പാപ്പായുടെ ലക്സംബർഗ്-ബെൽജിയം ഇടയ സന്ദർശനം!

ഫ്രാൻസീസ് പാപ്പാ, തൻറെ നാല്പത്തിയാറം വിദേശ അജപാലന സന്ദർശനത്തിൻറെ രണ്ടാമത്തെ വേദിയായ ബെൽജിയത്തിൽ എത്തിയിരിക്കുന്നു. ഈ ചതുർദിന ഇടയസന്ദർശനത്തിൽ പാപ്പാ ഉൾപ്പെടുത്തിയിരിക്കുന്നത് ലക്സംബർഗ്, ബെൽജിയം എന്നീ രണ്ടു യൂറോപ്യൻ നാടുകളാണ്. വ്യാഴാഴ്ച ആരംഭിച്ച ഈ യാത്ര ഞായറാഴ്ച സമാപിക്കും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിയാറം വിദേശ അജപാലന സന്ദർശനം നടന്നുവരികയാണ്. ഈ ചതുർദിന ഇടയസന്ദർശനത്തിൽ പാപ്പാ ഉൾപ്പെടുത്തിയിരിക്കുന്നത് ലക്സംബർഗ്, ബെൽജിയം എന്നീ രണ്ടു യൂറോപ്യൻ നാടുകളാണ്. ഈ യാത്രയുടെ പ്രഥമ വേദിയാ ലക്സംബർഗിൽ പാപ്പാ ചിലവഴിച്ചത് ഏതാനും മണിക്കുറൂകൾ മാത്രമാണ്. രാവിലെ അന്നാട്ടിലെത്തിയ പാപ്പാ വൈകുന്നേരം ബെൽജിയത്തിലേക്കു പോയി.

വ്യാഴാഴ്‌ച (26/09/24) രാവിലെ, ലക്സംബർഗിൻറെ ഗ്രാൻറ് ഡ്യൂക്ക് ഹെൻട്രി ആൽബെർട്ട് ഫെലിക്സുമായുള്ള സൗഹൃദ കൂടിക്കാഴ്ച, ഭരണാധികാരികളും പൗരസമൂഹത്തിൻറെ പ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, പ്രധാനമന്ത്രി ലൂക് ഫ്രീഡനുമായുള്ള കൂടിക്കാഴ്ച എന്നിവയ്ക്കു ശേഷം ലക്സംബർഗ് അതിരൂപതയുടെ അരമനയിൽ ഉച്ചഭക്ഷണത്തിനെത്തിയ പാപ്പാ വൈകുന്നേരം അതിമെത്രാസന മന്ദിരത്തിൽ നിന്ന് പരിശുദ്ധ കന്യകാമറിയത്തിൻറെ നാമത്തിലുള്ള നോതൃദാം കത്തീദ്രലിലേക്കു പോയി.

നോതൃദാം കത്തീദ്രൽ

നഗരമദ്ധ്യത്തിൽ ഈശോസഭയാണ് ഈ ദേവാലയം പണിതുയർത്തിയത്. 1613 മെയ് 7-ന് പ്രഥമ ശിലസ്ഥാപനം നടന്ന ഈ ദേവാലയത്തിൻറെ പണി 8 വർഷംകൊണ്ട് പൂർത്തിയായി. 1621 ഒക്ടോബർ 17-ന് ഈ ദേവാലയത്തിൻറെ ആശീർവ്വാദം നടത്തുകയും അമലോത്ഭവ നാഥയ്ക്ക് പ്രതിഷ്ഠിക്കുകയും ചെയ്തു. 1870 സെപ്റ്റംബർ 27-ന് ഒമ്പതാം പീയൂസ് പാപ്പായാണ് ഈ ദേവാലയത്തെ കത്തീദ്രലാക്കി ഉയർത്തിയത്. 1935,1938, 1962, 1963 എന്നീ വർഷങ്ങളിൽ നവീകരണപ്രവർത്തനങ്ങൾക്ക് വിധേയമാക്കപ്പെട്ട ഈ ദേവാലയം 1963-ൽ വീണ്ടും ആശീർവദിക്കപ്പെട്ടു.

കത്തോലിക്കാ സമൂഹവുമായുള്ള കൂടിക്കാഴ്ച 

നോതൃദാം കത്തീദ്രലിൽ വച്ചായിരുന്നു പാപ്പാ ലക്സംബർഗിലെ കത്തോലിക്കാസമൂഹവുമായി കൂടിക്കാഴ്ച നടത്തിയത്. മഴ പ്രതികൂലാവസ്ഥ സൃഷ്ടിച്ചുവെങ്കിലും പാപ്പാ കാറിൽ ദേവാലയത്തിലേക്കു വന്ന പാതയുടെ ഓരങ്ങളിൽ നിരവധിപ്പേർ പാപ്പായെ ഒരു നോക്കു കാണുന്നതിനായി കുടകൾ ചൂടി കാത്തു നില്പുണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കെത്തിയ പാപ്പായെ ദേവാലയത്തിൻറെ പ്രധാന കവാടത്തിൽ വച്ച് ലക്സംബർഗ് അതിരൂപതയുടെ അദ്ധ്യക്ഷൽ കർദ്ദിനാൾ ഷാൻ ക്ലോഡ് ഹൊളെറിച്ചും (Card.Jean-Claude Hollerich) കത്തീദ്രൽ വികാരിയും ചേർന്നു സ്വീകരിച്ചു.  വികാരി പാപ്പായ്ക്ക് ചുംബിക്കാൻ കുരിശും തളിക്കാൻ ഹന്നാൻ ജലവും നല്കി. രണ്ടു കുട്ടികൾ ചേർന്ന് പാപ്പായ്ക്ക് പുഷ്പമഞ്ജരി സമർപ്പിച്ച് ആദരവർപ്പിച്ചു. തദ്ദന്തരം പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ചക്രക്കസേരയിൽ ദേവാലയമദ്ധ്യത്തിലൂടെ നീങ്ങവേ ഗായകസംഘം സ്തുതിഗീതത്താൽ ദേവാലയാന്തരീക്ഷം ഭക്തിസാന്ദ്രമാക്കി.

ചക്രക്കസേരയിലായിരുന്നവർക്കും മറ്റു പലർക്കും  പാപ്പാ  ഹസ്തദാനം നല്കുന്നുണ്ടായിരുന്നു. ഭിന്നശേഷിക്കാരയിരുന്നവരുടെ പക്കലും പാപ്പായെത്തി. അവരുടെ കൈപിടിച്ച് പാപ്പാ അവരോടുള്ള തൻറെ സ്നേഹവും കരുതലും പ്രകടിപ്പിച്ചു. അൾത്താരയ്ക്കു മുന്നിലായി ഒരുക്കിയിരുന്ന വേദിയിലെത്തിയ പാപ്പായെ കർദ്ദിനാൾ ഹൊളറിച്ച് സ്വാഗതം ചെയ്തു.

സ്വാഗത പ്രഭാഷണം

തങ്ങളെ ശ്രവിക്കാനും വിശ്വാസത്തിലും പ്രത്യാശയിലും ഉപവിയിലും തങ്ങളെ ശക്തിപ്പെടുത്താനും എത്തിയ പാപ്പായെ തങ്ങൾ അപരിമേയാനന്ദത്തോടെയാണ് ഈ കത്തീദ്രലിൽ വരവേല്ക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് കർദ്ദിനാൾ ഹൊളെറിച്ച് സ്വാഗതപ്രഭാഷണം ആരംഭിച്ചത്.

ലക്സംബർഗിലെ സഭ വളരെ മതേതരമായ ഒരു സമൂഹത്തിൽ, അതിൻറെതായ  സഹനങ്ങളോടും ബുദ്ധിമുട്ടുകളോടും മാത്രമല്ല, പ്രത്യാശയുടെ പാതകളോടുംകൂടിയാണ് ജീവിക്കുന്നതെന്ന് അനുസ്മരിച്ച അദ്ദേഹം, ദൈവം തങ്ങളുടെ പാതയിൽ വച്ചിരിക്കുന്ന അടയാളങ്ങൾ പിന്തുടർന്നുകൊണ്ട്, യുവജനത്തോടും, കുട്ടികളോടും, വയോജനത്തോടും, സന്നദ്ധപ്രവർത്തകരും അല്ലാത്തവരുമായവരോടും വൈദികരോടും അല്മായരോടും, ലക്സെംബർഗ് പൗരന്മാരോടും അല്ലാത്തവരോടുമൊപ്പം നവീകരണത്തിൻറെ യാത്ര ആരംഭിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞു.

ഭൗതിക മൂല്യങ്ങളോട് പറ്റിച്ചേരാതെ, ദൈവത്തിനും സമൂഹത്തിലെ സ്ത്രീപുരുഷന്മാർക്കും സേവനം ചെയ്യാനും അവരുമായി സംഭാഷണത്തിൽ ഏർപ്പെടാനും ഉപരിയുപരി ശ്രമിച്ചുകൊണ്ട് സിനഡാത്മക പരിവർത്തനപാതയിൽ പാദമൂന്നാൻ തുടങ്ങിയിരിക്കുന്ന ഒരു ബഹുരാഷ്ട്ര സഭയാണ് ലക്സംബർഗിലെ സഭയെന്ന് കർദ്ദിനാൾ ഹൊളെറിച്ച് വെളിപ്പെടുത്തി.  സമഗ്രവികസനത്തിനും രോഗികൾക്കും ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പരിചരണമേകുന്നതിനും പ്രതിജ്ഞാബദ്ധമായ ഒരു സഭയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർദ്ദിനാൾ ഹൊളെറിച്ചിൻറെ വാക്കുകളെ തുടർന്ന് ഒരു യുവാവിൻറെ സാക്ഷ്യം, വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ഒരു ലൗദാത്തൊ സീ നൃത്തരൂപം, രൂപതാ അജപാലന സമിതിയുടെ ഉപാദ്ധ്യക്ഷൻറെ സാക്ഷ്യം, ഭാഷാവിഭാഗ പ്രതിനിധിയുടെ സാക്ഷ്യം, സംഘഗാനം എന്നിവയായിരുന്നു. ഈ ഗാനാനന്തരം പാപ്പാ സമൂഹത്തെ സംബോധന ചെയ്തു.

പ്രഭാഷണം അവസാനിച്ചപ്പോൾ ഒരു ഗാനത്തിൻറെ അകമ്പടിയോടെ ക്ലേശിതരുടെ സാന്ത്വനമായ നാഥയുടെ തിരുസ്വരൂപം പാപ്പായുടെ അടുത്തേക്ക് സംവഹീക്കപ്പെട്ടു. പാപ്പാ തിരുസ്വരൂപത്തെ വണങ്ങിയതിനെ തുടർന്ന് അത് അൾത്താരയുടെ സമീപത്ത് ഒരു വശത്ത് പ്രതിഷ്ഠിച്ചു. തുടർന്ന് മൗനപ്രാർത്ഥനയുടെ ഒരു വേളയായിരുന്നു. അതിനു ശേഷം കർദ്ദിനാൾ ഹൊളെറിച്ച്, ക്ലേശിതരുടെ സമാശ്വാസമായ നാഥയുടെ വണക്കാരാംഭത്തിൻറെ നാനൂറാം വാർഷികത്തോടനുബന്ധിച്ച്, മരിയൻ ജൂബിലിയുടെ ഉദ്ഘാടന പ്രാർത്ഥന ചൊല്ലി. തദനന്തരം സമാശ്വാസ നാഥയ്ക്ക് സ്വർണ്ണ റോസാപുഷ്പം സമർപ്പിക്കപ്പെട്ടപ്പോൾ ഗായകസംഘത്തിൻറെ ഭക്തിസാന്ദ്രമായ ഗീതം ഒഴുകി.

ഗാനം അവസാനിച്ചപ്പോൾ പാപ്പാ സമാപനാശീർവാദം നല്കി. കത്തോലിക്കാ സമൂഹം സമാഹരിച്ച ഒരു തുക കർദ്ദിനാൾ ഹൊളെറിച്ച് ഈ കൂടിക്കാഴ്ചയുടെ അവസാനം പാപ്പായ്ക്ക് സമ്മാനിച്ചുവെങ്കിലും പാപ്പാ അത് കുടിയേറ്റക്കാരും ആവശ്യത്തിലിരിക്കുന്നവരുമായ ജനങ്ങൾക്കു വേണ്ടി പ്രാദേശിക കാരിത്താസ് സംഘടനയെ ഏല്പിക്കുന്നതായി അറിയിച്ചു.

പാപ്പാ ദേവാലയത്തിൽ നിന്ന് പുറത്തേക്കു പോകവെ അവിടെയുണ്ടായിരുന്നവരുമായി കുശലം പറയുന്നതും ഹസ്തദാനമേകുന്നതും മറ്റും കാണാമായിരുന്നു. ദേവാലയാങ്കണത്തിലും അനേകർ പാപ്പായെകാത്തു നിൽക്കുന്നുണ്ടായിരുന്നു. അവരെയും പാപ്പാ അഭിവാദ്യം ചെയ്തു. കാറിലേറുന്നതിനു മുമ്പ് തൻറെ പക്കലേക്കു കൊണ്ടുവന്ന കരഞ്ഞുകൊണ്ടിരുന്ന ഒരു കുഞ്ഞിൻറെ കവിളിൽ പാപ്പാ തലോടുന്നതും ഒരു സമ്മാനം നല്കുന്നതും കാണാമായിരുന്നു. തദ്ദനന്തരം പാപ്പാ കാറിലേറി ലക്സംബർഗിലെ ഫിൻറെൽ വിമാനത്താവളത്തിലേക്കു പോയി. ഒമ്പതിലേറെ കിലോമീറ്ററായിരുന്നു ദേവാലയത്തിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ദൂരം.

പാപ്പാ ലക്സംബർഗിനോടു വിട ചൊല്ലി -പാപ്പാ ബെൽജിയത്തിൻറെ തലസ്ഥാന നഗരിയിൽ

പാപ്പായെ യാത്രയയ്ക്കാൻ വിമാനത്താവളത്തിൽ ലക്സംബർഗിൻറെ ഗ്രാൻറ് ഡ്യുക്ക് ഹെൻട്രി ആൽബെർട്ടും അദ്ദേഹത്തിൻറെ പത്നി മരിയ തെരേസയും പ്രധാനമന്ത്രി ലൂക് ഫ്രീഡനും സഭാ പ്രതിനിധികളും സന്നിഹിതരായിരുന്നു. വിമാനത്താവളത്തിലെത്തിയ പാപ്പായെ ചുവന്ന പരവതാനിവിരിച്ച പാതയിലൂടെ ഇവർ മൂന്നുപേരും ചേർന്ന് വ്യോമയാനത്തിനടുത്തേക്ക് ആനയിച്ചു. പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് ലക്സംബർഗിൻറെ ലക്സെയർ ബോയിംഗ് 737 ആകാശനൗക പ്രാദേശിക സമയം, വ്യാഴാഴ്‌ച വൈകുന്നേരം 6.40-തോടെ, ഇന്ത്യയിലെ സമയം രാത്രി 10.10-ന് ബെൽജിയത്തിൻറെ തലസ്ഥാനമായ ബ്രസ്സൽസ് ലക്ഷ്യമാക്കി പറന്നുയർന്നു. ബ്രസ്സൽസിലെ മെൽസ്ബ്രൂക് സൈനികവിമാനത്താവളമായിരുന്നു ലക്ഷ്യം.  പ്രസ്തുത വിമാനത്താവളത്തിലേക്കുള്ള 307 കിലോമീറ്റർ വ്യോമദൂരം ഏതാണ്ട് 30 മിനിറ്റുകൊണ്ട് പിന്നിട്ട വിമാനം പ്രാദേശിക സമയം വൈകുന്നേരം 7.10-ഓടെ ബെൽജിയത്തിൻറെ മണ്ണിൽ താണിറങ്ങി. അപ്പോൾ ഇന്ത്യയിൽ സമയം രാത്രി ഏതാണ്ട് 10.40 ആയിരുന്നു.

പത്തുലക്ഷത്തിലേറെ  നിവാസികളുള്ള പട്ടണമാണ് ബൽജിയത്തിൻറെ തലസ്ഥാന നഗരിയായ ബ്രസൽസ്. അന്നാട്ടിലെ ഏറ്റവും വലിയ നഗരവുമാണത്. യൂറോപ്യൻ സമിതിയുടെ മിക്ക ഭരണസംവിധാനങ്ങളും ബ്രസ്സൽസിൽ കേന്ദ്രീകൃതമായതിനാൽ യൂറോപ്പിൻറെ തലസ്ഥാനമായും പൊതുവെ കണക്കാക്കപ്പെടുന്ന ഒരു പട്ടണമാണിത്. 

ബ്രസ്സൽസിലെ അതിരൂപത അറിയപ്പെടുന്നത് മെബലെൻ ബ്രസ്സൽ, മാലിൻ ബ്രസ്സൽ എന്ന പേരിലാണ്. 30 ലക്ഷത്തിലേറെ നിവാസികളുള്ള ഈ അതിരൂപതയിൽ കത്തോലിക്കർ 19 ലക്ഷത്തിലേറെയാണ്. 573 ഇടവകളുള്ള ഈ അതിരൂപതയിൽ രൂപതാവൈദികരുടെ എണ്ണം 450-ലേറയും  സന്ന്യസ്ത വൈദികർ 1000-ൽപ്പരവും സ്ഥിരശെമ്മാശ്ശന്മാർ 90-നടുത്തുമാണ്. സന്ന്യാസസമൂഹാംഗങ്ങൾ 1250-ലേറെയും സന്ന്യാസിനിസമൂഹാംഗങ്ങൾ 1075-ഉം വരും. 1220-ലേറെ വിദ്യഭ്യാസസ്ഥാപനങ്ങളും 140-ൽപ്പരം സേവന കേന്ദ്രങ്ങളും  ഈ അതിരൂപതയ്ക്കുണ്ട്. ഡോൺ ലൂക് തെർലിൻറെൻ ആണ് ആർച്ചുബിഷപ്പ്.   

ബ്രസ്സൽസിലെത്തിയ പാപ്പായെ ബെൽജിയത്തിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് ഫ്രാങ്കൊ കോപ്പൊളയും പരിശുദ്ധസിംഹാസനത്തിനു വേണ്ടി ബെൽജിയം നിയമിച്ചിട്ടുള്ള സ്ഥാനപതി പാട്രിക് റെനൊയും വ്യോമയാനത്തിനകത്തു കയറി സ്വീകരിച്ചു. കാറ്റും മഴയും പ്രതികൂലാന്തരീക്ഷം സൃഷ്ടിച്ച ഒരവസ്ഥയായിരുന്നെങ്കിലും നിരവധിപ്പേർ വിമാനത്താവള പരിസരത്ത് പാപ്പായെ കാത്തു നില്പുണ്ടായിരുന്നു. വിമാനത്തിനു പുറത്ത്, ചക്രക്കസേരയിൽ, കുട ചൂടിച്ച് ആനീതനായ പാപ്പായെ ബെൽജിയത്തിൻറെ രാജാവ് ഫിലിപ്പ് ലെയൊപോൾഡ് ലൊദെവിക് മരിയ, രാജ്ഞി മറ്റിൽഡെ എന്നിവരും രണ്ടു ബാലികാബാലന്മാരും ചേർന്നു സ്വീകരിച്ചു. കുട്ടികൾ പാപ്പായ്ക്കു പൂച്ചെണ്ടു നല്കി. പാപ്പാ കൈകളുയർത്തി തൻറെ സന്തോഷം പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു. തുടർന്ന് പാപ്പാ ചക്രക്കസേരയിൽ നിന്ന് എഴുന്നേറ്റ് സൈനികോപചാരം സ്വീകരിച്ചു. തദ്ദനന്തരം പ്രതിനിധി സംഘങ്ങളെ പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു. അതിനുശേഷം ഒരു സംഘം കട്ടികൾ പാട്ടുപാടി പാപ്പായ്ക്ക് ആദരവർപ്പിച്ചു.

പാട്ടുപാടിയ കുട്ടികളെ കൈയ്യടിച്ച് അഭിനന്ദിച്ച പാപ്പാ അവരെ തൻറെ അടുക്കലേക്കു വിളിച്ചു വരുത്തി തൻറെ വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്തു. ലളിതമായിരുന്ന സ്വാഗത സ്വീകരണ ചടങ്ങിനു ശേഷം പാപ്പാ വിമാനത്താവളത്തിൽ നിന്ന് 18 കിലോമീറ്ററിലേറെ അകലെ സ്ഥിതിചെയ്യുന്ന അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്കു പോകുകയും അത്താഴം കഴിച്ച് രാത്രി വിശ്രമിക്കുകയും ചെയ്തു.

തൻറെ നാല്പത്തിയാറാമത്തെ ഇടയസന്ദർത്തിൻറെ രണ്ടാം ദിനത്തിൽ, അതായത് ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ച (27/09/24) ഫ്രാൻസീസ് പാപ്പായുടെ പരിപാടികൾ ലെയക്കെൻ കൊട്ടാരത്തിൽ ബെൽജിയത്തിൻറെ രാജാവുമായുള്ള സൗഹൃദ കൂടിക്കാഴ്ച, ഭരണാധികാരികളും പൗരസമൂഹ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, ലുവെയിനിലെ കത്തോലിക്ക സർവ്വകലാശാലയിൽ സർവ്വകലാശലാദ്ധ്യാപകരുമായുള്ള കൂടിക്കാഴ്ച, ലുവെയിനിലെ ഹ്രോട്ട് മാർക്ട് ചത്വരത്തിൽ പൊതുജനത്തെ അഭിവാദ്യം ചെയ്യൽ എന്നിവയായിരുന്നു.

പാപ്പായും ബെൽജിയത്തിൻറെ രാജാവുമായുള്ള സൗഹൃദ കൂടിക്കാഴ്ച  

ബെൽജിയത്തിൻറെ രാജാവിൻറെ ഔദ്യോഗിക വസതിയാണ് ലെയ്ക്കെൻ കൊട്ടാരം. ഇതിൻറെ നിർമ്മാണ ഘട്ടം 1781-1785 വരെയാണ്. രാജകൊട്ടാരാങ്കണത്തിനു മുന്നിലെത്തിയ പാപ്പായുടെ കാർ പച്ചപ്പുൽത്തികിടികളാൽ മനോഹരമായ അങ്കണത്തിലേക്കു പ്രവേശിക്കുകയും കുതിരപ്പടയുടെ അകമ്പടിയോടെ കൊട്ടാരവാതിലക്കലേക്കു നിങ്ങുകയും ചെയ്തു. കവാടത്തിനരികിലെത്തയ കാറിൽ നിന്നിറങ്ങിയ പാപ്പായെ ബെൽജിയത്തിൻറെ രാജാവ് ഫിലിപ്പ് ലെയൊപോൾഡ് ലൊദെവിക് മരിയ, രാജ്ഞി മറ്റിൽഡെ എന്നിവർ ചേർന്നു സ്വീകരിച്ചു. തുടർന്ന ചക്രക്കസേരയിൽ ആസനസ്ഥനായ പാപ്പാ കൊട്ടാരത്തിനകത്തേക്ക് ആനീതനായി. ഔദ്യോഗിക പടമെടുക്കൽ, വിശിഷ്ടാഥിതികൾ സന്ദർശനക്കുറിപ്പു രേഖപ്പെടുത്തുന്ന പുസ്തകത്തിൽ സന്ദേശം കുറിക്കൽ, രാജാവുമായുള്ള സ്വകാര്യ സംഭാഷണം, സമ്മാനങ്ങൾ കൈമാറൽ എന്നിവയായിരുന്നു തുടർന്നു അവിടെ നടന്നത്.

പാപ്പായുടെ സന്ദർശനക്കുറിപ്പ്

“ഭിന്ന സംസ്‌കാരങ്ങളും ഭാഷകളുമുള്ള ജനങ്ങൾ പരസ്പരാദരവോടെ സഹവസിക്കുന്ന, സമാധാനത്തിൻറെ അടയാളവും പാലവുമായ ബെൽജിയം കൃതജ്ഞതാരൂപയിയോടെയാണ് താൻ സന്ദർശിക്കുന്നതെന്നും ദൈവം ബെൽജിയത്തെ അനുഗ്രഹിക്കട്ടെയെന്നും പാപ്പാ സന്ദർശനക്കുറിപ്പു പുസ്തകത്തിൽ രേഖപ്പെടുത്തി.

രാഷ്ട്രീയാധികാരികളും  പൗരസമൂഹപ്രതിനിധികളുമായുള്ള പാപ്പായുടെ കൂടിക്കാഴ്ച 

ഫിലിപ്പ് ലെയൊപോൾഡ് രാജാവുമായുള്ള സൗഹൃദ കൂടിക്കാഴ്ചാനന്തരം പാപ്പാ കൊട്ടാരത്തിലെ ഒരു ശാലയിൽ വച്ച് രാഷ്ട്രീയാധികാരികൾ മതപ്രതിനിധികൾ, വ്യവസായ പ്രമുഖർ, പൗരസമൂഹത്തിൻറെയും സംസ്കാരത്തിൻറെയും പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും അവരെ സംബോധന ചെയ്യുകയും ചെയ്തു. മുന്നൂറോളം പേർ ശാലയിൽ സന്നിഹിതരായിരുന്നു. ബെൽജിയത്തിൻറെ രാജാവ് ഫിലിപ്പ് ലെയൊപോൾഡ് പാപ്പായെ സ്വാഗതം ചെയ്തു.

ഫിലിപ് രാജാവിൻറെ സ്വാഗത പ്രഭാഷണം

രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ സന്ദർശനാന്തരം എതാണ്ട് 3 പതിറ്റാണ്ടിനു ശേഷം എത്തുന്ന ഫ്രാൻസീസ് പാപ്പായെ സ്വീകരിക്കുന്നതിലുള്ള തൻറെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സ്വാഗതപ്രസംഗം ആരംഭിച്ചത്. പാപ്പായുടെ പരിചിന്തനങ്ങളും വചനപ്രവർത്തികളും മഹാ മാനവകുടുംബത്തിൻറെ പ്രാന്തങ്ങളിൽ വരെ പ്രത്യാശയും വെളിച്ചവും എത്തിക്കുന്നുവെന്ന് ഫിലിപ്പ് രാജാവ് പ്രകീർത്തിച്ചു. പാപ്പായേകുന്ന ജീവൻറെ സന്ദേശം കാലാവസ്ഥമാറ്റത്തിൻറെയും വിസ്മൃത യുദ്ധങ്ങളുടെയും ആഘാതം ഏറ്റവും കൂടുതലേറ്റിട്ടുള്ള പാവപ്പെട്ടവരും പാർശ്വവത്കൃതരുമായ ജനതകളിലേക്ക് എത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാപ്പായുടെ ജിവിതവും പ്രവർത്തികളും ആത്മദാനത്തിൽ അധിഷ്ഠിതമാണെന്ന് ഫിലിപ്പ് രാജാവ് അനുസ്മരിച്ചു. രാജാവിൻറെ വാക്കുകളെ തുടർന്ന് പാപ്പാ ബെൽജിയത്തിലെ തൻറെ കന്നി പ്രഭാഷണം നടത്തി.  ഭരണാധികാരികളും സമൂഹത്തിൻറെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചാനന്തരം പാപ്പാ പതിനൊന്നു കിലോമീറ്ററോളം അകലെയുള്ള അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്കു മടങ്ങുകയും മുത്താഴം കഴിച്ച് അല്പം വിശ്രമിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 September 2024, 12:24