സന്ദർശനവേളയിൽ പറഞ്ഞ വചനങ്ങളും പാപ്പാ എടുത്തു പറഞ്ഞു. "നമ്മുടെ സ്നേഹത്തിലാണ്, ദൈവത്തിന്റെ സ്നേഹം പ്രതിഫലിക്കുന്നത്."മനുഷ്യൻ ഉണ്ടാക്കിയ സൃഷ്ടികൾക്ക് മുന്നിൽ, നാം അനുഭവിക്കുന്ന വിസ്മയത്തിനപ്പുറം, ദൈവത്തിന്റെ സ്നേഹം ദർശിക്കുവാൻ സാധിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. മുൻഗണനകളില്ലാതെയും, വ്യത്യാസമില്ലാതെയും യാത്രയിൽ ദിവസവും കണ്ടുമുട്ടുന്ന സഹോദരങ്ങളെന്ന നിലയിലുള്ള സിംഗപ്പൂരിലെ ജനത എല്ലാവർക്കും ഒരു സാക്ഷ്യമാണെന്നും പാപ്പാ പറഞ്ഞു. 

സമൂഹത്തിൽ വേദന അനുഭവിക്കുന്നവരോടും, ദരിദ്രരോടും അനുകമ്പയോടെ പെരുമാറേണ്ടതിന്റെ ക്രൈസ്തവ ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു. ‘ദൈവദൂഷണം പോലും അനുഗ്രഹമായി തിരിച്ചു നൽകണമെന്ന’ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ആഹ്വാനം നാം ശിരസാ വഹിക്കണമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. സ്നേഹം ഏറ്റവും മനോഹരവും സമ്പൂർണ്ണവുമായ രീതിയിൽ പ്രകടമാകുന്ന പരിശുദ്ധ മറിയത്തിന്റെ ജീവിതത്തെ പാപ്പാ പ്രത്യേകം പരാമർശിച്ചു. എല്ലാം മനസ്സിലാക്കുന്ന, എല്ലാം ക്ഷമിക്കുന്ന, നമ്മെ ഒരിക്കലും കൈവിടാത്ത പരിശുദ്ധ അമ്മയുടെ ആർദ്രത നമുക്ക് മാതൃകയാണെന്നും പാപ്പാ പറഞ്ഞു. തുടർന്ന് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ജീവിത മാതൃകയും പാപ്പാ അടിവരയിട്ടു പറഞ്ഞു. 'കർത്താവേ, ഇതാ ഞാൻ; ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്ന് പറഞ്ഞുകൊണ്ടുള്ള വിശുദ്ധ ഫ്രാൻസിസിന്റെ എഴുത്ത്, യഥാർത്ഥ മിഷനറിയുടെ സ്വഭാവം വെളിപ്പെടുത്തുന്നുവെന്ന് പാപ്പാ പറഞ്ഞു.

ഫ്രാൻസിസ് സേവ്യറിനെ  പോലെ ജീവിതത്തിന്റെ ഏടുകളിൽ, കർത്താവിനോട്, ഇതാ ഞാൻ, ഞാൻ എന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നതെന്നുള്ള ചോദ്യം ഉന്നയിക്കണമെന്ന് പറഞ്ഞ പാപ്പാ, എല്ലായ്‌പ്പോഴും, സ്‌നേഹത്തിലേക്കും നീതിയിലേക്കുമുള്ള ക്ഷണങ്ങൾ കേൾക്കാനും പ്രതികരിക്കാനുമുള്ള പ്രതിബദ്ധത ഓരോ ക്രിസ്തു ശിഷ്യനിലും നിക്ഷിപ്തമായിരിക്കുന്നുവെന്നും പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2024, 12:25