പീഡന സംഭവങ്ങൾ മറച്ചു വയ്ക്കരുത്, പീഡകർ വിധിക്കപ്പെടണം, പാപ്പാ!
പാപ്പായുടെ സുവിശേഷ പ്രഭാഷണത്തിൻറെ സംഗ്രഹം:
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
"എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ച വരുത്തുന്നവൻ ആരായാലും , അവന് കൂടുതൽ നല്ലത്, ഒരു വലിയ തിരികല്ല് കെട്ടി കടലിൽ എറിയപ്പെടുന്നതാണ് " (മർക്കോസ് 9:42). മർക്കോസിൻറെ സുവിശേഷം ഒമ്പതാം അദ്ധ്യായത്തിലെ നാല്പത്തിരണ്ടാമത്തെതായ ഈ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തൻറെ സുവിശേഷ ചിന്തകൾ ആരംഭിച്ചത്.
ശിഷ്യന്മാരോടു പറഞ്ഞ ഈ വാക്കുകളിലൂടെ യേശു ചെയ്യുന്നത് “ചെറിയവർക്ക്” ഇടർച്ചവരുത്തുന്ന, അതായത്, അവരുടെ പാതയിൽ വിഘാതം സൃഷ്ടിക്കുന്ന അപകടത്തിനെക്കെതിരെ മുന്നറിയിപ്പു നല്കുകയാണ്. ഇത് ശക്തമായ, കഠിനമായ മുന്നറിയിപ്പാണ്. പാപ്പാ പറഞ്ഞു. യേശുവിൻറെ ഈ മുന്നറിയിപ്പിനെക്കുറിച്ച്, വിശുദ്ധ ഗ്രന്ഥത്തിലെ മറ്റു മൂന്നു ഭാഗങ്ങളുടെ വെളിച്ചത്തിൽ, തുറവ്, കൂട്ടായ്മ, സാക്ഷ്യം എന്നീ പദങ്ങൾ അവലംബമാക്കി മനനം ചെയ്ത പാപ്പാ ഇപ്രകാരം തുടർന്നു:
പുറപ്പാട്സംഭവത്തിൽ, മോശയുടെ കൂടെ സമാഗമ കൂടാരത്തിലേക്ക് പോയ മൂപ്പന്മാരെ മാത്രമല്ല, പാളയത്തിൽ അവശേഷിച്ച രണ്ടാളുകളെയും തൻറെ പ്രവചനവരദാനത്താൽ നിറയ്ക്കുന്ന പരിശുദ്ധാത്മാവിൻറെ സ്വതന്ത്രമായ പ്രവർത്തനം നമുക്ക് കാണിച്ചുതന്നുകൊണ്ട് ആദ്യ വായനയും സുവിശേഷവും തുറവിനെക്കുറിച്ച് നമ്മോട് പറയുന്നു.
തിരഞ്ഞെടുക്കപ്പെട്ടവരുടെ സംഘത്തിൽ ആദ്യം അവരുടെ അഭാവം ഇടർച്ചവരുത്തിയെങ്കിലും, ആത്മാവിൻറെ ദാനലബ്ധിക്കു ശേഷം, അവർക്ക് ലഭിച്ച ദൗത്യം നിർവ്വഹിക്കുന്നതിൽ നിന്ന് അവരെ തടയുന്നത് ഇടർച്ചയ്ക്കു കാരണമാകുമെന്ന ചിന്തയാണ് ഇതു നമ്മിലുളവാക്കുക. വിനീതനും ജ്ഞാനിയുമായ മോശ ഇത് നന്നായി മനസ്സിലാക്കുകയും തുറന്ന മനസ്സോടെയും തുറന്ന ഹൃദയത്തോടെയും അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്യുന്നു: " കർത്താവിൻറെ ജനം മുഴുവൻ പ്രവാചകന്മാരാകുകയും അവിടന്ന് തൻറെ ആത്മാവിനെ അവർക്ക് നൽകുകയും ചെയ്തിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു”, സംഖ്യാ പുസ്തകം 11,29) മനോഹരമായ ഒരു ആശംസയാണിത്.
സുവിശേഷത്തിൽ യേശു നടത്തുന്ന പ്രസ്തവനയ്ക്ക് മുന്നോടിയായ ജ്ഞാനപൂർവ്വകമായ വാക്കുകളാണ് അവ (മർക്കോസ് 9,38-43.45.47-48 കാണുക). ഇവിടെ കഫർണാമിലാണ് ഈ രംഗം നടക്കുന്നത്, ഗുരുവിൻറെ പേരിൽ ഭൂതോച്ചാടനം നടത്തുന്ന ഒരുവനെ തടയാൻ ശിഷ്യന്മാർ ശ്രമിക്കുന്നു, കാരണം - അവർ പറയുന്നു - "അവൻ നമ്മെ അനുഗമിച്ചില്ല" (മർക്കോസ്9.38). അവർ ചിന്തിക്കുന്നത് ഇപ്രകാരമാണ്: "നമ്മെ അനുഗമിക്കാത്ത, 'നമ്മിൽ ഒരാളല്ലാത്തവൻ അത്ഭുതങ്ങൾ ചെയ്യാൻ പാടില്ല, അവന് അതിന് അവകാശമില്ല." എന്നാൽ യേശു - എല്ലായ്പ്പോഴും എന്നപോലെ - അവരെ ആശ്ചര്യപ്പെടുത്തുന്നു, അവിടന്ന് അവരെ ശാസിച്ചു, അവരുടെ ചട്ടക്കൂടുകളെ ഭേദിക്കാൻ അവരെ ക്ഷണിക്കുന്നു. അവൻ അവരോട് പറയുന്നു: "അവനെ തടയരുത് [...] നമുക്കെതിരല്ലാത്തവൻ നമ്മുടെ പക്ഷത്താണ്" (മർക്കോസ്9,39-40).
അതിനാൽ, നമ്മുടെ ധാർഷ്ട്യവും കാഠിന്യവും കൊണ്ട് നാം ആർക്കും ഇടർച്ചയോ തടസ്സമോ ആകാതെ, ആത്മാവിൻറെ സ്വതന്ത്രമായ പ്രവർത്തനത്തിൽ, തുറന്നതും കരുതലുള്ളതുമായ സ്നേഹത്തോടെ സഹകരിക്കുകയും വിനയത്തോടും നന്ദിയോടും സന്തോഷത്തോടും കൂടി നമ്മുടെ ദൗത്യം നാം നിർവ്വഹിക്കുകയും ചെയ്യണം . നാം നീരസമുള്ളവരാകരുത്, മറിച്ച് നാം ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ചെയ്യാൻ കഴിയും എന്ന വസ്തുതയിൽ നാം സന്തോഷിക്കണം, അങ്ങനെ ദൈവരാജ്യം വളരുന്നു, അങ്ങനെ നാമെല്ലാവരും ഒരു ദിവസം പിതാവിൻറെ കരവലയത്തിൽ ഒരുമിച്ചാകുകയും ചെയ്യുന്നു.
ഇത് നമ്മെ രണ്ടാമത്തെ പദമായ കൂട്ടായ്മയിലേക്കാനയിക്കുന്നു. ഇതിനെക്കുറിച്ച് വിശുദ്ധ യാക്കോബ്, രണ്ടാം വായനയിൽ (cf. Jas 5,1-6) ശക്തമായ രണ്ടു പ്രതീകങ്ങളിലൂടെ നമ്മോട് സംസാരിക്കുന്നു: ക്ഷയിക്കുന്ന ധനം (cf. v. 3), കർത്താവിൻറെ കർണ്ണപുടങ്ങളിലെത്തുന്ന കൊയ്ത്തുകാരുടെ പ്രതിഷേധസ്വരം (cf. 4). ജീവിതത്തിൻറെ ഒരേയൊരു മാർഗ്ഗം ദാനവും, പങ്കിടലിൽ ഐക്യപ്പെടുന്ന സ്നേഹവുമാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. സ്വാർത്ഥതയുടെ പാത അടച്ചുപൂട്ടലുകളും മതിലുകളും പ്രതിബന്ധങ്ങളും ഇടർച്ചയും മാത്രമാണ് സൃഷ്ടിക്കുന്നത്, വാസ്തവത്തിൽ, അത് നമ്മെ വസ്തുക്കളുമായി ബന്ധനത്തിലാക്കുകയും ദൈവത്തിൽ നിന്നും നമ്മുടെ സഹോദരങ്ങളിൽ നിന്നും നമ്മെ അകറ്റുകയും ചെയ്യുന്നു.
ഉപവിക്ക് വിഘ്നമാകുന്ന സകലത്തെയും പോലെ, സ്വാർത്ഥത, "ഇടർച്ച" ആണ്, കാരണം അത് ചെറിയവരെ, അവരുടെ അന്തസ്സിനെ നിന്ദിക്കുകയും ദരിദ്രരുടെ നിലവിളിയെ നിശബ്ദമാക്കുകയും ചെയ്തുകൊണ്ട് (സങ്കീർത്തനങ്ങൾ 9:13 കാണുക), ഞെരുക്കുന്നു. പരിപാലിക്കേണ്ടവരാൽ പീഡിപ്പിക്കപ്പെടുകയും ദുരുപയോഗിക്കപ്പെടുകയും ഇടർച്ചവരുത്തപ്പെടുകയും ചെയ്ത കുട്ടികളെയും അവരുടെ കുടുംബങ്ങളെയും പാപ്പാ അനുസ്മരിച്ചു. അവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഏറ്റ മുറിവിനെക്കുറിച്ചും അവരുടെ വേദനയെപ്പറിയും പാപ്പാ പറഞ്ഞു. ഇത്തരം പീഢനസംഭവങ്ങൾ മറച്ചു വയ്ക്കരുതെന്നും അത്തരം സംഭവങ്ങൾക്കുത്തരവാദികളായവരെ അപലപിക്കണമെന്നും പാപ്പാ മെത്രാന്മാരോട് ആവശ്യപ്പെട്ടു. ഒപ്പം പീഢിപ്പിക്കൽ എന്ന രോഗത്തിൽ നിന്നു സുഖം പ്രാപിക്കാൻ അവരെ സഹായിക്കേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുകയും ചെയ്തു. പീഢനങ്ങൾക്കു ഉത്തരവാദികൾ, അൽമായനോ, വൈദികനോ, മെത്രാന്മാനോ ആരായാലും വിധിക്കപ്പെടണം എന്നും പാപ്പാ പറഞ്ഞു.
കാരുണ്യത്തെക്കുറിച്ച് പറഞ്ഞ പാപ്പാ, ഭാവിക്കായി, സാമൂഹികവും സാമ്പത്തികവുമായ തലത്തിൽ വിതയ്ക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മുടെ തിരഞ്ഞെടുപ്പുകളുടെ അടിത്തറ കരുണയുടെ സുവിശേഷമാക്കുന്നതിലേക്കു മടങ്ങുക ഉചിതമാണ് എന്നു പ്രസ്താവിച്ചുകൊണ്ട് ഇപ്രകാരം തുടർന്നു: അല്ലാത്തപക്ഷം, പ്രത്യക്ഷത്തിൽ തല ഉയർത്തിനില്ക്കുന്ന, നമ്മുടെ സമൃദ്ധിയുടെ സ്മാരകങ്ങൾ കളിമണ്ണുകൊണ്ടുള്ള ഭീമാകാര രൂപങ്ങളായിരിക്കും(Dn 2,31-45 കാണുക). നാം വ്യാമോഹിക്കേണ്ട: സ്നേഹത്തിൻറെ അഭാവത്തിൽ ഒന്നും നിലനിൽക്കില്ല, സകലവും അപ്രത്യക്ഷമാവുകയും, ശിഥിലമാവുകയും, നമ്മെ അവ്യക്തവും അർത്ഥശൂന്യവുമായ ജീവിതത്തിൻറെ തടവുകാരാക്കുകയും ചെയ്യും.
അങ്ങനെ നമ്മൾ മൂന്നാമത്തെ വാക്കിലേക്ക് കടക്കുന്നു, അത് സാക്ഷ്യമാണ്. സാക്ഷ്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിന് പാപ്പാ സ്പെയിൻ സ്വദേശിനിയായ നവവാഴ്ത്തപ്പെട്ട യേശുവിൻറെ അന്നയുടെ ജീവിതപ്രവർത്തനളെക്കുറിച്ചു പരാമർശിച്ചു. ക്രൈസ്തവ സമൂഹത്തിനകത്തും പുറത്തും വേദനാജനകമായ കുപ്രചരണങ്ങളാൽ മുദ്രിതമായിരുന്ന ഒരു കാലഘട്ടത്തിൽ, അവളും അവളുടെ കൂട്ടാളികളും അവരുടെ ലളിതവും ദരിദ്രവുമായ ജീവിതം കൊണ്ട്, പ്രാർത്ഥനയും തൊഴിലും ദാനധർമ്മവും കൊണ്ട് നിരവധി ആളുകളെ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവന്നത് പാപ്പാ അനുസ്മരിച്ചു. വാഴ്ത്തപ്പെട്ട അന്നയുടെ മാദ്ധ്യസ്ഥ്യം തേടാനും കർത്താവിൻറെ കാലടികളിൽ ഒരുമിച്ചു നടക്കാനുള്ള നമ്മുടെ പ്രതിബദ്ധത നവീകകിരിക്കാൻ പാപ്പാ ക്ഷണിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: