ഫ്രാൻസീസ് പാപ്പാ തൻറെ നാല്പത്തിയാറാം വിദേശ അപ്പൊസ്തോലിക പര്യടന വേളയിൽ, ബെൽജിയത്തിലെ ലുവെയിനിലെ കത്തോലിക്കാ സർവ്വകലാശാലയിൽ സർവ്വകലാശാലാദ്ധ്യാപകരെ സംബോധന ചെയ്യുന്നു, സമിപത്ത് സർവ്വകലാശാലാ റെക്ടർ ലൂക് സെൽസ്, 27/09/24 ഫ്രാൻസീസ് പാപ്പാ തൻറെ നാല്പത്തിയാറാം വിദേശ അപ്പൊസ്തോലിക പര്യടന വേളയിൽ, ബെൽജിയത്തിലെ ലുവെയിനിലെ കത്തോലിക്കാ സർവ്വകലാശാലയിൽ സർവ്വകലാശാലാദ്ധ്യാപകരെ സംബോധന ചെയ്യുന്നു, സമിപത്ത് സർവ്വകലാശാലാ റെക്ടർ ലൂക് സെൽസ്, 27/09/24  (ANSA)

പാപ്പാ:സമഗ്ര പരിശീലനം സർവ്വകലാശാലയുടെ പ്രഥമ ദൗത്യം!

ഫ്രാൻസീസ് പാപ്പാ തൻറെ നാല്പത്തിയാറാം വിദേശ അപ്പൊസ്തോലിക പര്യടന വേളയിൽ, ബെൽജിയത്തിൽ, ലുവെയിൻ പട്ടണത്തിലെ കത്തോലിക്കാ സർവ്വകലാശാലയിൽ വച്ച് സർവ്വകലാശാലാദ്ധ്യാപകരുമായി കൂടിക്കാഴ്ച നടത്തി. സെപ്റ്റംബർ 27-ന് വ്യാഴാഴ്ചയായിരുന്നു കൂടിക്കാഴ്ച.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ബെൽജിയം സന്ദർശന വേളയിൽ, ലുവെയിൻ പട്ടണത്തിൽ, കത്തോലിക്കാ സർവ്വകലാശാലയിൽ വച്ച് സർവ്വകലാശാലാദ്ധ്യാപരോടു  നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:   

 അറിവിൻറെ അതിരുകൾ വിശാലമാക്കുക എന്ന ആശയത്തിൽ കേന്ദ്രീകൃതമായിരുന്നു പാപ്പാ സർവ്വകലാശാലാദ്ധ്യാപകരോടു നടത്തിയ പ്രഭാഷണം. ഈ ആശയവിപുലീകരണത്തിന് പാപ്പാ, പഴയനിയമത്തിലെ പുസ്തകം ഒന്നാം ദിനവൃത്താന്തം നാലാം അദ്ധ്യായത്തിലെ പത്താം വാക്യം, അതായത്, “ദൈവമേ, അങ്ങ് എന്നെ അനുഗ്രഹിച്ച് എൻറെ അതിരുകൾ വിസതൃതമാക്കണമേ” എന്ന് യാബാസ് ഇസ്രായേലിൻറെ ദൈവത്തോടു നടത്തുന്ന പ്രാർത്ഥന അവംബമാക്കി.

സർവ്വകലാശലയുടെ പ്രഥമ ദൗത്യം വ്യക്തികൾക്ക് സമഗ്രമായ ഒരു പരിശീലനം നല്കുകയാണ് എന്നും ഇത് വർത്തമാനകാലത്തെ വ്യാഖ്യാനിക്കാനും ഭാവി ആസൂത്രണം ചെയ്യാനും ആവശ്യമായ ഉപകരണങ്ങൾ ആളുകൾക്ക് ലഭിക്കേണ്ടതിനാണെന്നും പ്രഭാഷണത്തിൻറെ തുടക്കത്തിൽത്തന്നെ വ്യക്തമാക്കിയ പാപ്പാ ഇപ്രകാരം തുടർന്നു.

വാസ്തവത്തിൽ,  സാംസ്കാരിക വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം,  ഒരിക്കലും അതിൽത്തന്നെ അവസാനിക്കുന്നതല്ല, സർവ്വകലാശലകൾ, അവയുടെ സ്വഭാവത്താൽത്തന്നെ,  മനുഷ്യൻറെ ജീവിതത്തിനും ചിന്തയ്ക്കും സമൂഹത്തിൻറെ വെല്ലുവിളികൾക്കും അതായത് രചനാത്മക വേദികൾക്കുമുള്ള പ്രചോദനത്തിൻറെയും നൂതനാശയങ്ങളുടെയും  ക്രിയാത്മക ഇടങ്ങളാണ്. സർവ്വകലാശാല സംസ്കാരം സൃഷ്ടിക്കുന്നു, ആശയങ്ങൾ സൃഷ്ടിക്കുന്നു, എന്നാൽ എല്ലാറ്റിനുമുപരിയായി അത് മാനവ പുരോഗതിയുടെ സേവനത്തിൽ സത്യാന്വേഷണത്തിനായുള്ള അഭിനിവേശത്തെ പരിപോഷിപ്പിക്കുന്നു എന്ന് ചിന്തിക്കുക മനോഹരമായ ഒരു കാര്യമാണ്. പ്രത്യേകിച്ചും, "യേശുക്രിസ്തുവിൻറെ സുവിശേഷത്തിൻറെയും എന്നും നൂതന സാഹചര്യങ്ങളോടും പുത്തൻ നിർദ്ദേശങ്ങളോടും തുറവുള്ള സഭയുടെ ജീവിത പാരമ്പര്യത്തിൻ്റെയും പുളിമാവ്, ഉപ്പ്, വെളിച്ചം എന്നിവയുടെതായ നിർണ്ണായക സംഭാവന"യേകാൻ  (Ap. Const. Veritatis Gaudium,3) വിളിക്കപ്പെട്ടിരിക്കുന്ന ഇതുപോലുള്ള കത്തോലിക്കാ സർവ്വകലാശാലകൾ.

ആകയാൽ, ഞാൻ നിങ്ങൾക്ക് ലളിതമായൊരു ക്ഷണമേകാൻ ആഗ്രഹിക്കുന്നു: അറിവിൻറെ അതിരുകൾ വികസിപ്പിക്കുക! ആശയങ്ങളും സിദ്ധാന്തങ്ങളും സംവർദ്ധകമാക്കുന്ന പ്രക്രിയയല്ല ഇത്, മറിച്ച് ജീവിതത്തെ ഉൾക്കൊള്ളുകയും ജീവിതത്തോട് സംസാരിക്കുകയും ചെയ്യുന്ന ഒരു സുപ്രധാന ഇടമായി സൈദ്ധാന്തികവും സാംസ്കാരികവുമായ വിദ്യാഭ്യാസത്തെ മാറ്റുക എന്നതാണ്.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, പഴയനിയത്തിലെ പുസ്തമായ ഒന്നാം ദിനവൃന്താത്തിലെ കഥാപാത്രങ്ങളിൽ ഒരാളായ യാബസ് ഇസ്രായേലിൻറെ ദൈവത്തോടു നടത്തുന്ന,“ദൈവമേ, അങ്ങ് എന്നെ അനുഗ്രഹിച്ച് എൻറെ അതിരുകൾ വിസതൃതമാക്കണമേ” എന്ന പ്രാർത്ഥന ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:

വിലാപത്തിൽ മുഴുകി സ്വന്തം വേദനയിൽ അടച്ചുപൂട്ടാൻ യാബസ് ആഗ്രഹിക്കുന്നില്ല,  അനുഗ്രഹീതവും കൂടുതൽ വിശാലവും ഉപരി സ്വാഗതാർഹവുമായ ഒരു സ്ഥലത്തു പ്രവേശിക്കുന്നതിന് തൻറെ ജീവിതത്തിൻറെ "സീമകൾ വിസ്തൃതമാക്കാൻ" കർത്താവിനോട് പ്രാർത്ഥിക്കുന്നു. അടച്ചുപൂട്ടൽ ഇതിനു വിപരീതമാണ്.

അതിരുകൾ വികസിപ്പിക്കുകയും മനുഷ്യനും സമൂഹത്തിനും വേണ്ടി ഒരു തുറസ്സായ ഇടമായി മാറുകയും ചെയ്യുകയെന്നത് സർവകലാശാലയുടെ മഹത്തായ ദൗത്യമാണ്. വാസ്തവത്തിൽ, അതിരുകൾ പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു അവ്യക്തമായ സാഹചര്യത്തിലാണ് നാം. ഒരു വശത്ത്, സത്യാന്വേഷണം വേണ്ടെന്നു വയ്ക്കലിനാൽ മുദ്രിതമായ ഒരു സംസ്കാരത്തിൽ നാം ആമഗ്നരായിരിക്കുന്നു. ദുർബ്ബലമായ ഒരു ചിന്തയുടെ ആശ്വാസത്തിൽ അഭയം പ്രാപിക്കുന്നതിനായി, എല്ലാം തുല്യമാണെന്നും, ഒന്നു മറ്റൊന്നിനോളം നല്ലതാണെന്നും, എല്ലാം ആപേക്ഷികമാണെന്നുമുള്ള ബോദ്ധ്യത്തിൽ അഭയം തേടുന്നതിനായി, അന്വേഷിക്കാനുള്ള തീവ്രാഭിലാഷം നാം നഷ്ടപ്പെടുത്തി. എന്നാൽ, മറുവശത്ത്, സർവ്വകലാശാലകളിലും മറ്റ് മേഖലകളിലും സത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, നമ്മൾ പലപ്പോഴും യുക്തിവാദ മനോഭാവത്തിൽ നിപതിക്കുന്നു. നമുക്ക് അളക്കാനും അനുഭവിക്കാനും സ്പർശിക്കാനും കഴിയുന്നത് മാത്രമേ ഈ വാദമനുസരിച്ച്, സത്യമായി കണക്കാക്കാനാവുകയുള്ളു. അത് ജീവനെ പദാർത്ഥം മാത്രമായി, ദൃശ്യമായ ഒന്നിലേക്കു മാത്രമായി ചുരുക്കിയതുപോലെയാണ്. ഈ രണ്ടു കാര്യങ്ങളിലും അതിരുകൾ  ഇടുങ്ങിയതാണ്.

അതിരുകൾക്കുള്ള പരിമിതികളിൽ ആദ്യത്തേതിൽ നമുക്ക് ആത്മാവിൻറെ തളർച്ചയാണുള്ളത്, അത് നമ്മെ സ്ഥിരമായ അനിശ്ചിതത്വത്തിലും അഭിനിവേശത്തിൻറെ അഭാവത്തിലും ആഴ്ത്തുന്നു, അഗ്രാഹ്യമായ  ഒരു യാഥാർത്ഥ്യത്തിൽ അർത്ഥം തേടുന്നത് പ്രയോജനരഹിതം എന്നതു പോലെയാണിത്.

ഈ പരിമിതികളിൽ രണ്ടാമത്തെതിൽ ചൈതന്യരഹിത യുക്തിവാദമാണുള്ളത്.  സാങ്കേതിക സാസ്കാരത്തിൻറെ സ്വാധീനത്തിലുള്ള അതിൽ നാം വീണ്ടും വീഴാനുള്ള അപകട സാദ്ധ്യത ഇന്നുണ്ട്. മനുഷ്യൻ ദ്രവ്യം മാത്രമായി കണക്കാക്കപ്പെടുമ്പോൾ, യാഥാർത്ഥ്യം ദൃശ്യമായതിൻറെ പരിധിക്കുള്ളിൽ ഒതുക്കപ്പെടുമ്പോൾ, യുക്തി ഗണിത- പരീക്ഷണാത്മക ശാസ്ത്രങ്ങളിലേക്കൊതുക്കപ്പെടുമ്പോൾ, വിസ്മയം നഷ്ടമാകുന്നു. വിസ്മയം ഇല്ലാതാകുമ്പോൾ ഒരുവന് ചിന്താശേഷി നഷ്ടമാകുന്നു. വിസ്മയമാണ് തത്ത്വചിന്തയുടെ തുടക്കം. ആ ആന്തരിക വിസ്മയം നമ്മെ കൂടുതൽ അപ്പുറത്തേക്കു നോക്കാനും മുകളിലേക്കു നോക്കാനും മൗലികമായ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്ന മറഞ്ഞിരിക്കുന്ന സത്യം തേടാനും നമ്മെ പ്രേരിപ്പിക്കുന്നു: അതായത് ഞാൻ എന്തിനാണ് ജീവിക്കുന്നത്? എൻറെ ജീവിതത്തിൻറെ പൊരുളെന്ത്? ഈ യാത്രയുടെ ആത്യന്തിക ലക്ഷ്യം എന്താണ്?

പ്രിയ സർവ്വകലാശാലാദ്ധ്യാപകരേ, ആത്മാവിൻറെ തളർച്ചയ്ക്കും ചൈതന്യരഹിത യുക്തിവാദത്തിനും എതിരെ, യാബസിനെപ്പോലെ പ്രാർത്ഥിക്കാൻ നമുക്കും പഠിക്കാം: "കർത്താവേ, ഞങ്ങളുടെ അതിരുകൾ വിസ്തൃതമാക്കേണമേ!".

ഈ സർവകലാശാലയുടെ പുത്രനും പ്രൊഫസറുമായ ഈ നാട്ടിലെ ഒരു ദൈവശാസ്ത്രജ്ഞൻ പ്രസ്താവിച്ചു: " ദൈവം സ്വയം പ്രത്യക്ഷപ്പെടാൻ അനുവദിക്കുന്ന കത്തുന്ന മുൾപടർപ്പ് നമ്മളാണ്”. (അഡോൾഫ് ജെഷേ-A. GESCHÉ, Dio per pensare. Il Cristo, Cinisello Balsamo 2003, 276).

പാപ്പാ തൻറെ പ്രഭാഷണം ഉപസംഹരിച്ചത് ഈ വാക്കുകളിലാണ്:

ഈ അഗ്നിജ്വാല കത്തിച്ചു നിറുത്തുക; അതിരുകൾ വികസിപ്പിക്കുക! നിങ്ങൾ ചിന്താകുലരായിരിക്കുക, ദയവായി, ജീവിതത്തെക്കുറിച്ചുള്ള ചിന്തകളുള്ളവരായിരിക്കുക, സത്യം തേടുന്നവരായിരിക്കുക, നിങ്ങളുടെ അഭിനിവേശം ഒരിക്കലും കെടുത്തരുത്, ചിന്തയുടെ അലസതയ്ക്ക് വഴങ്ങരുത്, അത് വളരെ മോശമായ ഒരു രോഗമാണ്. നാം ജീവിക്കുന്ന ലോകത്തിലെ ഏറ്റവും ദുർബ്ബലരുടെയും വലിയ വെല്ലുവിളികളുടെയും കാര്യത്തിൽ ശ്രദ്ധയുള്ളതും അനുകമ്പ, ഉൾച്ചേർക്കൽ എന്നിവയുടെതുമായ ഒരു സംസ്കാരം സൃഷ്ടിക്കുന്നതിൽ നായകരാകുക. ദയവുചെയ്ത് എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കല്ലേ, നന്ദി.

 

 

 

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 September 2024, 15:06