തിരയുക

ക്രിസ്തുവിന്റെ സാർവത്രിക സ്നേഹത്തിന്റെ വാഹകനായി ഫ്രാൻസിസ് പാപ്പാ ഇന്തോനേഷ്യയിൽ

ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്തോലിക യാത്രയുടെ രണ്ടാം ദിനത്തിലെ മധ്യാഹ്നത്തിനുശേഷമുള്ള പരിപാടികളുടെയും, മൂന്നാം ദിനത്തിലെ പ്രഭാതത്തിലെ പരിപാടികളുടെയും സംക്ഷിപ്ത വിവരണം
പാപ്പായുടെ ഇന്തോനേഷ്യൻ സന്ദർശനം: ശബ്ദരേഖ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

"വിശ്വാസം, സാഹോദര്യം, അനുകമ്പ" എന്നീ നന്മനിറഞ്ഞ ചിന്തകൾ ഉണർത്തിക്കൊണ്ട് തന്റെ നാല്പത്തിയഞ്ചാമത് അപ്പസ്തോലിക യാത്ര ഫ്രാൻസിസ് പാപ്പാ ഇന്തോനേഷ്യയിൽ തുടരുകയാണ്. തന്റെ ഓരോ നിമിഷവും യഥാർത്ഥ സാഹോദര്യത്തിന്റെ മധുരതരമായ അനുഭവങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നുവെന്ന്, വിവിധ സാക്ഷ്യങ്ങൾ വെളിപ്പെടുത്തുന്നു. ജക്കാർത്തയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത് മുതൽ, ഫ്രാൻസിസ് പാപ്പായെ, ഒരു സഹോദരനായി ഏറ്റെടുത്തുകൊണ്ടാണ് ഓരോ ഇന്തോനേഷ്യൻ വംശജനും സ്വീകരിക്കുന്നത്. ഇസ്ലാം ഭൂരിപക്ഷ രാജ്യത്തിലേക്ക്, കത്തോലിക്കാ സഭയുടെ തലവൻ, നിങ്ങൾ എന്റെ സഹോദരങ്ങളാണെന്നു ഹൃദയം കൊണ്ട് പറഞ്ഞുകൊണ്ട്, കടന്നുവരുമ്പോൾ ക്രിസ്തുവിന്റെ സാർവത്രിക സ്നേഹത്തിന്റെ വാഹകനായിട്ടാണ് എല്ലാവരും അദ്ദേഹത്തെ കരുതുന്നത്. ഈ സ്‌നേഹബന്ധങ്ങളുടെ മനോഹാരിതയാണ്, ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ മാറ്റു കൂട്ടുന്നത്.

സെപ്റ്റംബർ മാസം നാലാം തീയതി പകൽ സമയം  സർക്കാർ ഉദ്യോഗസ്ഥരുമായുള്ള ഫ്രാൻസിസ് പാപ്പായുടെ കൂടിക്കാഴ്ചയും, ചരിത്രത്താളുകളിൽ ആലേഖനം ചെയ്യപ്പെട്ടതിന്റെ കാരണം, ഭരണത്തലവന്മാരുടെ ഇടയിൽ നിലനിന്ന ഹൃദ്യതയാണ്. അതിഥി ദേവോ ഭവ! എന്ന ഭാരതീയ കാഴ്ചപ്പാടിനെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊണ്ടുകൊണ്ടായിരുന്നു, ഇന്തോനേഷ്യൻ രാഷ്ട്രപതി, ഫ്രാൻസിസ് പാപ്പായെ വരവേറ്റത്. തുടർന്നു നടന്ന നയതന്ത്രഉദ്യോഗസ്ഥരുടെ സമ്മേളനത്തിലും, ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾക്ക് ശ്രദ്ധാപൂർവം കാതോർക്കുന്ന ഉദ്യോഗസ്ഥരും, അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. തുടർന്ന്, ഈശോസഭയിലെ അംഗങ്ങളുമായി നടന്ന  കൂടിക്കാഴ്ചയിലും ഫ്രാൻസിസ് പാപ്പായുടെ ഹൃദ്യത ഏറെ പ്രകടമായിരുന്നു.

സെപ്റ്റംബർ മാസം നാലാം തീയതി പ്രാദേശിക  സമയം വൈകുന്നേരം നാല് മുപ്പതിനാണ് ഫ്രാൻസിസ് പാപ്പായുടെ അടുത്തകൂടിക്കാഴ്ച്ചയ്ക്ക് ഇന്തോനേഷ്യ സാക്ഷ്യം വഹിച്ചത്. സ്വർഗ്ഗാരോപിത മാതാവിനു പ്രതിഷ്ഠിച്ചിരിക്കുന്ന കത്തീഡ്രൽ ദേവാലയമാണ്, കൂടിക്കാഴ്ചയ്ക്ക് വേദിയായത്. മെത്രാന്മാരും, വൈദികരും, ഡീക്കന്മാരും, സമർപ്പിതരും,  സെമിനാരിക്കാരും, മതാധ്യാപകരും അടങ്ങുന്ന വലിയ ഒരു കൂട്ടായ്മയാണ് ഫ്രാൻസിസ് പാപ്പായെ സന്ദർശിക്കുവാൻ ദേവാലയത്തിൽ എത്തിയിരുന്നത്. തങ്ങളുടെ ജീവിതാഭിലാഷങ്ങളിൽ ഏറ്റവും വലിയ ഒന്ന് നിറവേറാൻ  പോകുന്നതിന്റെ ചാരിതാർഥ്യവും, സന്തോഷവും അവരുടെ മുഖത്ത് കാണാമായിരുന്നു. തങ്ങളുടെ ചെറിയ രാജ്യത്തിലേക്ക്, അതും വെറും ന്യൂനപക്ഷമായ കത്തോലിക്കരെ കാണുവാൻ ഫ്രാൻസിസ് പാപ്പാ കാണിച്ച വലിയ മനസിന് അവർ നന്ദി പറയുന്നതും വളരെ പ്രകടമായിരുന്നു.

പാപ്പാ എത്തുന്നതിനു വളരെ മണിക്കൂറുകൾക്കു മുൻപേ ദേവാലയത്തിനുള്ളിൽ സമർപ്പിതരായ ആളുകൾ എത്തിയിരുന്നു. ദേവാലയത്തിനു വെളിയിൽ ഇന്തോനേഷ്യൻ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞു നിരവധി കുട്ടികൾ പാപ്പായെ വരവേൽക്കുന്നതിനായി ഇരു വശങ്ങളിലും സംഗീതത്തിന്റെ അകമ്പടിയോടെ  നിലകൊണ്ടിരുന്നു. ഇന്തോനേഷ്യയുടെയും, വത്തിക്കാന്റെയും കൈപ്പതാകകൾ വീശിക്കൊണ്ട്‌ നിന്നിരുന്ന കുരുന്നുകളുടെ മുഖത്തെ സന്തോഷവും ഏറെ ഹൃദ്യമായിരുന്നു. ദേവാലയത്തിന്റെ മുറ്റത്തേക്ക് പാപ്പായുടെ ലളിതവും, ചെറുതുമായ കാർ വന്നു നിർത്തിയപ്പോൾ, അപ്രതീക്ഷിതമായി കൈക്കുഞ്ഞുമായി കടന്നു വന്ന ഒരു അമ്മയെ പാപ്പാ തന്റെ അരികിലേക്ക് ക്ഷണിക്കുകയും, പാപ്പായുമായി ഒരു സെൽഫിയെടുക്കുകയും ചെയ്തു. പാപ്പാ അവർക്ക് ഒരു ജപമാല സമ്മാനിക്കുകയും ചെയ്തു. തുടർന്ന് വീൽചെയറിൽ, തന്റെ സഹായികളോടൊപ്പം, തന്നെ കാത്തുനിന്ന കുരുന്നുകളുടെ അരികിലൂടെ അവരോട് കുശലം പറഞ്ഞുകൊണ്ട്, പാപ്പാ ദേവാലയ അങ്കണത്തിലേക്ക് പ്രവേശിച്ചു. കുഞ്ഞുങ്ങൾ തങ്ങളുടെ തല പാപ്പായ്ക്ക് മുൻപിൽ കുമ്പിട്ടുകൊണ്ട്, പരിശുദ്ധപിതാവിന്റെ  അംശമോതിരം ചുംബിച്ചതും, ഹൃദ്യമായ നിമിഷങ്ങൾ സമ്മാനിച്ചു.

ദേവാലയത്തിന്റെ വാതിൽക്കൽ പാപ്പായെ പൂക്കൾ നൽകി സ്വീകരിച്ചു. വെഞ്ചരിച്ച വെള്ളം തെളിച്ചുകൊണ്ട് ദേവാലയത്തിലേക്ക് പാപ്പാ പ്രവേശിച്ചപ്പോൾ നിറഞ്ഞ ഹർഷാരവങ്ങളോടെ പാപ്പായെ സ്വീകരിച്ചു. ദേവാലയ മധ്യത്തിലൂടെ കടന്നുവരുമ്പോൾ, പാപ്പാ,  നർമ്മം കലർത്തി സമർപ്പിതരോട് സംസാരിച്ച ചിത്രങ്ങളും ഏറെ ഹൃദ്യമായിരുന്നു. തുടർന്ന് വീൽച്ചെയറിൽ നിന്നും ഇരിപ്പിടത്തിലേക്ക് നീങ്ങിയ പാപ്പാ തിത്വസ്തുതിയോടെ കൂടിക്കാഴ്ച്ച ആരംഭിച്ചു. ഫ്രാൻസിസ് പാപ്പായെ ഔദ്യോഗികമായി  സ്വാഗതം ചെയ്തു കൊണ്ട് ഇന്തോനേഷ്യൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് മോൺസിഞ്ഞോർ അന്തോണിയോ സംസാരിച്ചു. നീണ്ടതും, ക്ലേശകരവുമായ യാത്ര നടത്തി തങ്ങളെ കാണാൻ എത്തിയ പാപ്പായുടെ വലിയ മനസിന് മോൺസിഞ്ഞോർ നന്ദി പറഞ്ഞു.

തുടർന്ന്, വൈദികരുടെ പ്രതിനിധിയായി ഫാ. റീന റോസലീന സംസാരിച്ചു. ഇന്തോനേഷ്യയിലെ ഫ്രാൻസിസ് പാപ്പായുടെ സാന്നിധ്യം, കത്തോലിക്കാസഭയുടെ കൂട്ടായ്മയ്ക്ക് ഏറെ ഊർജ്ജം പകരുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

തുടർന്ന് സന്ന്യസ്തരുടെ പ്രതിനിധിയായി ഒരു സഹോദരിയും പാപ്പായുടെ സന്ദർശനത്തിന് നന്ദി പറഞ്ഞു. ഒരുമിച്ചുനടക്കുവാനുള്ള പാപ്പായുടെ ആഹ്വാനം, നിരവധി വെല്ലുവിളികൾക്കു നടുവിലും നടത്തുവാൻ സാധിക്കുന്നതിൽ, സന്ന്യസ്തർക്കുള്ള അഭിമാനവും സഹോദരി എടുത്തു പറഞ്ഞു. അവസാനം, സ്പാനിഷ് ഭാഷയിലും, ഏതാനും ചിന്തകൾ സിസ്റ്റർ പങ്കുവച്ചു.  തുടർന്ന് സമർപ്പിതരായ സഹോദരങ്ങൾ ചേർന്ന് മനോഹരമായ ഒരു ഗാനം ആലപിച്ചു.  ഗാനത്തെ തുടർന്ന്, അത്മായരായ സഹോദരങ്ങളും, പാപ്പായെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. പാപ്പായുടെ സന്ദർശനം, തങ്ങളുടെ വിവിധ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുവെന്നും, മറ്റുള്ളവരുമായി സംഭാഷണത്തിൽ ഏർപ്പെടുവാൻ ധൈര്യം പകരുന്നുവെന്നും നിക്കോളാസ് പറഞ്ഞു. തുടർന്ന് ആഗ്നസ് എന്ന ഒരു യുവതിയും സംസാരിച്ചു. ബുദ്ധിവൈകല്യം ബാധിച്ച കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള സേവനങ്ങൾ ഏറെ സന്തോഷം പകരുന്നുവെന്നു പറഞ്ഞ സഹോദരി, പാപപയുടെ എല്ലാ സേവനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. ആഗ്നസിന്റെ വാക്കുകൾക്കു ശേഷം, മതാധ്യാപകരായ സഹോദരങ്ങൾ സുവിശേഷവത്ക്കരണത്തിന്റെ മുൻനിര പോരാളികളാണെന്നു പാപ്പാ പറഞ്ഞു. തുടർന്ന് ഫ്രാൻസിസ് പാപ്പാ തന്റെ വാക്കുകൾ ആരംഭിച്ചു

തന്റെ വാക്കുകൾക്ക് ശേഷം, ഫ്രാൻസിസ് പാപ്പാ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചതിനുശേഷം, ശ്ലൈഹികാശീർവാദവും നൽകി. തുടർന്ന് വീൽചെയറിൽ ദേവാലയത്തിനു വെളിയിലേക്ക് വന്ന പാപ്പായെ നിറഞ്ഞ സന്തോഷത്തോടെ യാത്രയാക്കുമ്പോൾ, നിരവധിയാളുകളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

ശേഷം പാപ്പാ കടന്നുവന്നത്, സാഹോദര്യത്തിന്റെ ഊഷ്മളത ഉണർത്തുന്ന സ്കോളാസ് ഒക്കുറെന്തെസിലെ യുവജനങ്ങളുടെ സമ്മേളനത്തിനാണ്. ഗെര പെമുദായിലെ യുവജനസമ്മേളന നഗരിയിൽ വച്ചാണ് സമ്മേളനം നടന്നത്. ഇന്തോനേഷ്യൻ സംസ്കാരം പോലെ, നിലത്ത് ചമ്രം പടിഞ്ഞുകൊണ്ടാണ് യുവജനങ്ങൾ ഇരിപ്പുറപ്പിച്ചിരുന്നത്. ഓരോ മതത്തിൽ പെട്ടവരും, അവരുടെ പരമ്പരാഗത വേഷം ധരിച്ചുകൊണ്ടാണ് നഗരിയിൽ സമ്മേളിച്ചിരുന്നത്. എല്ലാവരും ചേർന്ന് ഗാനങ്ങൾ ആലപിക്കുന്നതിനിടെ ഫ്രാൻസിസ് പാപ്പാ നഗരിയിലേക്ക് കടന്നുവന്നു. കണ്ടമാത്രയിൽ ഫ്രാൻസിസ് പാപ്പായുടെ അതിയായ സന്തോഷവും ഏറെ പ്രകടമായിരുന്നു. പാപ്പായെ അഭിസംബോധന  ചെയ്തു കൊണ്ട് സംസാരിച്ച സഹോദരിയുടെ വാക്കുകൾ ഇടയിൽ കണ്ണീരിനു ഇടനൽകി മുറിഞ്ഞുപോയപ്പോൾ ഫ്രാൻസിസ് പാപ്പാ നൽകിയ പ്രോത്സാഹനം ഹർഷാരവങ്ങൾക്ക് ഇട നൽകി. സംഭാഷണം പ്രോത്സാഹിപ്പിക്കുന്ന ഈ വിദ്യാലയം തനിക്കു നൽകുന്ന സന്തോഷം അളവില്ലാത്തതാണെന്നു കൂട്ടിച്ചേർത്തു.  തുടർന്ന്, രണ്ടു യുവജനങ്ങളും തങ്ങളുടെ  അനുഭവങ്ങൾ പങ്കുവച്ചു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് പാപ്പാ മറുപടി നൽകി. പ്രധാനമായും, സഹിഷ്ണുതയെക്കുറിച്ചും, സാഹോദര്യത്തെക്കുറിച്ചും, സമാധാനത്തെക്കുറിച്ചുമുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് തന്റെ ലളിതമായ ഭാഷയിൽ പാപ്പാ മറുപടി നൽകി. പാപ്പായുടെ സന്ദർശനത്തിൽ തങ്ങൾക്കുള്ള സന്തോഷം പ്രകടമാക്കിക്കൊണ്ട്, ഏതാനും ചില സമ്മാനങ്ങളും അംഗങ്ങൾ പാപ്പായ്ക്കു നൽകി. ഇപ്രകാരം, സെപ്തംബർ നാലാം തീയതിയിലെ തന്റെ ഔദ്യോഗിക പരിപാടികൾ അവസാനിപ്പിച്ച് പാപ്പാ തന്റെ വസതിയിലേക്ക് മടങ്ങി.

സെപ്തംബർ മാസം അഞ്ചാം തീയതി, തന്റെ സന്ദർശനത്തിന്റെ മൂന്നാം ദിവസം, ഫ്രാൻസിസ് പാപ്പായുടെ ആദ്യകൂടിക്കാഴ്ച മതസൗഹാർദ്ദ വേദിയിലായിരുന്നു. പ്രാദേശികസമയം രാവിലെ ഒൻപതുമണിക്കായിരുന്നു കൂടിക്കാഴ്ച. ഇസ്തിക്ലാൽ മോസ്കിൽ വച്ച് നടന്ന ചടങ്ങിലേക്ക്, കടന്നുവന്ന പാപ്പായെ ഗ്രാൻഡ് ഇമാം നസറുദ്ദീൻ ഉമർ ആലിംഗനം നൽകി സ്വീകരിച്ചു. തുടർന്ന് കത്തീഡ്രലിനെയും, മോസ്കിനെയും ബന്ധിപ്പിക്കുന്ന ടണൽ വഴികടന്നുവന്ന പാപ്പായെയും, മറ്റു മത നേതാക്കളെയും, പരമ്പരാഗത ഗീതങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. തൻറെ ഹ്രസ്വ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ, മതങ്ങൾക്കിടയിൽ നിലനിൽക്കേണ്ടുന്ന സൗഹൃദത്തെ അടിവരയിട്ടു പറഞ്ഞു. മൈക്ക് പിടിച്ചുകൊടുത്തുകൊണ്ട് പാപ്പായെ സഹായിച്ചത്, ഗ്രാൻഡ് ഇമാം നസറുദ്ദീൻ ഉമർ തന്നെയായിരുന്നുവെന്നത്, ഏറെ ശ്രദ്ധേയമായിരുന്നു. തുടർന്ന് സമ്മേളന നഗരിയിലേക്ക് നീങ്ങിയ പാപ്പായെയും, മറ്റു മത നേതാക്കളെയും ഹര്ഷാരവങ്ങളോടെ സ്വീകരിക്കുകയും,  ആമുഖപ്രാർത്ഥനയ്ക്കു ശേഷം, സ്വാഗതം ചെയ്യുകയും ചെയ്തു. ഗ്രാൻഡ് ഇമാം ഫ്രാൻസിസ് പാപ്പായുടെ സന്ദർശനത്തിൽ തങ്ങൾക്കുള്ള അതിരില്ലാത്ത സന്തോഷം എടുത്തു പറഞ്ഞു. തുടർന്ന് വിവിധ മതങ്ങളിൽ നിന്നുള്ള പ്രതിനിധികളും സംസാരിച്ചു. മതങ്ങൾ തമ്മിലുള്ള സൗഹാർദ്ദം ഏറെ ആവശ്യമാണെന്ന് അവർ അടിവരയിട്ടു. അതിനുശേഷം , പാപ്പാ തന്റെ വാക്കുകൾ ആരംഭിച്ചു.

അക്രമത്തിനെതിരായ എല്ലാ വിശ്വാസികളുടെയും പ്രതിബദ്ധത ഓർമ്മിപ്പിച്ചുകൊണ്ടും, സമാധാനവും ഐക്യവും പ്രോത്സാഹിപ്പിച്ചുകൊണ്ടും ജക്കാർത്തയിലെ ഇസ്തിഖ്‌ലാൽ മസ്ജിദിൽ നടന്ന സർവമത സമ്മേളനത്തിൽ പാപ്പായും  ഗ്രാൻഡ് ഇമാമും സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചതും ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെട്ടു.

സർവമത സമ്മേളനത്തിന് ശേഷം, പാപ്പാ ഇൻഡോനേഷ്യൻ മെത്രാൻ സമിതിയുടെ ആസ്ഥാനത്തേക്ക് കടന്നുചെല്ലുകയും, അവിടെ സമ്മേളിച്ചിരുന്ന ഉപവിപ്രവർത്തന സംഘടനകളുടെ പ്രതിനിധികളുമായും, അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. നൂറോളം രോഗികളെയും വികലാംഗരെയും കൂട്ടിച്ചേർത്ത സമ്മേളനത്തിൽ, ഇവരെല്ലാവരും സഭയുടെ വിലപ്പെട്ട അംഗങ്ങളാണെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു. "ഈ ദ്വീപസമൂഹത്തിൻ്റെ ആകാശത്തിലെ ചെറിയ നക്ഷത്രങ്ങൾ" എന്നാണ് പാപ്പാ അവരെ വിശേഷിപ്പിച്ചത്.  കാഴ്ച നഷ്ടപ്പെട്ട ഒരാളുടെയും, നേരിയ ഓട്ടിസം ബാധിച്ച ഒരാളുടെയും അനുഭവ സാക്ഷ്യങ്ങളും സമ്മേളനത്തിൽ പങ്കുവയ്ക്കപ്പെട്ടു. സമ്മേളനത്തിന്റെ അവസാനം, ഓരോരുത്തരുടെയും അരികിലേക്ക് കടന്നുചെന്ന പാപ്പാ, അവരെ ആലിംഗനം ചെയ്തുകൊണ്ട് തന്റെ പിതൃതുല്യമായ വാത്സല്യം പ്രകടിപ്പിച്ചു.

സമ്മേളനത്തിന്റെ അവസാനം പാപ്പാ തന്റെ വസതിയിലേക്ക് മടങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 September 2024, 15:20